മറുത്തൊന്നും മിണ്ടരുത്, ഇത് പെറ്റ ഉമ്മയാണ്

ഹബീബ് ഉമര്‍ ബിന്‍ ഹഫീള്

0
1995

ആത്മീയതയുടെ ആനന്ദം 8
യമനില്‍ നിന്നും ഹജ്ജിന് വന്ന ഒരാളെ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) കണ്ടുമുട്ടി. തന്റെ മാതാവിനെയും ചുമലിലേറ്റിയാണ് അയാള്‍ വന്നിരിക്കുന്നത്. ഹജ്ജിന്റെ കര്‍മങ്ങള്‍ മുഴുവനും മാതാവിനെ നിലത്തിറക്കാതെ തന്നെ അയാള്‍ നിര്‍വഹിക്കുന്നുണ്ട്. മാതാവിനെ കുളിപ്പിക്കുന്നു, വുളൂ ചെയ്ത് കൊടുക്കുന്നു തുടങ്ങി ആവശ്യമായ പരിചരണങ്ങളെല്ലാം നല്‍കുന്നു. ത്വവാഫ് ചെയ്യുമ്പോള്‍ അയാള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ)നോട് ചോദിച്ചു: ‘ഓ ഇബ്‌നു ഉമര്‍, ഞാനീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങ് കാണുന്നുണ്ടല്ലോ. ഇതോടെ ഉമ്മയോടുള്ള എന്റെ കടപ്പാട് വീടുമോ?’
അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘നീ ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിന്റെ ഉമ്മ നിന്നെ പ്രസവിക്കുന്ന നേരത്ത് വലിച്ച ഒരു നെടുവീര്‍പ്പിന് സമാനമാവുകയില്ല!’

ഇസ്‌ലാമിക സ്വഭാവം യഥാര്‍ത്ഥ മുസ്‌ലിമിന്റെ സിരകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കണം. അല്ലാഹു നല്‍കിയ ആ സ്വഭാവവെളിച്ചം അവന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രകാശിച്ചു കൊണ്ടേയിരിക്കും. ഇതുപോലെ വിശ്വാസികളോട് അല്ലാഹു നിര്‍ബന്ധപൂര്‍വം കല്‍പന ചെയ്ത സ്വഭാവ വിശേഷണങ്ങളിലൊന്നാണ് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നത്. ഇക്കാര്യം ശരീഅത്തുല്‍ ഇസ്‌ലാം ഗൗരവത്തോടെ പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ അംഗീകരിക്കാത്ത നിഷേധികളായ ജനവിഭാഗത്തിന് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന ബലഹീനരായ മാതാപിതാക്കളോടുള്ള കടപ്പാടുകളെ കുറിച്ചറിയില്ല.

