മഹാമാരിക്കാലത്ത് ഈ ആലോചനക്ക് പ്രസക്തിയുണ്ട്

ഇ.എം.എ ആരിഫ് ബുഖാരി

0
1213

1

 

“ഗുഹയുടെയുംലിഖിതഫലകത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അദ്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് നീ ധരിച്ചുവോ? ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: ‘നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍
നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!” (സൂറതുൽ കഹ്ഫ് 9,10)

മുസ്ലിം സഹോദരങ്ങളേ,
നാം വെള്ളിയാഴ്ച സ്ഥിരമായി ഓതാറുള്ള സൂറതുൽ കഹ്ഫിലെ രണ്ടു സൂക്തങ്ങളാണ് മുകളിൽ വായിച്ചത്.കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുന്ന നമ്മളോട് ഗുഹാ നിവാസികളുടെ കഥ ഏറെക്കുറെ ചിലതെല്ലാം വിനിമയം ചെയ്യുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.
നമ്മുടെ അവസ്ഥകളെ വിശുദ്ധഖുർആനിലെ പരാമർശങ്ങളുടെ വെളിച്ചത്തിൽ നാം വായിക്കേണ്ട സമയമാണിത്. നമ്മൾ എന്ത് ചെയ്യണം,എങ്ങനെ ആയിരിക്കണം എന്നൊക്കെ മനസ്സിലാക്കാനും ഹൃദയസ്ഥൈര്യം കൈവരാനും അത് കാരണമാകുമല്ലോ
വിഷയത്തിലേക്ക് വരാം
നോക്കൂ നിങ്ങൾ അല്ലാഹുവിന്റെ ചോദ്യം: ഗുഹയുടെയും ലിഖിതഫലകത്തിന്റെയും ആളുകൾ നമ്മുടെ വലിയ അത്ഭുത പ്രവൃത്തിയാണെന്നു നീ കരുതിപ്പോയോ എന്ന്.
എന്നു പറഞ്ഞാൽ ആ കഥ നമുക്ക് അത്ഭുതമായിരിക്കാം. എന്നിരുന്നാൽ തന്നെയും അജയ്യനും പ്രതാപശാലിയുമായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് ഒട്ടും വലിയതല്ല ! ഇതിലും വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ അല്ലാഹു ശേഷിയുള്ളവനാകുന്നു!
ഈ ചോദ്യം ഗുഹാവാസികളെപ്പോലെ വീടുകളിരിക്കുന്ന നമ്മൾ എങ്ങനെ ഗ്രഹിക്കണം?
കോവിഡ് തന്ന് വീടുകളിലിരുന്ന് വാതിലുകളടയ്ക്കാൻ ഇടയാക്കിയത് വലിയ കാര്യമാണെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ തേന്നേണ്ട. ഇതിലും വലുത് തന്ന് നമ്മെ നിമിഷം കൊണ്ട് നാമാവശേഷമാക്കാൻ അല്ലാഹു വിന് കഴിയും.
(അല്ലാഹുവേ
കൃപാലുവേ
അൻപുറ്റവനേ
ഞങ്ങൾ നിന്റെ നിസ്സഹായരായ അടിയാറുകളാണേ
നിന്റെ പരീക്ഷണങ്ങൾ
താങ്ങാനുള്ള കെൽപ്
ഈ പാവങ്ങൾക്കില്ല റബ്ബേ
നീ മാപ്പരുളിയാലും
ഞങ്ങളോട് ദയയുണ്ടാകേണമേ
ഞങ്ങൾ ഈ അനുഭവിക്കുന്ന
നിന്റെ പരീക്ഷണം; റബ്ബേ
സഹിക്കാൻ വയ്യാ
ഈ ദുരന്തം കാണാൻ വയ്യാ
യാ അല്ലാഹ്
അനുഗ്രഹിച്ചാലും
നീ ഞങ്ങളെ രക്ഷിച്ചാലും
അഖിലചരാചരപാലകനേ
നിന്നിൽ അഭയം
നിനക്കു പുകളുകൾ)

