പ്രവാചക വൃത്താന്തമെന്ന ജ്ഞാന സ്രോതസ്സ്

മുഹമ്മദ് സ്വലാഹ് .പിപി കരിപ്പമണ്ണ

0
1322

ജ്ഞാനമെന്നാൽ ഉറപ്പുള്ളതും വസ്തുനിഷ്ഠവുമായ അചഞ്ചലമായ അറിവാണ്(1). ഏതൊരു കാര്യത്തിലും ശരിയായ വിശ്വാസം രൂപപ്പെടാൻ ജ്ഞാനം അനിവാര്യമാണ്. ജ്ഞാനപിൻബലമില്ലാത്ത വിശ്വാസങ്ങൾ അബദ്ധങ്ങളോ ചഞ്ചലമോ അസ്ഥിരമോ ആയിരിക്കും.
മനസ്സിലെത്തുന്ന അറിവ് ജ്ഞാനമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള മാപിനികളാണ് ജ്ഞാനോപാധികൾ. ഇവയേതെങ്കിലും ഒന്ന് വഴിയാണ് അറിവ് ലഭിച്ചിട്ടുള്ളതെങ്കിൽ സംഗതി ജ്ഞാനം തന്നെ. അതല്ലെങ്കിൽ ജ്ഞാനമല്ല താനും. ജ്ഞാനമാണെങ്കിൽ നമുക്കത് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ പോലും അംഗീകരിച്ചേ പറ്റൂ. ഒരിയ്ക്കലും സംഭവിക്കില്ലെന്ന് നാം നിനച്ച കാര്യം കൺമുന്നിൽ സംഭവിക്കുമ്പോൾ മാനസികമായി അതുൾക്കൊള്ളാനാവുന്നില്ലെങ്കിലും അത് സംഭവിച്ചു എന്ന് നാം തീർച്ചപ്പെടുത്തുന്നു. ജ്ഞാനോപാധിയായ കണ്ണ് കൊണ്ട് അർത്ഥശങ്കക്കിടയില്ലാത്ത വിധം നാമത് അനുഭവിച്ചു എന്നതാണ് കാരണം. അത്തരം ഒരു ജ്ഞാനോപാധിയാണോ  ഖബറുർറസൂൽ എന്ന് വചന ശാസ്ത്രത്തിൽ (ഇൽമുൽ കലാം) വ്യവഹരിക്കപ്പെടുന്ന പ്രവാചക വ്യത്താന്ത എന്നാണിവിടെ അന്വേഷണ വിധേയമാവുന്നത്.
ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കർമ്മകാര്യങ്ങളിൽ നിന്ന് വിഭിന്നമായി തെളിവ് സഹിതമുള്ള ജ്ഞാനാധിഷ്ഠിത അറിവ് വിശ്വാസ കാര്യങ്ങളിൽ അനിവാര്യമാണ്(2). നേടിയെടുത്ത ജ്ഞാനത്തെ മനസാ വാചാകർമ്മണാ അംഗീകരിക്കുമ്പോൾ ഈമാൻ സമ്പൂർണ്ണമാവുന്നു. നാം അറിയുന്നതൊക്കെയും ജ്ഞാനമല്ല. നടേ പറഞ്ഞത് പോലെ സംശയത്തിന് അണുവിടപോലും പഴുതില്ലാത്ത നീങ്ങിപ്പോവാൻ ഒരു സാധ്യതയുമില്ലാത്ത അറിവാണത്. അത് ലഭ്യമാകണമെങ്കിൽ അതിനവലംബിച്ച തെളിവുകൾ ഖണ്ഡിതമായിരിക്കണം. ഇവിടെയാണ് ദൈവശാസ്ത്രം ജ്ഞാനോപാധികളെ കുറിച്ച് ചർച്ച ചെയ്യുന്നത്