മാതാപിതാക്കളെ വീട്ടില്‍ നിന്നിറക്കി ഏതെങ്കിലും സദനങ്ങളിലോ മറ്റോ പാര്‍പ്പിക്കുന്ന എത്രയോ പേരുണ്ട്! അവരുടെ മക്കളോടൊപ്പം അവര്‍ സുഖമായി ജീവിക്കുകയും ചെയ്യുന്നു. ഇത്തരം നിഷേധികള്‍ക്ക് പ്രായമാവുമ്പോള്‍ ഈ മക്കള്‍ പ്രത്യേക റൂമുകളില്‍ അവരെ തളച്ചിട്ട്, പരിചരിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തുന്നു. അല്ലെങ്കില്‍, കൂലിക്ക് പരിചരണങ്ങള്‍ നല്‍കുന്ന മറ്റു ഇടങ്ങളിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു. ഇതാണ് പല നാടുകളിലെയും ഇന്നത്തെ അവസ്ഥ!
എന്നാല്‍, മറ്റു ചില നാടുകളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. മാതൃപിതൃ സംരക്ഷണത്തിന്റെ സവിശേഷതകളും അലങ്കാരങ്ങളുമെല്ലാം അവര്‍ അഭിമാനമായി കാണുന്നു. മാതാപിതാക്കള്‍ക്കെതിരെയുള്ള മക്കളുടെ നീക്കങ്ങള്‍ അവരുടെ നാടുകളില്‍ സങ്കല്‍പിക്കാനേ സാധിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍, അല്ലാഹുവിനോടുള്ള കീഴ്‌വഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പുരോഗതിയിലേക്ക് അവര്‍ക്ക് എത്താനായത്.
പ്രകൃതിപരമായിത്തന്നെ ഏതൊരു സമൂഹവും മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞവരായിരിക്കും. അതു തന്നെയാണ് ഇസ്‌ലാമിക ശരീഅത്തും അനുശാസിക്കുന്നത്. പക്ഷേ, ഇസ്ലാമില്‍ ഇത് വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കാരണം, അവര്‍ക്ക് സ്ഥാനം നല്‍കണമെന്നും അവരെ ബഹുമാനിക്കണമെന്നും നിയമമാക്കിയത് അല്ലാഹുവാണ്. വിശ്വാസത്തിന്റെയും ഉദാത്തമായ പരിപാലനത്തിന്റെയും അന്തസത്ത നഷ്ടപ്പെടുമ്പോഴാണ് മാതൃപിതൃ സംരക്ഷണമെന്ന ഉത്കൃഷ്ട സ്വഭാവം പരാജയപ്പെടുന്നത്.
അതോടെ, മക്കള്‍ അനുസരണക്കേട് കാണിക്കുന്നു എന്ന പരാതി സ്വാഭാവികമായും ഉയര്‍ന്ന് വരുന്നു.
വിശ്വാസത്തിന്റെ തെളിനീര്‍ മക്കളുടെ മനസ്സുകളില്‍ ആഴ്ന്നിറങ്ങാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് നിദാനമാവുന്നത്. മാത്രമല്ല അല്ലാഹുവിന്റെ മഹത്വത്തെ രക്ഷിതാക്കള്‍ മക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് മാതാപിതാക്കളോട് ആദരവും ബഹുമാനവുണ്ടാവകയില്ല. കാരണം ഉന്നതനായ അല്ലാഹുവാണ് മാതാപിതാക്കളുടെ മഹത്വത്തെയും സ്ഥാനത്തെയും വിശ്വാസികളെ ബോധ്യപ്പെടുത്തുന്നത്.
വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളുടെ ആശയങ്ങള്‍ നോക്കൂ,
‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.'(ഇസ്‌റാഅ 23)
മാതാപിതാക്കളെ സംരക്ഷിക്കണമെന്നും അവരോട് കരുണ കാണിക്കണമെന്നുമാണ് മേല്‍സൂക്തത്തിന്റെ പൊരുള്‍.
അവര്‍ വാര്‍ദ്ധക്യത്തിന്റെ പിടിയിലമരുമ്പോള്‍ അവരുടെ ശക്തി ക്ഷയിച്ചിരിക്കും. എഴുന്നേല്‍ക്കാന്‍ നീ അവരെ സഹായിക്കണം. അന്നപാനീയങ്ങള്‍ നിന്റെ കൈകള്‍ക്കൊണ്ട് നല്‍കണം. നിന്റെ സമീപനത്തില്‍ ഒരു അനിഷ്ടവും അവരോട് കാണിക്കരുത്. ഛെ എന്ന വാക്കു പോലും…
