ബീവി സ്വഫിയ്യ (റ)

മുബാരിശ് ചെറുവാടി

0
1616

 

ഹിജ്റയുടെ പത്ത് വർഷങ്ങൾക്ക് മുമ്പ് ഖൈബറിലാണ്‌ തിരുനബിയുടെ പത്നിയായ സ്വഫിയ്യ (റ) ജനിച്ചത്. ബുദ്ധിമതിയും കുലീനയുമായ മഹതി മൂസ നബിയുടെ സഹോദരൻ ഹാറൂൻ നബിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ്. ബനൂ ഖുറൈള ഗോത്രത്തിലെ ബറ് ബിൻത് ശമൗഅൽ ആണ് മഹതിയുടെ മാതാവ്. ബനുന്നളീർ ഗോത്രക്കാർക്ക് മദീനയിൽ നിന്ന് അവധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവർ ഭൂരിപക്ഷം ആളുകളും ഖൈബറിലേക്ക് പോയി. സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊച്ചു കുട്ടിയായിരുന്ന സ്വഫിയ്യയും പിതാവിന്റെ കൂടെ പോയി.
ഖുറൈള ഗോത്രക്കാരനായ സലാമുബ്നു മിശ്കം ആയിരുന്നു മഹതിയുടെ ആദ്യ ഭർത്താവ്. അവർ വിവാഹമോചനം നടത്തിയ ശേഷം ബനുന്നളീർ ഗോത്രത്തലവനായ കിനാനതുബ്നു റബീഅ് മഹതിയെ വിവാഹം ചെയ്തു. രണ്ടു ഭർത്താക്കന്മാരും കവികളായിരുന്നു. രണ്ടു പേരിലും ബീവിക്കു മക്കളില്ല. കിനാനയുടെ ഭാര്യയായിരിക്കെ മഹതി ഒരു സ്വപ്നം കണ്ടു. “ഒരു ചന്ദ്രൻ ബീവിയുടെ റൂമിൽ വന്നിരിക്കുന്നു” അടുത്ത ദിവസം മഹതി തന്റെ സ്വപ്നം ഭർത്താവിനോടു പറഞ്ഞപ്പോൾ ബീവിയുടെ മുഖത്തടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ” യസ്രിബിലെ രാജാവ് നിൻറെ ഭർത്താവാകണം എന്നാണോ നീ ആഗ്രഹിക്കുന്നത്” . പിന്നീട് ഖൈബർ യുദ്ധത്തിൽ ഭർത്താവ് കൊല്ലപ്പെടുകയും സ്വഫിയ്യ(റ) അടിമയാക്കപ്പെടുകയും ചെയ്തു.
യുദ്ധമുതൽ വിഹിതം വെച്ചപ്പോൾ ദഹിയ്യത്തുൽ കൽബി (റ)നാണ് സ്വഫിയ്യ (റ)യെ ലഭിച്ചത്. അപ്പോൾ ഒരാൾ വന്ന് നബിയോട് പറഞ്ഞു: “അല്ലാഹുവിൻറെ പ്രവാചകരെ, നിങ്ങൾ ദഹിയ്യക്ക് നൽകിയത് ബനുന്നളീർ ഗോത്ര നേതാവായ സ്ത്രീയാണ്. അവർ നിങ്ങൾക്ക് അല്ലാതെ ചേരുകയില്ല പ്രവാചകരെ”. ഇത് കേട്ട പ്രവാചകർ ദഹിയ്യ യെ വിളിക്കുകയും സ്വഫിയ്യ(റ) യുടെ ഭർത്താവായിരുന്ന കിനാനയുടെ സഹോദരിയെ ദഹിയ്യക്ക് നൽകുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന് ഏഴ് അടിമകളെയും കൂടുതലായി നൽകി.
പ്രവാചകർ സ്വഫിയ്യ (റ)യെ തനിക്കുവേണ്ടി തിരഞ്ഞെടുക്കുകയും മോചിതയായി സ്വന്തം കുടുംബത്തിലേക്ക് മടങ്ങണമെങ്കിൽ അങ്ങിനെ ചെയ്യാനും, മുസ്ലിമായി തിരുനബിയുടെ ഭാര്യയായി കഴിയണമെങ്കിൽ അങ്ങനെ ചെയ്യാനുമുള്ള സ്വാതന്ത്ര്യം നൽകി. മഹതി പറഞ്ഞു: ” ഞാൻ അല്ലാഹുവിനെയും അവൻറെ റസൂലിനെയും തിരഞ്ഞെടുക്കുന്നു”. ശേഷം അവർ ഇസ്ലാം ആശ്ലേഷിച്ചു. പ്രവാചകർ (സ) അവരെ മോചിപ്പിച്ച് വിവാഹം ചെയ്യുകയും ചെയ്തു. അടിമത്വത്തിൽ നിന്നുള്ള മോചനമായിരുന്നു മഹതിയുടെ മഹറ് . ഹിജ്റ 7 മുഹറം മാസത്തിലായിരുന്നു മഹതിയുടെയും തിരു നബിയുടെയും വിവാഹം. അപ്പോൾ സ്വഫിയ്യ (റ)ക്ക് പ്രായം 18 തികഞ്ഞിരുന്നില്ല.
ഹിജ്റ 50 ൽ വഫാതായ മഹതിയെ ജന്നത്തുൽ ബഖീഇലാണ് മറവ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here