ജ്ഞാനോപാധികൾ ഭൗതിക ശാസ്ത്രത്തിൽ

ജ്ഞാനസമ്പാദന രീതികളെക്കുറിച്ച് ചർച്ച ചെയ്ത തത്വചിന്തകർ പ്രധാനമായും രണ്ട് രീതികളാണ് മുന്നോട്ടുവെച്ചത്. ഒന്ന്, അനുഭവ നിരപേക്ഷ രീതി. മനുഷ്യ മനസ് ഇന്ദ്രിയങ്ങളിലൂടെ ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനു മുമ്പുതന്നെ സ്വയം തെളിവു നല്കുന്ന സത്യങ്ങള്‍ (self evident truths) അവന്റെ മനസ്സില്‍ ഉണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. ഈ സത്യങ്ങള്‍ക്ക് അനുഭവങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും അവ സ്വയമേ അര്‍ഥവത്താണെന്നും (self valid) ഈ രീതിയുടെ വക്താക്കൾ പറയുന്നു. അനുഭവനിരപേക്ഷരീതി (a priori method) തത്ത്വശാസ്ത്രത്തില്‍ ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുതത്ത്വചിന്തകനായ പാര്‍മനൈഡ്സും (Parmenides) അദ്ദേഹത്തിന്റെ അനുയായിയായ സെനൊയും (Zeno) ആണ്. പ്രസിദ്ധ ഗ്രീക്കു ദാര്‍ശനികനായ പ്ളേറ്റോയുടെ തത്ത്വചിന്ത അനുഭവനിരപേക്ഷരീതിയിലൂടെ ആയിരുന്നു. അരിസ്റ്റോട്ടലും ഈ രീതി അംഗീകരിച്ചിരുന്നു. ആധുനിക തത്ത്വചിന്തയില്‍ ദെക്കാര്‍ത്ത്, സ്പിനോസാ, ലൈബ്നിറ്റ്സ്, കാന്റ്, ഹെഗല്‍, ബ്രാഡ്ലി തുടങ്ങിയവര്‍ അനുഭവനിരപേക്ഷജ്ഞാനത്തെ അംഗീകരിച്ച് അവരുടെ തത്ത്വചിന്തകള്‍ക്ക് രൂപം നല്കിയിട്ടുള്ളവരാണ്.
രണ്ടാമത്തെ രീതിയാണ് അനുഭവ സാപേക്ഷ രീതി. ഇവർ അനുഭവവാദികളാണ്. എല്ലാ അറിവിന്റെയും ഉറവിടം അനുഭവമാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. ബേക്കണ്‍, ലോക്ക്, ബെര്‍ക്കിലി, ഹ്യൂം, റീഡ് (Ried) തുടങ്ങിയവര്‍ അനുഭവസാപേക്ഷജ്ഞാനത്തെ അംഗീകരിച്ചവരാണ്. ഇവരുടെ അഭിപ്രായത്തില്‍ അനുഭവഗോചരമല്ലാത്തതൊന്നും വാസ്തവമല്ല; തത്ത്വദര്‍ശനം, അതിഭൗതികവാദം എന്നിവയെല്ലാം ചിന്താഭാസങ്ങളാണ്. അനുഭവവാദത്തെ (1) ആപേക്ഷികം (relative), (2) അതിഭൗതികം (metaphysical), (3) ശാസ്ത്രീയം (scientific), (4) യുക്ത്യാത്മകം (logical) എന്ന് നാലായി ഇവർ തിരിച്ചിരിക്കുന്നു.
അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ജ്ഞാനമീമാംസ രൂപവത്കരിക്കുവാന്‍ ശ്രമിച്ച ആധുനിക ദാര്‍ശനികനാണ് ഫ്രാന്‍സിസ് ബേക്കണ്‍. അനുഭവവാദത്തിലൂടെ ഇന്ദ്രിയാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജ്ഞാനം സാധ്യമാകയുള്ളു എന്ന വിശ്വാസത്തില്‍ തുടങ്ങി അവസാനം അങ്ങനെ കിട്ടുന്ന അറിവും യഥാര്‍ഥ ജ്ഞാനമല്ലെന്നും യഥാര്‍ഥജ്ഞാനം അപ്രാപ്യമാണെന്നും ഉള്ള നിഗമനത്തിലേക്കാണ് ഹ്യൂം എത്തിച്ചേര്‍ന്നത്.
മനുഷ്യന്റെ എല്ലാ അറിവും അനുഭവനിരപേക്ഷമാണെന്ന് ലൈബ്നിറ്റ്സും എല്ലാ അറിവും അനുഭവസാപേക്ഷമാണെന്ന് ലോക്കും പറയുമ്പോള്‍ ഇവ രണ്ടും രണ്ടുതരം അറിവല്ലെന്നും അറിവിന്റെ രണ്ട് അവിഭാജ്യഘടകങ്ങള്‍ മാത്രമാണെന്നും കാന്റ് വാദിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒന്ന് നിഷേധിക്കുകയാണെങ്കില്‍ ജ്ഞാനം സാധ്യമാവുകയില്ലെന്നും അദ്ദേഹം സമർത്ഥിക്കുന്നു. സംവേദനശക്തി (sensibility), ധാരണ (understanding), യുക്തി (reason) എന്നീ മൂന്നു മാനസികപ്രക്രിയകളില്‍കൂടിയാണ് കാന്റിന്റെ സിദ്ധാന്തം അനുസരിച്ച് ജ്ഞാനസമ്പാദനം സാധ്യമാകുന്നത്. യുക്തിവാദത്തിന്റെയും ഇന്ദ്രിയാനുഭവവാദത്തിന്റെയും സമന്വയമാണ് കാന്റിന്റെ ദര്‍ശനം. സംശയരഹിതമായ അറിവ് പ്രദാനം ചെയ്യുവാന്‍ ഭൗതിക ശാസ്ത്രങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു വിശ്വസിക്കുന്നവരാണ് ശാസ്ത്രീയാനുഭവവാദികള്‍. വിവിധ ശാസ്ത്രതത്ത്വങ്ങളെ തമ്മില്‍ സമന്വയിപ്പിച്ചു ചില പൊതുതത്ത്വങ്ങള്‍ രൂപവത്കരിക്കാനാണ് ഇവരുടെ ശ്രമം.  (3).പ്രധാനമായും യുക്ത്യാധിഷ്ഠിത രീതി (റാഷണലിസ്റ്റ് സ്‌കൂള്‍), അനുഭവ മാത്ര രീതി (എംപിരിസിസ്റ്റ് സ്‌കൂള്‍) എന്നിവയിൽ ജ്ഞാനമാധ്യമങ്ങളെ പരിമിതപ്പെടുത്തിയ ആധുനിക ശാസ്ത്രം, വചന ശാസ്ത്രം ജ്ഞാനോപാധിയായി കണക്കാക്കിയ സത്യസന്ധമായ വാർത്തയെ ജ്ഞാനോപാധിയായി  പരിഗണിച്ചതായി വ്യക്തമായി പറഞ്ഞ് കാണുന്നില്ല. യഥാർത്ഥത്തിൽ ഇവർ തന്നെ പ്രയോഗതലത്തിൽ ഈ ജ്ഞാനോപാധിയെ കൂടെ അവലംബിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന പേരിൽ വിശ്വ പ്രസിദ്ധനായ ഒരു ശാസ്ത്രജ്ഞൻ ജീവിച്ചിരുന്നു എന്ന് സർവ്വരും വിശ്വസിക്കുന്നില്ലേ. നമ്മൾ ഐൻസ്റ്റീനെ കണ്ടിട്ടുണ്ടോ ,കേട്ടിട്ടുണ്ടോ, അനുഭവിച്ചിട്ടുണ്ടോ? ഇല്ല. കേവലയുക്തി കൊണ്ട് അദ്ദേഹത്തെ അറിയാനൊക്കുമോ?.ഇല്ല. പിന്നെയെങ്ങനെ അദ്ദേഹം ജീവിച്ചിരുന്നുവെന്ന് നാം ഉറപ്പിക്കും. സത്യസന്ധമായ വാർത്ത എന്ന ജ്ഞാനോപാധിയെ ഇവരും ഫലത്തിൽ സമ്മതിക്കുന്നുണ്ടെന്ന് സാരം. അതേ ഇനത്തിന്റെ ഒരു ഭാഗമായ പ്രവാചക വചനത്തെ വ്യക്തമായോ വ്യംഗ്യമായോ നിഷേധിച്ചവരാണ് പലരും.

