ഫത്ഹുല്‍മുഈനിലെ ഇമാമുമാര്‍

ശാഫി വിളയൂര്‍

0
2838

ശാഫിഈ കര്‍മ്മസരണിയിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രംഗത്ത് അതുല്യമായ സാന്നിധ്യവും വിജ്ഞാന വിളക്കുമാടമായി ഈ ഗ്രന്ഥം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അറബി സാഹിത്യത്തെ രണ്ടായി തരംതിരിക്കുമ്പോള്‍ ആധ്യാത്മിക മേഖലയിലുള്ളതും വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതുമാണ് കാണാന്‍ കഴിയുക. എന്നാല്‍ മതകര്‍മങ്ങളും മതചിട്ടയും പ്രതിപാദ്യമാണ് ഫത്ഹുല്‍ മുഈനില്‍. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതങ്ങള്‍ക്കെതിരെ മുള പൊട്ടിയ ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിപ്ലവ സാഹിത്യത്തിന് മഹനീയ ഉദാഹരണങ്ങളാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈനിന്റെ രചന നടത്തിയത്. സൈനുദ്ദീന്‍ മഖ്ദൂം(റ) ഹിജ്‌റ 982, 1575ല്‍ ഖുര്‍റത്തുല്‍ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍ എന്നൊരു ചെറു കൃതി രചിച്ചിരുന്നു. അതിന്റെ ബൃഹത്തായ വ്യാഖ്യാനമെന്ന നിലക്കാണ് അദ്ദേഹം തന്നെ ഫത്ഹുല്‍ മുഈന്‍ രചിച്ചത്. മഹാപണ്ഡിതന്മാരായ ഇമാം ശാഫിഈ(റ), ഇമാം റാഫിഈ(റ), ഇമാം നവവീ(റ), ഇബ്‌നു ഹജറുല്‍ ഹൈതമീ(റ), സകരിയ്യല്‍ അന്‍സാരി(റ), അബ്ദുറഹ്മാന്‍ സിയാദ്(റ) ഇമാമുല്‍ അംജദ് അഹ്മദുല്‍ മുസ്ജ്ജദ്(റ) എന്നിവരുടെയും മറ്റു പണ്ഡിതന്മാരുടെയും ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഫത്ഹുല്‍ മുഈന്‍ രചിച്ചിരിക്കുന്നത്. ഹിജ്‌റ 982 (1575) റമളാന്‍ 24 ല്‍ ഗ്രന്ഥം എഴുതിത്തീര്‍ത്തതെന്നാണ് അറിവ്. സ്വഹാബത്തിന്റെ കാലശേഷം നാലു മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെടുന്നത് വരെ ജനം വിശ്വവിഖ്യാതരായ പണ്ഡിതന്മാരെ തഖ്‌ലീദ് ചെയ്തുവരുന്നു. ഈ സമ്പ്രദായം വിമര്‍ശനത്തിന് വിധേയമായിട്ടുമില്ല. ഇങ്ങനെ ചെയ്യല്‍ തെറ്റായിരുന്നുവെങ്കില്‍ നിശ്ചയമായും അവരത് തടയുമായിരുന്നു (ഇബ്ദുല്‍ജീദ്). അതുകൊണ്ട് തന്നെ ഫത്ഹുല്‍ മുഈനിലെ വ്യത്യസ്ത ഇമാമുമാരെ പരിചയപ്പെടുത്തുകയാണിവിടെ.

