പ്രണയ സമ്മതം

ഷനൂബ് ഹുസൈൻ

0
991

٧-و أثبت الوجد خطي عبرة و ضني
مثل البهار علي خديك و العنم
( നിൻറെ ഹൃദയവേദന ചുവന്ന മരത്തെ പോലെയുള്ള കണ്ണ് നീരിന്റെ രണ്ട് വരകളെയും, മഞ്ഞപനിനീർ പൂവിനെ പോലെയുള്ള പ്രണയ രോഗത്തെയും നിൻറെ ഇരു കവിളുകളിലും സ്ഥാപിച്ചിരിക്കെ നിനക്കെങ്ങനെ പ്രണയത്തെ നിഷേധിക്കാനാവും?)
വജ്ദ് – ദുഖം, ഹൃദയത്തിൻറെ നീറ്റൽ
അബ്റത്: കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ, ഹൃദയത്തിൻറെ പൊരിച്ചിൽ
ളനാ(ضني )ശരീരം മഞ്ഞനിറത്തിൽ ആക്കുകയും ദുർബലപ്പെടുത്തുകയും ദ ചെയ്യുന്ന രോഗം.
അനം(العنم ) : ചുവന്ന ശാഖയുള്ള മരം

രക്തം കലർന്ന കണ്ണുനീർ പ്രവഹിച്ചതിനാൽ  കവിളിലെ കണ്ണുനീർ ചാലുകൾ ചുവന്ന ശാഖകളുള്ള മരത്തെ പോലെയായി. ശരീരത്തെ മഞ്ഞനിറമാക്കുന്ന രോഗം മഞ്ഞ പനിനീർ പോലെയാണെന്നും കവി വാദിക്കുന്നു. ചുവന്ന മരത്തിന് താഴെ വീണുകിടക്കുന്ന മഞ്ഞ പനിനീർ പൂവിനോട് കവിൾതടത്തെ കവിത  ഉപമിച്ചതുമാകാം. മഞ്ഞ വർണ്ണത്തിലുള്ള കവിളിലൂടെ രക്തപങ്കിലമായ കണ്ണുനീർ ഒഴുകിയതിനാൽ ചുവന്ന വരക്ൾ രൂപപ്പെട്ടു.
അഭിസംബോധകന് തന്റെ പ്രണയത്തെ നിഷേധിക്കാൻ ഒരു മാർഗവുമില്ലാതായപ്പോൾ  സാഹചര്യത്തെളിവുകൾ അയാൾക്ക് സ്നേഹം ഉണ്ടെന്നതിനെ വ്യക്തമാക്കുന്നതായി. അടുത്തവരിയിൽ സ്വന്തം നാവിലൂടെ തന്നെ കവി തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെന്നും തനിക്ക് കടുത്ത പ്രണയമുണ്ടെന്നും സമ്മതിക്കുന്നുണ്ട്.
അല്ലാമാ ഖർപൂതിയുടെ ബുർദ വ്യാഖ്യാന കൃതി അസ്വീദതുശ്ശഹ്ദ ബി ശർഹിൽ ബുർദ വായിച്ചപ്പോൾ ഈ വരിയുടെ പ്രത്യേകതകൾ കൂടുതലായി മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. അതിൽ നിന്ന് ചിലത് ഞാനിവിടെ പങ്കുവെക്കാം. അല്ലാമാ ഖർപൂതി ഈ വരിയുടെ അർത്ഥം വിശദീകരിക്കുന്നു: അഭിസംബോധകന് പ്രണയമുണ്ടെന്ന് സത്യസന്ധരായ  നീതിമാന്മാരായ രണ്ടു പേർ സാക്ഷി നിന്നപ്പോൾ കവി അയാളോട് ചോദിക്കുന്നു, ഇനി നിനക്കെങ്ങനെ നിന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയും?.