പ്രവാചകന്മാർ എന്തിന്?

ദൈവമുണ്ടെന്നതിന് ഖണ്ഡിതമായ തെളിവുകൾ സമർത്ഥിക്കപ്പെട്ടിട്ടുണ്ട്.
ദൈവമുണ്ടെന്ന് സമ്മതിക്കുന്നവന് മാത്രമെ പ്രവാചക വൃത്താന്തം ജ്ഞാനോപാധിയാണെന്ന് ബോധ്യപ്പെടൂ (4). പ്രവാചകന്മാരെ നിയോഗിക്കൽ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമോ അസംഭവ്യമായ കാര്യമോ അല്ല(5). എങ്കിലും അവൻ സൃഷടികളിലേക്ക് തന്റെ സന്ദേശം എത്തിക്കാൻ പ്രവാചകന്മാരെ നിയോഗിക്കണമെന്ന് തീരുമാനിച്ചു.
അനിയന്ത്രിതമായി അഴിച്ചുവിട്ടാൽ വിനാശം വിതയ്ക്കുന്ന പ്രകൃതമാണ് മനുഷ്യന്റെത്. അതു കൊണ്ടാണല്ലൊ ഇതര ജീവികളിൽ നിന്ന് വിഭിന്നമായി സംസ്കാരം പഠിപ്പിക്കാൻ വിദ്യാലയങ്ങളും നിലക്ക് നിർത്താൻ ന്യായാസനങ്ങളും മനുഷ്യർക്ക് വേണ്ടി വരുന്നത്. ഒരു മതത്തിലും വിശ്വസിക്കാതെ മാന്യമായി ജീവിക്കുന്ന ചില വ്യക്തികൾ അപവാദങ്ങളായി ഉണ്ടായേക്കാം. എങ്കിലും ഒരു നിയന്ത്രണ രേഖയുമില്ലാതെ തന്നെ മാന്യമായി ജീവിക്കുന്ന ഇവർ ഒരുവേള അധാർമിക പ്രവർത്തനങ്ങൾക് മുതിരുകയില്ല എന്നും നമുക്ക് തറപ്പിച്ച് പറയാൻ ആവില്ല. കാരണം നിയന്ത്രിക്കാനും പിടിച്ചുവെക്കാനും ഒരു സംവിധാനം ഇല്ലല്ലോ. മനുഷ്യസമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് യുക്തിഭദ്രമായ ഒരു തത്വസംഹിത അനിവാര്യമാണെന്ന് സാരം. സർവ്വജ്ഞാനിയായ സ്രഷ്ടാവിൽ നിന്ന് അത്തരമൊരു നിയമസംഹിത അവതരിപ്പിക്കാനാണ് പ്രവാചകന്മാർ നിയോഗിതരായത്.
നുബുവ്വത്തിന്റെ അനിവാര്യതയും ഫലങ്ങളും വിശദീകരിച്ച് ഇമാം മാവർദി അഞ്ചു കാര്യങ്ങൾ പറയുന്നു: ഒന്ന് സൃഷ്ടികൾക്ക് ആവശ്യമായ നന്മകളും ഗുണങ്ങളും നൽകി അനുഗ്രഹിക്കുന്നവൻ ആണ് അല്ലാഹു. നന്മകൾ മുഴുക്കെ മനസ്സിലാക്കാൻ മനുഷ്യബുദ്ധി അപര്യാപ്തം ആയതിനാൽ ദിവ്യസന്ദേശം നൽകി പ്രവാചകന്മാരെ നിയോഗിച്ചു.
പ്രവാചകന്മാർ സ്വർഗ നരകങ്ങളെയും രക്ഷ ശിക്ഷകളെയും കുറിച്ച് പഠിപ്പിക്കുന്നതിനാൽ നന്മ പ്രവർത്തിച്ച് സ്വർഗ്ഗം നേടാനും തിന്മയിൽ നിന്ന് അകന്നുനിന്ന് വിജയം വരിക്കാനും മനുഷ്യന് സാധിക്കുന്നു എന്നതാണ് രണ്ടാം കാര്യം. മൂന്ന്: ഉണ്മയും ഇല്ലായ്മയും ഒരു പോലെയായതും സ്രഷടാവ് ഉണ്മ നൽകുകയും ചെയത അദൃശ്യമായ പലതും ദൂതന്മാർ മുഖേനയല്ലാതെ അറിയാൻ നിർവാഹമില്ല. ഒരു സ്രഷ്ടാവിനെ മനുഷ്യബുദ്ധിക്ക് കണ്ടെത്താനാവുമെങ്കിലും അവന്റെ വിശേഷണങ്ങളും ഗുണങ്ങളും പൂർണ്ണമായറിയാൻ മനുഷ്യ ബുദ്ധിക്കാവില്ല മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഇത്തരം കാര്യങ്ങളൾ ദൂതന്മാർ മുഖേന നേടാൻ നമുക്ക് ആവുന്നു. നാല്. ഈ പ്രപഞ്ചത്തിന് സൃഷ്ടികർമം നിർവഹിച്ച, യുക്തിരാഹിത്യത്തിൽ നിന്നും സമ്പൂർണ്ണമായും മുക്തനായ ഒരു ദൈവം ഉണ്ടെന്ന യാഥാർത്ഥ്യം ഒരു ജീവിത പദ്ധതിയെ തേടുന്നു. സൃഷ്ടാവിന്റെ സൃഷ്ടിപ്പിന്റെ താല്പര്യം അറിയാൻ അവൻ ഏൽപ്പിക്കുന്ന പ്രബോധകന്മാർ വഴിയല്ലാതെ സാധ്യവുമല്ല. അഞ്ച്: തുല്യ യോഗ്യതയുള്ളവരോട് യോജിക്കാനും സമാന സവിശേഷതയുള്ളവരെ പിന്തുടരാനും മനുഷ്യബുദ്ധി സാധാരണഗതിയിൽ വിസമ്മതിക്കാൻ ആണ് സാധ്യത. അതിനാൽ ആരാധ്യനായ സ്രഷ്ടാവ് നിയോഗിച്ച അസാധാരണക്കാരനായ ദൂതന്മാരിലൂടെ മനുഷ്യരെ ഒന്നടങ്കം ഏകോപിപ്പിക്കാൻ സാധിക്കും. അപ്പോൾ ദൂതന്മാർ മുഖേനയുള്ള ആശയ കൈമാറ്റം ആയിരിക്കും സർവ്വ വ്യാപകമായ ഗുണത്തിന് വഴിയൊരുക്കുക. സാർവ്വത്രികമായ ഐക്യവും അവർ വഴിയെ സാധ്യമാവുകയുള്ളൂ.

