ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍

0
9878

കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍
അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍

സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന വാദവും അപ്രസക്തമാകുന്നത് ഇവിടെയാണ്. കാരണം ഇസ്‌ലാമിക വീക്ഷണത്തില്‍ കുടുംബത്തിന്റെ നിലനില്‍പ്പിന് ഭാര്യയെപ്പോലെ തന്നെ ഭര്‍ത്താവിനും ചില ബാധ്യതകളള്‍ ഉണ്ട്.
ഭര്‍ത്താവിന്റെ ബാധ്യത
നികാഹോട് കൂടി ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യക്കുമുള്ളതാണ്. അവര്‍ക്കിടയില്‍ സുന്ദരമായ ദാമ്പത്യജീവിതം ഉടലടുക്കാന്‍ ഭര്‍ത്താവിന്റെ ഇടപെടല്‍ അത്യാവശ്യമാണ്. അവകയില്‍ പ്രാധാന്യമേറിയ ഒന്നാണ് ഭാര്യക്കും മക്കള്‍ക്കും ആവശ്യമായ രീതിയില്‍ താമസസൗകര്യം ഏര്‍പ്പാട് ചെയ്യുക എന്നത്. ഭാര്യക്കും ഭര്‍ത്താവിനും ഒരുമിച്ച് ജീവിക്കാനുതകുന്നതായിരിക്കണം ഭവനം; പ്രത്യേകിച്ചും ഭാര്യയുടെ ദേഹത്തിനും സ്വകാര്യതകള്‍ക്കും രക്ഷ നല്‍കും വിധത്തിലുള്ള ഭവനമാണ് നിര്‍മ്മിക്കേണ്ടത്. ഖുര്‍ആന്‍ ദൈവിക വചനം ശ്രദ്ധിക്കുക.
നിങ്ങള്‍ താമസിക്കുന്നിടത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് അവരെയും പാര്‍പ്പിക്കുക.
താമസസൗകര്യ സജ്ജീകരണത്തോടൊപ്പം തന്നെ ഭര്‍ത്താവിന്റെ ബാധ്യതയില്‍ പെട്ടതാണ് ഭാര്യക്ക് മാന്യമായ ഭക്ഷണവും വസ്ത്രവും നല്‍കുക എന്നത്. ഭാര്യ-ഭര്‍തൃബന്ധം തുടങ്ങുന്നതോടെ ചെലവിന്റെ ബാധ്യതയും തുടങ്ങുന്നു. പിണക്കം പോലുള്ള കാരണങ്ങളാല്‍ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചാലല്ലാതെ ചെലവിന്റെ ബാധ്യത അവസാനിക്കുന്നില്ല. പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
മാതാവിന് ഭക്ഷണവും വസ്ത്രവും മാന്യമായി ന്ല്‍കല്‍ കുട്ടിയുടെ പിതാവിന് ബാധ്യതയാണ് (ഖുര്‍ആന്‍)
ഭര്‍ത്താവ് ഭാര്യക്കു നല്‍കേണ്ട ഭക്ഷണ-വസ്ത്രാദി ചെലവുകളുടെ വ്യക്തമായ നിര്‍ദ്ദേശം ഇസ് ലാം നല്‍കുന്നുണ്ട്. അഥവാ ദരിദ്രന്‍ ഒരു ദിവസം ഒരു മുദ്ദും(500 ഗ്രാം) ഇടത്തരക്കാരന്‍ ഒന്നര മുദ്ദും, ധനികന്‍ രണ്ടുമുദ്ദുമാണ് നല്‍കേണ്ടത്. അപ്രകാരം തന്നെ പ്രതിവര്‍ഷം രണ്ടുതവണ വസ്ത്രവും വിശ്രമവസ്തുക്കളും വൃത്തി സംരക്ഷണ സാമഗ്രികളും നല്‍കണം. അവര്‍ വല്ല രീതിയിലുള്ള അസാന്‍മാര്‍ഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടാല്‍ ഒഴികെ അവരോട് സൗമ്യതയില്‍ പെരുമാറുക. നബി (സ്വ) പറയുന്നു.
