ബനൂ ഉദ്റയും എന്റെ പ്രണയവും

ശനൂബ് ഹുസൈൻ

0
1001

٩-يا لائِمِي في الهَوَى العُذْرِيِّ مَعْذِرَة ً منِّي إليكَ ولو أنصفتَ لم تلُمِ
(ബനൂ ഉദ്റ ഗോത്രക്കാരുടേതിന് സമാനമായ അനുരാഗം ഉണ്ടായതിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനേ, നീ നിക്ഷ്പക്ഷവാനായിരുന്നുവെങ്കിൽ എന്നെ കുറ്റം പറയുമായിരുന്നില്ല.)

ഹൃദയ നൈർമല്ല്യത കൊണ്ടും സത്യസന്ധമായ പ്രണയം കൊണ്ടും പ്രസിദ്ധരായ യമനിലെ ഒരു ഗോത്രമാണ് ബനൂ ഉദ്റ. അവരിലെ പുരുഷന്മാർ മാന്യരും നിഷ്കളങ്കരാണ്. മായം കലരാത്ത ഹൃദയത്തിന്റെ ഉടമകൾ. സ്ത്രീകൾ ചാരിത്ര ശുദ്ധിക്ക് കേളി കേട്ടവരാണ്. ബനൂ ഉദ്റ ഗോത്രത്തിലെ അധിക യുവാക്കളും പ്രണയ രോഗത്താൽ മരിച്ചുവീഴും. അവരുടെ കയ്യിൽ അതിന് മരുന്നുണ്ടായിരുന്നില്ല. അത്ര തീവ്രമായിരുന്നു അവരുടെ സ്നേഹം. ഈ ഗോത്രത്തിലേക്ക് ചേർത്തിയാണ് കവി ഉദ് രിയ്യ് എന്ന് പറഞ്ഞതെന്ന് വെക്കുമ്പോൾ വരിയുടെ അർത്ഥം ഇപ്രകാരം വായിക്കാം. ‘അതി തീവ്രവും ദൈർഘ്യമേറിയതുമായ ബനൂ ഉദ്റ ഗോത്രക്കാരുടെ പ്രണയത്തിനു സമാനമായ പ്രണയം എന്നിൽ ഉള്ളത് കാരണമായി എന്നെ ആക്ഷേപിക്കുന്ന മനുഷ്യാ ‘.
ഇനി ഉദ്ർ -കാരണം എന്നതിലേക്ക് ചേർത്തതാണ് ഉദ്രിയ്യ് എന്ന് പറഞ്ഞതെന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ ഇങ്ങനെ അർത്ഥം പറയാം.’ ഹൃദയത്തിൽ ആധിപത്യം സ്ഥാപിക്കുന്ന  പ്രണയം നിമിത്തം പരീക്ഷിക്കപ്പെടുന്നവനെ കുറ്റം പറയാനാവില്ല, കാരണം ആ പ്രണയം സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മനസ്സിൽ കടന്നുകൂടുന്നതാണ്. അത്തരമൊരു പ്രണയത്തിന്റെ പേര് പറഞ്ഞ് എന്നെ ആക്ഷേപിക്കുന്നവനേ ‘.
അല്ലാഹുവിനെ സ്നേഹിക്കുന്നവൻ തൻറെ ആയുസ്സ് മുഴുവൻ ഒരു മടുപ്പും ഇല്ലാതെ ആരാധനയിൽ മുഴുകണമെന്ന ഒരു ആശയവും ഈ വരിയിൽ നിന്ന് മനസ്സിലാക്കാം.
ശൈഖ് സാദയും ഖർഫൂതിയും ഉദ്ധരിച്ച ഒരു സംഭവമുണ്ട് .അസ്മഈ എന്നവർ തൻറെ സംസാരത്തിലെ പോരായ്മ പരിഹരിക്കുന്നതിനും സാഹിത്യ നിപുണത നേടുന്നതിനുമായി സാഹിത്യ ഗരിമ കൊണ്ട് പ്രസിദ്ധരായ ഒരു അറബ് ഗോത്രത്തിലേക്ക് പോകാൻ ഉദ്ദേശിച്ചു. അദ്ദേഹം വിവിധ ഗോത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ബനൂ ഉദ്റ ഗോത്രക്കാരാണ് അറബികൾക്കിടയിൽ സാഹിത്യ ഭംഗി കൊണ്ട് പ്രസിദ്ധരായവരെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ അദ്ദേഹം യമനിലെ ബനൂ ഉദ്റ ഗോത്രത്തിലേക്ക് പോയി. അവരിലൊരാൾ അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ചു. ആതിഥേയന് ഒത്ത ആകാരമുള്ള, മനോഹരമായ കവിൾത്തടമുള്ള ഒരു മകളുണ്ടായിരുന്നു. സാഹിത്യത്തിൽ പ്രത്യേക കഴിവുള്ള അവളോട് അസ്മഇക്ക് പ്രണയം തോന്നി. അസ്മഈ പറയുന്നു.’ പ്രണയത്തിൽ നിന്നും രക്ഷനേടാനും ആ ഗോത്രത്തിൽ ഒന്ന് ചുറ്റിക്കറങ്ങാനുമായി ഞാൻ ആതിഥേയ ഭവനത്തിൽ നിന്നും ഇറങ്ങി. നടത്തത്തിനിടയിൽ ചന്ദ്രനെ പോലെ മൃദുലമായ, ഈർക്കിൽ പോലെ മെലിഞ്ഞ പ്രണയത്താൽ അനം ചെടിയെ പോലെ മഞ്ഞ വർണ്ണത്തിലായ ഒരു യുവാവിനെ ഞാൻ കണ്ടു. മലക്ക് മുകളിൽ സൂര്യനെ കാണുന്നത് പോലെ പ്രണയത്തിന്റെ അടയാളങ്ങൾ അയാളിൽ വ്യക്തമായി ദർശിക്കാമായിരുന്നു. അയാളുടെ ഹൃദയം കത്തിയെരിയുകയാണ്. പരലോകത്തേക്ക് യാത്ര തുടങ്ങിയത് പോലെയുണ്ട്. മരണമടുത്തിരിക്കുന്നു.
അയാളുടെ അസ്വസ്ഥതയുടെ കാരണം എന്തെന്ന് ഞാൻ ചോദിച്ചു. അയാൾ വിറച്ചു കൊണ്ടാണ് മറുപടിപറഞ്ഞത് .എൻറെ ആതിഥേയ ഭവനത്തിലെ പെൺകുട്ടി അയാളുടെ ഹൃദയത്തിൽ ജ്വലിച്ചു നിന്നത് കൊണ്ട് അയാൾ ഉരുകിക്കൊണ്ടിരിക്കുന്നു. അവളെ വർഷങ്ങളായി അയാൾ കണ്ടിട്ടില്ല. വിരഹം കാരണത്താൽ അയാൾ തേങ്ങിക്കൊണ്ടിരിക്കുകയാണ്. അസ്മഈ പറയുന്നു.” ഈ ചെറുപ്പക്കാരന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിനായി ഞാനയാളുടെ പിതൃവ്യ പുത്രിയുടെ അടുക്കലേക്ക് പോയി. അവളോട് പറഞ്ഞു, ദുഃഖിതരായ എല്ലാവരുടെയും ഹൃദയത്തിൻറെ മുറിവിനുള്ള ആശ്വാസമേ, വിദേശികളോട്  നിങ്ങൾ കാണിക്കുന്ന മാന്യതയും അവർക്ക് നൽകുന്ന ബഹുമാനവും ഞാൻ മനസ്സിലാക്കുന്നു. ഞാൻ നിന്നിലേക്ക് ഈ ചെറുപ്പക്കാരന് വേണ്ടി ശുപാർശ ചെയ്യാനാണ് വന്നത്. നീ അവനോടു കരുണ കാണിക്കണം. അവൾ പറഞ്ഞു:  ഞങ്ങൾ പിരിഞ്ഞിരുന്ന് തീവ്ര പ്രണയത്തിൽ കത്തിക്കരിയുന്നത് തന്നെയാണ് അയാൾക്ക് നല്ലത്. എങ്കിലും ഒടുവിൽ അവളെന്റ ആവശ്യം പൂർത്തീകരിക്കാമെന്ന് സമ്മതിച്ചു.ഈ സന്തോഷവാർത്ത അറിയിക്കുന്നതിനായി ഞാനാ യുവാവിന്റെ അടുക്കലേക്ക് പോയി. അയാളോട് പറഞ്ഞു: കാമുകിയെ കാണാനായി ഒരുങ്ങിക്കൊള്ളുക, ആഗ്രഹ സഫലീകരണം പ്രതീക്ഷിച്ചു കൊള്ളുക. ഉടനെ അയാളുടെ കാമുകിയുടെ വീടിൻറെ ഭാഗത്തുനിന്നും കാറ്റടിച്ചു. യുവാവ് ബോധരഹിതനായി അടുത്തുണ്ടായിരുന്ന തീയിലേക്ക് വീണു. അയാളുടെ ചില ശരീരഭാഗങ്ങൾക്ക് പൊള്ളലേറ്റു. ഈ സംഭവം ഞാൻ അവളെ അറിയിച്ചപ്പോൾ അവളെന്നോട് പറഞ്ഞു: നിഷ്കളങ്കനായ മനുഷ്യാ അയാൾക്ക് എൻറെ ചെരിപ്പിന് അടിയിലെ പൊടിപോലും കാണാൻ ഉള്ള ശേഷി ഇല്ല, പിന്നെയെങ്ങനെ എൻറെ സൗന്ദര്യത്തിന്റെ പ്രകാശം ആസ്വദിക്കും?