അമാനുഷികത: ആവശ്യകത ,ആധികാരികത

ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് വാദമുന്നയിച്ചതുകൊണ്ടു മാത്രം ജനങ്ങൾ അദ്ദേഹത്തെ അംഗീകരിക്കില്ല. അതിനാൽ സത്യസന്ധമായി പ്രവാചകത്വം വാദിക്കുന്നവരെ വ്യാജന്മാരിൽ നിന്ന് വേർതിരിക്കുന്നതും ജനങ്ങൾക്ക് ഇദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടായേ തീരൂ. ഈ സംവിധാനമാണ് മുഅജിസതുകൾ. പ്രവാചകത്വ വാദവുമായി വരുന്ന വ്യക്തിയുടെ സത്യസന്ധത തെളിയിക്കുന്നതിനായി അദ്ദേഹം വഴി പ്രകടമാവുന്ന പതിവിന് വിപരീതമായ കാര്യങ്ങൾ എന്ന് മുഅജിസതിനെ നിർവ്വചിക്കാം(6).
മുഅജിസത് നേരിട്ടനുഭവിക്കുന്ന ഒരാൾക്ക് ആ അമാനുഷികത പ്രകടിപ്പിച്ച വ്യക്തി പ്രവാചകനാണെന്ന ഉറപ്പ് ക്ഷണനേരം കൊണ്ട് ലഭിക്കുന്നു. സഅദുദ്ധീൻ തഫ്താസാനി (റ) വിശദീകരിക്കുന്നു: ഒരു രാജദർബാർ, രാജാവ് സിംഹാസനാരൂഢനാണ്, രാജ്യം മുഴുവൻ വിശ്രുതമായ ഒരു പതിവുണ്ടദ്ദേഹത്തിന്. രാവിലെ തന്റെ സിംഹാസനത്തിലിരുന്നാൽ ഉച്ചയാവാതെ അദ്ദേഹം എഴുന്നേൽക്കില്ല. പ്രസ്തുത ദർബാറിലേക്ക് ഒരാൾ വരുന്നു. അദ്ദേഹം പറയുന്നു: ഞാൻ രാജാവിന്റെ ദൂതനാണ്. ഒരു കാര്യം നിങ്ങളോട് പറയാൻ രാജാവെന്നെ ഏൽപ്പിച്ചിട്ടുണ്ട്. ഞാനാ കാര്യം പറയുന്നതിന് മുമ്പ് ഞാനവിടുത്തെ ദൂതനാണെന്നതിന് തെളിവായി അവിടുത്തെ പതിവ് തെറ്റിച്ച് തന്റെ സിംഹാസനത്തിൽ നിന്ന് മൂന്നു തവണ എഴുന്നേറ്റിരിക്കുന്നത് കാണാം. പറഞ്ഞ് തീരേണ്ട താമസം രാജാവ് തന്റെ സിംഹാസനത്തിൽ നിന്ന് മൂന്ന് തവണ എഴുന്നേറ്റും ഇരുന്നും കാണിക്കുന്നു. രാജാവിന്റെ പതിവറിയുന്ന സദസ്യർക്കൊന്നടങ്കം ഈ വ്യക്തി രാജാവിന്റെ ദൂതനാണെന്ന് ഉറപ്പ് വരുന്നു(7). ഇതേ രീതിശാസ്ത്രമാണ് സ്രഷ്ടാവും നടപ്പിൽ വരുത്തുന്നത്. തന്റെ ദൂതനാണെന്ന് വാദിച്ചു വരുന്ന വ്യക്തി സത്യസന്ധനാണെന്ന് തെളിയിക്കാനായി വിശ്രുതമായ തന്റെ പതിവ് അവൻ തെറ്റിക്കുന്നു. കല്ലിനും മരത്തിനുമൊന്നും ചലിക്കാനുള്ള ശേഷി നൽകില്ല എന്നതാണ് സ്രഷ്ടാവിന്റെ പതിവ്. സ്രഷ്ടാവിന്റെ ദൂതനാണെന്ന് പറഞ്ഞ് വരുന്ന വ്യക്തി ജനസമക്ഷം ഇങ്ങനെ പറയുന്നു: സ്രഷ്ടാവിന്റെ സന്ദേശം നിങ്ങളിലെത്തിക്കാൻ വേണ്ടി അവൻ എന്നെ തെരെഞ്ഞെടുത്തിരിക്കുന്നു. എന്റെ സത്യസന്ധ്യതക്ക് തെളിവായി സ്രഷ്ടാവ് തന്റെ പതിവ് തെറ്റിക്കുന്നത് നിങ്ങൾ കാണുക. ശേഷം ഒരു മരത്തെ വിളിക്കുന്നു. മരം ഉടനെ ചലിക്കുന്നു. കണ്ട് നിൽക്കുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ സത്യസന്ധ്യത ബോധ്യപ്പെടുന്നു.
ഇത്തരം അസാധാരണ കാര്യങ്ങൾ നൽകുക വഴി ഇദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്ന സാക്ഷ്യപത്രമാണ് സ്രഷ്ടാവ് നൽകുന്നത്. ഇത്തരം ഒരു സാക്ഷ്യപത്രം നൽകപ്പെട്ട വ്യക്തി സ്രഷ്ടാവിൽ നിന്നായി അവതരിപ്പിക്കുന്നതെന്തും സത്യമാവാനേ തരമുള്ളൂ. അതല്ലെങ്കിൽ ഒരു വ്യാജന് സത്യസാക്ഷ്യം നൽകി ജനങ്ങളെ മുഴുവൻ അവൻ വഴി പിഴപ്പിച്ചെന്ന് വരും. സർവ്വജ്ഞാനിയായ സ്രഷ്ടാവിൽ അത് അസംഭവ്യമാണെന്നതിൽ സന്ദേഹമില്ല.
