മരുഭൂമണ്ണിലെ കണ്ണീര്‍പ്പെരുന്നാള്‍

0
2232

സത്യം പറഞ്ഞാല്‍ ഈ ജന്മം തന്നെ വേണ്ടിയിരുന്നില്ല എന്ന് പോലും ചിന്തിച്ചു പോയി. ദുനിയാവില്‍ പടച്ചോന്‍ എത്ര ആയുസ്സ് തന്നാലും ആ കിട്ടിയ ആയുസ്സിനെ ആസ്വദിക്കുകയല്ലേ വേണ്ടത്.? എന്തൊക്കെ സുഖ സൗഭാഗ്യങ്ങളാണ് റബ്ബ് കനിഞ്ഞരുളിത്തന്നിട്ടുള്ളത്. എന്നിട്ടും അതൊന്നും അനുഭവിക്കാനുള്ള യോഗമില്ലാതെയായിപ്പോയല്ലോ?? ഭാഗ്യംകെട്ട ജന്മം. ആര്‍ക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് റബ്ബേ ഈ ഉരുകിത്തീരല്‍..! ആരെയാണ് ഇനിയും ഞാന്‍ പഴിക്കേണ്ടതെന്നറിയാതെ വിങ്ങി വിങ്ങി കണ്ണീര് ചാലിട്ടൊഴുകാന്‍ തുടങ്ങി. ‘ബാപ്പയില്ലാതെ പെരുന്നാളൊന്നും പെരുന്നാള്‍ പോലെയാകുന്നില്ലല്ലോ ബാപ്പാ’ എന്ന കുഞ്ഞോന്റെ വാക്കാണ് ഈ പെരുന്നാള്‍ രാവില്‍ എന്നെ കണ്ണീരിലാഴ്ത്തിയത്. കുഞ്ഞോന് മാത്രമല്ല.. കുഞ്ഞോന്റെ ഉമ്മയുടെ എന്നുവച്ചാല്‍ എന്റെ പുന്നാരപ്പൂ സഖിയുടെ അടക്കിപ്പിടിച്ചുള്ള പരിഭവക്കണ്ണീരും ഹൃദയം തകര്‍ത്തു.. എല്ലാം മതി.. ശിഷ്ടകാലം ഉള്ളത് പോലെ ജീവിച്ചു നാട്ടില്‍ കൂടണമെന്ന പ്രതിജ്ഞയും എടുത്താണ് ഓള് ഫോണ്‍ കട്ട് ചെയ്തത്. ആഗ്രഹമില്ലാഞ്ഞിട്ടല്ല.. തലവിധി.. അല്ലാതെന്ത്… ഇതെന്റെ മാത്രം വേദനയല്ല.. സ്വദേശം വിട്ട ഏതൊരു സാധാരണ പ്രവാസിയുടെയും ആഘോഷരാവുകള്‍ കണ്ണീരില്‍ കുതിര്‍ന്നതാണ്. ഗൃഹാതുര ഓര്‍മകള്‍ കടല്‍ കടന്ന് പിടിച്ചാല്‍ കിട്ടാതെയാവും.. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണ്ടെടുത്ത നാട്ടില്‍ കൂടണമെന്ന ആ പ്രതിജ്ഞ ഇപ്പോഴും ശൂന്യാകാശത്തിലെവിടെയോ പാറിക്കളിക്കുന്നുണ്ട്. ഓര്‍ക്കുന്നുണ്ടോ നാട്ടിലെ ആ പെരുന്നാള്‍ പൊലിമകള്‍.. രാത്രി വൈകുവോളം അപ്പത്തരങ്ങള്‍ എണ്ണയില്‍ തിളച്ചുകൊണ്ടേയുണ്ടാവും. ഉച്ചയ്ക്കുണ്ടാക്കേണ്ടുന്ന ബിരിയാണിക്കുള്ള കോപ്പുകൂട്ടലിലും വിളമ്പി വെക്കേണ്ടുന്ന പാത്രങ്ങളൊരുക്കലിലായിരിക്കും വീട്ടിലെ പെണ്ണുങ്ങള്‍.. കവലയിലെ തക്ബീര്‍ ജാഥയും കഴിഞ്ഞ് , കൂട്ടുകാരൊക്കെ ചേര്‍ന്ന് പള്ളിയും ഹൗളുമൊക്കെ കഴുകി നട്ടപ്പാതിരയോടെയാണ് ആണ്‍സന്തതി