ഇനി മറ്റൊന്നിലേക്ക് വരാം
നോക്കൂ അല്ലാഹു അവരെ പരിചയപ്പെടുത്തിയത് എങ്ങനെയാണെന്ന്: “ഗുഹയുടെയും ലിഖിത ഫലകത്തിന്റെയും ആളുകൾ ” എന്നല്ലേ?
അതായത് ഒരു പ്രത്യേക സന്ദർഭത്തിൽ ഗുഹയിൽ അഭയം പ്രാപിക്കേണ്ടി വന്ന അവരെപ്പറ്റി ഗുഹാ വാസികൾ എന്നു പറഞ്ഞാൽ നമുക്ക് എളുപ്പം മനസ്സിലാക്കാം. എന്നാൽ അവർ അതു മാത്രമല്ല ലിഖിത ഫലകത്തിന്റെ ആളുകൾ കൂടി ആയിരുന്നു എന്നാണല്ലോ ഖുർആൻ പറയുന്നത്.എന്താണ് അതിനർത്ഥം?
ഇതാണ് ആ പറഞ്ഞതിന്റെ പൊരുൾ: ഗുഹയിലേക്ക് ചുറ്റുപാടുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടിരിക്കാൻ പോയപ്പോഴും, അവർ വായിക്കാനും ജ്ഞാനം നേടാനും ഉപയോഗിക്കുന്ന “കിതാബുകളുംനോട്ടുബുക്കുകളും” കൂടെക്കരുതിയിരുന്നു എന്ന്!!!
ആ ഗുഹയുടെ ഏകാന്തവാസത്തിലും ജീവിതത്തെ സർഗാത്മകമാക്കിയിരുന്നു എന്ന്!!!
അത് എത്രത്തോളമെന്നാൽ,
അവരെക്കുറിച്ച് ഗുഹാവാസികൾ എന്നു മാത്രം പറഞ്ഞാൽ മതിയാകുമായിരുന്നില്ല മറിച്ച്; ”കിതാബുകളുടെയും നോട്ടുബുക്കുകളുടെയും ” ആളുകൾ എന്ന് കൂടി പറയാവുന്നവിധം ആ ഗുഹാ ജീവിതം സർഗധന്യമായിരുന്നു എന്ന്!!!
സഹോദരങ്ങളേ,
നമുക്കും ഇതിൽ പാഠമുണ്ട്
ഇല്ലേ? തീർച്ചയായും ഉണ്ട്
നമ്മുടെ ഈ “ഗുഹാവാസം” നമുക്ക് സർഗാത്മകമാക്കാം.
ഓർക്കുക: “പരിഭ്രാന്തരാകരുത്;പ്രാർത്ഥനാനിരതരാകുക ” “നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍
നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!”

