മതവും ശാസ്ത്രവും

സാന്റ് രജീന്ദർ സിംഗ് ജയ് മഹാരാജ്.

0
911

ശാസ്ത്രവും ആത്മീയതയും പരസ്പര വിരുദ്ധമായ പഠനമേഖലകളാണെന്നാണ് പലരുടേയും ധാരണ. പക്ഷേ, അവ രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് എന്റെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ആത്മീയ യാഥാർഥ്യങ്ങളെ കണ്ടെത്തുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ആത്മീയതയുടെ ലക്ഷ്യം ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്കു പിന്നിലെ കാരണങ്ങൾ അന്വേഷിക്കലും. ശാസ്ത്രം പഠനവിഷയമായി തെരഞ്ഞെടുത്ത ഭൗതികശാസ്ത്രജ്ഞർ ആത്മീയാന്വേഷണത്തിൽ മുഴുകിയ
ശാസ്ത്രജ്ഞരിൽ നിന്ന് ഒട്ടും വിഭിന്നരല്ല.

ഒരേ ചോദ്യത്തിനുള്ള മറുപടിയാണ് ഇരുകൂട്ടരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അത് വ്യത്യസ്ത വഴികളിലൂടെയാണെന്ന് മാത്രം. പ്രകൃതിയിൽ മറഞ്ഞുകിടക്കുന്ന നിയമങ്ങളെയും പ്രപഞ്ചത്തെ സൃഷ്ടിച്ച വൻശക്തിയെയും അന്വേഷിക്കുകയും മറ്റുള്ളവരുടെ ജീവിത നന്മക്കുവേണ്ടി തങ്ങളുടെ കണ്ടെത്തലുകൾ ഉപയോഗിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഭൗതികശാസ്ത്രജ്ഞർ ബാഹ്യ നയനങ്ങൾ കൊണ്ടും ശ്രവണേന്ദ്രിയങ്ങൾ കൊണ്ടും ദൈവസാന്നിധ്യം സ്വയം തെളിയിക്കാൻ ശ്രമിക്കുമ്പോൾ ആത്മീയശാസ്ത്രജ്ഞർ അകക്കണ്ണുകൾ കൊണ്ടും പരോക്ഷമായ ഇന്ദ്രിയങ്ങൾ കൊണ്ടും ദൈവാസ്തിക്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഭൗതികശാസ്ത്രജ്ഞർ മികച്ച ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും വിദൂരങ്ങളിൽ നിന്നുള്ള ഉള്ള താരതരംഗങ്ങളെ ഉപകരണങ്ങൾ കൊണ്ട് തിരിച്ചറിയുകയും ചെയ്യുമ്പോൾ ആത്മീയ ജ്ഞാനികൾ മറഞ്ഞുകിടക്കുന്ന ആന്തരിക നക്ഷത്രങ്ങളെയും അകം പാളികളുടെ ആന്തരികസംഗീതത്തെയും സന്യാസത്തിലൂടെ ദർശിക്കുന്നു. അവരിരുവരും നിശ്ശബ്ദമായി കാര്യങ്ങളെ നിരീക്ഷിക്കുന്നു.

ഉത്തരങ്ങൾ തേടി

ആധുനികശാസ്ത്രത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് സൃഷ്ടികൾ വിശിഷ്യ മനുഷ്യ ജാലങ്ങൾ എങ്ങനെ പിറന്നു എന്ന് നിരീക്ഷിക്കലാണ്. പ്രകാശവർഷങ്ങൾ അകലെയുള്ള തരംഗങ്ങൾ വായിച്ചെടുക്കുന്നതിലൂടെ ബില്യൻ വർഷങ്ങൾക്കുശേഷം (ഇപ്പോൾ മാത്രം) ബോധ്യമാകുന്ന വിദൂര ഭൂതകാലത്തിലെ ചില പ്രവർത്തനങ്ങൾ നമുക്ക് നേടിയെടുക്കാനാകുന്നു. പ്രപഞ്ചോൽപത്തിയുടെ സമയത്ത് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ ശാസ്ത്രം ഇന്ന് മത്സരിക്കുകയാണ്.

എന്തുകൊണ്ട്?

തങ്ങളെ സൃഷ്ടിച്ച മഹാശക്തിയുടെ അസ്തിത്വം തെളിയിക്കാനുള്ള ആഗ്രഹം മനുഷ്യമനസ്സുകളിൽ മറഞ്ഞു കിടപ്പുണ്ട്. എന്നാൽ പ്രപഞ്ച സൃഷ്ടിപ്പ് കേവല യാദൃശ്ചികതയായിരുന്നു (ബഹിരാകാശ ധൂളികളുടെ വിസ്ഫോടനം ) എന്ന സിദ്ധാന്തത്തിൽ ചിലർ തൃപ്തിയടയുന്നു.