മുഅജിസത് നേരിട്ടനുഭവിക്കുന്നവർക്ക് ഉറപ്പ് ലഭിക്കുന്ന രൂപമാണ് ഇപ്പോൾ വിശദീകരിച്ചത്.എന്നാൽ പ്രവാചകന്റെ കാലശേഷം വരുന്നവർക്ക് എങ്ങനെയാണദ്ദേഹം പ്രവാചകനാണെന്ന ഉറപ്പ് ലഭിക്കുന്നത്. പ്രവാചകർ മുഹമ്മദ് നബി (സ)യെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ചർച്ചയക്ക് വലിയ പ്രാധാന്യമൊന്നുമില്ല. കാരണം അവിടുത്തെ കാലശേഷവും കാലാതിവർത്തിയായ ഖുർആൻ സർവ്വർക്കു മുന്നിലും അതിജയിക്കാനാവാതെ നിലനിൽക്കുന്നുണ്ട്. അക്കാര്യം മാറ്റിവെച്ചാൽ തന്നെ പിൽക്കാലത്ത് വരുന്നവർക്ക് ഉറപ്പ് ലഭിക്കുന്നുണ്ട്. പരസ്പരം ഒത്ത് ചേർന്ന് കളവു പറയാൻ സാധ്യതയില്ലാത്ത അത്രയും ആളുകൾ ഉദ്ധരിക്കുക എന്നതാണതിനു കാരണം(8). ഖബർ മുത്വവാതിർ എന്നാണിതിനെ ദൈവശാസ്ത്രത്തിൽ വ്യവഹരിക്കപ്പെടുന്നത്(9). ഉദ്ധരിക്കപ്പെടുന്ന കാര്യം പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരമായതാവലും പ്രസ്തുത എണ്ണം ആളുകൾ ആദ്യാന്ത്യം ഉണ്ടായിരിക്കലും ഇതിന് നിബന്ധനയാണ്(10). നേർത്ത നാരുകൾ ഓരോന്നോരോന്നായെടുത്താൽ അവ പൊട്ടിക്കൽ വളരെ എളുപ്പമായിരിക്കും. നൂറു കണക്കിന് അതേ നാരുകൾ ചേർത്ത് ഒരു കയറുണ്ടാക്കിയാലോ .പൊട്ടിക്കൽ വളരെ പ്രയാസമായിരിക്കും. ഇതു പോലെ ഓരോരുത്തരുടെയും വർത്തമാനങ്ങൾ പ്രത്യേകം എടുത്താൽ അവ സംശയരഹിതമായ അറിവ് തരാൻ പര്യാപ്തമല്ലെങ്കിലും, ഒത്തുചേർന്ന് കളവു പറയാൻ സാധ്യതയില്ലാത്ത അത്രയും ആളുകൾ അതേ വാർത്ത പറയുമ്പോൾ ഉറപ്പു ലഭിക്കുന്നു. പ്രത്യേകം ഒരു ജ്ഞാനോപാധിയായി ആധുനിക എപ്പിസ്റ്റമോളജി ഇതിനെ എണ്ണിയിട്ടില്ലെങ്കിലും പ്രായോഗികതലത്തിൽ ഒരു ജ്ഞാനോപാധിയായി സർവ്വരും അംഗീകരിച്ചതാണിത്. ന്യൂട്ടൺ എന്നൊരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു. മുഗൾ ഭരണകൂടം ഇന്ത്യ ഭരിച്ചിരുന്നു. ആർക്കെങ്കിലും ഇവയിൽ സംശയമുണ്ടോ. ഇപ്പറഞ്ഞത് ഒരു ശാസ്ത്ര പരീക്ഷണത്തിലൂടെ തെളിയിക്കാനാവുമോ. ഇനി ആവുമെങ്കിൽ തന്നെ അത്തരം ഒരു പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണോ ഇപ്പോൾ നാമിവ വിശ്വസിക്കുന്നത് തീർച്ചയായും അല്ല. പിന്നെയോ മേൽപറഞ്ഞതു പോലെ ഒത്തുചേർന്നു കളവു പറഞ്ഞതാവാൻ സാധ്യതയില്ലാത്ത അത്രയും പേർ ഇവ ഉദ്ധരിച്ചു എന്നത് തന്നെ. മുഹമ്മദ് എന്ന് പേരുള്ള ഒരു വ്യക്തി മക്കയിൽ ജീവിച്ചിരുന്നു എന്ന കാര്യം ഇവ്വിധം സുവിദിതമാണ്. ഒരു പ്രത്യേക അമാനുഷികത ഒരു പക്ഷെ ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും മൊത്തത്തിൽ അവിടുന്ന് അമാനുഷികത പ്രകടിപ്പിച്ചിരുന്നു എന്നതും തഥൈവ(11). അപ്പോൾ പ്രവാചകന്റെ സമകാലികർക്കും ശേഷം വരുന്നവർക്കുമെല്ലാം പ്രവാചകത്വം ബോധ്യപ്പെടുന്നുവെന്നത് വ്യക്തമായി. അപ്പോൾ അദ്ദേഹം സ്രഷ്ടാവിൽ നിന്ന് അവതരിപ്പിക്കുന്ന കാര്യവും സത്യമാണെന്നുറപ്പ് ലഭിക്കുന്നു

