പ്രണയത്തിന്റെ അന്തര്‍ധാരകള്‍ അറിയാറുണ്ടോ?

സാദിഖ് വി.പി അരീക്കോട്‌

0
2022

ഇണക്കുരുവി ‘ഭീകരമായ ക്യാന്‍സറിന് അടിമപ്പെട്ടിരിക്കുന്നുന്നെ വാര്‍ത്ത റഷീദിനെ (പേര് യഥാര്‍ത്ഥമല്ല) തളര്‍ത്തിയില്ല. ദീനീബോധമുളള ആ ചെറുപ്പക്കാരന്‍ തന്നാലാവും വിധം തന്റെ പ്രിയതമയെ ചികിത്സിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ സെന്ററായ സി.എം.സി വെല്ലൂരില്‍ തന്നെ മൂന്ന് തവണ കൊണ്ടുപോയി. തനിക്ക് പരിചയമുളള മുഴുവന്‍ ആത്മീയ സദസ്സുകളിലും ‘ഭാര്യയുടെ രോഗശാന്തിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. സാധ്യമായ ‘ഭൗതിക സംവിധാനങ്ങള്‍ ഒരുക്കുന്നതോടുകൂടി ആത്മീയ ചികിത്സയുടെ വഴിയും അയാള്‍ പരീക്ഷിച്ചിരുന്നു. ചികിത്സകളോട് പോസിറ്റീവായി ‘ഭാര്യയുടെ ശരീരം പ്രതികരിക്കുകയും ബ്ലഡ് കൗണ്ട് നോര്‍മല്‍ അവസ്ഥയിലെത്തുകയും ചെയ്ത അതേ സമയത്ത് തന്നെയാണ് ‘ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അയാളെ ആനന്ദ പുളകിതനാക്കുന്നത്. പിറന്നു വീഴാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുളള ആലോചനകള്‍ അയാള്‍ക്ക് നല്‍കിയത് സ്വര്‍ഗിയാനുഭൂതിയായിരുന്നു. അതിനിടക്കാണ് തന്റെ ‘ഭാര്യ ഗര്‍ഭം ധരിക്കാന്‍ പാടില്ലെന്ന അത്യധികം അപകടകരമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ‘ഭാര്യാമാതാവിന്റെ കയ്യില്‍ നിന്ന് അയാള്‍ക്ക് കിട്ടുന്നത് . സ്വന്തം ഉമ്മയെപ്പോലെ താന്‍ സ്‌നേഹിക്കാന്‍ കടപ്പെട്ട ‘ഭാര്യാമാതാവ് തന്നില്‍ നിന്ന് ഒളിപ്പിച്ചു വെച്ചതായിരുന്നു ആ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷമായി മാരകമായ ക്യാന്‍സറിന് അടിമയാണ് തന്റെ ‘ഭാര്യ. ക്യാന്‍സര്‍ ബാധിച്ച തൈറോയിഡ് ഗ്രന്ഥി ഓപ്പറേഷന്‍ ചെയ്ത് എടുത്ത് കളഞ്ഞിട്ടുണ്ട്. ക്യാന്‍സര്‍ ലംഗ്‌സിലേക്ക് പകര്‍ന്നപ്പോള്‍ കോഴിക്കോട്ടെ മികച്ച ആശുപത്രികളില്‍ വെച്ച് ഹൈഡോസ് റേഡിയോ തെറാപ്പിയും ചെയ്തിട്ടുണ്ട്. ഇതൊന്നും തന്നെയറിയിക്കാതെയാണ് ഈ പെണ്ണിനെ തനിക്ക് ‘ഭാര്യയാക്കിത്തന്നിരിക്കുന്നത്. ധര്‍മബോധമുളള ആ ചെറുപ്പക്കാരന്‍ മുഴുവന്‍ പ്രതിസന്ധികളെയും അല്ലാഹുവിലേക്ക് ഏല്‍പ്പിച്ച് സധൈര്യം മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു. ‘ഭാര്യയുടെ ചികിത്സയില്‍ നിന്ന് ഒരല്‍പം പോലും പിന്നോട്ടു നീങ്ങാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അതിനിടക്കാണ് ഏതൊരു ‘ഭര്‍ത്താവും കേള്‍ക്കാന്‍ വെറുക്കുന്ന വാര്‍ത്ത തന്റെ പെണ്ണില്‍ നിന്ന് അയാള്‍ കേള്‍ക്കാനിടയാകുന്നത്. മൂന്ന് വര്‍ഷം മുമ്പ് താന്‍ തുടങ്ങിയ പ്രണയ ജീവിതത്തിലെ കാമുകനെ ധ്യാനിച്ചുകൊണ്ടാണത്രെ ഇത്രയും നാള്‍ ‘ഭാര്യ തന്നോടുകൂടെ കഴിച്ചുകൂട്ടിയത്.