വീട്ടിലെത്തുള്ളൂ.. അപ്പോഴും ഉമ്മ അടുക്കളയില്‍ ഓട്ടം തന്നെയായിരിക്കും. രാത്രി ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും നേരത്തെ എണീക്കാന്‍ ഒരു മടിയും ഉണ്ടാകൂല. അതിരാവിലെത്തന്നെ ചൂലെടുത്ത് മുറ്റമടിക്കലും, പുത്തനുടുപ്പിന് ഇസ്തിരിയിടലും, അയലത്തെ രമേഷേട്ടന്റെയും, ശാന്തേച്ചിയുടെ വീട്ടിലേക്ക് പെരുന്നാളപ്പം എത്തിക്കലുമൊക്കെയായി ഓടുമ്പോഴും കുളിക്കാനുള്ള ചൂട് വെള്ളം കത്തിക്കാന്‍ മറന്നുപോകില്ല.. പള്ളിയില്‍ വല്ല്യുസ്താദ് മൈക്കിലേക്ക് കൊട്ടുമ്പോഴാകും കുളിക്കാന്‍ പോവുക. പെട്ടെന്ന് കുളിച്ച് പുത്തനുടുപ്പും ധരിച്ച് ഉമ്മാക്കൊരു ചക്കരയുമ്മയും കൊടുത്ത് ഒരു ഓട്ടമാണ്. കിതച്ച് കൊണ്ട് പള്ളിയില്‍ എത്തുമ്പോള്‍ ഉസ്താദ് പെരുന്നാള്‍ നിസ്‌കാരത്തിന്റെ രൂപം വിശദീകരിക്കുകയാവും. പള്ളിയിലെത്തിയാല്‍ പിന്നെ ഓരോരുത്തരുടെയും ഉടുപ്പിലേക്കാണ് കണ്ണ് പായുക. പിന്നെ മനസ്സില്‍ ഒരു പറച്ചുലുണ്ട്.. ‘ന്റെ ഉടുപ്പിനാ മൊഞ്ച് കൂടുതലെന്ന്’ നിസ്‌കാരവും കുത്തുബയുമൊക്കെ കഴിഞ്ഞാല്‍ പിന്നെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് പെരുന്നാള്‍ ആശംസകള്‍ പറയും. മഹല്ലിലെ മുഴുവന്‍ വീടുകളും കയറി മധുരം കഴിച്ച് ഉച്ചയോടടുക്കുമ്പോഴേ വീട്ടിലെത്തുള്ളൂ.. അപ്പോഴേക്കും നാവൂറും ബിരിയാണിയും റെഡിയാക്കി ഉമ്മച്ചി കാത്തിരിപ്പാകും. ഒന്നിച്ച് ഭക്ഷണം കഴിച്ചു ഞങ്ങള്‍ മക്കള്‍ അകലെയുള്ള ബന്ധുവീട്ടിലേക്കിറങ്ങും. അകലേക്ക് പോകാന്‍ പ്രത്യേകം താത്പര്യമാണ്. കാരണം അവിടെന്നൊക്കെ പെരുന്നാള്‍ പണം തരും.. രാത്രി കുടുംബം മൊത്തം തറവാട്ടിലെത്തും. അതൊരൊന്നന്നര കൂട്ടായ്മയാണ്.. താത്തമാരും പേരമക്കളും തുടങ്ങി എല്ലാവരും ഉറങ്ങാതെ കളിച്ചും ചിരിച്ചും പെരുന്നാള്‍ രാവിനെ അനുഭൂതിയുടെ കൊടുമുടിയിലെത്തിക്കും… അതിനിടയില്‍ എപ്പോഴോ ആണ് പ്രാരാബ്ദങ്ങളുടെ കപ്പലുകയറി അറബിക്കടല്‍ താണ്ടിയത്.. അന്നു നിലച്ചു പോയതാണ് കുടുംബ കൂട്ടായ്മയുടെ സന്തോഷരാവുകള്‍. കടല്‍ കടന്നതോടെയാണ് നാട്ടിലെ പെരുന്നാളിനു