ചുരുക്കത്തിൽ ഒരു ദൈവമുണ്ടെന്നും നമ്മളെല്ലാം ദൈവിക ഘടകമായ ആത്മാക്കളാണെന്നും തെളിയിക്കുന്നതിനുള്ള ഒരു ത്വര മനുഷ്യമനസ്സുകളിലെല്ലാം കുടിയിരിപ്പുണ്ട്. ഇത്തരം ആഴത്തിലുള്ള ആത്മീയ യാഥാർത്ഥ്യങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ വേണ്ടിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. അതേസമയം, എന്താണ് ശാസ്ത്രീയ യാഥാർത്ഥ്യം എന്നതിന് പിന്നിലെ മറഞ്ഞുകിടക്കുന്ന കാരണങ്ങളെ കണ്ടെത്തുകയാണ് ആത്മീയതൽപരർ. എന്നാൽ പ്രകൃതി നിയമങ്ങൾക്ക് പിറകിലുള്ള സർവ്വ സൃഷ്ടി വൈവിധ്യങ്ങളുടെയും സൃഷ്ടിപ്പിന് നിദാനമായ ദൈവിക നിയമങ്ങൾ അന്വേഷിക്കാനും അവർ താല്പര്യപ്പെടുന്നു. ഭൗതിക ശാസ്ത്രജ്ഞർക്ക് ഈ അന്വേഷണം പ്രത്യക്ഷ ഉപകരണങ്ങൾ കൊണ്ടാണെങ്കിൽ ആത്മീയ അന്വേഷകർക്ക് സന്യാസത്തിന്റെ സാധനയിലൂടെയാണ് അന്വേഷണം സാധ്യമാകുന്നത്. ഏകാഗ്രതയാണ് ഇവരുടെ ഉപകരണം.

ദൈവാന്വേഷണത്തിന്റെ ശാസ്ത്രീയ രീതികൾ

ശാസ്ത്രീയ രീതിയിൽ സിദ്ധാന്തങ്ങൾ പരിശോധിക്കുകയും ശ്രദ്ധാപൂർവ്വം നിരീക്ഷണങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ആത്മീയമായ അനുഭവങ്ങളുടെ പ്രാബല്യത്തെ (സാധുതയെ) തെളിയിക്കാൻ ഈ ശാസ്ത്രീയ സമീപനത്തിന് കഴിയും. ശാസ്ത്രീയ യാഥാർഥ്യങ്ങളെ കണ്ടെത്തുന്നതിന് പ്രചോദനം നൽകുന്ന ചെറിയൊരളവ് ആന്തരിക ജ്ഞാനവും വെളിപാടും നേടിയെടുക്കാൻ ധ്യാനം സഹായിക്കുന്നു.

മിക്ക ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത് തങ്ങളുടെ കണ്ടെത്തലുകൾ ആന്തരിക പ്രചോദനമെന്നോണം ഉത്ഭൂതമാകുന്നു എന്നാണ്. ആത്മീയ നിയമങ്ങളിലേക്കുള്ള ഒരു ഒളിച്ചോട്ടമാണ് യഥാർത്ഥത്തിൽ ആന്തരിക പ്രചോദനം. പല ശാസ്ത്രജ്ഞരും തങ്ങളുടെ ശാസ്ത്രീയ നിരീക്ഷണങ്ങൾ ചോദ്യം ചെയ്യപ്പെട്ടപ്പോൾ അവയുടെ പിറവിക്ക് പിറകിലെ ആന്തരിക ദർശനങ്ങളിലേക്കും ദൈവിക നിയമങ്ങളിലേക്കുമാണ് വിരൽ ചൂണ്ടിയത്.

ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിക്കുകയും ന്യൂക്ലിയർ യുഗത്തിന് ബീജാവാപം നൽകുകയും ചെയ്ത ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു: “ശാസ്ത്രീയ അന്വേഷണങ്ങൾക്ക് പിറകിലെ ശക്തവും സവിശേഷവുമായ ചാലകശക്തി പ്രപഞ്ച സംബന്ധിയായ ആത്മീയ അനുഭവങ്ങളാണെന്ന് എനിക്കുറപ്പുണ്ട്”