* * * * * * * * *
എം.ബി.ബി.എസ് പഠനത്തിനു വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് മാരകമായ ക്യാന്‍സര്‍ പിടിപെടുന്നത്. പ്രഥമ ഘട്ടമായി ആത്മീയ ചികിത്സയുടെ വഴി സ്വീകരിച്ചെങ്കിലും ക്യാമ്പസിലെ പഠനത്തിരക്കുകള്‍ക്കിടയില്‍ ചികിത്സാരീതികളോടും
ചിട്ടകളോടും അനുസരണയോടെ പ്രതികരിക്കാന്‍ പെണ്‍കുട്ടിക്കായില്ല. സ്വാഭാവികമായും രോഗത്തിന്റെ വീര്യം കൂടിറക്കാണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് താന്‍ ഇടക്കിടെ കേള്‍ക്കുന്ന പ്രഭാഷകനെ വിളിച്ച് തന്റെ രോഗവിവരം ധരിപ്പിക്കാനും ദുഅ ചെയ്യിപ്പിക്കാനുംവേണ്ടി പെണ്‍കുട്ടി തീരുമാനിക്കുന്നത്. പക്ഷേ, ഫോണെടുത്തതാകട്ടെ ഉസ്താദിന്റെ ഡ്രൈവറും . പിന്നീട് രണ്ട് മൂന്നു തവണ വിളിച്ചപ്പോഴും ഡ്രൈവര്‍ തന്നെയാണ് ഫോണെടുത്തത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ താന്‍ ക്യാന്‍സര്‍ രോഗിയാണെന്നും ഉസ്താദിനോട് ദുഅ ചെയ്യിപ്പിക്കാനാണ് വിളിച്ചതെന്നും പറഞ്ഞപ്പോള്‍ ‘സഹതാപം ‘ തോന്നിയ ഡ്രൈവര്‍ ആ നമ്പര്‍ തന്റെ ഫോണില്‍ സേവ് ചെയ്തു വെച്ചു. പിന്നീട് ഇടക്കിടെ മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ തുടങ്ങി. ഇടക്കിടെ തന്റെ ഫോണിലേക്ക് വരുന്ന മെസ്സേജുകളിലൂടെ തന്നെ ശ്രദ്ധിക്കുന്ന ആരോ ഉണ്ടെന്ന ധാരണയാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ മനസ്സ് കീഴടക്കിയത്. ആദ്യമാദ്യം ഉസ്താദിന്റെ സുഖവിവരങ്ങളിലും ഉസ്താദിനോടൊത്തുളള യാത്രാവിവരണങ്ങളിലുമൊതുങ്ങിയ സംസാരം ദിശമാറിയൊഴുകാന്‍ അധിക സമയം വേണ്ടി വന്നില്ല. രാത്രി രണ്ടു മണി വരെയും മൂന്ന് മണിവരെയും നീളുന്ന ഫോണ്‍ വിളികളില്‍ അവരുടെ പ്രണയം പൂത്തുലഞ്ഞു. വാട്ട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും ഫോട്ടോകള്‍ പരസ്പരം കൈമാറി. അവസാനം തങ്ങള്‍ക്കിടയില്‍ വളരെ രഹസ്യമായി തുടര്‍ന്നിരുന്ന ബന്ധം പരസ്യമാക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. പെണ്ണിന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും സന്തോഷം. പെണ്ണിന്റെ സഹോദരീഭര്‍ത്താവ് കാമുകനുമായി സംസാരിച്ചപ്പോഴാണ് തന്റെ സഹോദരിയെ പത്ത് ലക്ഷം രൂപ സ്ത്രീധനമായി കൊടുത്താണ് വിവാഹം ചെയ്യിപ്പിച്ചത് എന്നും വിവാഹ സംബന്ധിയായി തന്റെ നാട്ടില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെക്കുറിച്ചും