എന്തുമാത്രം മാധുര്യമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.. അല്ലെങ്കിലും ഇല്ലാതെയാവുമ്പോഴാണല്ലോ ഉണ്ടായതിന്റെ അനുഭൂതി തിരിച്ചറിയാനാവുക. വീട്ടിലെ പെരുന്നാള്‍ ദിനം മനോഹരമായിക്കഴിഞ്ഞു എന്നറിയുമ്പോഴുള്ള സന്തോഷം പ്രവാസിയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.. ഞാന്‍ കാരണമാണല്ലോ അവര്‍ പുത്തനുടുപ്പ് ധരിച്ചത്.. ഞാന്‍ കാരണമാണല്ലോ ബിരിയാണിച്ചെമ്പില്‍ ദമ്മിട്ടത്.. അതേ ഞാന്‍ കാരണം തന്നെയാണല്ലോ സുഗന്ധപൂരിതമായത്. ഈ ഒരു സുഖം മാത്രമേ പ്രവാസിയെ സംബന്ധിച്ച് പെരുന്നാള്‍ സുഖമായുള്ളൂ.. പെരുന്നാള്‍ തലേന്നൊക്കെ ജോലിയില്‍ റെസ്റ്റില്ലാത്ത തിരക്കായിരിക്കും. നേരാം വണ്ണം തിന്നാന്‍ പോലും നേരമുണ്ടാകില്ല. സുബിഹിയോടടുക്കുമ്പോഴേ ജോലി കഴിയുള്ളൂ.. നേരെ റൂമില്‍ ചെന്ന് കുളിച്ച് ഫ്രഷായി ഉള്ളതില്‍ വച്ചു നല്ലൊരു ജോഡി ഡ്രസ്സിട്ട് നേരെ പള്ളിയില്‍ ചെല്ലും. സുബിഹി കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങി.. സുബിഹിക്ക് മുമ്പേ പള്ളിയില്‍ ചെന്നാലേ അകത്ത് സ്ഥലം കിട്ടുള്ളൂ.. നിസ്‌കാരവും കഴിഞ്ഞ് ഉറക്കപ്പിച്ചോട് കൂടി നേരെ റൂമില്‍ ചെന്ന് ഒറ്റക്കിടത്തം.. പെരുന്നാള്‍ ദിനത്തിലെ നല്ല നേരം നന്നായി ഉറങ്ങിത്തീര്‍ക്കും.. അടുത്തുള്ള ഹോട്ടലില്‍ നിന്നും ബിരിയാണിയും കഴിച്ച് നാട്ടുകാരുടെയോ ബന്ധുക്കളുടെയോ അടുത്ത് ചെല്ലും. ഉള്ളത് പറഞ്ഞാല്‍ പെരുന്നാള്‍ സന്തോഷം അഭിനയിക്കുക മാത്രമാണ് ഓരോ പ്രവാസിയും ചെയ്യുന്നത്. ഓരോ പെരുന്നാള്‍ കടന്നു പോകുമ്പോഴും കരുതും. അടുത്ത പെരുന്നാള്‍ ആ ഗൃഹാതുര ഓര്‍മകളെയെല്ലാം അയവിറക്കി തിരിച്ചു പിടിച്ചു നാട്ടില്‍ കൂട്ടുകുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന്.. പക്ഷേ ആഗ്രഹങ്ങളൊക്കെയും വീണ്ടും കടന്നു വരും എന്നതല്ലാതെ അത്രയും ഭഗ്യമുള്ളവന് മാത്രമേ പച്ചപ്പിന്‍ സംഗീതം പൊഴിക്കും മാമലനാട്ടിലെ പെരുന്നാളിനെത്തുകയുള്ളൂ…

  ഇര്‍ഫാദ് മായിപ്പാടി

LEAVE A REPLY

Please enter your comment!
Please enter your name here