അല്ലാമാ മുഹമ്മദ് ബ്നു അബ്ദിൽ അസീസ് അൽ ഫർഹാരി തന്റെ നിബ്രാസിൽ പറയുന്നു. അസാധാരണ കാര്യങ്ങൾ എഴ് ഇനങ്ങളാണ്. ഒന്ന് മുഅജിസത് അമ്പിയാക്കന്മാരുടെ സത്യസന്ധത തെളിയിക്കാനാണിത്. രണ്ട് കറാമത് സച്ചരിതരായ മഹാന്മാർക്ക് സ്രഷ്ടാവ് നൽകുന്നതാണിത്. മൂന്ന് സാധാരണ വിശ്വാസികൾക്ക് ലഭിക്കുന്ന സിദ്ധിയായ മഊനത്. പ്രവാചകന്മാർക്ക് നുബുവ്വത് ലഭിക്കും മുമ്പ് ഉണ്ടാവുന്ന ഇർഹാസ്വാത്തുകളാണ് നാലാമത്തെത്. അവിശ്വാസികൾക്ക് നൽകപ്പെടുന്ന ഇസ്തിദ്റാജ് അഞ്ചാമത്തെതും അവരെ നിസാരപ്പെടുത്താൻ വേണ്ടി ഇച്ഛിച്ചതിന്റെ നേർ വിപരീതമായി നൽകപ്പെടുന്ന ഇഹാനത് ആറാമത്തെതും. ഏഴാമത്തെത് സിഹ്ർ അഥവാ ആഭിചാരം. ഇതിൽ നുബുവ്വതിന്റെ രേഖയായി വെളിവാക്കപ്പെടുന്നതാണ് മുഅജിസത്. അസാധാരണ കഴിവ് നബിക്ക് മാത്രം പ്രത്യേകമല്ലെങ്കിലും കള്ള പ്രവാചകനിൽ നിന്നൊരിക്കലും അവന്റെ താത്പര്യത്തിനനുസൃതമായി അമാനുഷികതകൾ ഉണ്ടാവില്ല. ചരിത്രത്തിൽ ഡസൻ കണക്കിന് വ്യാജന്മാർ വന്നെങ്കിലും അവർക്കൊന്നും തന്റെ പ്രവാചകത്വം തെളിയിക്കാനാവുന്ന രീതിയിൽ ഒരു അമാനുഷികതയും പ്രകടിപ്പിക്കാനായിട്ടില്ല എന്നത് തന്നെ ഇതിന് മതിയായ തെളിവാണ്. മാത്രമല്ല അങ്ങനെ ഒരു വ്യാജന് സ്രഷ്ടാവ് അമാനുഷികത നൽകിയാൽ പ്രവാചകന്മാരുടെ നിയോഗം തന്നെ വൃഥാവിലാവില്ലെ. വ്യാജനെയും സത്യസന്ധനെയും എങ്ങനെ വേർതിരിച്ചറിയാനാവും?(12)
മാജിക്കും സിഹ്റും യഥാർത്ഥത്തിൽ അസാധാരണ പ്രവർത്തനങ്ങളേ അല്ല. ഇമാം ഖയാലി എഴുതുന്നു. കത്തിയെടുത്ത് കുത്തിയാൽ സാധാരണയിൽ മുറിവ് പറ്റും എന്നതു പോലെയുള്ള തീർത്തും സാധാരണമായ ഒന്നാണ് സിഹ്ർ. അതിന്റെ നിയമങ്ങൾ ആർക്കും പഠിച്ചെടുക്കാം. ആർക്കും പ്രയോഗിക്കാം(13). മാജിക്കും ഇങ്ങനെയാണെന്ന് മനാഹിലുൽ ഇർഫാനിൽ കാണാം(14). അപ്പോൾ മാജിക്കും സിഹ്റും കാണിച്ച് നുബുവ്വത് വാദിക്കുന്നവന്റെ വാദം തന്നെ നിഷ്ഫലമാണ്. ആർക്കും പഠിച്ചെടുത്ത് ചെയ്യാനാവുന്ന സിഹ്റും മാജിക്കും എങ്ങനെ തെളിവാകും. അപ്പോൾ മുഅ ജിസത് കാണിച്ച വ്യക്തി പ്രവാചകനാണെന്നും അദ്ദേഹം അല്ലാഹുവിൽ നിന്നായി പറയുന്നതൊക്കെയും സത്യമാണെന്നും നമുക്കുറപ്പ് ലഭിക്കുന്നു.