2

” ഭൂമിക്കു മുകളിലുള്ളതെല്ലാം നാം അതിന് അലങ്കാരമായി പടച്ചതാകുന്നു; മനുഷ്യരില്‍ നന്നായി കര്‍മം ചെയ്യുന്നവരാരെന്നു പരീക്ഷിക്കാന്‍വേണ്ടി. അവസാനം ഇതൊക്കെയും നാം തരിശായ സമതലമാക്കി മാറ്റുന്നതുമാകുന്നു”
സൂറത്തുൽ കഹ്ഫിലെ ഏഴ് എട്ട് വചനങ്ങളുടെ സാരാംശമാണ് മുകളിൽ. ഭൂമിയെയും അതിനുമുകളിലെ ഈ സമൃദ്ധിയെയും കുറിച്ച് രണ്ടു വീക്ഷണങ്ങൾ ഉണ്ട്.ഒന്ന് ശരി.മറ്റേത് തെറ്റും.
ഒന്ന്: ഈ പകിട്ട് ഒരു പരീക്ഷണമാണ്
രണ്ട്: ഇത് സുഖാഢംബരത്തിനുള്ളതാണ്
ഈ രണ്ടു നിലപാടിൽ ഏതു ശരി എന്നറിയാക്കുന്ന ഒരു കഥയുണ്ട് ഇതേ അധ്യായത്തിൽ അതുകൂടി വായിക്കുക:
“പ്രവാചകരേ, അവര്‍ക്ക് ഒരു ഉദാഹരണം പറഞ്ഞുകൊടുക്കുക.രണ്ട് ആളുകള്‍, അവരിലൊരുവന്ന് നാം രണ്ട് മുന്തിരിത്തോപ്പുകള്‍ നല്‍കി. ചുറ്റും ഈന്തപ്പഴ മരങ്ങള്‍ വളര്‍ത്തി അവയെ പൊതിഞ്ഞു. അവയ്ക്കിടയിലായി കൃഷിയിടവും ഉണ്ടാക്കി. രണ്ടു തോട്ടങ്ങളും നല്ല വിളവുല്‍പാദിപ്പിച്ചു. അതില്‍ ഒരു കുറവും വരുത്തിയില്ല. ആ തോട്ടങ്ങള്‍ക്കുള്ളിലൂടെ നാം ഒരു നദിയും ഒഴുക്കിയിട്ടുണ്ടായിരുന്നു. അയാള്‍ക്ക് നല്ല ആദായം ലഭിച്ചു. ഇതെല്ലാം കണ്ടിട്ട്, ഒരു നാള്‍ അവന്‍ സ്‌നേഹിതനോട് സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഞാന്‍ നിന്നെക്കാള്‍ സമ്പന്നനും ആള്‍ബലമുള്ളവനുമാകുന്നു.’ അങ്ങനെ തന്നോടുതന്നെ അതിക്രമം ചെയ്യുന്നവനായിക്കൊണ്ട് അവന്‍ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ‘ഈ സമ്പത്ത് എന്നെങ്കിലും നശിച്ചുപോകുമെന്നു ഞാന്‍ കരുതുന്നില്ല. അന്ത്യനാള്‍ എന്നൊന്ന് ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അഥവാ എന്റെ റബ്ബിലേക്കു മടക്കപ്പെട്ടാല്‍ത്തന്നെ അവിടെ ഇതിലേറെ വിശിഷ്ടമായ സങ്കേതം എനിക്കു ലഭിക്കും. സ്‌നേഹിതന്‍ അവനോട് മറുപടി പറഞ്ഞു: ‘നിന്നെ മണ്ണില്‍നിന്നും പിന്നെ ശുക്ല കണത്തില്‍നിന്നും സൃഷ്ടിക്കുകയും പൂര്‍ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത ശക്തിയെ നീ നിഷേധിക്കുന്നുവോ?എന്നാല്‍, എന്നെസ്സംബന്ധിച്ചേടത്തോളം ആ അല്ലാഹു മാത്രമാകുന്നു എന്റെ റബ്ബ്. ഞാന്‍ ആരെയും അവന്റെ പങ്കാളിയാക്കുകയില്ല. തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍, നീ എന്തുകൊണ്ട് ‘മാശാ അല്ലാഹ്, ലാ ഖുവ്വത ഇല്ലാബില്ലാഹ്’എന്ന് പറഞ്ഞില്ല? നീ എന്നെ നിന്നെക്കാള്‍ സമ്പത്തും സന്തതിയും കുറഞ്ഞവനായി കാണുന്നുവെങ്കില്‍, നിന്റെ തോട്ടത്തേക്കാള്‍ ഉത്തമമായത് റബ്ബ് എനിക്കേകിക്കൂടായ്കയില്ല. അവന്‍ മാനത്തുനിന്നു വിപത്തയക്കുകവഴി നിന്റെ തോട്ടം ശൂന്യമായ ചതുപ്പുനിലമായി മാറിക്കൂടായ്കയുമില്ല. അല്ലെങ്കില്‍ പിന്നീടൊരിക്കലും തിരിച്ചുകൊണ്ടുവരാന്‍ വയ്യാത്തവണ്ണം അതിലെ വെള്ളം വറ്റിവരണ്ടുപോയെന്നും വരാം.’ അവസാനം, അവന്റെ ഫലസമൃദ്ധി നശിപ്പിക്കപ്പെടുകതന്നെ ചെയ്തു. തോട്ടം അതിന്റെ പന്തലുകളോടെ നിലംപൊത്തി. അതുകണ്ട്, താന്‍ അതില്‍ ചെലവഴിച്ചതിനെച്ചൊല്ലിയുള്ള ഖേദത്താല്‍ അവന്‍ കൈമലര്‍ത്തുകയായി– ‘ഹാ കഷ്ടം! ഞാന്‍ റബ്ബിന് ആരെയും പങ്കാളിയാക്കിയിട്ടില്ലായിരുന്നുവെങ്കില്‍!!’ എന്നവന്‍ വിലപിച്ചുകൊണ്ടിരുന്നു– അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കാന്‍ ഒരു സംഘവുമുണ്ടായില്ല. അവന്ന് ആ വിപത്തിനെ സ്വയം നേരിടാന്‍ കഴിഞ്ഞതുമില്ല–രക്ഷാധികാരം സാക്ഷാല്‍ അല്ലാഹുവിനു മാത്രമാകുന്നു എന്ന് അന്നേരം ശരിക്കും വെളിവായി ” (വി.ഖു. സൂറ അൽ കഹ്ഫ് 32 – 44)
ജീവിതത്തെ ഉത്തരവാദിത്ത പൂർവ്വം നിർവ്വഹിക്കേണ്ടതാണെന്ന ഗുണപാഠം ഈ കഥയിൽ നിന്ന് കിട്ടും. ഈ സന്ദർഭത്തിൽ ഈ കഥ എത്രമാത്രം ആലോചിക്കണമെന്ന കാര്യം വായനക്കാർക്ക് വിടുന്നു.