ഓര്‍ത്തുനോക്കൂ, നീ കുഞ്ഞായിരുന്നപ്പോള്‍ നിനക്ക് വേണ്ടി അവര്‍ സഹിച്ചത്. നിന്നെ കുളിപ്പിച്ച് വൃത്തിയാക്കി പാലൂട്ടി വളര്‍ത്തിയത്. നിനക്ക് രോഗം വന്നപ്പോള്‍ അവരും നിന്റെ രോഗത്തില്‍ പങ്കുചേര്‍ന്നത്. നീ രാത്രി ഉറക്കമൊഴിച്ചപ്പോള്‍ അവരും നിനക്ക് വേണ്ടി ഉറങ്ങാതെ രാപാര്‍ത്തത്. അതു കൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തിയ പോലെ, ‘അവരോട് നീ മാന്യമായ വാക്ക് പറയുക,
കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.
എന്റെ രക്ഷിതാവേ ചെറുപ്പത്തില്‍ അവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.'(ഇസ്‌റാഅ 24)
ഇസ്ലാമിക ശരീഅത്തില്‍, മാതാപിതാക്കളോടുള്ള കടപ്പാട് അത്ര മഹത്വമുള്ളതാണ്. മുസ്ലിം സമൂഹം അനുധാവനം ചെയ്യേണ്ട ഇസ്ലാമിക സംസ്‌കാരം ഇത്രയും സുദൃഢവുമാണ്.
സമൂഹത്തിന് നന്മ ഉറപ്പു വരുത്തുക മാത്രമല്ല, സമ്പൂര്‍ണമായ ഒരു ജീവിതമാണ് ഇസ്ലാം സമ്മാനിക്കുന്നത്. പരസ്പരം നീതിയും സമാധാനവും സന്തോഷവുമാണ് അത് കൈമാറ്റം ചെയ്യുന്നത്.
നീ കുഞ്ഞായിരുന്നപ്പോള്‍, മുതിര്‍ന്നവര്‍ ഇവിടെ നിലനിന്നിരുന്ന അവരുടെ സ്വഭാവ സംസ്‌കാരങ്ങള്‍ നിന്നെ പഠിപ്പിച്ചു. നീ യുവാവായപ്പോള്‍, മറ്റുള്ളവര്‍ക്കെല്ലാമുള്ളത് പോലെ നിനക്ക് മാത്രമായി ചില സ്വഭാവ വിശേഷണങ്ങള്‍ വളര്‍ന്നു വന്നു.
നിനക്ക് പ്രായമാവുമ്പോള്‍, സമൂഹം നിന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കാരണം, നിന്റെ കഴിഞ്ഞ് പോയ ജീവിതത്തില്‍ നീ അധ്വാനിച്ചുണ്ടാക്കിയ നന്മകളുടെയും ഉപകാരത്തിന്റെയും പേരിലാണ് സമൂഹം നിനക്ക് ആദരവ് നല്‍കുന്നത്. അല്ലാതെ, നിന്റെ ശരീരത്തെയോ മറ്റോ കണ്ടല്ല. അല്ലാഹു നല്‍കുന്ന പ്രതാപമാണ് നിന്നില്‍ പ്രകടമായിരിക്കുന്നതെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
നബി(സ) പറഞ്ഞു: പ്രായമായവരെ ആദരിക്കല്‍ അല്ലാഹു വിന്റെ പ്രതാപത്തില്‍ പെട്ടതാണ് (അബൂദാവൂദ്)
അതുകൊണ്ട്, മാതാപിതാക്കളോടുള്ള കടപ്പാട്, അല്ലാഹുവിനോടും റസൂല്‍(സ)യോടുമുള്ള കടപ്പാടിന് ശേഷമുള്ള ഏറ്റവും മഹത്തായ ബാധ്യതയാണ്.
വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക:
‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിന് മേല്‍ ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം.'(ലുഖ്മാന്‍ 14 )
മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നത് കൊണ്ട് ഇഹലോകത്ത് നിന്ന് തന്നെ അവനതിന്റെ ഫലം അനുഭവിക്കും. മാതാപിതാക്കള്‍ക്ക് നന്മ ചെയ്തവരുടെ ആയുസ് അല്ലാഹു വര്‍ദ്ധിപ്പിക്കും. മാത്രമല്ല, അവര്‍ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ അവരുടെ മക്കളെക്കൊണ്ട് അവനെയും സന്തോഷിപ്പിക്കും. എന്നാല്‍ അവരെ വെറുപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്താല്‍ ഇഹലോകത്ത് വെച്ച് തന്നെ അതിന്റെ ഫലവും അവന്‍ അനുഭവിക്കേണ്ടി വരും!
[ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ് ഇസ്ആഫു ത്വാലിബീ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്‌ലാഖ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി]

LEAVE A REPLY

Please enter your comment!
Please enter your name here