അയാള്‍ സൂചിപ്പിച്ചത്. താന്‍ ആവശ്യപ്പെടുന്ന സ്ത്രീധനത്തെക്കുറിച്ച് പറയാതെ പറഞ്ഞു വെക്കുകയായിരുന്നു അയാള്‍. വേണ്ടത്ര സാമ്പത്തിക ‘ഭദ്രതയില്ലാത്ത കുടുംബം, ഓടിട്ട വീട്, ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടി തുടങ്ങിയ വിശേഷണങ്ങള്‍ പേറുന്ന തന്റെ മോളുടെ വിവാഹം എങ്ങനെ നടക്കാനാണ് എന്ന ആശങ്ക ഈ വിവാഹത്തിന് സമ്മതം മൂളുന്നതിന് വീട്ടുകാരെ നിര്‍ബന്ധിതരാക്കി. പക്ഷേ, കാര്യങ്ങളിങ്ങനെയൊക്കെയായിട്ടും പെണ്‍കുട്ടിയുടെ പ്രവാസിയായ പിതാവ് ഇതൊന്നും അറിഞ്ഞിരുന്നില്ല. മതപരമായ അച്ചടക്കങ്ങള്‍ പൂര്‍ണമായും തന്റെ ജീവിതത്തില്‍ പകര്‍ത്തുന്ന അദ്ധേഹം ഇക്കഥകളറിഞ്ഞാല്‍ ഇത്തരമൊരു ബന്ധത്തിന് സമ്മതം ലഭിക്കില്ലെന്ന ‘ഭയമായിരുന്നു അവരെ തടഞ്ഞു നിര്‍ത്തിയ ഘടകം.
* * * *

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് മകള്‍ക്കനുയോജ്യനായ വരനെ അന്വേഷിച്ച് പലരുമായും ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് ദര്‍സില്‍ പഠിക്കുന്ന ഒരു മുതഅല്ലിം വഴി നിലവിലെ ‘ഭര്‍ത്താവിലേക്ക് അന്വേഷണം ചെന്നെത്തുന്നത്. നല്ല സാമ്പത്തിക ആസ്തിയും ഉയര്‍ന്ന വിദ്യാഭ്യാസവും നേടിയ ചെറുപ്പക്കാരന്‍ പേരുകേട്ട കുടുംബത്തിലെ ഒരംഗം കൂടിയായിരുന്നു. ദീനീബോധമുളള ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് പലരുമായും ബന്ധപ്പെട്ട ഇയാള്‍ യാദൃച്ഛികമായാണ് ഈ കുടുംബവുമായി ബന്ധപ്പെടുന്നത്. പെണ്‍കുട്ടിയുടെ തറവാട്ടു മഹിമയോ സാമ്പത്തിക സ്ഥിതിയോ ഒന്നും ഇയാള്‍ക്ക് പ്രശ്‌നമായിരുന്നില്ല. താന്‍ വിവാഹം ചെയ്തു കൊണ്ടുവരുന്ന കുട്ടി മതകീയമായ അച്ചടക്കങ്ങള്‍ പാലിക്കുന്നവളാകണം എന്ന ഒറ്റ ഡിമാന്റെ അയാള്‍ മുന്നോട്ടുവെച്ചിരുന്നുളളൂ. നാട്ടിലെ ദീനി ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പ്രബോധന പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊളളുകയും ചെയ്യുന്ന പിതാവിന്റെ മകള്‍ എന്ന നിലക്ക് ആര്‍ക്കും ഒരു എതിരഭിപ്രായവും ഈ കുടുംബത്തെക്കുറിച്ച് ഉണ്ടായിരുന്നില്ല. പിളള ചമഞ്ഞിരുന്ന പെണ്‍കുട്ടി ക്യാമ്പസിലെത്തിയാല്‍ നിറം മാറുന്ന ചിത്രം ആരുമറിയാതെ പോയി. ക്യാന്‍സറിന്റെ ചികിത്സയെല്ലാം വളരെ രഹസ്യമായി നടന്നതിനാല്‍ അയല്‍വാസികള്‍ക്കുപോലും പെണ്‍കുട്ടിയുടെ രോഗത്തെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. കൈ മുറിഞ്ഞാല്‍ പുറത്തു വരുന്ന ചോരയില്‍ പോലും സുന്നിസം ഉണ്ടാവും എന്ന തരത്തിലുളള കമന്റുകള്‍ അയല്‍വാസികളില്‍ നിന്നും പെണ്‍കുട്ടിയുടെ നാട്ടുകാരായ തന്റെ കൂട്ടുകാരില്‍ നിന്നും കേട്ടപ്പോള്‍ ചെറുക്കന്‍ മറുത്തൊന്നും ആലോചിച്ചില്ല. സാമ്പത്തികമായ ഡിമാന്റുകളൊന്നുമില്ലാതെ അന്തസ്സുളള തറവാട്ടിലെ ചെറുപ്പക്കാരന്‍ തങ്ങളുടെ മകളെ അന്വേഷിച്ച് വന്നപ്പോള്‍ നേരത്തെ പല കരാറുകളിലും ഒപ്പിട്ടിരുന്ന പെണ്‍കുട്ടിയുടെ മാതാവ്, സഹോദരി ,അളിയന്‍ തുടങ്ങിയവര്‍ എല്ലാം മറന്നു. ഇതിലും മികച്ചൊരു ബന്ധം തന്റെ മോള്‍ക്ക് വേറെയിനി ലഭിക്കില്ലായെന്ന് തിരിച്ചറിഞ്ഞ മാതാവ് പെണ്‍കുട്ടിയോട് കരഞ്ഞുപറഞ്ഞ് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു .

* * * *

തന്റെ ‘ഭാര്യ മാരകമായ കാന്‍സര്‍ രോഗത്തിനടിമയാണെന്ന വാര്‍ത്ത കാതിലെത്തിയ സമയം തന്നെ അവളെ വിവാഹമോചനം ചെയ്യാന്‍ ഈ യുവാവിനാകുമായിരുന്നു. അല്ലാഹു അനുവദിച്ചതില്‍ വെച്ച് ഏറ്റവും വെറുക്കപ്പെട്ട കൃത്യം ത്വലാഖാണ് എന്ന തിരുവചനമായിരുന്നു അയാളെ ഇതില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയത്. ഒരു രോഗിയെയാണ് എല്ലാവരും ചേര്‍ന്ന് തന്റെ തലയില്‍ കെട്ടിവച്ചത് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടും തളരാതെ അയാള്‍ ആവശ്യമായ ചികിത്സ നടത്തി. ഒരു ‘ഭര്‍ത്താവെന്ന നിലക്ക് ‘ഭാര്യയില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട പലതും ലഭിക്കുന്നില്ലെന്ന ബോധ്യമുണ്ടായിട്ടും അയാള്‍ സഹിച്ചു. കഴിഞ്ഞ ഏഴ് മാസവും മറ്റൊരുത്തനെ മനസ്സില്‍ വെച്ചു കൊണ്ടാണ് ‘ഭാര്യ തന്നോടുകൂടെ കഴിച്ചുകൂട്ടിയതെന്ന വാര്‍ത്ത തന്റെ ചെവിയിലെത്തിയപ്പോഴും അരുതാത്തതൊന്നും ചിന്തിക്കാന്‍ ആ യുവാവ് തയ്യാറായില്ല. പെണ്ണിന്റെ ഉമ്മയെ വിവരം ധരിപ്പിച്ചപ്പോള്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രണയമെല്ലാം സാധാരണയല്ലേയെന്ന മറുപടിയാണ് ലഭിച്ചത്. അര്‍ദ്ധരാത്രികളിലും തന്റെ അസാന്നിദ്ധ്യത്തിലും ‘ഭാര്യക്ക് വരുന്ന ഫോണ്‍ കോളുകളെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അതെല്ലാം എല്ലാവര്‍ക്കും വരുന്നതല്ലേയെന്ന തരത്തില്‍ ഒരു പ്രവാസിയുടെ ‘ഭാര്യ കൂടിയായ അവര്‍ പ്രകടിപ്പിച്ച നിസ്സംഗ മനോഭാവത്തില്‍ നിന്ന് തന്നെ വിഷയത്തിന്റെ അപകടനില വളരെ വലുതാണെണ് അയാള്‍ മനസ്സിലാക്കിയിരുന്നു. ഇങ്ങനെയൊക്കെയായിട്ടും വിവാഹമോചനത്തിന്റെ വാതില്‍ തുറക്കാന്‍ അയാള്‍ തയ്യാറായില്ല. മനുഷ്യരല്ലേ, ജീവിതത്തില്‍ തെറ്റുപറ്റാം. തന്റെ ‘ഭാര്യയെ ഉപദേശിച്ചു നന്നാക്കിയെടുക്കാം എന്ന പ്രത്യാശയായിരുന്നു അയാളെ മുന്നോട്ടു നയിച്ചത്. എന്നാല്‍ മറ്റൊരുത്തനെ മനസ്സില്‍ ധ്യാനിച്ചു കഴിയുന്ന അവള്‍ ‘ഭര്‍ത്താവും ബന്ധപ്പെട്ട മുതിര്‍ന്നവരും മുന്നോട്ടുവെച്ച കൗണ്‍സിലടക്കമുളള പരിഹാര നടപടികളെ പാടെ അവഗണിക്കുകയും ഒരു നിലക്കും ഈ ബന്ധം തുടര്‍ന്നു പോകാന്‍ സാധ്യമല്ല എന്ന നിലയിലെത്തുകയും ചെയ്തതോടെ നന്മ മാത്രം കാംക്ഷിച്ച നിഷ്‌കളങ്കനായ ആ ചെറുപ്പക്കാരന്‍ അവസാനം വിവാഹമോചനത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

ഇനിയാര്‍ക്കും ഈയൊരു ഗതി വരരുതേ എന്ന് ഈ കഥ കേട്ട ഓരോരുത്തരും ആഗ്രഹിച്ചിരിക്കണം. ചതിയും വഞ്ചനയും വിശുദ്ധമായൊരു സാമൂഹ്യ വ്യവസ്ഥയിലും ആഴത്തില്‍ വേരൂന്നിക്കൊണ്ടിരിക്കുന്നു എന്നതിനുളള ദുസ്സൂചനയാണ് ഈ സംഭവം. ലോകത്ത് ഏറ്റവും ബലഹീനമായ വീട് ചിലന്തിയുടേതാണ്. അതെപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാം. കാരണം അവിടെ കൈകാര്യകര്‍ത്താക്കള്‍ പെണ്‍ചിലന്തികളാണ്. കുടുംബത്തിന്റെ മുഖ്യധാരയില്‍ സ്ത്രീ ഭരണം ആധിപത്യം സ്ഥാപിക്കുകയും പുരുഷന്മാര്‍ അവരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി ചുരുങ്ങുകയും ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകളുടെ ഉല്‍ഭവം. ചതിയും വിശ്വാസ വഞ്ചനയും ഇത്തരം കുടുംബങ്ങളില്‍ തുടര്‍ക്കഥയാകുന്നു. നിഷ്‌കളങ്കനായ ഒരു യുവാവിന്റെ ജീവിതമാണ് ഇവിടെ ചവിട്ടിയരക്കപ്പെട്ടത്. ‘കുടുംബത്തെ മറന്നു’ കൊണ്ട് കുടുംബത്തിന് വേണ്ടി പ്രവാസ ലോകത്ത് ചോര നിരാക്കി അധ്വാനിക്കുന്നവര്‍, അതേ നിലവാരത്തില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് മുണ്ടു മുറുക്കിയിറങ്ങുന്നവര്‍ എല്ലാം ഇതില്‍ പ്രതികളാണ്. കുടുംബത്തിന്റെ ‘ഭൗതിക സംവിധാനങ്ങളും സാമ്പത്തിക സ്ഥിതിയും ‘ഭദ്രമാക്കുന്നതോടു കൂടെ ‘ഭാര്യയും മക്കളും പേരമക്കളുമടങ്ങുന്ന തന്റെ ആശ്രിത സമൂഹത്തിന്റെ അച്ചടക്കവും അവരുടെ ധാര്‍മിക നിലവാരവും കൂടി മെച്ചപ്പെടുത്താന്‍ കുടുംബനാഥന്മാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here