അസ്മഈ ഗോത്രത്തിൽ ചുറ്റി നടക്കുന്നതിനിടയിൽ ഒരു കല്ല് കണ്ടു. അതിൽ ഒരു വരി കവിത എഴുതിയിരിക്കുന്നു.
أيا معشر العشاق بالله اخبروا     إذا اشتد عشق بالفتى كيف يصنع؟
(അല്ലാഹുവിനെ സ്നേഹിക്കുന്നവരേ പറയൂ, ഒരാൾക്ക് കലശലായ സ്നേഹമുണ്ടെങ്കിൽ അയാളെന്താണ് ചെയ്യുക?)
അസ്മഈ ഇതിനു മറുപടിയായി ഈ വരിക്ക് താഴെ ആ കല്ലിലെഴുതി.
يداري هواه ثم يكتم سره    و يصبر في كل الأمور و يخشع
(അയാൾ തന്റെ സ്നേഹം മറച്ച് വെക്കും.സർവ്വകാര്യങ്ങളിലും ക്ഷമിക്കുകയും ഭയഭക്തി പ്രകടിപ്പിക്കുകയും ചെയ്യും.)
അസ്മഈ തിരിച്ച് വന്നപ്പോൾ ആ ബൈതിന് താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു.
فكيف يداري و الهوى قاتل الفتى    وفي كل يوم روحه يتقطع
(സ്നേഹം ആ മനുഷ്യനെ കൊന്ന് കൊണ്ടിരിക്കുകയാണെന്നിരിക്കെ എങ്ങനെ അവനാ സ്നേഹം മറച്ച് വെക്കാനാണ്? ഓരോ ദിവസവും അവന്റെ ആത്മാവ് മുറിഞ്ഞ് കൊണ്ടിരിക്കുകയാണ്.)
അസ്മഈ ഈ ബൈതിന് താഴെ എഴുതി.
إذا لم يطق صبرا و كتما لسره      فليس له شيء سوى الموت أنفع
(ക്ഷമിക്കാനോ അനുരാഗം മറച്ച് വെക്കാനോ അയാൾക്ക് സാധിക്കുന്നില്ലെങ്കിൽ മരണമല്ലാതെ മറ്റൊന്നും അയാൾക്ക് കൂടുതൽ ഉപകാരം ചെയ്യില്ല.)
അസ്മഈ മൂന്നാം ദിവസം അതുവഴി വന്നപ്പോൾ ഒരു യുവാവ് തന്റെ തല ആ കല്ലിൽ വെച്ചിരിക്കുന്നു. അയാൾ മരിച്ച് കിടക്കുകയാണ്.കല്ലിൽ അയാളൊരു ബൈത് എഴുതി വെച്ചിരിക്കുന്നു.
سمعنا اطعنا ثم متنا فبلغوا        سلامي إلى من كان للوصل يمنع
കേൾക്കുകയും അനുസരിക്കുകയും മരണം വരിക്കുകയും ചെയ്തിരിക്കുന്നു. ഇഷ്ടഭാജനവുമായി ചേരുന്നരിനെ തടഞ്ഞയാൾക്ക് എന്റെ സലാം എത്തിക്കൂ.)

ഇമാം മജ്ദുദ്ദീൻ ഫൈറൂസാബാദി ഖാമൂസിൽ, നന്മയോ തിന്മയോ ആഗഹിക്കുക എന്നാണ് ഹവ(هوى  )ക്ക് അർത്ഥം പറഞ്ഞത്. നന്മയെ ആഗഹിക്കുന്നതിനും തിന്മയെ ആഗഹിക്കുന്നതിനും ഹവ ( هوى) എന്ന് പറയുമെങ്കിലും തിന്മ ആഗഹിക്കുന്നതിനാണ് അധികവും പ്രയോഗിക്കാറുള്ളത്. കാരണം ശറഇന്റ വീക്ഷണത്തിൽ ശറഅ വിലക്കിയതിലേക്കുള്ള ഹൃദയത്തിന്റെ ചായ് വിനാണ് ഹവ എന്ന് പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here