മാതാപിതാക്കള്‍ അന്യരല്ല

0
3597

അബൂഹുറൈറ (റ) പറയുന്നു. നബി(സ) അരുളി:
മാതാപിതാക്കളെ വാര്‍ദ്ധക്യാവസ്ഥയില്‍ എത്തിച്ചിട്ടും അവര്‍ കാരണമായി സ്വര്‍ഗം നേടാനാവാത്തവന്‍ മൂക്കു കുത്തി വീണു. (നരകത്തില്‍ വീണു) (മുസ്‌ലിം)
മാതാപിതാക്കളെ അവഗണിക്കുന്ന പുതുകാല പ്രകടനങ്ങള്‍ക്ക് കനത്ത താക്കീത് നല്‍കുകയാണ് മേല്‍ ഹദീസ്. പ്രമാണവാക്യങ്ങളെ പിച്ചിച്ചീന്തുന്ന ന്യൂജനറേഷന്‍ സമീപന രീതികളില്‍ പിതാവിനും മാതാവിനും വളര്‍ത്തുനായയുടെ വിലപോലുമില്ലെന്നത് അസ്വസ്ഥജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. കൈ പിടിച്ചു വളര്‍ത്തിയ പൊന്നുപ്പയോടും പാല്‍ പകര്‍ന്ന പെറ്റുമ്മയോടും അവശകാലത്ത് ക്രൗര്യഭാവം പുലര്‍ത്തുന്ന നന്ദി കെട്ടവരായി നമ്മള്‍ മാറിയില്ലേ എന്ന ചോദ്യം നെഞ്ചില്‍ തറക്കേണ്ടതുണ്ട്.
ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ സംസ്‌കാരം സര്‍വ്വമേഖലയിലും അധീശത്വം പുലര്‍ത്തുന്ന കാലമാണ് നമ്മുടേത്. ആ സംസ്‌കാരം വീടകങ്ങളില്‍ പോലും ഇരച്ചു കയറിയപ്പോള്‍ പുറത്തുചാടിയത് മാതാപിതാക്കള്‍ തന്നെ. തങ്ങളെ വളര്‍ത്തുകയെന്ന അവരില്‍ നിന്നുള്ള ആവശ്യം സ്വീകരിച്ചു കഴിഞ്ഞാല്‍ ദൂരേക്കെറിയണണെന്ന വൈകൃതചിന്തയാണ് വൃദ്ധസദനങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വളം വെച്ചത്. കൂണു പോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങള്‍ പ്രായം ചെന്നവരുടെ ക്ഷേമ ഐശ്വര്യങ്ങളുടെ മുദ്രണങ്ങളല്ല, ജന്മം നല്‍കിയവരെ ആട്ടിപ്പായിച്ചതിന്റെ വിലാപ സ്മാരകങ്ങളാണ്.
പുരയിടങ്ങളില്‍ നിന്ന് ഇറക്കി വിട്ടവരുടെ സഹതാപ ചിത്രങ്ങള്‍ മാത്രമല്ല, വീട്ടകത്തളങ്ങളില്‍ നിന്നുയരുന്ന വയസ്സേറിയവരുടെ ദീനരോദനങ്ങളും നമ്മെ അലോസരപ്പെടുത്തുന്നു. മക്കളുടെയും മരുമക്കളുടെയും ശാപവാക്കുകളാല്‍ ഒന്നു കൂടി പുളയുകയാണ് ശയ്യാവലംബികളായ രക്ഷിതാക്കള്‍. ഒരു നേരത്തെ അന്നത്തിന് മരുമക്കള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രമൊന്ന് മനസ്സില്‍ കാണൂ, അപ്പോഴാണ് നമ്മള്‍ പുലര്‍ത്തുന്ന പ്രവണതകളുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുക. അന്തിയുറങ്ങാന്‍ മക്കളുടെ വീട്ടിലേക്ക് ഊഴം വെച്ച് ചെല്ലേണ്ടി വരുന്നതും നവകാല മനോഗതങ്ങളുടെ പരിണിതിയാണ്. ഇവിടെയാണ് തിരുവചനത്തെ മനസ്സിരുത്തേണ്ടത്. വാര്‍ദ്ധക്യപ്രായമെത്തിയ മാതാപിതാക്കള്‍ മക്കള്‍ക്ക് സ്വര്‍ഗീയ പ്രവേശനത്തിന്റെ കവാടങ്ങളാണ്. അവരെ പോറ്റിയും പരിപാലിച്ചും ആ മഹദ് ലക്ഷ്യം നേടാനായില്ലെങ്കില്‍ ജീവിതം തന്നെ അര്‍ത്ഥശൂന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here