ഇബ്‌നു ഇസ്ഹാഖ്
അബൂബക്കര്‍ എന്നാണ് പേര്. അബൂ അബ്ദുല്ലാഹി മുഹമ്മദ് ബ്‌നു ഇസ്ഹാഖ്ബ്‌നു യാസിറുബ്‌നു ഖിയാറുല്‍ അല്‍മുത്വ്‌ലബി എന്നും പറയപ്പെടുന്നുണ്ട്. പണ്ഡിതന്മാര്‍ക്കിടയില്‍ സ്വീകാര്യയോഗ്യനും ഹദീസില്‍ സ്ഥിരീകരണവും കൈമുതലാക്കിയ പണ്ഡിതനാണ് മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്നവര്‍. ശാഫിഈ ഇമാമില്‍ നിന്ന് നിവേദനം ചെയ്യുന്ന ഉദ്ധരണയില്‍ അദ്ദേഹം പറയുന്നു: മഗാസി എന്ന ഗ്രന്ഥത്തില്‍ അവഗാഹം നേടാനുദ്ദേശിക്കുന്നുവെങ്കില്‍ ഇബ്‌നു ഇസ്ഹാഖ് എന്നവരുടെ അടുക്കല്‍ ആശ്രിതനായിക്കൊള്ളട്ടെ. ശുഅബത്തുബ്‌നുല്‍ ഹജ്ജാജ് മുഹമ്മദ്ബ്‌നു ഇസ്ഹാഖെന്നവര്‍ സുഹ്‌രി എന്നിവരെ തൊട്ട് ഉദ്ധരിക്കുന്നത്, ഇബ്‌നു ഇസ്ഹാഖെന്നവര്‍ ഒരു ഗ്രാമത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ട് ഹദീസ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ പിറകില്‍ കൂടി. അദ്ദേഹമവരോട് താഴ്മയുടെ ഭാഷ്യത്തില്‍ പറഞ്ഞു: നിങ്ങളേക്കാള്‍ വളരെ പിറകിലാണ് എന്റെ കാര്യം. മുഹമ്മദ്ബ്‌നു ഇസ്ഹാഖെന്നവര്‍ ഹിജ്‌റ 151-ാം വര്‍ഷം ബാഗ്ദാദില്‍ വെച്ച് മരണപ്പെട്ടു. 150 ലാണെന്നും അഭിപ്രായമുണ്ട്. കിഴക്കുഭാഗത്തുള്ള ഖൈസിറാന്‍ മഖ്ബറയിലാണ് അദ്ദേഹത്തെ മറവ് ചെയ്തിട്ടുള്ളത്.

ഇബ്‌നു അബീദം
ഇബ്‌റാഹീമുബ്‌നു അബ്ദുല്ലാഹിബിനു അബ്ദുല്‍ മുല്‍ഇമുബ്‌നു അലിയ്യുബ്‌നു മുഹമ്മദ്ബ്‌നു ഫാതിഹുബ്‌നു മുഹമ്മദ്ബ്‌നു അബീദം എന്നാണ് പൂര്‍ണനാമം. അബൂഇസ്ഹാഖെന്നവരുടെ ഖാളിയാണ് മഹാനവര്‍കള്‍. ഹിജ്‌റ 583-ാം വര്‍ഷം ജമാദുല്‍ആഖിര്‍ 21 ന് ഹമാത് എന്ന സ്ഥലത്താണ് മഹാനവര്‍കള്‍ ജനിച്ചത്. ശേഷം ബഗ്ദാദിലേക്കു പോയി. അവിടെവെച്ച് ഇബ്‌നു സിക്കീന എന്നവരെ കുറിച്ച് കേട്ടു. അലപ്പോയില്‍ വെച്ചും കൈറോവില്‍ വെച്ചും അദ്ദേഹം ഹദീസ് പരിജ്ഞാനം കരഗതമാക്കി. ശറഹുല്‍ വസ്വീത്വ,് കിതാബു അദബുല്‍ ഖളാഅ് വതാരീഖ് അദ്ദേഹത്തിന്റെ കിതാബാണ്. 642-ാം വര്‍ഷം ജമാദുല്‍ ആഖിര്‍ പകുതിക്കു വെച്ച് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

ഇബ്‌നു അബിശ്ശരീഫ്
ശൈഖുല്‍ ഇസ്‌ലാം കമാലുദ്ദീന്‍ മുഹമ്മദ്ബ്‌നു അബീബക്കര്‍ബ്‌നു അലിയ്യുബ്‌നു മസ്ഊദിബ്‌നു രിള്‌വാനിബ്‌നു അബിശ്ശരീഫ് എന്നാണ് പൂര്‍ണനാമം. 822-ാം വര്‍ഷം ദുല്‍ഹിജ്ജ 5 ന് ശനിയാഴ്ചയാണ് മഹാനവര്‍കളുടെ ജനനം. പ്രതിഭാധനരായ വലിയ മഹത്തുക്കളില്‍ നിന്നാണ് അദ്ദേഹം വ്യത്യസ്തമായ ഫന്നുകളില്‍ അവഗാഹം നേടിയെടുത്തത്. പ്രധാനമായും ഇല്‍മുല്‍ ഹദീസ്, അല്‍ ഉസൂല്‍, അല്‍ ഖാഫിയ, അല്‍ മന്‍ത്വിഖ് എന്നീ ശാസ്ത്രശാഖകളില്‍ അഗ്രേസരരായ പണ്ഡിതന്മാരുടെ ശിഷ്യത്വം നേടി. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടിയത് ഇബ്‌നുശ്ശറഫ് എന്നവരെക്കൊണ്ടാണ്. മഹാനായ ശൈഖ് ജീലാനിയിലേക്കെത്തിപ്പെടുന്ന തസ്വവ്വുഫിന്റെ സില്‍സില അദ്ദേഹത്തിന്റെ ഉസ്താദുമാരില്‍ നിന്നും സ്വീകരിച്ചു. അദ്ദേഹത്തെക്കുറിച്ച് തന്റെ ഉസ്താദുമാര്‍ വിവരിക്കുന്നത് കുശാഗ്ര ബുദ്ധിയും മനപ്പാഠ ശക്തിയും ബുദ്ധിസാമര്‍ത്ഥ്യവും ചിന്താശേഷിയും ദീര്‍ഘവീക്ഷണവും അതിവേഗത്തിലുള്ള ഗ്രാഹ്യശക്തിയും പക്വതയോടുള്ള മനുഷ്യത്വബോധവും നല്ല മര്യാദയും കൈമുതലാക്കിയ ആളാണ് എന്നാണ്. മഹാനവര്‍കള്‍ വഫാത്താവുന്നത് ഹിജ്‌റ 905 ജമാദുല്‍ അവ്വല്‍ 15ന് വ്യാഴാഴ്ച്ച ദിവസമാണ്.

