പ്രാർത്ഥനയും ഇജാബത്തും

കോടമ്പുഴ ബാവ ഉസ്താദ്

0
1217

നീ പ്രാർത്ഥനയിൽ വാശി പിടിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ ദാനമാകുന്ന അതിൻ്റെ ഉത്തരം വൈകിപ്പോകുന്നതിൽ നിരാശപ്പെടാൻ പാടില്ല. അള്ളാഹു നിനക്ക് ഉത്തരം നൽകാമെന്നേറ്റത് നിനക്ക് വേണ്ടി അവൻ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സമയത്തിലുമാണ്. അല്ലാതെ നീ ഉദ്ദേശിക്കുന്ന വിഷയത്തിലും സമയത്തിലുമല്ല.

ആറാമത്തെ ഹിക്മയാണ് മുകളിൽ ഉദ്ധരിച്ചത് . എന്താണ് ഞാനെത്ര പ്രാർത്ഥിച്ചിട്ടും അല്ലാഹു സ്വീകരിക്കാത്തത് എന്ന് വിശ്വാസിക്ക് അറിഞ്ഞോ അറിയാതെയോ തോന്നാറുണ്ട്. ആകസ്മികമായി ഉള്ളിൽ മുള പൊട്ടുന്ന പുതിയ സ്വപ്നങ്ങളെ നമുക്ക് ക്ഷണനേരം കൊണ്ട് ഫലമായി കിട്ടണമെന്ന ചിന്തയാണ് മനുഷ്യന്. ആഗ്രഹസാഫല്യത്തിനായി നാം നിരന്തരം നാഥനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ചോദിച്ചാൽ ഉത്തരം നൽകാമെന്നേറ്റിട്ടും നാഥൻ എന്താണ് കനിയാത്തതെന്നോർത്ത് പലരും ദുഃഖിതരാകുന്നു. ഇവിടെ അടിമ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അടിമ പ്രാർത്ഥിച്ചു കൊണ്ടിരിക്കണം. എന്നാൽ ഫലം കാണാത്തതെല്ലാം വെറുതെയാണെന്ന് നിനക്കേണ്ടതില്ല. കാരണം, നാം തേടിയ പ്രസ്തുത കാര്യവും സമയവും നമുക്കിപ്പോൾ അനുയോജ്യമല്ലെന്ന ബോധ്യമുള്ള അല്ലാഹു നമുക്ക് തരാതിരിക്കുന്നത് ഉചിതമായ സമയത്ത് അതിൻ്റെ ഫലം നമുക്ക് നൽകാനാണ്.
പ്രാർത്ഥന ആരാധനയാണെന്ന് പഠിപ്പിച്ചത് നബി(സ)യാണ്. ആരാധനയുടെ സുപ്രധാന ഭാഗമാണിത്. മുഴുവൻ ആരാധനകളിലും ഒളിഞ്ഞോ തെളിഞ്ഞോ പ്രാർത്ഥനയുടെ അംശം കാണാവുന്നതാണ്. പ്രാർത്ഥന ആരാധനയുടെ മജ്ജയാണെന്ന് പഠിപ്പിച്ചതും തിരുനബിയാണ്. പ്രാർത്ഥനയെന്ന വിശ്വാസിയുടെ ആയുധം അവൻ സദാ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കണം. നമുക്ക് ഗുണകരമായത് എന്താണെന്നും