വിശ്വാസികള്‍ പരിപൂര്‍ണ്ണത വരിക്കുന്നത് ഏറ്റവും നല്ല സ്വഭാവം പ്രാപിക്കുമ്പോള്‍ മാത്രമാണ്. നിങ്ങളില്‍ ഉത്തമന്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമമായവരാണ്.
ഭാര്യയെ പരിഗണിക്കേണ്ടതിന്റെയും അവരെ പ്രീണിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രസ്തുത വചനത്തില്‍ നിന്നു സുവ്യക്തമാണ്. ഭര്‍ത്താവിന്റെ ബാധ്യതകളില്‍ നിന്നുള്ള മറ്റൊന്നാണ് ഭാര്യക്ക് ആവശ്യമായ ജ്ഞാനശേഖരണത്തിന് വഴിതുറന്ന് കൊടുക്കുക എന്നത് പ്രധാനമായും ഇസ്‌ലാമിക ജ്ഞാനങ്ങളെയും ചരിത്രങ്ങളെയും കുറിച്ച് അവള്‍ക്ക് ബോധനം നല്‍കണം. അപ്രകാരം തന്നെ ആവശ്യാനുസരണം ഭൗതിക വിദ്യയും നല്‍കണം. നാഥന്‍ പറയുന്നു:
സത്യവിശ്വാസികളെ….. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയും കുടുംബത്തെയും നരകത്തെ തൊട്ട് സംരക്ഷിക്കുകഇതിന്റെ വിവക്ഷ അവര്‍ക്ക് ജ്ഞാനങ്ങള്‍ പകര്‍ന്ന് കൊടുത്ത് സംസ്‌കാരമുള്ളവരാക്കുക എന്നതാണെന്ന് അലിയ്യുബ്‌നു അബീത്വാലിബ് വിവരിക്കുന്നുണ്ട്. ജ്ഞാന ലബ്ദിയിലൂടെ സംസ്‌കാരവും സാമൂഹിക ബോധവും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. അതിലൂടെ ഒരുത്തമവിവേകിയായി പരിണമിക്കുകയും ചെയ്യും. നടമാടുന്ന അധാര്‍മികതകളെയും മൂല്യച്യുതികളെയും കുറിച്ച് വ്യക്തമായ അവബോധം അവര്‍ക്കു നല്‍കണം.
ഭാര്യയുടെ നല്ലനടപ്പു ശീലം ഉറപ്പുവരുത്തലും കുടുംബത്തില്‍ സുന്ദരാന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഭര്‍ത്താവിന്റെ ബാധ്യതയാണ്. ആത്മീയവും ഭൗതികവുമായ വളര്‍ച്ച പ്രാപിക്കാന്‍ അവളെ പിന്തുണക്കണം. എന്നാല്‍ അശ്ലീലതകളും ആഭാസങ്ങളും സ്പര്‍ശിക്കുന്നതിനെ തൊട്ട് അവളെ സംരക്ഷിക്കുകയും ചെയ്യണം. അധാര്‍മ്മിക പ്രവണതയുണ്ടായാല്‍ ഭര്‍ത്താവ് ഉപദേശിക്കണം. സ്‌നേഹിതന്റെ പേരില്‍ മൗനം പാലിക്കല്‍ അപകടമാണ്. എന്നാല്‍ നിസ്സാര പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് അക്രമത്തിന് ന്യായം സൃഷ്ടിക്കരുത്
ഭാര്യയുടെ ബാധ്യതകള്‍
കുടുംബത്തിന്റെ നിലനില്‍പ്പിന് ഭര്‍ത്താവിനെപ്പോലെ തന്നെ ഭാര്യക്കും ചില ഇടപെടലുകള്‍ അത്യാവശ്യമാണ്. അവ നിറവേറ്റപ്പെടുമ്പോള്‍ മാത്രമാണ് സൗഹൃദവും സമാധാനവും മെച്ചപ്പെട്ട കുടുംബാന്തരീക്ഷവും സാമൂഹിക ധാര്‍മികതയും രൂപപ്പെടുകയുള്ളു. കുടുംബമെന്നത് ചെറുസാമ്രാജ്യ സമാന വ്യവസ്ഥയാണ്.