പേരും പ്രശസ്തിയും

മുഹമ്മദ് ബാഖവി മാട്ടൂൽ

0
2814

സൽപേര് മഹത്തായ ഒരു ഗുണവിശേഷമാണ്. പ്രവാചകന്മാരുടെ തന്നെ പ്രാർത്ഥനയുടെ ഭാഗമാണത്. ‘പിൻഗാമികളിൽ എനിക്ക് സൽപേര് നൽകേണമേ’ എന്ന ഇബ്‌റാഹീം നബി (അ)ന്റെ പ്രാർഥന വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. ‘ആ പ്രവാചകർക്ക് നാം ഉന്നതമായ സൽകീർത്തി നൽകി’ എന്നു വിശുദ്ധ ഖുർആൻ അറിയിക്കുകയും ചെയ്യുന്നുണ്ട്.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പ്രവാചകത്വലബ്ധിക്ക് മുമ്പ് വിശ്വസ്തതക്കും സത്യസന്ധതക്കും പേര് കേട്ട യുവാവായിരുന്നു. നാട്ടുകാർ അമൂല്യ വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ഏൽപിച്ചിരുന്നതും അഭിപ്രായ വ്യത്യാസങ്ങളിൽ തീരുമാനം കൈകൊള്ളാൻ സമീപിച്ചിരുന്നതും തങ്ങളെയായിരുന്നു. ‘താങ്കൾ കളവുപറഞ്ഞ അനുഭവം നമുക്കാർക്കും ഇല്ല’ എന്ന് അവർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തി.
നിയോഗത്തിനുശേഷം തങ്ങളുടെ യശസ് ഇരുലോകത്തും അത്യുന്നതിയിലായി. ‘താങ്കളുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു’ എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. നബിയുടെ സൽസ്വഭാവത്തിലോ സൽപേരിലോ അവർക്കാർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ജഅഫർ(റ) പറയുന്നു; ‘അല്ലാഹു നിയോഗിച്ച പ്രവാചകൻ നമ്മളിൽ പെട്ടവരായിരുന്നു. തങ്ങളുടെ തറവാടും സത്യസന്ധതയും വിശ്വസ്തതയും പവിത്രതയും നമുക്ക് ബോധ്യമുള്ളതുമാണ്.’
മറ്റൊരുദാഹരണമാണ് റോമൻ രാജാവ് ഹിർഖലൂം ശത്രുപക്ഷത്തായിരുന്ന അബൂ സുഫ്‌യാനും തമ്മിൽ നടന്ന അഭിമുഖം. ‘മുമ്പ് കളവ് പറഞ്ഞതായി സംശയിക്കുന്നുണ്ടോ’ എന്ന ഹിർഖലിന്റെ ചോദ്യത്തിന്, അബൂ സുഫ്‌യാൻ ‘ഇല്ല’ എന്നു മറുപടി പറഞ്ഞു. തത്സമയം രാജാവ് അഭിപ്രായപ്പെട്ടു; ‘ജനങ്ങളുടെ മേൽ കളവുപറയാത്ത ആൾ ദൈവത്തിന്റെ മേൽ കളവുപറയില്ല.’ സൽപേര് സമ്പാദിച്ചവൻ ജനങ്ങളുടെ ഇടയിൽ മാത്രമല്ല അല്ലാഹുവിങ്കലും ഉന്നതനാണ്. യൂസുഫ് നബി (അ)യെ പ്രശംസിച്ചുകൊണ്ട് സ്ത്രീകൾ പറഞ്ഞത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു; ‘അല്ലാഹുവിനെ തന്നെ സത്യം! അദ്ദേഹത്തിനെ പറ്റി മോശമായതൊന്നും നമുക്കറിയില്ല’ അതു പോലെ നജ്ജാശി രാജാവിനെ സംബന്ധിച്ച് തിരു നബി (സ) പറഞ്ഞത് ഹദീസിൽ കാണാം; ‘എത്യോപ്യയിൽ ഒരു രാജാവുണ്ട്, അദ്ദേഹത്തിന്റെ അടുത്ത് ആരും അക്രമിക്കപ്പെടുകയില്ല’ അദ്ദേഹത്തിന്റെ കീർത്തി കാലാന്തരങ്ങളായി അവശേഷിക്കുകയാണ്.