അതിന് ഉചിതമായ സമയം ഏതാണെന്നും നമ്മുടെ ഗുണകാംക്ഷിയായ സൃഷ്ടാവിന് മാത്രമാണറിയുക. നമ്മുടെ യുക്തിയുടെ അളവുകോൽ കൊണ്ട് അവയെ നിർണയിക്കൽ അസാധ്യമാണ്. ആ സമയത്ത് അവൻ അത് സഫലീകരിക്കും. ഒരു കാര്യം ഉറപ്പാണ്, ആത്മാർത്ഥമായ ഒരു പ്രാർത്ഥനയും കുറിക്കു കൊള്ളാതിരിക്കില്ല. അതിന് ഉത്തരം ലഭിക്കുമെന്ന് തീർച്ചയാണ്. അള്ളാഹു പറയുന്നു: ഓ പ്രവാചകരേ എൻ്റെ ദാസന്മാർ അങ്ങയോട് എന്നെ സംബന്ധിച്ച് ചോദിച്ചാൽ അവരോട് പറയണം”കാരുണ്യം കൊണ്ടും അറിവ് കൊണ്ടും ഞാൻ അവരുടെ സമീപസ്ഥനാണെന്ന് ” . ഖുർആനിൽ പ്രാർത്ഥനയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ധാരാളം പരാമർശങ്ങൾ കാണാം. പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകുന്നതാണ് ( അൽ ബഖറ 186) സൂറത്തുൽ ഗാഫിറിൻ്റെ അറുപതാമത്തെ ആയത്തിലൂടെ അല്ലാഹു പറയുന്നു :”നിങ്ങൾ എന്നോട് പ്രാർത്ഥിക്കുക ഞാൻ ഉത്തരം നൽകാം”.
ഉപാധികളൊത്ത സർവ്വ പ്രാർത്ഥനക്കും ഉത്തരമുണ്ട്. പക്ഷേ അവയുടെ കടിഞ്ഞാൺ അല്ലാഹുവിൻറെ കരങ്ങളിലാണ്. ഉചിതമായ സമയത്ത് അവനത് പ്രയോഗിക്കുന്നു. അബൂ സഈദുൽ ഖുദ്രി (റ ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക. നബി(സ) പറഞ്ഞു: കുടുംബബന്ധം മുറിക്കുന്നവനല്ലാത്ത ഏതൊരു മുഅമിനിന്റെയും തെറ്റായ കാര്യങ്ങൾ കൊണ്ടുള്ളതല്ലാത്ത ല്ലൊ പ്രാർത്ഥനയ്ക്കും അല്ലാഹു മൂന്നാലൊരു കാര്യം നൽകുന്നതാണ്, ഒന്നുകിൽ പ്രാർത്ഥനക്കുള്ള ഉത്തരം ഉടനടി ലഭിക്കും. അല്ലെങ്കിൽ പരലോകത്തേക്ക് ഒരു സൂക്ഷിപ്പ് സ്വത്തായി സജ്ജമാക്കി വെക്കും, അതുമല്ലെങ്കിൽ തത്തുല്യമായ പ്രയാസങ്ങൾ അവനെ തൊട്ട് തിരിച്ചുകളയും.
വല്ലേ നിലത്തിന്നും റബ്ബേ വിളിപ്പോർക്ക് മൂന്നാലൊന്നുണ്ടെന്ന് മുസ്നദിൽ ചൊന്നോവർ.
ഒന്നുകിൽ ചോദിച്ചതല്ലെങ്കിൽ കൊതിച്ചത്
രണ്ടും അതില്ലെങ്കിൽ ആഹിറം മുദ്ദ ഖിർ