അതിലെ ഭരണാധികാരി ഭര്‍ത്താവും പ്രാഥമാംഗം ഭാര്യയുമാണ്. ഇതു പ്രകൃതി നല്‍കിയ സ്ഥാനമാണ്. ഇതിനെ പുരുഷമേല്‍ക്കോഴ്മയെന്നാരോപിക്കുന്നത് നിരര്‍ത്ഥകമാണ്. ഭരണീയര്‍ ഭരണാധികാരികലെ അനുസരിക്കണം. അവര്‍ നയിക്കുന്ന ധാര്‍മ്മികപരമായ നീക്കള്‍ക്ക് കുടുംബാഗംങ്ങള്‍ വഴങ്ങി ക്കൊടുക്കണം. എങ്കില്‍ മാത്രമേ സമാധാനപരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. അല്ലാത്തപക്ഷം കുടുംബാന്തരീക്ഷം കലഹപങ്കിലമാകും. പ്രാഥമാംഗം ഭരണാധികാരിയെ അനുസരിക്കുന്നത് ഇതര അംഗങ്ങള്‍ കൂടി അനുസരിക്കാന്‍ അവസരമൊരുക്കും. അതിനാലാണ് ഭര്‍ത്താവിനെ അനുസരിക്കല്‍ ഭാര്യയുടെ ഒരു ബാധ്യതയായി ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. പ്രവാചകന്‍ പറയുന്നു.
സ്ത്രീ അഞ്ചുനേരം നിസ്‌കരിക്കുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. ലൈംഗികാവയവം സൂക്ഷിക്കുക. ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്യുക. എന്നാല്‍ സ്വര്‍ഗത്തിന്റെ വാതായനങ്ങളില്‍ നിന്ന്‌ന ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കാന്‍ അവളോട് കല്‍പ്പനയുണ്ടാവും.
മറ്റൊരു പ്രവാചകാധ്യാപനം ശ്രദ്ധിക്കുക.
സൃഷ്ടികള്‍ക്കു സ്രഷ്ടാംഗം അനുവദനീയമായിരുന്നെങ്കില്‍ ഭാര്യയോട് ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം. ഭര്‍ത്താവിനോടുള്ള കടമകള്‍ പരിപൂര്‍ണ്ണമായി നിറവേറ്റാതെ ഉടമയോടുള്ള കടമകള്‍ നിറവേറ്റാന്‍ സ്ത്രീക്ക് സാധ്യമല്ല.
ഭര്‍ത്താവിന്റെ താല്‍പര്യങ്ങള്‍ ഭാര്യ തിരിച്ചറിയണം. ആദരവും ബഹുമാനവും നഷ്ടപ്പെടുത്തരുത്. തുടങ്ങിയവ ഭാര്യയുടെ ബാധ്യതയാണ്. ദൈവിക പ്രീതി നേടാനുള്ള സുന്നത്തായ വൃതാനുഷ്ടാനം പോലും ഭാര്യക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ അനുവദനീയമല്ല. ഭര്‍ത്താവിനെ സ്‌നേഹിക്കണം. അവനെ കഴിയും വിധം സന്തോഷിപ്പിക്കുകയും ചെയ്യണം. അത് പരസ്പരബന്ധത്തിന് കരുത്തു പകരും. ദാമ്പത്യ വിജയത്തിന്റെ പ്രധാന ഘടകം തന്നെ ഭാര്യ-ഭര്‍തൃ സ്‌നേഹമാണ്.അതിന്റെ അഭാവം കുടുംബശിഥിലീകരണത്തിന് ഹേതുവാകും. പലവിധ ജീവിത സാഹചര്യങ്ങള്‍ ഉടലടുത്തേക്കാം. അവകളെ യുക്തിഭദ്രമായ രീതിയില്‍ നേരിടാനും ഭര്‍ത്താവിനനുകൂലമായി സമരസപ്പെടുവാനും സാധിക്കണം. കുടുംബത്തിനുവന്നുഭവിച്ച ദരിദ്ര്യത്തിന്റെ പേരില്‍ ഭര്‍ത്താവിനെ പഴിക്കരുത്. ആധിയായി അതിനെ പരിഗണിക്കരുത്. അപ്രകാരം തന്നെ ലഭ്യമായ സാമ്പത്തിക അഭിവൃദ്ധി അഹങ്കാരത്തിനുള്ള മാധ്യമമാക്കരുത്. പ്രവാചകന്‍ പറയുന്നു.