പ്രവാചകന്റെ ജ്ഞാനം
പ്രവാചകന് ജ്ഞാനം ലഭിക്കുന്നത് വഹ്‌യ് എന്ന സംജ്ഞ കൊണ്ട് വ്യവഹരിക്കപ്പെടുന്ന ദിവ്യസന്ദേശം വഴിയാണ്. മനുഷ്യസമൂഹത്തിനജ്ഞാതമായ വഴിയിലൂടെ സൃഷടികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ചിലർക്ക് സ്രഷ്ടാവ് അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അറിയിച്ചു കൊടുക്കുന്നതിനാണ് വഹ്‌യ് എന്ന് പറയുന്നത്. വ്യത്യസ്ത രീതികളിലാണ് പ്രവാചകർക്ക് ദിവ്യസന്ദേശം നൽകപ്പെടുന്നത്. ഒന്ന്. മൂസാ നബിയ്ക്ക് സംഭവിച്ചതു പോലെ മാധ്യമങ്ങളില്ലാതെ വിവര കൈമാറ്റം നടത്തുക. സംശയത്തിന് അണുവിട പോലുമില്ലാതെ അനിഷേധ്യമായ വിധം അല്ലാഹു അവരുടെ മനസ്സിലേക്ക് ഇട്ടു കൊടുക്കുകയാണ് രണ്ടാമത്തെ രീതി. പ്രഭാതം പൊട്ടി വിടരും പ്രകാരം പുലരുന്ന സത്യസന്ധ്യമായ സ്വപ്നദർശനങ്ങളാണ് മൂന്നാമത്തെത്. നാല് ഒരു പ്രത്യേക സന്ദേശവാഹകൻ മുഖേന വിവരം കൈമാറുക. മലക്ക് തന്റെ തന്നെ രൂപത്തിൽ പ്രത്യക്ഷപ്പെടുക, മനുഷ്യന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുക, പ്രകടമായ ഒരു രൂപവും സ്വീകരിക്കാതെ ആഗമനത്തിന്റെ ഫലം മാത്രം ലഭിക്കുക തുടങ്ങിയവയെല്ലാം നാലാമത്തെ രീതിയുടെ വ്യത്യസ്ഥ ശൈലികളാണ് (15). ഇമാം ബുഖാരി ആഇശ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാം: അനുചരനായ ഹാരിസ് ബ്നു ഹിശാം തിരുനബിയോട് ചോദിച്ചു : എങ്ങനെയാണ് പ്രവാചക പ്രഭുവേ അങ്ങേക്ക് ദിവ്യസന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്. തിരുനബി പ്രതികരിച്ചു: മണിയടിക്കുന്ന ശബ്ദം പോലെ ചിലപ്പോൾ എനിക്കനുഭവപ്പെടും ആ ശബ്ദം തീരുമ്പോഴേക്ക് ലഭിച്ച സന്ദേശം എനിക്ക് വ്യക്തമായിട്ടുണ്ടാവും എറ്റവും പ്രയാസമേറിയ രീതിയാണിത്. ചിലപ്പോൾ മലക്ക് മനുഷ്യരൂപം പ്രാപിച്ച് എന്റെരികിൽ വരും(16).

വഹ്‌യ് സംഭവ്യമോ അസംഭവ്യമോ?

