പ്രൊഫഷണൽ ജെലസി’ ആരോഗ്യ മേഖലയെ തകർക്കും

കെ കെ അലി അക്ബർ, കൂരാട്

0
1285
Stethoscope and EKG

❓ ഭീതി പരത്തും വിധം എലിപ്പനിയടക്കമുള്ള മഹാമാരികൾ പടർന്ന് കയറുമ്പോൾ പൊതുജനാരോഗ്യ സംരക്ഷണം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്ന നിലയിൽ സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ പ്രവൃത്തനങ്ങളെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യത തന്നെയല്ലേ, ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റിനെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കൂച്ചുവിലങ്ങായി അവതരിപ്പിക്കുന്നത് എത്രത്തോളം വസ്തുതാപരമാണ്?.

> ഒരു പൗരന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്ത് തീർച്ചയായും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.  സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഒരാളുടെ അഭിപ്രായം മൂലം അട്ടിമറിക്കപ്പെട്ടു എന്ന് സർക്കാരിന് തോന്നിയെങ്കിൽ അത് പ്രതിരോധപ്രവർത്തനത്തിന്റെ ദൗർബ്ബല്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.ആധുനിക വൈദ്യശാസ്ത്രം പ്രയോഗിക്കുന്നവരുടെ ധാർമികത നഷ്ടപ്പെടുന്നത് കൊണ്ട് കൂടിയാണ് ആൾട്ടർനേറ്റീവ് മെഡിസിൻ പരീക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതും. അഭിപ്രായം പറഞ്ഞ ആളെ അറസ്റ്റ് ചെയ്തുകൊണ്ടല്ല പ്രതിരോധത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് എന്നു ഞാൻ വിശ്വസിക്കുന്നു

❓ സർക്കാറിന്റെ ഉത്തരവാദിത്വമാണെന്ന ന്യായവാദത്തിന്റെ മറവിൽ സകല മനുഷ്യരെയും വിവേചന രഹിതമായി മരുന്ന് കഴിപ്പിക്കുന്ന രീതി ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതാണോ ?

> പൊതുജനാരോഗ്യം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നതിൽ യാതൊരു തർക്കവുമില്ല. പക്ഷെ എല്ലാ രംഗത്തും പിടി മുറുക്കിയ മാഫിയകളുടെ കൈകളിലെ കളിപ്പാവയായി അറിഞ്ഞോ അറിയാതെയോ സർക്കാർ മാറുമ്പോൾ അത് ജനാധിപത്യ ഭരണകൂടമാവുന്നില്ല മറിച്ചു അത് നാസി ഭരണത്തെ ഓർമ്മപ്പെടുത്തലാവും

❓ മരണവും കാട്ടി ഭയപ്പെടുത്തി, ഭരണകൂടങ്ങളെ സ്വാധീനിച്ച് മരുന്ന് കമ്പനികൾ ആഗോളതലത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ് ?

> തീർച്ചയായും എല്ലാകാലത്തും സംഭവിക്കുന്നതാണ് ഇത്.  ഉദാഹരണത്തിന് കൊളസ്‌ട്രോൾ ബൗണ്ടറി 250 ൽ നിന്ന് 200 ആയി കുറച്ചു. ഇതുകൊണ്ട് ഒരു വിധം ചെറുപ്പക്കാരെ മുഴുവൻ Statin ഗുളികകൾ കഴിപ്പിക്കാൻ കഴിഞ്ഞു. ഫർമസ്യുട്ടിക്കൽ കമ്പനികൾ കോടികളുടെ ലാഭമുണ്ടാക്കി. ഡോക്ടർമാർ പല പാക്കേജുകളും നേടി. രോഗികൾക്ക് ഇതിൽ നിന്നും  ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാവുന്ന പാർശ്വഫലങ്ങൾ എന്താണെന്ന് ഇന്ത്യയിൽ വല്ല പഠനവും നടത്തിയിട്ടുണ്ടോ…. സംശയമാണ്. ഈയിടെ കൊളസ്‌ട്രോൾ കൊണ്ടല്ല ഹൃദയസ്തംഭനം ഉണ്ടാവുന്നതെന്നും അതുകൊണ്ട് statin ഗുളികകൾ കൊടുക്കേണ്ടതില്ലെന്നും അമേരിക്ക തീരുമാനിച്ചു എന്നൊരു വാർത്ത വായിക്കാനിടയായി. പക്ഷെ കേരളത്തിലിപ്പോഴും മരുന്നുകൾ നിർബാധം വിറ്റഴിക്കപ്പെടുന്ന അവസ്ഥയുണ്ട്. അതുപോലെ പല മരുന്നുകളും.