ഇമാം അഹ്മദ് തങ്ങൾ തൻ്റെ മുസ്നദിൽ റിപ്പോർട്ട് ഹദീസാണിത്. അപ്പോൾ വിശ്വാസിയുടെ ഒരു പ്രാർത്ഥനയും നിഷ്ഫലമല്ല .നാം ഉദ്ദേശിച്ച സമയത്ത് ഉത്തരം കിട്ടാത്തതിൽ നൈരാശ്യം പൂണ്ടിരിക്കേണ്ടതില്ല. പല മഹാന്മാരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചത് ഏറെ വൈകിയായിരുന്നു. റഈസുസ്സാഹിദീൻ ഇബ്രാഹീമുബ്നു അദ്ഹം തങ്ങളുടെ ഒരു സംഭവം ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. നാടുകളിൽ ചുറ്റി സഞ്ചരിക്കുന്നയാളാണ് മഹാൻ. നാടും വീടും കുടുംബവും കൊട്ടാരവും വിട്ട് ആരിഫീങ്ങളുടെ വഴിയിൽ ഇറങ്ങിത്തിരിച്ചത് കൊണ്ടാണ് അവർ ഐഹിക വിരക്തരുടെ നേതാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്. പല നാടുകളും കയറിയിറങ്ങിയിരുന്നെങ്കിലും ആരെയും ആശ്രയിക്കാതെ തൊഴിലെടുത്താണ് മഹാൻ ഉപജീവനം നടത്തിയിരുന്നത്. ഒപ്പം കിട്ടുന്ന വരുമാനം മറ്റുള്ളവരെ സഹായിക്കാനും വിനിയോഗിച്ചിരുന്നു. താൻ ഇബ്രാഹിം ബ്നു അദ്ഹമാണെന്നറിഞ്ഞാൽ ആളുകൾ തടിച്ചുകൂടുമെന്നറിയുന്ന മഹാൻ എവിടെയും സ്വയം പരിചയപ്പെടുത്തിയിരുന്നില്ല. ഇതൊക്കെ തൻ്റെ ഇബാദത്തിന് ഭംഗം വരുത്തുമെന്ന് മഹാൻ മനസ്സിലാക്കിയിരുന്നു. താൻ ഇബ്രാഹിം ബ്നു അദ്ഹമാണെന്ന് ഏതെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞാൽ ആരുമറിയാതെ മഹാൻ അവിടെനിന്ന് സ്ഥലംവിടുമായിരുന്നു .
മഹാൻ പറയുന്നു: ഞാനൊരു നാട്ടിലെത്തിപ്പെട്ടു. മരംകോച്ചുന്ന തണുപ്പുള്ള ഒരു ദിവസമായിരുന്നു അത്. ഇശാ നിസ്കാരം കഴിഞ്ഞു. കൊടും ശൈത്യം കാരണത്താൽ ഒരിക്കലും പള്ളിക്ക് പുറത്ത് കിടക്കാനാകില്ല. ഞാൻ പള്ളിയിലുറങ്ങാൻ തീരുമാനിച്ചു. ജനങ്ങളെല്ലാം പിരിഞ്ഞു പോയ സമയത്ത് ഇമാം വന്നിട്ട് എന്നോട് പറഞ്ഞു: ഇവിടെ വാതിലsക്കുകയാണ്, പുറത്ത് പോകണം. ഞാൻ വിദേശിയാണ്, കുടിലിൽ ഉറങ്ങാനൊക്കുകയില്ല, ഞാനിവിടെ അന്തിയുറങ്ങട്ടെ എന്നു ചോദിപ്പോൾ അദ്ദേഹം പറഞ്ഞു: ”വിദേശിയാണോ, ഏതായാലും പുറത്തിറങ്ങണം, കാരണം വിദേശികളായ ആളുകളാണ് പള്ളിയിലെ പായയും വിളക്കുമെല്ലാം മോഷ്ടിക്കുന്നത്, അതിനാൽ വിദേശികളെ പള്ളിയിൽ കിടത്തുകയില്ല”. പള്ളിയിൽ രാപ്പാർക്കാൻ അനുവദിക്കില്ലെന്നായപ്പോൾ മഹാന് താൻ ഇബ്രാഹീമുമ്പ്നു അദ്ഹമാണന്ന യാഥാർത്ഥ്യം വെളിപ്പെടുത്താൻ നിർബന്ധിതനായി. താനൊരു മോഷ്ടവല്ല, കേവലം വിദേശിയുമല്ല. ഇബ്റാഹീമുബ്നു അദ്ഹമാണെന്ന് മഹാൻ തുറന്നു പറഞ്ഞു. രാജകൊട്ടാരങ്ങൾ വെടിഞ്ഞു വന്ന