3

എന്തുകൊണ്ട്?, എന്തിന്? എന്നത് ഇപ്പോൾ ചോദിക്കേണ്ട രണ്ടു ചോദ്യങ്ങളാണ്. മഹാമാരിക്കാലത്ത് വലിയ പ്രസക്തിയുണ്ട് ഈ ചോദ്യങ്ങൾക്ക്.
ആദ്യമേ ഒന്നു പറയാം.രോഗങ്ങൾ, മഹാമാരികൾ എങ്ങനെ ഉണ്ടായി എന്നതിന് ശാസ്ത്രീയമായ ഉത്തരങ്ങൾ നമുക്ക് കിട്ടിയിട്ടുണ്ടാവും. അവയെ എങ്ങനെ നേരിടണമെന്നതിനും ശാസ്ത്രീയമായ മാർഗങ്ങൾ ഒരു പക്ഷേ, നമുക്ക് പലരും പറഞ്ഞു തരുന്നുണ്ടാകും. അതെല്ലാം ശാസ്ത്രത്തിന്റെ മേഖലയിൽ വരുന്ന കാര്യങ്ങളാണ്.അവ ശാസ്ത്രം തന്നെ കൈകാര്യം ചെയ്യട്ടെ
ഈ കുറിപ്പിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്:
ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ വരാത്ത ഒരു ചോദ്യത്തിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്
ഈ മഹാമാരി എന്തുകൊണ്ട് എന്തിനു വേണ്ടി ഉണ്ടാകുന്നു?
ചോദ്യം തീർത്തും ദാർശനികമാണ്.
പ്രകൃതി പ്രതിഭാസങ്ങൾക്ക് വല്ല അർത്ഥവുമുണ്ടോ?
അത് നമ്മുടെ ധാർമ്മികതയുമായി ബന്ധപ്പെടുന്നില്ലേ?
ഒരു ഖുർആനിക സൂക്തം കാണുക:
”അനന്തരം അവരെ കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി – അവർ വിനയാന്വിതരായിത്തീരാൻ വേണ്ടി ” ( 6:42) കഷ്ടപ്പാടും ദുരിദങ്ങളും മനുഷ്യൻ അനുഭവിക്കുന്നതിന് ദാർശനികമായി ഒരു ലക്ഷ്യം – വിനയശീലരാവൽ – ഉണ്ട് എന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം
വിനയം എന്നത് എന്താണ്? നാം ആരുമല്ലെന്നും എനിക്ക് മുകളിൽ മറ്റൊരുവൻ ഉണ്ടെന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു വികാരമാണല്ലോ അത്. അതിന് നേർവിപരീതത്തെ ഗർവ്വ് എന്നു പറയാം.എന്തിനും പോന്നവരാണെന്നും എല്ലാം തികഞ്ഞവരാണെന്നും ചോദിക്കാനും പറയാനും കണക്കു നോക്കാനും മുകളിൽ ആരുമില്ലെന്നുമുള്ള ഒരു തരം വികാരത്തിനാണ് ഗർവ്വ് എന്നു പറയുന്നത്
ഈ സ്വയം മതിയെന്ന തോന്നൽ, എല്ലാം തികഞ്ഞെന്ന മട്ട് അതത്രെ ഗർവ്വ്.ഈ ഗർവ്വിനെ വിനയത്തിലേക്ക് എങ്ങനെ പരാവർത്തനപ്പെടുത്താം?