❓ആരോഗ്യത്തിന് ഹാനികരം’ എന്ന പരസ്യവാചകം പ്രദർശിപ്പിച്ച് കൊണ്ട് പുകയില ഉൽപന്നങ്ങൾ വിൽക്കാൻ അനുമതി നൽകുന്ന ,മദ്യ വിൽപന ഏറ്റവും വലിയ വരുമാനമായി കാണുകയും മദ്യലോബികൾക്ക് അനിയന്ത്രിത സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഒരു ഭരണകൂടം തന്നെ പൊതുജനാരോഗ്യത്തിന്റെ സംരക്ഷകരായി വന്നാൽ ജനമെങ്ങെനെ വിശ്വാസത്തിലെടുക്കും ?

> ഇത് വളരെ ശരിയായ ഒരു ചോദ്യം തന്നെയാണ്.  പുകയില ഉൽപ്പന്നങ്ങൾ,  മദ്യം എന്നിവ സർക്കാർ സംരക്ഷണയിൽ/അനുവാദത്തോടെ  ഉൽപാദിപ്പിക്കാം, പക്ഷെ അത് ഉപയോഗിക്കുന്നവരെ നിയമ ധ്വംസകരായി കാണുന്ന ഭരണകൂടം.  മദ്യം വാങ്ങിയാൽ സർക്കാർ ഖജനാവ് നിറയ്ക്കാം. പക്ഷെ അത് കുടിക്കാൻ ഉള്ള സ്ഥലങ്ങൾ നിരോധിക്കുന്നു. ഇങ്ങനെ ഇരട്ടത്താപ്പിന്റെ വക്താക്കളായി ഭരണകൂടം മാറുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ മാത്രം വെള്ളരിക്കാപട്ടണത്തിൽ താമസിക്കുന്നവരായി മാറുന്നത് സർക്കാരിന്റെ ഇത്തരം നിലപാടുകൾ കൊണ്ട് തന്നെയാണ്.  അതേ സമയം ഉത്പാദിപ്പിക്കുന്ന, വിതരണം ചെയ്യുന്ന പദാർത്ഥങ്ങൾ മായം കലർന്നതാണോ ജനങ്ങളുടെ ആരോഗ്യം തകർക്കുന്നവയാണോ എന്ന് കാര്യക്ഷമമായി പരിശോധിക്കാനുള്ള ഒരു സംവിധാനവും നിലവിൽ പ്രവർത്തിക്കുന്നുമില്ല. മനുഷ്യ ജീവന് വില കൽപ്പിക്കുന്ന മറ്റു രാജ്യങ്ങളിൽ ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്യാപിറ്റൽ പണിഷ്മെന്റ് ലഭിക്കുന്ന കുറ്റമാണെങ്കിൽ നമ്മുടെ നാട്ടിൽ ഏറ്റവും വില കുറഞ്ഞ ചരക്ക് മനുഷ്യജീവൻ ആണെന്ന് സർക്കാർ ചെയ്തികളിലൂടെ ഉറക്കെ പ്രഖ്യാപിക്കപ്പെടുന്നു.

❓ സംരക്ഷണത്തിന് അനിവാര്യമായ വായു, വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ ശുദ്ധതയുടെ കാര്യത്തിൽ തരിമ്പും ഔത്സുക്യം കാണിക്കാത്ത ഭരണകൂടം ജനത്തെ അലോപ്പതിയുടെ അടിമകളാക്കി ജനാരോഗ്യത്തിൽ താൽപര്യമുണ്ടെന്ന് വരുത്തി സ്വയം രക്ഷപ്പെടാനള്ള വഴി തേടുകയാണ് എന്ന ആരോപണവുമുണ്ട്.