സാഹിദാണെന്ന കാര്യം മഹാന് പറയേണ്ടതായി വന്നു. പള്ളി ഇമാം ഇബ്റാഹീമുബ്നു അദ്ഹമിനെ പരിചയമില്ലാത്ത ആളായിരുന്നു. ”അധികപ്രസംഗമൊന്നും വേണ്ട, ഇറങ്ങ് പുറത്ത് ” എന്നു പറഞ്ഞ് ഇമാം ഇബ്റാഹീമുമ്പ്നു അദ്ഹമിൻ്റെ കാലുകൾ പിടിച്ചു വലിച്ചു കൊണ്ടു പോകാൻ തുടങ്ങി. ഒരു ബാത്ത്റൂമിനടുത്ത് അടുപ്പുകൂട്ടുന്ന സ്ഥലത്ത് കൊണ്ടിട്ടു . അവിടുത്തേക്ക് ചെറിയൊരാശ്വാസമായി. ഒരു തീ കത്തുന്നുണ്ട്., അൽപം ചൂടുമുണ്ട്, പോരാത്തതിന് കൂട്ടിനൊരാളുമുണ്ട്. ഇയാളുടെ കൂടെ അന്തിയുറങ്ങാമല്ലോയെന്നോർത്ത് ഇമാം നിവർന്നിരുന്നു. മുഴുകഴിവുമുപയോഗിച്ച് ഇമാം എഴുന്നേറ്റ്‌ നോക്കുമ്പോൾ ഒരാൾ അടുപ്പൂട്ടുന്നു.
ഇബ്റാഹീമുബ്നു അദ്ഹം (റ) പറയുന്നു: ഞാൻ സലാം പറഞ്ഞു. പക്ഷേ അദ്ദേഹം മടക്കിയില്ല. കൈ കൊണ്ട് അവിടെയിരുന്നോ എന്ന് ആംഗ്യം കാണിച്ചു. ഞാനവിടെ ഇരുന്നു. അടുപ്പൂട്ടുന്നതിനിടയിൽ അദ്ദേഹം ഭയചകിതനായി ഇടത്തോട്ടും വലത്തോട്ടും മാറി മാറി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് ആശങ്കയായി. അദ്ദേഹത്തിൻ്റെ ജോലി കഴിഞ്ഞപ്പോൾ അദ്ദേഹം സലാം മടക്കി. സലാം പറഞ്ഞ നേരത്ത് എന്താണ് മടക്കാതിരുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു. “എയ് മനുഷ്യാ ഞാനിവിടെ ഒരു കുടുംബത്തിൻ്റെ കൂലിക്കാരനാണ്, എനിക്ക് ജോലി ചെയ്യുന്ന സമയത്ത് മറ്റാരുമായി ഇടപഴകാൻ പറ്റില്ല അതവരോട് ചെയ്യുന്ന വഞ്ചനയാണ്, ഞാൻ ആത്മാർത്ഥമായി ജോലി ചെയ്യുകയാണ്, അതിനാൽ ജോലി സമയത്ത് ഞാനാരുമായും ബന്ധപ്പെടാറോ സൗഹൃദം പുലർത്താറോ ഇല്ല” അദ്ദേഹം പറഞ്ഞു. ജോലിക്കിടെ ഭയചകിതനായി ഇടത്തോട്ടും വലത്തോട്ടും മാറി മാറി നോക്കിയിരുന്നതിനെ പറ്റി ഞാൻ അന്യേഷിച്ചു. നിങ്ങളാരെയാണ് പേടിക്കുന്നതെന്ന് ചോദിച്ചു. “എനിക്ക് ഭയാശങ്കയുണ്ട്, മരണത്തെക്കുറിച്ചാണത്. മുകറബായ മലക്ക് അസ്റാഈൽ ഇടത്താണോ വലത്താണോ എന്ന് എനിക്കറിയില്ല. ഏതു നിമിഷത്തിലും ഞാൻ അസ് റാഈലിനെ പ്രതീക്ഷിച്ചിരിക്കുകയാണ്”. നിങ്ങളിങ്ങനെ രാത്രി വരെ ജോലി ചെയ്താൽ എന്തു കിട്ടും” ഞാൻ ചോദിച്ചു “ഒരു ദിർഹമും, ഒരു ദിർഹമിൻ്റെ ആറിലൊന്നും, ആ ആറിലൊന്ന് എൻ്റെ സ്വന്തം കാര്യത്തിന് ചിലവഴിക്കാനും, ഒരു ദിർഹം മരിച്ചു പോയ എൻ്റെ സഹോദരൻ്റ അനാഥ കുടുംബത്തെ പുലർത്താൻ അവൾക്കു സംഭാവന ചെയ്യാനുമാണ്. “നിങ്ങളുടെ സഹോദരനെന്നാൽ കുടുംബ സഹോദരനാണോ ” ”അല്ല ഇസ്ലാമിക സൗഹൃദം മാത്രമാണ്”. അദ്ദേഹം ഒരു നിഷ്കളങ്കനും നിഷ്കപടനുമായ മനുഷ്യനാണെന്ന് അദ്ഹം തങ്ങൾക്ക് ബോധ്യപ്പെട്ടു.