നീതിപീഠത്തിലെ ന്യായാധിപൻ തന്റെ എഴുത്തുകാരനോട് അഭിസംബോധകന്റെ പ്രണയം സ്ഥിരപ്പെടുത്താൻ ആവശ്യപ്പെടുന്നു. ന്യായാധിപൻ എഴുത്തുകാരനോട് കൽപിക്കുന്നു ;നമ്മുടെ അടുക്കൽ സത്യമാണെന്ന് സ്ഥിരപ്പെട്ട അനുരാഗിയുടെ പ്രണയവും ശക്തമായ കണ്ണുനീർ പ്രവാഹവും നീ എഴുതിവയ്ക്കുക. അപ്പോൾ കവി അഭിസംബോധകനോട് വീണ്ടും ചോദിക്കുകയാണ്, നിനക്ക് പ്രണയമുണ്ടെന്നതിന് രണ്ട് നീതിമാന്മാർ സാക്ഷി നിന്ന് കഴിഞ്ഞു. ന്യായാധിപന്റെ അടുക്കൽ അത് സ്ഥിരപ്പെടുകയും അദ്ദേഹം തന്റെ എഴുത്തുകാരനോട് വിധി രേഖപ്പെടുത്തിവെക്കാൻ കല്പിക്കുകയും എഴുത്തുകാരൻ അത് രേഖപ്പെടുത്തുകയും ചെയ്തു. ഇനിയെങ്ങനെ  പ്രണയം നിഷേധിക്കാനാവും?  ഇസ്ബാത് (اثبات) എന്നാൽ ഒരു കാര്യം എഴുത്ത് കൊണ്ടോ മറ്റോ സ്ഥിരപ്പെട്ടതാക്കുക എന്നാണർത്ഥം. ഇവിടെ എഴുത്ത് തന്നെയാണ് ഉദ്ദേശ്യം.
ഹൃദയവേദന പ്രണയത്തെ സ്ഥിരപ്പെടുത്തി എന്ന് പറയുന്നത് രോഗം മനുഷ്യനെ നശിപ്പിച്ചു എന്ന് പറയും പോലോത്ത ആലങ്കാരിക പ്രയോഗമാണ്. യഥാർത്ഥത്തിൽ ഹൃദയവേദന പ്രണയ സ്ഥിരീകരണത്തിനും രോഗം മനുഷ്യ നാശത്തിനുമുള്ള കാരണങ്ങൾ മാത്രമാണ്.
അനം – വിരല്ത്തുമ്പ് പോലെ മിനുസമുള്ള ഒരു മരമാണെന്ന് ഖർപൂതി പറയുന്നു. മൈലാഞ്ചിച്ചെടിയാണെന്ന് പറയുന്നവരുമുണ്ട്.
ലഫ് വനശ്റ് മഅകൂസ് (roll and reversediffusion) ഈ വരിയിൽ ഉപയോഗിച്ച് സാഹിത്യ ശൈലിയാണ് ആദ്യം കുറച്ചു വസ്തുക്കളെ പറയുകയും പിന്നീട് അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിപരീതക്രമത്തിൽ പറയുകയും ചെയ്യുന്നതിനാണ് ലഫ് വനശ്റ് മഅകൂസ് എന്ന് പറയുന്നത്. ആദ്യം ചുവപ്പിനെയും (കണ്ണ് നീർ ചാലുകൾ) മഞ്ഞ നിറത്തെയും ( രോഗം) പറഞ്ഞു. രണ്ടാംപകുതിയിൽ ഇതിനു വിപരീതമായി ആദ്യം മഞ്ഞയുമായി (രോഗവുമായി ) ബന്ധപ്പെട്ട മഞ്ഞ പനിനീർപൂവിനെയും പിന്നീട് ചുവപ്പുമായി (കണ്ണ്നീർചാൽ ) ബന്ധപ്പെട്ട ചെമ്പൻ മരത്തേയും പറഞ്ഞു. ഇതിലൂടെ കവിതയുടെ പ്രാസം കൃത്യമാക്കാനുമായി.
ഈ വരിയുടെ ആശയത്തെ ഇങ്ങനെ സംഗ്രഹിക്കാം: നീതിമാന്മാരായ രണ്ട് സാക്ഷികൾ നിനക്ക് സ്നേഹമുണ്ടെന്നതിന് സാക്ഷി നിന്ന് കഴിഞ്ഞു. നിനക്കവർ നീതിമാന്മാരല്ലെന്ന് തെളിയിക്കാനായില്ല നിനക്കെതിരായി ന്യായാധിപൻ ഒരിക്കലും തിരുത്തപ്പെടാത്ത വിധിയും വന്നു. നിൻറെ ഇരുകവിളിലും പ്രണയത്തിൻറെ സാക്ഷ്യപത്രം രണ്ട് വരകൾ കൊണ്ട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിന്നെ കാണുന്ന ഏതൊരാൾക്കും അനുരാഗത്തിന്റെ അടയാളം നിൻ കവിളുകളിൽ നിന്ന് വായിച്ചെടുക്കാനാവും. ഇനി നീ എങ്ങനെ നിൻറെ അനുരാഗത്തെ നിഷേധിക്കും? നിന്റെ നിഷേധം ഫലിക്കാൻ പോകുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here