ചിലയാളുകൾ വഹ്‌യിന്റെ സംഭവ്യത തന്നെ നിഷേധിച്ചിട്ടുണ്ട്. വഹ്‌യ് സംഭവ്യമാണെന്നതിന് മുഹമ്മദ് അബ്ദുൽ അളീം സുർഖാനി ചില കാര്യങ്ങൾ പറയുന്നത് നോക്കൂ. 1. മനശാസ്ത്ര മേഖലയിൽ വിജയകരമായി ചെയ്യുന്ന ഒരു രീതിയാണ് ഹിപ്നോട്ടിസം. ഉപബോധമനസ്സിനോട് സംവദിക്കുന്ന രീതിയാണിത്. X എന്ന് പേരുള്ള ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്യുന്നു. ശേഷം ഉപബോധമനസ്സിനോട് നിന്റെ പേര് X അല്ലെന്നും Y ആണെന്നും പറയുന്നു. ആ അവസ്ഥയിൽ പഴയ പേരായ X എന്ന് എത്ര വിളിച്ചാലും അദേഹം വിളി കേൾക്കുന്നില്ല. ശേഷം അയാളെ ഉണർത്തി അദ്ദേഹത്തിന്റെ പഴയ പേര് വിളിക്കുന്നു. അയാൾ മറുപടി തരുന്നില്ല. ശേഷം പുതിയ പേര് വിളിക്കുമ്പോൾ അയാൾ പ്രതികരിക്കുന്നു. പരീക്ഷിച്ച് വിജയം കണ്ട ഇക്കാര്യം ദിവ്യബോധനം വഴി ഉറപ്പ് ലഭിക്കുമെന്നതിനു കൂടി ശക്തി പകരുന്ന കാര്യമാണ്. 2. ടി വി, വയർലെസ്സ്, റേഡിയോ, മൊബൈൽ എന്നീ സംവിധാനങ്ങൾ വഴി വിവരം ലഭിക്കുന്നു. ഇതെല്ലാം സംവിധാനിച്ച സ്രഷ്ടാവിനെ അപേക്ഷിച്ച് ഇതെത്രമാത്രം എളുപ്പമായിരിക്കും. 3. നിർജീവ വസ്തുക്കൾക്ക് പോലും ശബ്ദങ്ങൾ റെക്കോർഡ് ചെയ്യൽ ക്ഷിപ്രസാദ്ധ്യമാണ്. വഹ്യ്യ് ലഭിക്കുന്ന കാര്യം അപ്പടി അതേ നിമിഷം പ്രവാചകൻ മനപാഠമാക്കുന്നതിൽ പിന്നെന്ത് ശങ്ക. 4. പശുക്കിടാവ് ജനിച്ചയുടനെ അമ്മയുടെ വാത്സല്യപൂർവ്വമുള്ള തലോടലിന് കാത്തു നിൽക്കുന്നു. അമ്മ അതിനെ നക്കി തുടച്ചു വൃത്തിയാക്കുന്നു. അതേ സമയം കാട്ടിയുടെ കുഞ്ഞ് പ്രസവിക്കപ്പെട്ട ഉടനെ ഓടിയകലുന്നു. കാരണം അതിന്റെ അമ്മയുടെ നാവ് മൂർച്ചയേറിയ തായതിനാൽ നക്കിത്തുടച്ചാൽ ശരീരത്തിൽ മുറിവ് പറ്റും. പശുക്കിടാവിനും കാട്ടിയുടെ കുഞ്ഞിനും ഈ വിവരം എവിടുന്ന് ലഭിച്ചു. അനുഭവജ്ഞാനത്തിൽ നിന്ന് നേടിയതാവാൻ ഒരു വഴിയുമില്ല. ഇപ്പോൾ ജനിച്ചിട്ടല്ലെയുള്ളൂ. സ്രഷ്ടാവ് അറിയിച്ചു കൊടുത്തു എന്നതാണ് കൃത്യമായ മറുപടി. ബുദ്ധിയും വിവേകവുമില്ലാത്ത ഈ ജീവികൾക്ക് നേരിട്ട് വിവരം അറിയിക്കുന്ന സ്രഷ്ടാവിന് മനുഷ്യഗാത്രത്തെ സമുദ്ധരിക്കാൻ നിയോഗിക്കപ്പെടുന്ന ഒരു വ്യക്തിക്ക് എന്തുകൊണ്ട് ദിവ്യബോധനം നൽകിക്കൂടാ. 5. കംപ്യൂട്ടറിനെ തോൽപ്പിച്ച് കണക്കിൽ വിസ്മയം തീർത്ത കുരുന്നുകളെ കുറിച്ച് നാം വായിക്കാറുണ്ട്. ‘അബ്ഖരിയ്യത്’ എന്ന് വ്യവഹരിക്കപ്പെടുന്നതും അത്യപൂർവുമായി മാത്രം സൃഷ്ടികൾക്ക് നൽകപ്പെടുന്നതുമായ ഇത്തരം സിദ്ധികളെ കുറിച്ച് പ്ലാറ്റോയുടെ ഗ്രന്ഥങ്ങളിൽ വരെ പരാമർശിച്ചിട്ടുണ്ട്. ഇത്തരം സിദ്ധി ഒരു പ്രവാചകനെന്തു കൊണ്ടുണ്ടായിക്കൂടാ. ഇത്രയും പറഞ്ഞതിൽ നിന്നും അല്ലാഹുവിൽ നിന്ന് ദിവ്യബോധനം ലഭിക്കലും കേട്ട മാത്രയിൽ അർത്ഥശങ്കക്കിടയില്ലാത്ത വിധം അത് മനസ്സിൽ രൂഢമൂലമാവലുമെല്ലാം സംഭവ്യമാണെന്ന് സുതരാം ബോധ്യമായി(17).
സംഭവ്യമായതെല്ലാം യഥാർത്ഥത്തിൽ സംഭവിക്കണമെന്നില്ല. സംഭവ്യമാണെന്നതിനു പുറമെ പ്രവാചകന്മാർക്ക് അങ്ങനെ സംഭവിച്ചു എന്നതിനു രേഖവേറെ പറയേണ്ടതുണ്ട്. സത്യസന്ധനെന്നുറപ്പുള്ള ഒരു വ്യക്തി ഉണ്ടാവാനിടയുള്ള ഒരു കാര്യം ഉണ്ടായി എന്ന് പറഞ്ഞു എന്നതാണതിന്റെ രേഖ. പ്രവാചക പ്രസ്ഥാവന കൂടെ ജ്ഞാന സോതസ്സാണെന്ന് വരുന്നതിലൂടെ അടിസ്ഥാന കാര്യങ്ങളിലഖിലവും നമുക്ക് ജ്ഞാനം ലഭ്യമാവുന്നു. മാറുന്ന പ്രപഞ്ചത്തെ പഞ്ചേന്ദ്രിയം വഴി നാം അനുഭവിക്കുന്നു. പരിവർത്തന വിധേയമാകുതൊന്നും അനാദിയല്ലെന്ന് നമ്മുടെ ധിഷണ പറയുന്നു. ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്ന് ഉണ്മയിലേക്കെത്തിയതാണെന്ന തിരിച്ചറിവ് അതിനുണ്മ നൽകിയ ദാതാവിനെ കുറിച്ചന്വേഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അനാദിയും സർവജ്ഞനുമായ ഒരു സ്രഷ്ടാവിനെ ധിഷണ ഉച്ചത്തിൽ വിളിച്ചു പറയുന്നു. ഒരു ദൂതനെ നിയോഗിക്കൽ സ്രഷ്ടാവിനനുവദനീയമാണെന്ന് നമ്മുടെ യുക്തി പറയുന്നു. ദൂതുമായി കടന്നു വന്ന പ്രവാചകൻ കാണിക്കുന്ന അമാനുഷികതകൾ പഞ്ചേന്ദ്രിയങ്ങൾ വഴി നാമനുഭവിക്കുന്നു. തന്റെ സത്യസന്ധത തെളിയിക്കാൻ സ്രഷ്ടാവ് തന്റെ പതിവ് തെറ്റിക്കുന്നത് നേരിൽ കാണുമ്പോൾ ഇത് സ്രഷ്ടാവിന്റെ ദൂതൻ തന്നെയാണെന്ന് ധിഷണ നമ്മെ ബോധ്യപ്പെടുത്തുന്നു. സത്യസന്ധനാന്നെന്ന് നമുക്ക് ഉറപ്പുള്ള വ്യക്തി നമുക്കനുഭവ ഭേധ്യമല്ലാത്തതും കേവല ധിഷണ കൊണ്ടറിയാനാവാത്തതുമായ അദൃശ്യജ്ഞാനങ്ങൾ നമ്മെ തെര്യെപ്പെടുത്തുന്നു. സത്യസന്ധമായ വാർത്തയായതിനാൽ നാം അതുറച്ച് വിശ്വസിക്കുന്നു.

റഫറൻസ്
1. ശർഹുൽ അഖാഇദ് – 23
2.നിബ്രാസ്
3.സർവ്വവിജ്ഞാനകോശം gov.in അനുഭവ നിരപേക്ഷം, അനുഭവ സാപേക്ഷം ,അനുഭവ വാദം
4. മൗഖിഫുൽ അഖ് ൽ 4/26
5. . ശർഹുൽ അഖാഇദ് – 133
6. ശർഹുൽ അഖാഇദ് – 32
7.ശർഹുൽ അഖാഇദ് – 134
8. ശർഹുൽ അഖാഇദ് – 134
9. ശർഹുൽ അഖാഇദ് – 29
10. ജംഉൽ ജവാമിഅ – 2 / 134
11. ശർഹുൽ അഖാഇദ് – 135
12. നിബ്രാസ്-
13. ഹാശിയതുൽ ഖയാലി-
14. മനാഹി ലുൽ ഇർഫാൻ – 1/56
15. മനാഹി ലുൽ ഇർഫാൻ – 1/46
16. സ്വഹീഹുൽ ബുഖാരി

LEAVE A REPLY

Please enter your comment!
Please enter your name here