ശാസ്ത്രവും ആത്മീയതയും സന്ധി ചേരുന്നിടങ്ങൾ

ശാസ്ത്രവും ആത്മീയതയും ഒരു വലിയ പാരസ്പര്യം കാത്തുസൂക്ഷിക്കുന്നു. ശാസ്ത്രം സ്വന്തം ശാന്തതയിൽ സമയം ചെലവഴിക്കുമ്പോൾ ആന്തരിക പ്രേരണകൾ ഉറവെടുക്കുകയും അവരന്വേഷിക്കുന്ന ഉത്തരങ്ങളിലേക്ക് അവരെ ആനയിക്കുകയും ചെയ്യുന്നു. തഥൈവ, ആത്മീയാന്വേഷികൾ ശരീരത്തിലെയും ആത്മാവിലെയും പരീക്ഷണശാലകളിൽ സൈദ്ധാന്തിക അവലോകനത്തിന്റെ ശാസ്ത്രീയ നിയമങ്ങൾ പ്രയോഗിക്കുകയും ഉദ്ദിഷ്ട ഫലലങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ധ്യാനം സമ്മർദം കുറക്കുന്നു

ആധുനിക ചികിത്സാരീതികളിൽ രോഗശമനത്തിനായി പൊതുവായ ഒരു സമീപനം സ്വീകരിക്കുന്നതായി കാണാം. ചില മരുന്നുകളുടെ പ്രയോഗത്തിലൂടെ മാത്രമേ രോഗശമനം സാധ്യമാവുകയുള്ളൂ എന്നായിരുന്നു നമ്മുടെ പഴയകാല നിരീക്ഷണം. ചികിത്സയുടെ പുതിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ മനസ്സിന്റെയും ഭൗതികശരീരത്തിന്റെയും ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. മാനസിക ശുശ്രൂഷയിലൂടെയും ആത്മീയ ശക്തിയെ ഉപയോഗിക്കുന്നതിലൂടെയും ശാരീരിക ശാന്തി സാധ്യമാണെന്ന് അവർ അഭിപ്രായപ്പെടുന്നു.

ലോകത്തിലെ ചില വൻകിട മെഡിക്കൽ സ്ഥാപനങ്ങളിൽ ഭിഷഗ്വരന്മാർ സമ്മർദ്ദം, സമ്മർദ്ദ സംബന്ധിയായ അസുഖങ്ങൾ എന്നിവയിൽനിന്നും മുക്തി നേടുന്നതിനായി ധ്യാനം നിർദേശിക്കുന്നു. ധ്യാനത്തിനു വേണ്ടി സമയം ചെലവഴിക്കുന്നവർ സർജറിക്കുശേഷം മറ്റുള്ളവരെക്കാൾ വേഗത്തിൽ ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ഇടയിലുള്ള അതിർത്തിരേഖകൾ മാഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിസ്മയ കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.

ധ്യാനത്തിന്റെ ശക്തി പരിശോധിക്കാം

ശാസ്ത്ര കുതുകികൾ
എന്ന നിലയിൽ ധ്യാനത്തിന്റെ ശക്തി എത്രത്തോളമുണ്ട് എന്നും അത് എങ്ങോട്ടാണ് മനുഷ്യനെ നയിക്കുന്നതെന്നും സ്വന്തമായി നമുക്ക് നിരീക്ഷിക്കാൻ സാധിക്കും. നമുക്ക് സൗകര്യമുള്ള ഏതിടത്തും ഇരിക്കാം. കണ്ണുകളടച്ച് മുമ്പിലുള്ള അന്ധകാര സീമയുടെ മധ്യത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ആന്തരിക ദർശനത്തിൽ നിന്ന് നമ്മുടെ ശ്രദ്ധയെ തിരിച്ചു കളയുന്നതും തെറ്റിക്കുന്നതുമായ എല്ലാ ചിന്തകളിൽനിന്നും മനസ്സിനെ സ്വതന്ത്രമാക്കണം. മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലൂടെ യോ ശ്രദ്ധിച്ചു നോക്കുന്നത് പോലെ നമ്മുടെ മുമ്പിലുള്ള ഒരു ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആന്തരികമായ പ്രകാശ വൈവിധ്യങ്ങളെയും സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നമുക്ക് ഒരു വേള ദർശിക്കാൻ സാധിച്ചേക്കാം.

ലോകത്തെ മഹത്വരമാക്കുന്നതിനും ദൈവം, ആത്മാവ്, ഐഹിക ജീവിത ലക്ഷ്യം തുടങ്ങി നമ്മുടെ ഉള്ളിൽ ജ്വലിക്കുന്ന ഉത്തരം കിട്ടാത്ത സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്നതിനും ശാസ്ത്രീയ അനുധാവനങ്ങൾ വഴി തെളിക്കും.

– – – – – – – – – – – – – – – – –

വിവ: ഇ.എംസുഫിയാൻ തോട്ടുപൊയിൽ

കടപ്പാട്ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു സൺഡേ മാഗസിൻ

LEAVE A REPLY

Please enter your comment!
Please enter your name here