ബാൻ മരവും ഇഷ്ടഭാജനവും

ഷനൂബ് ഹുസൈൻ

0
943

തനിക്കെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ കേട്ട അനുരാഗി എന്തെങ്കിലും തന്ത്രമുപയോഗിച്ച് ചോദ്യകർത്താവിൽ നിന്നും തന്റെ പ്രണയത്തെ മറച്ച് വെക്കണമെന്ന ഉദ്ദേശ്യത്തോടെ പറയുന്നു: സ്നേഹത്തെ കുറിച്ചുള്ള നിങ്ങളുടെ വാദങ്ങളെ ഞാൻ അംഗീകരിക്കാം.പക്ഷേ, ഞാനൊരനുരാഗിയല്ല. നിങ്ങൾക്ക് മറ്റെന്ത് തെളിവ് പറയാനുണ്ട്? ചോദ്യ കർത്താവ് പുതിയ തെളിവിലേക്ക് കടക്കുന്നു.
٥-لولا الهوى لم ترق دمعا على طلل    ولا ارقت لذكر البان والعلم
(സ്നേഹമില്ലായിരുന്നുവെങ്കിൽ സ്നേഹിക്കപ്പെടുന്നയാളുടെ പഴയ ഭവനത്തിൽ നീ പോയി അശ്രുകണങ്ങൾ പൊഴിക്കുമായിരുന്നില്ല, ബാൻ മരത്തെയോ പർവ്വതത്തെയോ ഓർത്ത് നീ ഉറക്കം നഷ്ടപ്പെടുത്തുമായിരുന്നില്ല.).
പ്രണയ കവിതകളിൽ പരാമർശിക്കപ്പെടുന്ന അറബ് സുഗന്ധ വൃക്ഷമാണ് ബാൻ. പ്രണയകാവ്യങ്ങളിൽ സ്നേഹിക്കപ്പെടുന്നവരുടെ കെട്ടിടങ്ങളെയും വസ്തുക്കളെയും പറയുന്ന കൂട്ടത്തിൽ അറബികൾ ബാനിനെയും പറയാറുണ്ട്. പ്രണയിക്കുന്നവരുടെ മരമാണത്. പർവ്വതമോ അല്ലെങ്കിൽ അതിനേക്കാൾ ഉയരമുള്ളതോ ആണ് അലം (علم) .അലമിനേയും അവർ സ്നേഹിക്കുന്നവരുടെ വസ്തുക്കൾ പറയുന്ന കൂട്ടത്തിൽ പരാമർശിക്കാറുണ്ട്.
തന്റെ ഹൃദയത്തിൽ പ്രണയം ഇളക്കിവിടുന്ന ഓർമകൾ ഉറവെടുക്കാൻ കാരണമായ തന്റെ ഇഷ്ടഭാജനത്തെ ബാൻ മരത്തോടും അലമിനോടും തുല്ല്യപ്പെടുത്തിയത് കൊണ്ട് കവി അവ രണ്ടിനേയു പ്രത്യേകം പറഞ്ഞതാവാം. ആകാര ഭംഗിയിലും സുഗന്ധത്തിലും ഉയരത്തിലുമെല്ലാം തന്റെ ഇഷ്ടഭാജനം ബാൻ മരത്തോടും പർവ്വതത്തോടും സമമാണെന്ന് കവി പായുന്നു.
ആമാശയത്തിൽ നിന്നുമുയരുന്ന വാതകം തലച്ചോറിൽ ഈർപ്പം ഉണ്ടാക്കുന്നു. ഈ  ഈർപ്പം അധികരിക്കുമ്പോൾ മനുഷ്യന് ഉറക്കം വരാറാണ് പതിവ്. ഈർപ്പം അധികരിക്കുമ്പോൾ തലച്ചോറിൽ അത് കട്ടിയായി നിൽക്കും. അതിൽ നിന്നാണ് ഗാഢനിദ്രയും മയക്കവുമെല്ലാമുണ്ടാവുന്നത്. പ്രണയച്ചൂടിന്റെ തീക്ഷ്ണതയിൽ കവിക്ക് തലച്ചോറിലെ ഈർപ്പം ഇല്ലാതെയായി. ബാനിനെയും അലമിനെയും ഓർത്തപ്പോൾ ഉറക്കം നഷ്ടപ്പെട്ടതങ്ങനെയാണ്. ധാരാളമായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുമ്പോൾ ഊഷ്മാവ് അതിനെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ ഏർപെടുന്നത് കൊണ്ട് തലച്ചോറിലെ ഈർപ്പം നിലനിൽക്കും. മനുഷ്യനങ്ങനെ ഉറങ്ങിപ്പോകും. പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി ഭക്ഷണവും വെളളവുമെല്ലാം ഉപേക്ഷിക്കുന്ന അനുരാഗിയുടെ ഈർപ്പമെല്ലാം നശിച്ച് പോകുന്നു. സ്നേഹത്തിന്റെ നീറ്റൽ കാരണമായി പ്രകൃതിപരമായ അയാളുടെ ചൂട് ഇരട്ടിക്കുന്നു. ഈർപ്പമെല്ലാം ഇല്ലാതെയായാൽ പിന്നെ അയാൾക്ക് ഉറങ്ങാനാവില്ല. വിശേഷിച്ചും സ്നേഹഭാജനത്തിന്റെ പാർപ്പിടമോ അതുമായി ബന്ധപ്പെട്ടതോ ഓർക്കുമ്പോൾ
ഒരു കാര്യം പ്രത്യേകം ഞാൻ ഓർമിപ്പിക്കുകയാണ്.ദഖ്ർ  വൽ ഇദ്ദ (ذخر والعدة) എന്ന കിതാബിന്റെ രചയിതാവ് മക്കക്കാരനായ മുഹമ്മദ് അലിയ്യു ബ്നു അല്ലാൻ ഈ വരിയുടെ വിശദീകരണത്തിൽ പറയുന്നത് കവി അഭിസംബോധകനെ ഇഷ്ടഭാജനത്തിെൻറ പഴയ ഭവനത്തിൽ പോയി കണ്ടു എന്ന് സങ്കൽപ്പിച്ചെങ്കിൽ മാത്രമേ, പ്രണയമുണ്ടായിരുന്നില്ലെങ്കിൽ നീ കണ്ണുനീർ വാർക്കുമായിരുന്നില്ല എന്ന് പറയാവൂ എന്നാണ്.അങ്ങനെ സങ്കൽപ്പിക്കുന്നതാകട്ടെ പ്രയാസമാണ് ( affectation -تكلف ) എന്നും അദ്ദേഹം  പറയുന്നു.
അദ്ദേഹം വാദിച്ചത് പോലെ സങ്കൽപത്തിലെ പ്രയാസം (affecctation -تكلف) ഇവിടെയില്ലെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം അത് അശ്രദ്ധമൂലം പറഞ്ഞതാണ്.കവി ഈ വരികളിലെല്ലാം തന്നിൽ നിന്ന് തന്നെ ഒരു അഭിസംബോധകനെ പുറത്തെടുത്ത് അയാളോടാണ് സംസാരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.കവിയുടെ സങ്കൽപമാണത്. യഥാർത്ഥത്തിലുള്ള വ്യക്തിയല്ല. ഇവിടെയെല്ലാം അതിശയോക്തി കലർന്ന വിവരണമാണ് കവി നൽകുന്നത്. അതിശയോക്തി (exaggeration – مبالغة) കവിതക്ക് ഭംഗി കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ

കവി പ്രണയ സ്ഥിരീകരണത്തിനായി മൂന്നാമത്തെ തെളിവ് കൊണ്ട് വരുന്നു.
٥/م -ولا اعارتك لوني عبرة و ضني      ذكري الخيام و ذكري سكان الخيم
(തമ്പുകളെ കുറിച്ചും അതിലെ താമസക്കാരനെ കുറിച്ചുമുള്ള എന്റെ സ്മരണ നിനക്ക് കണ്ണ് നീരിന്റെയും അസുഖത്തിന്റെയും രണ്ട് നിറങ്ങളെ നൽകിയിട്ടില്ല.)
അധിക പ്രതികളിലും ഈ വരി കാണാൻ സാധിക്കില്ല. സയ്യിദ് മുഹമ്മദ് അലിയ്യ് ബ്നു അല്ലാൻ അസ്വിദ്ദീഖിയുടെ വ്യാഖ്യാനത്തിൽ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. രണ്ട് വസ്ത്രങ്ങൾ എന്ന ഉദ്ദേശ്യമാണ് ഇവിടെ ലവ്നൈനി (രണ്ട് നിറങ്ങൾ )ക്കുളത്.കണ്ണീരും അസുഖവും മൂലം ഉണ്ടാവുന്ന അവസ്ഥയെ അവ ഒരാളെ ആവരണം ചെയ്ത് നിൽക്കുന്നത് കൊണ്ട് വസ്ത്രങ്ങളോട് സാദൃശ്യപ്പെടുത്തി.
ഇവിടെ കണ്ണീരും അസുഖവും നൽകുന്നത് തമ്പുകളെ കുറിച്ചും അവിടത്തെ താമസക്കാരനെ കുറിച്ചുമുള്ള ഓർമയാണെന്ന് പറഞ്ഞത് ആലങ്കാരികമായാണ് (Metaphor_ استعارة). ഓർമയെ ഒരു വ്യക്തിയോട് സമപ്പെടുത്തുകയാണിവിടെ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here