ബുവൈത്വി
അബ്ദു യഅ്ഖൂബ് യൂസുഫുബ്‌നു യഹ്‌യല്‍ മിസ്‌രി അല്‍ബുവൈത്വി എന്നാണ് പൂര്‍ണനാമം. ശാഫിഈ ഇമാമിന്റെ സദീര്‍ത്ഥ്യനും കൂടിയാണ് ബുവൈത്വി. അദ്ദേഹം ജീവിതത്തിലുടനീളം ദര്‍സീ രംഗത്ത് ശോഭിക്കാനും ഫത്‌വയുടെ വിഷയത്തില്‍ അഗ്രേസരനുമായിരുന്നു. ശാഫിഈ ഇമാമില്‍ നിന്ന് അബ്ദുല്ലാഹിബിനു ഫകീഹ് അല്‍മാലികി എന്നിവരില്‍ നിന്നാണ് നബവ്വിയ്യ ഹദീസുകള്‍ കേട്ട് പഠിച്ചത്. മഹാനവര്‍കളെ തുറങ്കലിലടക്കപ്പെടുകയും ചങ്ങലകളെ കൊണ്ട് ബന്ധിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണം വരെ യാതനകള്‍ കടിച്ചിറക്കിയാണ് ജീവിച്ചത്. മഹാനവര്‍കള്‍ തികഞ്ഞ ആബിദും സ്വാലിഹുമായ വ്യക്തിയായിരുന്നു. റബീഹുബ്‌നു സുലൈമാന്‍ എന്നവര്‍ പറയുന്നു. ബുവൈത്തി എന്നവരെ ഞാന്‍ കണ്ടത് ഒരു കോവര്‍ കഴുതയുടെ മേല്‍ ഇരിക്കുന്നവരായിട്ടാണ്. അദ്ദേഹത്തിന്റെ പിരടിയില്‍ ഊരാക്കുടുക്കുകളും ചങ്ങലയും ഉണ്ടായിരുന്നു. ഇതിന്റെ രണ്ടിന്റെയുമിടയില്‍ നാല്‍പത് റത്വ്‌ല് ഭാരം വരുന്ന ഇരുമ്പ് ചങ്ങല ഉണ്ടായിരുന്നു. മഹാനായ ബുവൈത്വി തങ്ങള്‍ ഒരു വെള്ളിയാഴ്ച ദിവസം ബാങ്കു വിളിക്കുന്നത് കേട്ട് വുളൂ എടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്തിട്ട് ജയിലിന്റെ കവാടത്തിനരികെ ചെന്നപ്പോള്‍ കാവല്‍ക്കാരന്‍ ചോദിച്ചു: താങ്കളെവിടേക്കാണ് പോകുന്നത്. അദ്ദേഹം മറുപടി പറഞ്ഞു: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം പറയാന്‍ പോവുകയാണ്. അപ്പോള്‍ കാവല്‍ക്കാരന്‍ പറഞ്ഞു. നിങ്ങള്‍ മടങ്ങണം, അല്ലാഹു നിങ്ങളെ സംരക്ഷിക്കട്ടെ, അപ്പോള്‍ മഹാനവര്‍കള്‍ അല്ലാഹുവിനെ വിളിച്ചു പറയുന്നു. അല്ലാഹുവേ, ഞാന്‍ നിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ പുറപ്പെട്ടതല്ലയോ, എന്നെ തടയുകയാണല്ലോ ചെയ്തത്.
അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു സര്‍വ്വസമയവും അല്ലാഹുവിന്റെ ദിക്‌റ് ഉരുവിടുക എന്നത്. ശാഫി ഇമാമിന്റെ അടുക്കല്‍ മഹനീയമായ സ്ഥാനമലങ്കരിച്ചവരായിരുന്നു മഹാനവര്‍കള്‍. തന്നെയുമല്ല, ശാഫിഈ ഇമാമിനോട് വല്ല മസ്അലയും ചോദിച്ചു വരുന്നവരോട് ഇമാമവറുകള്‍ പറയാറുള്ളത് അബാ യഅ്ഖൂബ് എന്നവരോട് ചോദിക്കൂ എന്നാണ്. അങ്ങനെ മഹാനവര്‍കളോട് ചോദിച്ചതിനു ശേഷം ഉത്തരം പറഞ്ഞു കൊടുത്താല്‍ ശാഫിഈ ഇമാമിനോട് അദ്ദേഹം പറഞ്ഞ ഉത്തരം അറിയിച്ചു കൊടുത്താല്‍ ഇമാമവറുകള്‍ അവിടുന്നു പറയും. കാര്യം അങ്ങനെ തന്നെയാണ്, അത്രക്കും വലിയ സ്ഥാനമായിരുന്ന ശാഫിഈ ഇമാമിന്റെ അടുക്കല്‍ അദ്ദേഹത്തിന്. മഹാനവറുകള്‍ ധാരാളമായി നിന്നു നിസ്‌കരിക്കുന്നവരും ഖുര്‍ആന്‍ എല്ലാ ദിവസവും ഖത്മാക്കുകയും ചെയ്യുന്നവരായിരുന്നു. മഹാനവര്‍കള്‍ വഫാത്താവുന്നത് 231-ാം വര്‍ഷത്തിലെ റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ച നിസ്‌കാരത്തിനു മുമ്പാണ്.

ഇബ്‌നു അബീശൈബ
ഇമാം അബൂബക്ര്‍ അബ്ദുല്ലാഹിബ്‌നു മുഹമ്മദ് ബ്‌നു ഖാളി അബിശ്ശൈബ എന്നാണ് മുഴുവന്‍ നാമം. മഹാനവര്‍കള്‍ക്ക് ഒരുപാട് ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അതു വളരെ മഹത്തരവും അഭിമാനകരവുമായ ഒന്നാണ്. ആ ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത് താബിഉകളുടെ ഫത്‌വകളും സ്വഹാബത്തിന്റെ വാക്കുകളും നബി(സ്വ)യുടെ ഹദീസുകളും അവലംബിച്ച്. ഫിഖ്ഹിന്റെ ക്രമപ്രകാരം ബാബുകളായി തിരിച്ചാണ് രചന. മഹാനവറുകള്‍ സിഖത്തുള്ള പണ്ഡിതന്മാരില്‍ പെട്ടയാളാണ്. മഹാനവര്‍കളെ ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ചത് ശഹാദത്തിന്റെ ബാബിലാണ്. വഫാതാവുന്നത് 235-ാം വര്‍ഷം കൂഫയില്‍ വെച്ചാണ്.

