പ്രവാചകന്‍ വിളിച്ചല്ലോ ഹേ പരാജിതാ…

ഹബീബ് ഉമര്‍ ബിന്‍ ഹഫീള്

0
1981

ആത്മീയതയുടെ ആനന്ദം 9
അയല്‍വാസികള്‍ക്ക് ഗുണം ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നാണ് ഇസ്ലാമിക തത്വസംഹിതകളില്‍ പ്രതിപാദിക്കുന്നത്. അയല്‍വാസി, മുസ്ലിം സമൂഹത്തില്‍ കലഹങ്ങളുണ്ടാക്കാത്ത അവിശ്വാസിയാണെങ്കില്‍ പോലും മുസ്ലിംകള്‍ക്ക് അവരോട് നിര്‍ബന്ധ ബാധ്യതകളുണ്ട്. അയല്‍വാസി വിശ്വാസിയാണെങ്കിലോ? അപ്പോള്‍ ബാധ്യത ഇരട്ടിയാവുകയാണ്. ഇനി അവര്‍ കുടുംബക്കാരാണെങ്കില്‍ ബാധ്യത വീണ്ടും വര്‍ധിച്ചു. അഥവാ, മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതകള്‍ക്ക് പുറമെ, കുടുംബ ബന്ധം, അയല്‍വാസി എന്നീ കടപ്പാടുകള്‍ വന്നുചേരുന്നു.
തിരുനബി (സ) പറഞ്ഞു: ‘അയല്‍വാസികളോടുള്ള കടപ്പാടുകളെക്കുറിച്ച് ജിബ്രീല്‍(അ) ധാരാളമായി എന്നോട് വസ്വിയ്യത്ത് ചെയ്തു. അവര്‍ക്ക് അനന്തര സ്വത്ത് പോലും നല്‍കേണ്ടി വരുമോ എന്ന് ഞാന്‍ ധരിച്ചു ‘ (ബുഖാരി)
സമീപവാസികളോട് നാം ചെയ്യേണ്ട കടപ്പാടുകള്‍ എത്ര മഹത്വമാണ്! ഒരാളുടെ ഉപദ്രവങ്ങളില്‍ നിന്നും വഞ്ചനകളില്‍ നിന്നും തന്റെ അയല്‍വാസി നിര്‍ഭയനല്ലെങ്കില്‍ അയാള്‍ യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്.
നബി(സ) പറഞ്ഞു: ‘അല്ലാഹുവാണേ, അവന്‍ വിശ്വാസിയല്ല..! അല്ലാഹുവാണേ, അവന്‍ വിശ്വാസിയല്ല.. അല്ലാഹുവാണേ, അവന്‍ വിശ്വാസിയല്ല..!
തിരുനബി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ഇങ്ങനെ പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ‘പ്രവാചകരേ, ആരാണ് ഈ പരാജിതര്‍?’
നബി(സ)യുടെ മറുപടി: ‘ഒരാളുടെ ഉപദ്രവത്തില്‍ നിന്ന് തന്റെ അയല്‍വാസി നിര്‍ഭയനല്ലെങ്കില്‍ അവന്‍ വിശ്വാസിയല്ല..!'(ബുഖാരി) അയല്‍വാസിയെ പരിഗണിക്കുന്നതിനെക്കുറിച്ച് നബി(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘അല്ലാഹുവാണേ, തന്റെ അയല്‍വാസി പട്ടിണി കിടക്കുന്നുണ്ടെന്നറിഞ്ഞ് വയറ് നിറക്കുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ല'(ബുഖാരി)
ഹിജ്‌റ 731ല്‍ വഫാത്തായ ഇമാം അബ്ദുല്ലാഹ് ബിന്‍ അലവി ബാഅലവി(റ) ചില ചരിത്ര സ്മരണകള്‍ അയവിറക്കുന്നുണ്ട്.
കഴിഞ്ഞ കാലത്ത് ഹളര്‍മൗത്തിലെ തരീമില്‍ കഴിഞ്ഞുപോയ ജനസമൂഹം അവരുടെ ദാരിദ്ര്യവും പരാധീനതകളും തങ്ങളുടെ അയല്‍വാസികളില്‍ നിന്നും മറച്ചു വെച്ചാണ് ജീവിച്ചിരുന്നത്. അയല്‍പക്കത്ത് ജീവിക്കുന്നവരുടെ പ്രയാസങ്ങള്‍ പരസ്പരം അറിഞ്ഞാല്‍ സമൃദ്ധമായി അന്നപാനീയങ്ങള്‍ ഭുജിച്ച് അവര്‍ക്ക് സുഖമായി കഴിയാം. കാരണം, തരീമിലെ വീടകങ്ങളില്‍ പരസ്പര സ്‌നേഹത്തിന്റെ കൈമാറ്റങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷേ, വറുതി കാരണം പലപ്പോഴും രാത്രി ഭക്ഷണം പലരും കഴിക്കാറില്ല. എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ പരിസര നിവാസികളെ അവര്‍ അറിയിക്കാറുമില്ല. അവരറിയാതിരിക്കാന്‍ അടുപ്പില്‍ തീ കത്തിച്ച്, ഭക്ഷണം പാകം ചെയ്യുകയാണെന്ന് തോന്നിപ്പിച്ചിരുന്ന ഒരു കാലം! പകലില്‍, കുഞ്ഞുങ്ങള്‍ മുഖേന വീട്ടില്‍ ഇന്നലെ ഭക്ഷണമില്ലായിരുന്നു എന്നറിയുമ്പോള്‍ അയല്‍ക്കാര്‍, സ്വന്തം വീഴ്ചയായി ഇതിനെ മനസ്സിലാക്കി അവര്‍ക്ക് നല്‍കുന്ന പരിഗണന, സ്വന്തം വീടും ഭക്ഷണവും മറ്റുള്ളവരുടേത് കൂടിയാണെന്ന തിരിച്ചറിവിലൂടെയുള്ള സഹകരണം, അങ്ങനെയായിരുന്നു അക്കാലത്ത് അവര്‍ അയല്‍പക്കബന്ധം കാത്തുസൂക്ഷിച്ചിരുന്നത്.