“നിങ്ങൾ വല്ല വിഷയത്തിലും അള്ളാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ടോ? അള്ളാഹുവിനോട് പ്രാർത്ഥിച്ച് വല്ല കാര്യത്തിലും ഉത്തരം ലഭിച്ചിട്ടുണ്ടോ, ദുആക്ക് ഇജാബത്തുള്ള മനുഷ്യനായിരിക്കണമല്ലോ നിങ്ങൾ “.
“അതെ, ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്, എനിക്ക് വലിയ ഒരാവശ്യമുണ്ട്, ആ ആവശ്യത്തിനായി ഞാൻ ഇരുപത് വർഷമായി നിരന്തരം അള്ളാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഇതു വരെ റബ്ബ് അത് സാധിപ്പിച്ചു തന്നിട്ടില്ല”. ഞാൻ സാത്ഭുതം അതെന്താണെന്ന് ചോദച്ചു. എനിക്ക് ഒരു വിവരം കിട്ടിയിട്ടുണ്ട് അറബികളുടെ ഇടയിൽ സാഹിദായ ഒരു മനുഷ്യനുണ്ട്. ഇതര സാഹിദീങ്ങളിൽ നിന്നും ആബിദീങ്ങളിൽ നിന്നും വ്യതിരിക്തനും വിശിഷ്ടനുമാണദ്ദേഹം, അത്യുന്നതനായ ആ മനുഷ്യൻ്റെ പേര് ഇബ്രാഹീമുബ്നു അദ്ഹം എന്നാണ്, മരിക്കുന്നതിന്നു മുന്നേ അദ്ദേഹത്തെയൊന്ന് കാണിച്ചു തരണമേയെന്ന് ഇരുപത് വർഷമായി ഞാൻ നാഥനോട് തേടുന്നു.”
“സഹോദരാ നീ സന്തോഷിച്ച് കൊള്ളുക, നിൻ്റെ ഇരുപത് വർഷത്തെ ആവശ്യമിതാ നാഥൻ നിറവേറ്റി തന്നിരിക്കുന്നു, നിന്റെ പ്രാർത്ഥനക്ക് അള്ളാഹു ഉത്തരം നൽകാനുദ്ദേശിച്ചപ്പോൾ എന്നെ ഇങ്ങോട്ട് വരുത്തി, പക്ഷെ എന്നെ നടന്നു വരാൻ അനുവദിച്ചില്ല. എന്നെ മുഖത്ത് വലിച്ചിഴച്ചു കൊണ്ടാണ് നിങ്ങളുടെ മുമ്പിലെത്തിച്ചിരിക്കുന്നത്”. താനാണ് ഇബ്രാഹീമു ബ്നു അദ്ഹമെന പറഞ്ഞപ്പോൾ അയാൾ ചാടിയെഴുന്നേറ്റ് ഇമാമിനെ ആഞ്ഞു ചുംബിച്ചു. .അതിനു ശേഷം അദ്ദേഹം തൻ്റെ രണ്ടാമത്തെ പ്രാർത്ഥന നടത്തി. ” റബ്ബേ, നീ എൻ്റെ ഒന്നാമത്തെ പ്രാർത്ഥന കേട്ടു, ഇനി എനിക്ക് ഒരാഗ്രഹം കൂടിയുണ്ട്, ഇവിടെ, നിൻ്റെ വലിയ്യിൻ്റെ സാന്നിധ്യത്തിൽ വെച്ച് എൻ്റെ റൂഹ് പിടിക്കണം” അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് അള്ളാഹു താമസംവിനാ ഉത്തരം നൽകി.

നോക്കൂ,
ഒന്നാമത്തെ പ്രാർത്ഥന സ്വീകരിക്കാൻ ഇരുപത് വർഷമെടുത്തു. എന്നാൽ രണ്ടാമത്തേതാണെങ്കിൽ അള്ളാഹു ഉടനടി സ്വീകരിച്ചു. ഈ ചരിത്രമൊക്കെ നമ്മെ പഠിപ്പിക്കുന്നത് പ്രാർത്ഥനക്ക് അള്ളാഹു നിശ്ചയിക്കുന്ന ഓരോ സമയങ്ങളുണ്ട്. അപ്പോഴാണ് അതൊക്കെ സ്വീകരിക്കുന്നത് എന്ന യാഥാർത്ഥ്യമാണ്.

കേട്ടെഴുത്ത്: അബ്ദുല്ല ചെമ്പ്ര

LEAVE A REPLY

Please enter your comment!
Please enter your name here