അതിന് ഒരു മാർഗമാണുള്ളത്. ആ തോന്നൽ ഉളവാക്കുന്ന സാഹചര്യം മാറണം. സുഭിക്ഷവും സൗകര്യവും വേണ്ടുവോളമുള്ളപ്പോൾ ഒരിക്കലും ഗർവ്വ് മാറിപ്പോകുന്നതല്ല. സാഹചര്യങ്ങൾ മാറിമറിയണം
അതെ കഷ്ടപ്പാടും ദുരിതവും വരണം. അപ്പോൾ മനസ്സിലാകും നമുക്ക് നമ്മൾ ആരുമല്ലെന്ന്
നമ്മുടെ കയ്യിൽ ഒന്നുമില്ലെന്ന്. നിസ്സഹായരായി കൈമലർത്താനേ കഴിയൂ എന്ന്! ഒരിക്കൽ കൂടി ആ സൂക്തം വായിച്ചുനോക്കൂ: ” അനന്തരം അവരെ കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി – അവർ വിനയാന്വിതരായിത്തീരാൻ വേണ്ടി ” (6:42)
എല്ലാറ്റിനും ഒരു സമയമുണ്ട്; ഒരു സാഹചര്യവും.
ലോകത്തിന്റെ ഇന്നത്തെ സാഹചര്യം നോക്കൂ.ഈ സമയത്തെ ഉൾക്കണ്ണു കൊണ്ട് വിലയിരുത്തി നോക്കൂ
കെട്ടിപ്പൊക്കിയതെല്ലാം തകർന്നടിഞ്ഞില്ലേ?
വീമ്പുപറച്ചിലുകൾ എല്ലാം മാറിപ്പോയില്ലേ?
നമ്മൾ ഉണ്ടാക്കിയെടുത്ത എല്ലാം ഒന്നുമായിട്ടില്ല എന്നു മനസ്സിലായില്ലേ?
എല്ലാം മറികടക്കാം എന്നൊക്കെയുള്ള ആ തീർപ്പിനൊക്കെ ഇളക്കം തട്ടിയില്ലേ?
സുഹൃത്തേ, ഇതൊരു സമയമാണ് – അഹങ്കാരത്തിനും ഗർവ്വിനും തലയ്ക്കിട്ടു കൊട്ടു കിട്ടിയതിന്റെ സമയം !
വിനയാന്വിതരാകേണ്ടതിന്റെ സമയം !!
നമുക്ക് തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നു. സമയമായാൽ ചെയ്യേണ്ടത് ചെയ്യണം.ഇപ്പോൾ സമയമായിരിക്കുന്നു – വിനയപ്പെടാനുള്ള സമയം
നമുക്ക് വിനയാന്വിതരാകാം
അല്ലാഹുവേ ഞങ്ങൾ നിന്റെ നിസ്സഹായരായ അടിമകൾ മാത്രം
നീ പറഞ്ഞിട്ടുണ്ടല്ലോ – എന്റെ അടിമ എന്നെക്കുറിച്ച് എന്ത് ഭാവിക്കുന്നുവോ അങ്ങനെ ഞാൻ അവനോട് പെരുമാറുമെന്ന്
അല്ലാഹുവേ
കൃപാലുവേ
യാ റഹ്മാൻ!
നിന്നെ ഞങ്ങൾ ഈ പാവം അടിമകൾ കരുണാമയൻ എന്നു കരുതിയിരിക്കുന്നു
കൃപാലു എന്നു വിശ്വസിച്ചിരിക്കുന്നു
അല്ലാഹുവേ
നീ ഞങ്ങളോട് അങ്ങനെ പെരുമാറിയാലും !
നാഥാ,
ഞങ്ങളുടെ അവിവേകം നീ പൊറുത്താലും!
ഞങ്ങളെ നീ നിന്റെ കോപാഗ്നിയിൽ നിന്ന് രക്ഷിച്ചാലും!