സമ്പാദനം
വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് സ്‌നേഹം നൽകുമെന്ന് വിശുദ്ധ ഖുർആൻ പറയുന്നു. ജന മനസുകളിൽ അവർക്ക് സ്വീകാര്യത ലഭിക്കും. സത്കർമങ്ങളും സൽസ്വഭാവവും തന്നെയാണല്ലോ സൽപേര് നേടിത്തരുന്നത്. നല്ല വ്യക്തി എന്നാൽ നല്ല വാക്കുകളും നല്ല പ്രവർത്തനങ്ങളും നല്ല പെരുമാറ്റവുമാണ്. ഒരു വിശ്വാസി പരിശ്രമിക്കേണ്ടതും അതിനുവേണ്ടി തന്നെയാണ്. തിരുനബി(സ) അരുളി; ‘സംശയമുള്ളത് ഉപേക്ഷിച്ചവൻ അവന്റെ മതവും മാനവും കാത്തു.’
വ്യക്തിയുടെ സൽപേര് സമൂഹത്തിനു സൽപേരുണ്ടാക്കുന്നു. സന്താനങ്ങളുടെ സൽസ്വഭാവം തറവാടിനെ പ്രശസ്തമാക്കുന്നു. ഉദ്യോഗസ്ഥന്റെ മിടുക്കും പെരുമാറ്റ മികവും സ്ഥാപനത്തിനും സുപ്രസിദ്ധി നൽകുന്നു. ഇപ്രകാരം വ്യക്തിയുടെ പേര് വ്യത്യസ്ത തലങ്ങളിൽ പ്രതിഫലിക്കുന്നു.

പ്രയോജനം
സൽകീർത്തിക്ക് ജനമനസുകളിലെ സ്വാധീനം ഗാഢമാണ്. ജനങ്ങൾ അവരിൽ വിശ്വാസം അർപിക്കുകയും തുടർന്നു പൊതുസ്വീകാര്യത ലഭിക്കുകയുംചെയ്യുന്നു. വിശ്വസ്തതക്ക് പേര് നേടിയ വ്യാപാരി ഭൗതികമായി ലാഭം നേടുന്നതിന്പുറമെ പരലോകത്തും വിജയംനേടുന്നു. അതുപോലെ പ്രശസ്തനായ അധ്യാപകൻ സർവരാലും ആദരിക്കപ്പെടുന്നു. സൽപേര് നേടിയ തൊഴിലാളി പ്രശംസിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ സന്തോഷങ്ങൾ പരലോകത്ത് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ മുന്നോടിയാണ്. സൽകർമങ്ങൾ ചെയ്യുകയും അതിന്റെ പേരിൽ പ്രശംസിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെപറ്റി അഭിപ്രായം ചോദിച്ചപ്പോൾ തിരുനബി (സ) പറഞ്ഞു; ‘അത് സത്യവിശ്വാസിക്ക് പെട്ടെന്ന് ലഭിക്കുന്ന സന്തോഷമാണ്’.
ഉത്തരവാദിത്തമനുസരിച്ച് സൽപേരിന്റെ പ്രാധാന്യം വർധിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രശസ്തി അവിടെയുള്ള ഓരോ പൗരന്റെയും പ്രശസ്തിയാണ്. പൗരന്മാരിൽ നിന്നു അവർ രാഷ്ട്രത്തിന്റെ ദൂതന്മാരെന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. രക്തസാക്ഷികൾ ഉൾപെടയുളള പൂർവസൂരികൾ രാജ്യത്തിന് നേടിക്കൊടുത്ത സൽപേര് കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. സമാധാനത്തിനും സ്ഥിരതക്കും സഹായ സഹകരണത്തിനും പ്രദേശികമായും ലോകതലത്തിലുമുള്ള രാജ്യത്തിന്റെ മഹത്തായ കീർത്തി പൂർവാധികം ഉന്നതിയിൽ നിലനിർത്തേണ്ടതും ഈ സംസ്‌കാരം വരും തലമുറകൾക്ക് പകർന്നുകൊടുക്കേണ്ടതും നമ്മുടെ ബാധ്യതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here