അയല്‍വാസികളുടെ സുഖവിവരങ്ങള്‍ പ്രത്യേകം അന്വേഷിക്കണമെന്നാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത്. വീട്ടുകാര്‍ക്ക് വല്ലതും വാങ്ങുകയാണെങ്കില്‍ അയല്‍വാസി കുട്ടികള്‍ കാണുന്ന രൂപത്തില്‍ അവിടുന്ന് വീട്ടിലേക്ക് കൊണ്ടുവരാറില്ല. അവര്‍ അവരുടെ രക്ഷിതാക്കളോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കത് വാങ്ങിക്കൊടുക്കാന്‍ കഴിയില്ലെന്ന ഭയമാണ് കാരണം.
തിരുനബി(സ) പറഞ്ഞു: ‘നീ ഒരു പഴം വാങ്ങുകയാണെങ്കില്‍ അതില്‍ നിന്ന് അവനും നല്‍കുക. അതിന് കഴിയില്ലെങ്കില്‍ വളരെ രഹസ്യമായി വീട്ടിലെത്തിക്കുക. അയല്‍വാസികളായ കുട്ടികളെ കാണിച്ച് അവ കൊണ്ടുവരരുത്! കാരണം, അവര്‍ രക്ഷിതാക്കളോട് അവ വാങ്ങിത്തരാന്‍ വാശി കൂട്ടും. അതുപോലെ, ഗന്ധം പരക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്ത്, അല്‍പം പോലും അവര്‍ക്ക് നല്‍കാതെ നീയവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത്.(ബൈഹഖി)
അയല്‍വാസികളോടുള്ള അങ്ങേയറ്റത്തെ പരിഗണനയുടെ പാഠങ്ങളാണ് പ്രവാചകര്‍(സ) പഠിപ്പിക്കുന്നത്. ഇസ്ലാം ഇങ്ങനെയൊക്കെ പറഞ്ഞു വെച്ചിട്ടും സമകാലിക സമൂഹത്തില്‍ അയല്‍വാസികളോടുള്ള കടപ്പാടുകള്‍ തീരെ പരിഗണിക്കാത്ത എത്ര വിശ്വാസികളുണ്ട്..!
ഒരേ ഫ്‌ലാറ്റില്‍ താമസിക്കുന്ന വ്യത്യസ്ത നാട്ടുകാരെ നാം കണ്ടിട്ടുണ്ട്. റൂമുകള്‍ തമ്മില്‍ അഭിമുഖമായിരുന്നിട്ടും ഒരിക്കല്‍ പോലും അയല്‍വാസികളെ അവര്‍ സന്ദര്‍ശിച്ചിട്ടില്ല! മാത്രമല്ല, പലര്‍ക്കും പരസ്പരം പരിചയം പോലുമില്ല
അവര്‍ മരണപ്പെട്ട വിവരവും ചിലര്‍ അറിയാറില്ല. ഇനി അറിഞ്ഞാല്‍ തന്നെയും അവിടെ സന്ദര്‍ശിക്കാനും അവര്‍ സമയം കണ്ടെത്തുന്നില്ല. അഥവാ, വിശ്വാസികള്‍ തമ്മില്‍ ചെയ്യേണ്ട കടപ്പാടുകള്‍ പോലും അവന്‍ അവഗണിക്കുമ്പോള്‍ പിന്നെ എങ്ങനെ അയല്‍പക്ക ബന്ധം സുദൃഢമാകും?!
യഥാര്‍ത്ഥത്തില്‍, മതത്തിന്റെയും വിശ്വാസത്തിന്റെയും അന്തസത്തയാണ് ഇതിലൂടെ അവന്‍ കളഞ്ഞ് തീര്‍ക്കുന്നത്.
അതുകൊണ്ട്, അയല്‍വാസികളുടെ അവസ്ഥകള്‍ അന്വേഷിക്കുകയും കഴിയുന്ന വിധം അവര്‍ക്ക് സഹായം നല്‍കുകയും ചെയ്യേണ്ടത് വിശ്വാസിയുടെ മേല്‍ നിര്‍ബസ ബാധ്യതയാണ്. മാത്രമല്ല, അവരുടെ വീടുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ മംഗളാശംസകള്‍ നേര്‍ന്ന് അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും അവര്‍ക്ക് വന്നുചേരുന്ന പ്രയാസങ്ങളില്‍ സാന്ത്വനം നല്‍കി കൂടെ നില്‍ക്കുകയും ചെയ്ത് നീ നല്ലൊരയല്‍വാസിയായി മാറേണ്ടതുണ്ട്.
[ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ് ഇസ്ആഫു ത്വാലിബീ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്‌ലാഖ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി]

LEAVE A REPLY

Please enter your comment!
Please enter your name here