ഇതു കൂടി വായിക്കുക:

“അങ്ങനെ അവർക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോൾ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്?എന്തെന്നാൽ അവരുടെ ഹൃദയങ്ങൾ കടുത്തു പോയിരുന്നു.അവർ ചെയ്തുകൊണ്ടിരുന്നത് പിശാച് അവർക്ക് പകിട്ടുള്ളതായി തോന്നിക്കുകയും ചെയ്യുകയുണ്ടായി ” (6:43)

4

 

പള്ളികൾ അടച്ചു. മഖ്ബറകൾ പൂട്ടി. സംഘ പ്രാർത്ഥനകൾ നിറുത്തിവെച്ചു.ആൾക്കൂട്ടങ്ങൾ വേണ്ടെന്നു വെച്ചു. ഇനി കൊറോണയെ നേരിടാൻ നമുക്ക് ശാസ്ത്രത്തോട് പറയാം”
ശാസ്ത്രത്തോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം എന്താണ്?
എന്റെ കയ്യിൽ ഫലപ്രദമായ മരുന്നില്ല
വരാതെ നോക്കലാണ് ബുദ്ധി;പ്രതിരോധം തന്നെ മാർഗം. അതെങ്ങെനെയാണ്?
തുമ്മുമ്പോൾ വായകർച്ചീഫു കൊണ്ട് പൊത്തുക
ഇടക്കിടക്ക് കൈയും മുഖവും കഴുകുക
വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കുക. കൂട്ടം കൂടുന്നത് ഒഴിവാക്കുക
മതം പഠിപ്പിച്ചതു കൂടി ശ്രദ്ധിക്കാം:
വൃത്തി കാത്തു സൂക്ഷിക്കണം
മലിനവസ്തുക്കൾ കഴുകിക്കളയണം
അഞ്ചു നേരം പ്രാർത്ഥിക്കണം
അതിനു മുമ്പ് അംഗസ്നാനം ചെയ്യണം; കയ്യും മുഖവും കാലുമൊക്കെ കഴുകണമെന്ന്
പിന്നെ കൊറോണ പോലെ മഹാമാരി ഉണ്ടാകുന്ന സമയത്തോ? എന്തു ചെയ്യണം? രോഗമുള്ളിടത്ത് നിന്ന് ആരും മറ്റൊരു സ്ഥലത്തേക്ക് പോകരുത്.
രോഗമുള്ള സ്ഥലത്തേക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് ആരും വരരുത്
ശാസ്ത്രഭാഷയിൽ ഐസൊലേഷൻ!
ആരാധനയുടെ കാര്യത്തിലും മതം ഇളവ് നല്കിയിട്ടുണ്ട്. പള്ളികളിൽ പോകേണ്ട; വീട്ടിൽ വെച്ച് ചെയ്താൽ മതി.
അല്ല കൂട്ടരേ, എന്താണ് ഇവ രണ്ടും തമ്മിൽ ഒരന്തരം ?
മതവും ശാസ്ത്രവും രണ്ടു തട്ടിലാണെന്ന ആ മുൻവിധിയുണ്ടല്ലോ
അതിന്റെ ഒരു ഇത് തീരെ മനസ്സിലാകുന്നില്ല!!!
ഈ കൊറോണക്കാലത്ത് മതവും ശാസ്ത്രവും ഇങ്ങനെ കൈകൊടുക്കുമ്പോൾ (അവർക്കു രണ്ടു പേർക്കും കൊറോണപ്പേടി ഇല്ലല്ലോ. കൈ കൊടുക്കട്ടെ) രണ്ടിനെയും രണ്ടാക്കുന്ന ആ വക്രബുദ്ധിയുണ്ടല്ലോ. അപാരം തന്നെയാണത് !
മതവും ശാസ്ത്രവും ശത്രുക്കളാകേണ്ടത് ആരുടെ ആവശ്യമാണെന്ന് നല്ലോണം മനസ്സിലാകുന്നുണ്ടല്ലോ; എല്ലാവർക്കും!


 

LEAVE A REPLY

Please enter your comment!
Please enter your name here