ബാബരി മസ്ജിദ് പൊളിക്കാന്‍ ഒരുക്കിയ അരങ്ങിനെക്കാള്‍ വൈകാരികവുമാണ് പുതിയ അജണ്ട

തോമസ് ഐസക്

0
2153

ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ടു തികയുകയാണ്. അയോധ്യയില്‍, പള്ളി നിന്ന അതേ സ്ഥലത്തു തന്നെ രാമക്ഷേത്രം പണിയുക എന്ന അജണ്ട ആര്‍എസ്എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമനെ അയോധ്യയിലേയ്ക്ക് പുനരാനയിക്കുക എന്നതാണ് പുതിയ വൈകാരിക ആയുധം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് രണ്ടു ലക്ഷം ദീപങ്ങളാണ് സരയൂ നദിയുടെ തീരത്ത് സംഘപരിവാര്‍ ഒരുക്കിയത്. മുന്നറിയിപ്പ് വ്യക്തമാണ്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിനും അരങ്ങൊരുക്കലിനും ശേഷമാണ് മസ്ജിദ് തകര്‍ത്തത്. പള്ളി നിന്ന അതേസ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കൂടുതല്‍ വൈകാരികമായ പദ്ധതിയുണ്ടാക്കുന്നു. മസ്ജിദ് പൊളിയ്ക്കാന്‍ ഒരുക്കിയ അരങ്ങിനെക്കാള്‍ വര്‍ണാഭവും വൈകാരികവുമാണ് പുതിയ അജണ്ട.
ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇരുപത്തഞ്ചു കൊല്ലമായി അപരാധിയുടെ മുഖമാണ് നമുക്ക്. പള്ളി പൊളിക്കല്‍ കര്‍മ്മം സൃഷ്ടിച്ച മുറിവുകളൊന്നും ഉണങ്ങിയിട്ടില്ല. നടന്നു കഴിഞ്ഞ അനീതിയ്ക്ക് പ്രതിവിധി ചെയ്യാന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നത്തിനു മുന്നില്‍ നമ്മുടെ ഭരണഘടന കാല്‍നൂറ്റാണ്ടായി സ്തംഭിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ് കൂടുതല്‍ അനീതികളിലേയ്ക്ക് രാജ്യം എടുത്തെറിയപ്പെടുന്നത്.
അയോധ്യയില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങള്‍ താജ്മഹലിലേയ്ക്കും നീണ്ടിട്ടുണ്ട്. ആദ്യം തര്‍ക്കമന്ദിരമാക്കുക, പിന്നീട് തകര്‍ക്കുക, ശേഷം കൈയടക്കുക എന്ന പദ്ധതിയാണ് ബാബറി മസ്ജിദിത്തിന്റെ കാര്യത്തില്‍ സംഘപരിവാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. തോജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും അതിനുള്ളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി വേണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജാ പരമാര്‍ദി ദേവിന്റെയും ജയ്പൂര്‍ രാജാവായിരുന്ന രാജാ മാന്‍സിങ്ങിന്റെയും പേരില്‍ പുതിയ ചരിത്രനിര്‍മ്മാണവും നടന്നു കഴിഞ്ഞു. തകര്‍ക്കപ്പെട്ട വേറെ ആയിരം ക്ഷേത്രങ്ങളുടെ പട്ടികയും സംഘപരിവാര്‍ പുറത്തുവിട്ടിട്ടുണ്ട്. വര്‍ഗീയ വിഭജനത്തിന് സുദീര്‍ഘമായ അജണ്ടയാണ് അവര്‍ക്കുള്ളതെന്നു വ്യക്തം.

1992 ഡിസംബര്‍ ആറില്‍ നിന്ന് ഇരുപത്തഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ സംഘപരിവാര്‍ സ്വാധീനം വലിയ തോതില്‍ വ്യാപിച്ചു കഴിഞ്ഞു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ഭരണാധികാരം, പല സംവിധാനങ്ങളിലേയ്ക്കും ആഴ്ന്നിറങ്ങിയ രാഷ്ട്രീയസ്വാധീനം, പൊതുബോധത്തിനുമേല്‍ അപകടകരമായ ആധിപത്യം തുടങ്ങിയ പല ഘടകങ്ങളുടെയും ആനുകൂല്യത്തിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന്റെ അജണ്ട അവര്‍ പ്രഖ്യാപിക്കുന്നത്. മതനിരപേക്ഷ ശക്തികളെ രാഷ്ട്രീയവും സാമൂഹികവുമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളും മതന്യൂനപക്ഷങ്ങളെ കൂടുതല്‍ വരുതിയ്ക്കു നിര്‍ത്താനുള്ള സമ്മര്‍ദ്ദങ്ങളും രാജ്യം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

മതനിരപേക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളി വ്യക്തമാണ്. ജനതയെയാകെ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പാതയിലേയ്ക്ക് നയിക്കുകയും ഉറപ്പിച്ചു നിര്‍ത്തുകയും വേണം. വിദ്വേഷത്തിന്റെ രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമ്പോള്‍ മതനിരപേക്ഷ രാഷ്ട്രീയത്തിനു കൂടുതല്‍ ലക്ഷ്യബോധവും ആശയവ്യക്തതയും നല്‍കുന്നു.
[കേരള ധനമന്ത്രിയാണ് തോമസ് ഐസക്]

LEAVE A REPLY

Please enter your comment!
Please enter your name here