> അങ്ങനെ ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.കൂടുതൽ കമ്മീഷൻ കിട്ടുന്നത് ഏതിലാണ്,  ആരാണ് അത് നൽകുന്നത് ഇതൊക്കെയാണ് ഇവിടെ അനുവർത്തിച്ചു പോരുന്നത്. എല്ലാ രംഗവും അതാത് മാഫിയകളുടെ കൈപ്പിടിയിലാണ്. ഇച്‌ഛാ ശക്തിയുള്ള അഴിമതിയില്ലാത്ത ഒരു സർക്കാരിന് മാത്രമേ വിവേകപൂർവം പ്രവർത്തിക്കാനാവൂ

❓ അമോക്സിലിൻ അടക്കമുള്ള പതിനായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ആരോഗ്യത്തിനു ദോഷകരമായ 328 മരുന്ന് സംയുക്തങ്ങളെ കേന്ദ്ര സർക്കാർ നിരോധിച്ചതിന്റെ ഫലമായി നിരോധിക്കപ്പെട്ടിരിക്കയാണല്ലോ, വിമർശനങ്ങളിൽ കഴമ്പുണ്ടെന്നല്ലേ ഇത് ബോധ്യപ്പെടുത്തുന്നത് ?.

> വിദേശത്തു നിരോധിച്ച മരുന്നുകൾ എത്രയോ കാലം നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെട്ട സംഭവങ്ങൾ വാർത്തകളായിട്ടുണ്ട്.  കൂടുതൽ കമ്മീഷൻ കിട്ടുന്ന ബ്രാൻഡഡ് മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മരുന്നുകളുടെ ജനറിക് നെയിം എഴുതാൻ ഡോക്ടർമാരോട് നിർദ്ദേശിച്ചത്… പക്ഷെ എവിടെയാണ് അത് പ്രാവർത്തികമാക്കിയത് ആരും അന്വേഷിക്കുന്നില്ലല്ലോ

❓ അടിച്ചേൽപിക്കുന്ന ഏത് കാര്യങ്ങളോടും വൈമുഖ്യം പുലർത്തുകയെന്നതാണല്ലോ മനുഷ്യ പ്രകൃതി.നിർബന്ധിത വാക്സിനേഷൻ നടപ്പാക്കുന്ന ആരോഗ്യ വകുപ്പ് ഒട്ടും മന:ശാസ്ത്ര പരമായല്ല ഇടപെടുന്നതെന്ന് വാക്സിനേഷനെ അനുകൂലിക്കുന്നവർക്ക് പോലും അഭിപ്രായമുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്തി പ്രതിരോധ പ്രവൃത്തനങ്ങൾ നടത്താൻ നമ്മുടെ ഭരണകൂടത്തിന് സാധിക്കുന്നുണ്ടോ ?

> ജനങ്ങളുടെ ആശങ്കകൾ ദുരീകരിച്ചു വേണം സർക്കാർ പ്രവർത്തിക്കാൻ… അത് നടക്കാതെ വരുമ്പോൾ വാക്സിനേഷൻ നടത്തുന്നത് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമായി ജനങ്ങൾക്ക്‌ അനുഭവപ്പെടും. വാക്സിനേഷൻ ഏതെങ്കിലും തരത്തിൽ മനുഷ്യ ജീവനെ അപായപ്പെടുത്തിയാൽ എന്തുനഷ്ടപരിഹാരമാണ് ഇത്തരം സർക്കാരുകളിൽ നിന്ന് ജനങ്ങൾക്ക്‌ ലഭിക്കുക എന്ന് നമുക്കറിയാം.

❓ വിദ്യാഭ്യാസം നേടാനുള്ള മൗലികാവകാശത്തെപ്പോലും റദ്ദ് ചെയ്യുന്ന രൂപത്തിൽ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കുന്ന സർക്കാർ നടപടി എന്തെങ്കിലും ന്യായീകരണം അർഹിക്കുന്നുണ്ടോ ?. മീസിൽസ് റുബെല്ലാ വാക്സിനേഷൻ കാലത്ത് സ്കൂളുകൾ കുട്ടികളിൽ ഭീതി പടർത്തും വിധം വാക്സിനേഷൻ സെന്ററുകളായി മാറുന്ന സംഭവവുമുണ്ടായല്ലോ..

> ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കുന്ന സർക്കാരിന് വളർന്നു വരുന്ന തലമുറയുടെ പ്രതിരോധശേഷി വളർത്തുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ പലയിടത്തും നിരോധിക്കപ്പെട്ട വാക്സിനുകൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു എന്ന വാർത്തകൾ ജനങ്ങളെ നടുക്കുമ്പോൾ അത്തരം വാക്സിനുകൾ നിർബന്ധിച്ചു നമ്മുടെ കുഞ്ഞുങ്ങളിൽ പരീക്ഷിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ പാർശ്വഫലങ്ങൾ ഉണ്ടായാലുള്ള പ്രതിവിധികൾ ഫലവത്തായി നടപ്പിലാക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടെന്നു ബോധ്യപ്പെടുത്താൻ സർക്കാറിനാവണം. അല്ലാതെ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കമ്മീഷൻ കിട്ടുന്നതുകൊണ്ട് മാത്രം ജനതയുടെ മേൽ അടിച്ചേല്പിക്കപെടുന്നതാവരുത് വാക്സിനുകളും പ്രതിരോധപ്രവർത്തനങ്ങളും.