ശറഹുല്‍ മുഖ്താര്‍ അബുല്‍ഫള്ല്‍
അബുല്‍ ഫള്ല്‍ മജ്ദുദ്ദീന്‍ അബ്ദുല്ലാഹിബ്‌നു മഹ്മൂദ് അല്‍മുസ്വ്‌ലി അല്‍ഹനഫിയ്യ് എന്നാണ് പൂര്‍ണ്ണനാമം. സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ മഹാനവര്‍കളെ പരാമര്‍ശിച്ചിട്ടുള്ളത് കിതാബുസ്സൗമിലാണ്. മുഖ്താര്‍ എന്ന കിതാബിന് ശറഹ് എഴുതുകയുണ്ടായി. അതിന് അദ്ദേഹം പേര് വെച്ചത് അല്‍ ഇഖ്തിയാറുലില്‍ ഫത്‌വ എന്നായിരുന്നു. അദ്ദേഹത്തിന്റെ യുവത്വത്തിന്റെ പ്രസരിപ്പില്‍ അദ്ദേഹം അതിനെ സംക്ഷിപ്തമാക്കി സമാഹരിക്കുകയുണ്ടായി. അതിനദ്ദേഹം പേര് വെച്ചത് അല്‍മുഖ്താറിലില്‍ ഫത്‌വ എന്നായിരുന്നു. പ്രധാനമായും മഹാനവര്‍കള്‍ അതില്‍ പ്രാബല്യമാക്കിയിരിക്കുന്നത് അബൂഹനീഫ ഇമാമിന്റെ വാക്കുകളായിരുന്നു. വഫാതാവുന്നത് 683-ാം വര്‍ഷത്തിലാണ്.