ഭര്‍ത്താവിന്റെ നോട്ടത്തില്‍ സംതൃപ്തി ജനിപ്പിക്കുകയും കല്‍പനകളെ അനുസരിക്കുകയും തന്റെ ശരീരത്തിലും സമ്പത്തിലും അവന്‍ വെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍നടത്താത്തവളുമാണ് ഉത്തമസ്ത്രി.
ഭര്‍ത്താവിന്റെ ആഗ്രഹങ്ങളെ നിറവേറ്റാനും അവന്റെ കല്‍പനകള്‍ നല്ലമനസ്സോടെ സ്വീകരിക്കാനും ഭാര്യമാര്‍ തയ്യാറാവണം. കാരണം കുടുംബത്തിന്റെ നിലനില്‍പ്പിനത് അത്യാവശ്യമാണ്. ഭാര്യയുടെ നരകവും സ്വര്‍ഗവും അവളുടെ ഭര്‍ത്താവിന്റെ കരങ്ങളിലാണ്.
വിവാഹത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഒന്നാണ് ലൈംഗിക ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നത്. അതിനെക്കുറിച്ച് ഇരുവരര്‍ക്കും വ്യക്തമായ വേണം. കാരണം സാമൂഹിക തലത്തില്‍ ഉടലെടുത്ത് ലൈംഗിക അരാജകത്വങ്ങള്‍ക്ക് തടയിടുന്ന വ്യവസ്ഥാപിത രൂപമാണ് വിവാഹം എന്നത്. ഇത്തരമൊരു തിരിച്ചറിവിന്റെ അഭാവം കുടുംബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു. അത് വിവാഹമോചനം പോലുള്ള ദുസ്സഹനീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ലൈംഗിക പരമായ ആവശ്യങ്ങള്‍ തിരിച്ചറിയാനും അതിനോട് കൃത്യമായരീതിയില്‍ പ്രതികരിക്കാനുള്ള ശേഷി ഇരുവരും കരഗതമാക്കണം. പ്രവാചകന്‍ (സ്വ) പറയുന്നു.
പുരുഷന്‍ തന്റെ ഭാര്യയെ ലൈംഗിക ബന്ധത്തിനു വേണ്ടി വിളിച്ചാല്‍ അടുപ്പിന്നരികിലാണെങ്കിലും അവന്റെ ചാരത്തുചെല്ലണം. ഭാര്യ ഭര്‍ത്താവിന്റെ വിരിപ്പിനെ ബഹിഷ്‌കരിച്ചാല്‍ തിരിച്ചു ചെല്ലും വരെ മലക്കുകള്‍ അവളെ ശപിക്കുമെന്ന പ്രവാചകാധ്യാപനവും പ്രസക്തം തന്നെ.
കുടുംബത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ഭാര്യക്കും ഭര്‍ത്താവിനും അവരുടെതായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇടപെടലിന്റെ നിഷ്‌ക്രിയത്വം സാമൂഹിക മണ്ഡലത്തെപ്പോലും ക്ഷുഭിതമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here