❓ആയുർവേദം, യൂനാനി, സിദ്ധ,യോഗ, ഹോമിയോപ്പതി എന്നിവയെല്ലാം ഇന്ത്യൻ സർക്കാർ അംഗീകൃത വൈദ്യശാഖകളായിട്ടും നമ്മുടെ സർക്കാർ ‘അലോപ്പതി മൗലികവാദി’കളുടെ പിടിയിലാണെന്നാണ് ആക്ഷേപം ?

>  നമ്മുടെ പൂർവ്വികർ കൂടുതലും ആശ്രയിച്ചത് ആയുർവേദ മരുന്നു ശാഖയായിരുന്നു. ഇന്നത്തെ പോലെ പടർന്നു പന്തലിച്ച മരുന്ന് നിർമ്മാണം ഉണ്ടായിരുന്നില്ല, മറിച്ചു നാട്ടു വൈദ്യന്മാർ ആണ് ചികിൽസിച്ചിരുന്നത്. അതിന്റെ ഗുണവും ദോഷവും ഉണ്ടാവാം. സർക്കാർ അലോപ്പതി മൗലികവാദികളാവുന്നത് മറ്റു ശാഖകളിലെ മരുന്നുകളുടെ ഗുണ ദോഷങ്ങളെ കുറിച്ച് ചിന്തിച്ചിട്ടാവും എന്നെനിക്കു തോന്നുന്നില്ല മറിച്ചു തങ്ങളുടെ പോക്കറ്റിൽ വന്നു വീഴുന്ന നോട്ടുകളുടെ ഭാരം അനുസരിച്ചാവും.

❓അലോപ്പതി ഡോക്ടർമാർക്ക് ഇതര വൈദ്യശാഖകളോടുള്ള അസഹിഷ്ണുതാ പൂർണമായ സമീപനം നിരവധി വ്യാജ പ്രചരണങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നുണ്ട്. കുറഞ്ഞ അളവിലെങ്കിലും തിരിച്ചും ഈ പ്രവണതയുണ്ട്.’പ്രൊഫഷണൽ ജെലസി’ ആരോഗ്യ മേഖലയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു ?.

> സത്യത്തിൽ സ്വന്തം ചികിത്സാ പദ്ധതിയിൽ വിശ്വസിക്കുന്ന ഒരു ഡോക്ടർ മറ്റൊരു മേഖലയെ വിമർശിക്കാൻ മെനക്കെടില്ല. രണ്ടു തരത്തിൽ ഉള്ളവരുണ്ട് എല്ലാ മേഖലകളിലും. ഒന്ന് സ്വന്തം അറിവും പരിചയവും ഉപയോഗിച്ച് ഉന്നതമായ ചികിത്സകൾ നടത്തുന്നവർ മറ്റൊന്ന് സ്വന്തം കഴിവിൽ വേണ്ടത്ര വിശ്വാസമില്ലാത്തതുകൊണ്ട് മറ്റു ചികിത്സാരീതികളെ കുറ്റം പറഞ്ഞു മേനി നടിക്കുന്നവർ.  പഴയ കാലമല്ല ഇപ്പോൾ എന്തിലും ഏതിലും നിലനില്പിനുവേണ്ടിയുള്ള മത്സരമാണ്. അത് വൈദ്യശാസ്ത്ര രംഗത്തും ഉണ്ട് അത്രമാത്രം. കാൻസർ എയ്ഡ്‌സ് എന്നീ രോഗങ്ങൾക്ക് തങ്ങളുടെ കൈവശം മരുന്നില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും രോഗികളെ ചികിൽസിച്ചു കൊല്ലാനുള്ള അധികാരം തങ്ങൾക്കു മാത്രമാണെന്ന് അലോപ്പതി ചിന്തിക്കുന്നത് മൗഢ്യമാണ്.  മറ്റു മേഖലകളിലും ചികിത്സ നടത്തി പരീക്ഷിച്ചു പരാജയപ്പെടുമ്പോൾ അല്ലോപ്പതി വിഭാഗത്തിന് ഹാലിളകേണ്ടതില്ല

❓ഹോമിയോപ്പതി കേവലം വിശ്വാസ ചികിത്സയാണെന്ന വിമർശനത്തെക്കുറിച്ച്..