ഇമാം നവവി
മഹാനായ ഇമാം നവവി(റ) ലോകം മുഴുവന്‍ അറിയപ്പെടുന്നത് നവവി എന്നുള്ളത് കൊണ്ട് മഹാനവറുകളുടെ യഥാര്‍ത്ഥ നാമം പലപ്പോഴും നമുക്ക് അപരിചിതമാണ്. ഇമാമിന്റെ യഥാര്‍ത്ഥ പേര് യഹ്‌യ എന്നാണ്. മഹാനവറുകളുടെ സ്ഥാനപ്പേര് മുഹ്‌യിദ്ദീന്‍ എന്നാണ്. ജീവിത കാലത്തു തന്നെ ഈ സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്നു.
മഹാനവറുകള്‍ ഹിജ്‌റ 631 മുഹറം മാസം നടുവിലെ പത്തിലായിരുന്നു ജനനം. ജനനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മുഹറം ആദ്യത്തെ പത്തിലാണെനാണ് ഇമാം അസ്‌നവി(റ) തന്റെ ത്വബഖാത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഇത് പ്രബലമല്ല. മേല്‍ പ്രസ്താവിച്ചതുപോലെ മുഹറം മധ്യദശകത്തിലാണ് എന്നത് ഇബ്‌നു അത്വാര്‍, ഇമാം സഖാവി, ഇമാം സുയൂത്വി, ഇമാം ഖാഫിഈ, ഇമാം ശബ്ര്‍ഖീത്വി(റ) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ഇതാണ് പ്രബലമെന്ന് ഇമാം സഖാവി(റ) വ്യക്തമാക്കിയിട്ടുണ്ട്(അല്‍ മന്‍ഹലുല്‍ അദബ്:4)
ഇമാം നവവി(റ)ന്റെ കുട്ടിക്കാലം അത്ഭുതം നിറഞ്ഞതാണ്. ഇമാമിന്റെ കുട്ടിക്കാലം മഹാന്മാരുടെ ജീവിതം പോലെയായിരുന്നുവെന്ന് ശൈഖ് അബുല്‍ ഹുസൈന്‍ യൂനിനി(റ) രേഖപ്പെടുത്തുന്നതായി കാണാം. ഇമാം നവവി(റ) കുട്ടിക്കാലം ധാരാളം ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലും ഐഹിക ലോകം ത്യജിച്ച് പാരത്രികലോകം ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു (ദൈലു മിര്‍ആത്തിസ്സമാന്‍: 3/284).
ഇമാം നവവി(റ)വിന്റെ പഠന സപര്യയിലും നമുക്ക് അത്ഭുതങ്ങള്‍ ദര്‍ശിക്കാനാവും. ഇമാം സഖാവി(റ) രേഖപ്പെടുത്തുന്നു. നവവി(റ)വിന്റെ പഠനം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായി മാറി. അത്യാവശ്യത്തിനു മാത്രം ഉറങ്ങി രാപ്പകല്‍ ഭേദമില്ലാതെ പഠനം തന്നെ. ദര്‍സ്, എഴുത്ത്, ഗ്രന്ഥപാരായണം, ശൈഖുമാരെ സന്ദര്‍ശിക്കുക എന്നീ കാര്യങ്ങള്‍ക്കായി ഇമാം തന്റെ സമയങ്ങള്‍ വിഭജിച്ചിരുന്നു (അല്‍മന്‍ഹലുല്‍ അദബ്: 8). ലൗകിക ജീവിതത്തോട് അങ്ങേയറ്റം നീരസം പ്രകടിപ്പിച്ച് വിജ്ഞാന സമ്പാദനത്തില്‍ മാത്രം മുഴുകിയ ഇമാമിനോട് വല്ലാത്ത മതിപ്പും സ്‌നേഹവുമായിരുന്നു.
ഇല്‍മിന്റെ ശ്രേഷ്ഠതയില്‍ മഹത്തുക്കളുടെ വചനങ്ങള്‍ ഇമാം രേഖപ്പെടുത്തുന്നത് അബുദര്‍ദാഅ് (റ)വില്‍ നിന്ന് നിവേദനം; ഒരു മണിക്കൂര്‍ ഇല്‍മ് ചര്‍ച്ച ചെയ്യല്‍ രാത്രിയില്‍ നിന്ന് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. യഹ്‌യബ്‌നു അബീകസീര്‍(റ)വില്‍ നിന്ന് നിവേദനം: ദര്‍സ് നടത്തല്‍ നിസ്‌കാരം പോലെ തന്നെയാണ്. മതവിദ്യാര്‍ത്ഥി ഇല്‍മ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചാലുള്ള ബഹുമതി ഇമാം രേഖപ്പെടുത്തുന്നത് കാണുക. അബുദ്ദര്‍ദാഅ് അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം; നബി(സ) പറയുന്നത് ഞാന്‍ കേട്ടു, അറിവ് സമ്പാദിക്കുന്നവന്‍ ആ അവസ്ഥയില്‍ മരണം സംഭവിച്ചാല്‍ അവന്‍ ശഹീദാണ് (ശറഹുല്‍ മുഹദ്ദബ് 1/21). ഇല്‍മിന്റെ ധാരാളം മഹത്വങ്ങള്‍ ശറഹുല്‍ മുഹദ്ദബിന്റെ ആമുഖത്തില്‍ ഇമാം നവവി(റ) വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

ഇബ്‌നു ഹജറുല്‍ അസ്ഖലാനി
മഹാനവറുകളെ ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ചത് നജാസത്തിന്റെ ബാബിലാണ്. അഹമ്മദ്ബ്‌നു അലിയ്യുബ്‌നു മുഹമ്മദ്ബ്‌നു മുഹമ്മദ്ബ്‌നു അലിയ്യുബ്‌നു മഹ്മൂദ്ബ്‌നു അഹ്മദ് ബ്‌നുല്‍ അസ്ഖലാനി അല്‍ മിസ്‌രിശ്ശാഫിഇയ് എന്നാണ് മഹാനവറുകളുടെ പൂര്‍ണ്ണനാമം. ശഅ്ബാന്‍ 13 ഹിജ്‌റ 773ന് മിസ്‌റിലാണ് മഹാനവര്‍കള്‍ ഭൂജാതനാവുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പിതാവ് നഷ്ടപ്പെട്ട മഹാനാണ് അസ്ഖലാനി തങ്ങള്‍. നിരവധി തലയെടുപ്പുള്ള മതപണ്ഡിതന്‍മാരില്‍ നിന്ന് കര്‍മ്മശാസ്ത്ര ശാഖകളില്‍ അഗാധ പാണ്ഡിത്യം നേടിയെടുത്തു. മഹാനവറുകള്‍ ഒരുപാട് ഹജ്ജ് ചെയ്തിട്ടുണ്ട്. ചില പണ്ഡിതന്മാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി മഹാനവറുകളെ വസ്വീലയാക്കി ആവശ്യങ്ങള്‍ അല്ലാഹുവിലേക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ അത് നടപ്പിലാവുന്നതാണ്. മഹാനവറുകള്‍ പതിനഞ്ചിലേറെ കിതാബുകള്‍ക്ക് രചന നല്‍കിയിട്ടുണ്ട്. വഫാത്താവുന്നത് ഹിജ്‌റ 852 ദുല്‍ഹിജ്ജ 18-ന് ശനിയാഴ്ച രാത്രി ഇശാഇന് ശേഷമാണ്.