> അങ്ങനെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. സാക്ഷരത നേടിയ ജനങ്ങൾക്ക്‌ ഏതാണ് അഭികാമ്യം എന്ന് നിശ്ചയിക്കാൻ കഴിയും.

❓നാച്ചുറോപ്പതി (പ്രകൃതിജീവനം) ആശുപത്രികളെ കൊലക്കളമായി ചിത്രീകരിക്കും വിധം അതിസങ്കുചിതമാണോ ?

> സത്യത്തിൽ പരസ്പര സൗഹാർദ്ദത്തോടെ പ്രവർത്തിക്കേണ്ടതാണ് നാച്യുറോപ്പതിയും അലോപ്പതിയും. ഒന്ന് മറ്റൊന്നിനോട് ശത്രുത പുലർത്തേണ്ടതില്ല. പക്ഷെ തങ്ങൾ മാത്രമാണ് ശരി എന്ന രണ്ടുകൂട്ടരുടെയും ഈഗോ ആണ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത്

❓അലോപ്പതിയുടെ വർഗസ്വഭാവം തന്നെ രോഗികളോട് ഒട്ടും കരുണ കാണിക്കില്ലെന്നതാണെന്ന ആരോപണമുണ്ട്.എങ്ങനെ രോഗിയുടെ പോക്കറ്റ് കാലിയാക്കാം  എന്നത് മാത്രമാണ് അവരുടെ ഗവേഷണം. മനസ്സിലാവുന്ന രൂപത്തിൽ മരുന്നുകളുടെ പേര് പോലും എഴുതാനവർ തയ്യാറല്ല. രോഗത്തെക്കുറിച്ച് വ്യക്തമായ ചിത്രവും പലപ്പോഴും നൽകുന്നില്ല. ഇത്തരുണത്തിൽ രോഗികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നത് യാഥാർത്ഥ്യമല്ലേ..?

> ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ ജനറിക് നെയിം എഴുതാതെ ഇപ്പോഴും ബ്രാൻഡഡ് മരുന്നു പേരുകൾ എഴുതി ഡോക്ടർമാർ തങ്ങളുടെ കമ്മീഷൻ ഉറപ്പാക്കുന്നു. കേരളത്തിലെ ഒരു വിധപ്പെട്ട ഡോക്ടർമാരോടും അസുഖത്തെ കുറിച്ച് വിശദമായി ഡിസ്‌കസ് ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം. രോഗികളും അവരുടെ ബന്ധുക്കളും മെഡിക്കൽ terms മനസ്സിലാവാത്തവർ ആണെന്ന് സ്വയം ചിന്തിക്കുന്ന ഡോക്ടർമാരാണ് കൂടുതൽ. ഒരു സിനിമയിൽ ശ്രീനിവാസന്റെ ഡോക്ടർ ക്യാരക്ടർ പറഞ്ഞതുപോലെ തനിക്കു മഞ്ഞപ്പിത്തം ആണെന്ന് താനാണോ പറയുന്നത് താനാണോ ഞാനാണോ ഡോക്ടർ, അതുകൊണ്ടു ഞാൻ പറയുന്നു തനിക്കു മഞ്ഞപ്പിത്തം ആണ്.  ഇതാണ് ഒട്ടുമിക്ക ഡോക്ടർമാരുടെയും മാനസികാവസ്ഥ. ഇതൊക്കെ പലപ്പോഴും രോഗിയെ അപകടപ്പെടുത്തുന്ന ചികിത്സാരീതികളിലേക്ക് പോകുകയും രോഗിയുടെ ബന്ധുക്കൾക്ക് അറിയാതെ പോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു എന്നത് യാഥാർഥ്യമാണ്.

❓ആധുനിക വൈദ്യം ജനങ്ങളുടെ പോക്കറ്റ് കീറുന്നുവെന്ന് അലമുറയിടുന്ന പ്രകൃതി ജീവനക്കാർ സംഘടിപ്പിക്കുന്ന യോഗാ ക്യാമ്പിന്റെ പ്രവേശന ഫീസ് ലക്ഷങ്ങളാണെന്ന പ്രത്യാരോപണവുമുണ്ട്…

> എല്ലാ രംഗത്തും കള്ളനാണയങ്ങൾ ഉണ്ടെന്നു മാത്രമേ നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടതുള്ളൂ

❓സമൂഹത്തിന് ലഭിക്കുന്ന ഗുണത്തേക്കാൾ ചികിത്സകന്റെ സർട്ടിഫിക്കറ്റിന് മൂല്യം കൽപിക്കണമെന്നാണ് പൊതുബോധം. അത് കൊണ്ടല്ലേ അലോപ്പതി ചികിത്സയുടെ ഭാഗമായി എത്ര രോഗികൾ മരിച്ചാലും പ്രശ്നമാകാതെ വരുന്നതും ഇതര വൈദ്യശാഖകളാണെങ്കിൽ വൻ കോലാഹലങ്ങളുയരുന്നതും…?

> ഇത്തരം ധാർഷ്ട്യം അലോപ്പതി വിഭാഗം വെച്ചു പുലർത്തുന്നുണ്ട്.  ക്യാൻസർ ചികിൽസിച്ചു മാറ്റാൻ കഴിയില്ലെന്ന് പൂർണ്ണ ബോധമുണ്ടായാൽ പോലും രോഗിയെ കീമോ കൊടുത്തും റേഡിയേഷൻ നൽകിയും ഓപ്പറേഷൻ നടത്തിയും നരകയാതനയിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും മനപ്പൂർവം തള്ളി വിടുന്നവരുണ്ട്. ഒടുവിൽ പാലിയേറ്റിവ് കെയർ യൂണിറ്റുകളിൽ വേദനാസംഹാരികളുടെ സഹായത്തോടെ കുറച്ചു നാൾ പിടിച്ചു നിൽക്കുകയും പിടഞ്ഞു വീഴുകയും ചെയ്യുന്നവർ.  മരിച്ചതിനു ശേഷവും വെന്റിലേറ്ററിൽ വെച്ചു പണമുണ്ടാക്കുന്നവർ, പാവപ്പെട്ടവനെ ഒപ്പിടുവിച്ചു ശരീരം മരുന്നു പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നവർ അങ്ങനെ നിരവധി ആരോപണങ്ങൾ അലോപ്പതി മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇത്തരം പുഴുക്കുത്തുകളെ തുറന്നുകാട്ടുക എന്നതൊഴിച്ചാൽ ആധുനിക വൈദ്യശാസ്ത്രത്തെ അടച്ചാക്ഷേപിക്കാൻ നമുക്കാവില്ല

❓മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(MCl) ക്ക് പകരമായി കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച നാഷണൽ മെഡിക്കൽ കമ്മീഷൻ(NMC) മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുവാനുള്ള അടിസ്ഥാന യോഗ്യത MBBS ആണെന്ന MCI ചട്ടം എടുത്തു കളഞ്ഞത് ആശാവഹമല്ലേ…?

> ആശാവഹമാണെങ്കിൽ കൂടി അതിനെ ദുരുപയോഗം ചെയ്തു വ്യാജന്മാർ കടന്നുകൂടുന്നത് തടയാനുള്ള ജാഗ്രത കൂടി സർക്കാർ കൈക്കൊള്ളേണ്ടതുണ്ട്

❓വിവിധ ചികിത്സാരീതികളുടെ സമന്വയം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് . എത്രത്തോളം പ്രായോഗികമാണത് ?.ഒരു രോഗി എന്ന നിലയിൽ ലഭിക്കാവുന്ന മികച്ച സേവനം ലഭ്യമാവുന്നത് ഈ സമന്വയത്തിലൂടെത്തന്നെയല്ലേ…?

> തീർച്ചയായും. അപൂർവ്വം ചില അലോപ്പതി ഡോക്ട്ർമാരെങ്കിലും ഇങ്ങനെ വിശ്വസിക്കുന്നവരാണ്. അതിൽ സന്തോഷവുമുണ്ട്. പ്രായോഗിക ജീവിതത്തിൽ രോഗികളും ഏതൊക്കെ രോഗത്തിന് ഏതൊക്കെ ചികിത്സാ രീതി അവലംബിക്കണം എന്ന് തീരുമാനിക്കുന്ന തരത്തിലേക്ക് സ്വയം ഉയരേണ്ടതുണ്ടെന്നും തോന്നുന്നു.

കെ കെ അലി അക്ബർ, കൂരാട്.

LEAVE A REPLY

Please enter your comment!
Please enter your name here