ഇബ്‌നു ഹജറുല്‍ ഹൈതമി
ശിഹാബുദ്ദീന്‍ അബുല്‍അബ്ബാസ് അഹ്മദുബ്‌നു മുഹമ്മദ്ബ്‌നു മുഹമ്മദ്ബ്‌നു അലിയ്യിബ്‌നു ഹജറുല്‍ ഹൈതമി എന്നാണ് പൂര്‍ണ്ണനാമം. മിസ്‌റിലെ അബുല്‍ഹൈതം എന്ന പ്രദേശത്ത് ഹിജ്‌റ 909 നാണ് ജനിച്ചത്. ഹജര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം തന്റെ വല്യുപ്പയിലേക്ക് ചേര്‍ത്തുകൊണ്ടാണ്. കാരണം തന്റെ വല്യുപ്പ എപ്പോഴും സംസാരം സൂക്ഷിക്കുന്നവരായിരുന്നു, ആവശ്യത്തിന് മാത്രമല്ലാതെ സംസാരിക്കുമായിരുന്നില്ല. വല്യുപ്പ ജീവിച്ചു കൊണ്ടിരിക്കെ തന്നെ തന്റെ ചെറുപ്പത്തില്‍ പിതാവ് മരണപ്പെട്ടു. ഹിജ്റ 924ന് ജാമിഅ അല്‍അസ്ഹറിലേക്ക് പോയി വിജ്ഞാനം കരഗതമാക്കി. പ്രധാനപ്പെട്ട ഗുരുവര്യനാണ് മഹാനായ ശൈഖുല്‍ ഇസ്‌ലാം ഖാളി സകരിയ്യ, ശൈഖ് അബ്ദുല്‍ ഹഖ്, സന്‍ബാത്വി, ശംസുല്‍ മശ്ഹദി, ശംസുസ്സംഹൂദി, ശിഹാബുറംലി, അബുല്‍ ഹസനുല്‍ ബക്‌രി, ശംസുദ്ദല്‍ജി. മഹാനര്‍കള്‍ക്ക് ഫത്‌വ കൊടുക്കാന്‍ ശൈഖുമാര്‍ സമ്മതം കൊടുത്തത് അദ്ദേഹത്തിന് 20ന് താഴെ വയസ്സായിരിക്കുമ്പോഴാണ്.

സകരിയ്യല്‍ അന്‍സാരി
1420 ല്‍ ഈജിപ്തില്‍ ജനനം. അല്‍അസ്ഹറില്‍, കൈറൊ, പഠിച്ചു. ദാരിദ്ര്യത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ച പണ്ഡിതനാണ് സകരിയ്യല്‍ അന്‍സാരി. ഇബിനു ഹജര്‍ അല്‍അസ്ഖലാനി, ജലാലുദ്ദീന്‍ മഹല്ലി, ശറഫുദ്ദീന്‍ അല്‍മുനാവി എന്നിവര്‍ പ്രധാന ഗുരുവര്യന്മാര്‍. ഈജിപ്തില്‍ ഇരുപതെട്ട് വര്‍ഷം മുഫതിയായി സേവനം. ഫിഖ്ഹും തസവ്വുഫും ഹദീസുമാണ് കൂടുതല്‍ കൈകാര്യം ചെയ്തത്. 52 രചനകള്‍ അദ്ദേഹത്തിന്റേതായി പറയപ്പെടുന്നു. ശഅ്‌റാനി പ്രധാന ശിഷ്യനാണ്. 1520 ല്‍ മരണം. പ്രായം നൂറ്. ശൈഖുല്‍ ഇസ്‌ലാമെന്ന് ലോകം വിളിച്ചാദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here