പുഞ്ചിരിയുടെ മതവും ശാസ്ത്രവും

മുഹമ്മദ് ശാഫി പാലക്കാപറമ്പ്

0
2146

ആനന്ദം കൊണ്ട് ലോകത്തെ തോല്‍പ്പിച്ച ഒരു ഗ്രാമമുണ്ട്; യു.എസിലെ പെന്‍സില്‍വാനിയയിലെ റോസെറ്റോ ഗ്രാമം. മാംസാഹാരങ്ങള്‍ക്കടിമപ്പെട്ട ഇവര്‍ക്കിടയില്‍ മരണനിരക്കും ഹൃദ്രോഗവും നന്നേകുറവാണ്. ഈ ഗ്രാമത്തിലെ ജീവിതരീതി പഠിക്കാന്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. നിരീക്ഷകരുടെ അന്വേഷണമെത്തിയത് ഗ്രാമത്തിലെ വ്യായാമ രീതികളിലാണ്. മടിയന്മാരും കായികാധ്വാനശീലമില്ലാത്തവരുമാണെങ്കിലും ഇവര്‍ക്കിടയിലെ ഐക്യവും പുഞ്ചിരിയുമാണ് ആനന്ദത്തിന്റെ കാരണമെന്ന്  നിരീക്ഷണം കണ്ടെത്തി.
പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നോര്‍മന്‍ കസിന്‍സ്. 1964ല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റഷ്യയിലേക്ക് നടത്തിയ ഒരു യാത്രക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന് കലശലായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈദ്യപരിശോധനയില്‍ ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസാണ് രോഗമെന്ന് കണ്ടെത്തി. ഈ രോഗം പിടിപെട്ടവരില്‍ അഞ്ഞൂറില്‍ ഒരാള്‍ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താറുള്ളൂവെന്നും അധികകാലം ഇനി ജീവിതമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷേ ഈ യാഥാര്‍ഥ്യം അദ്ദേഹത്തെ തളര്‍ത്തിയില്ല. ഏതൊരു പ്രശ്‌നത്തിനും പോസിറ്റീവ് എനര്‍ജിയിലൂടെ പരിഹാരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാനസിക സംഘര്‍ഷമാണ് രോഗത്തിന് കാരണമെന്ന് മനസിലാക്കിയ അദ്ദേഹം ഉടനെ ഹോസ്പിറ്റല്‍ വിട്ട് വഴിയരികിലെ ഹോട്ടലില്‍ ഒരു മുറിയെടുത്തു. തന്റെ റൂമില്‍ വലിയ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഹാസ്യഫിലിമുകളും ചുവരിലെ ചിത്രങ്ങളും കണ്ട് ദിനേന ചിരിച്ചും രസിച്ചും ആനന്ദം കണ്ടെത്തി. അദ്ദേഹത്തിന് വളരെ ആശ്വാസം തോന്നി. ദിവസം തോറും വേദന കുറയുകയും ചെയ്തു. നാല് മാസം കഴിഞ്ഞു. അതിശയം തോന്നിയ അദ്ദേഹം പഴയ  ഡോക്ടറെ സമീപിച്ചു. അപ്പോഴേക്കും രോഗം വളരെ നോര്‍മലായിട്ടുണ്ടായിരുന്നു.
പ്രസ്തുത സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് പുഞ്ചിരിയുടെ നല്ലവശങ്ങളെയാണ്. പ്രത്യേകിച്ചും പുതിയ കാലത്ത് മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന ഒന്നാണ് പുഞ്ചിരിയുടെ കാര്യം. സ്രഷ്ടാവ് വരദാനമായി നല്‍കിയ പുഞ്ചിരിയെ മസിലുപിടിച്ച് മറച്ചുപിടിക്കുന്നവരാണ് പലരും. ഒരു ചെറുപുഞ്ചിരി നല്‍കിയാല്‍ തന്റെ മുഖത്തെ ഗാംഭീര്യം നഷ്ട്ടപ്പെടുമെന്ന ചിന്തയാണ് ഇതിന്  കാരണം. ദുരഭിമാനവും പകയും വിദ്വേഷവുമായിരിക്കും ചിലരെ പുഞ്ചിരിയില്‍ നിന്ന് തടയുന്നത്. യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. അവനില്‍  നിര്‍ബന്ധമായും ഉണ്ടാവേണ്ട ഒന്നാണ് ‘ഞാന്‍’ എന്നതിനപ്പുറം ‘നമ്മള്‍’ എന്ന ചിന്ത. ഞാന്‍ നമ്മളാവുമ്പോള്‍ മാത്രമാണ് മറ്റുള്ളവരെയും ഉള്‍കൊള്ളാനുള്ള മനസ്സുണ്ടാവുകയുള്ളൂ. മറ്റുള്ളവരെ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ മുഖത്ത് നിഷ്‌കപടമായ പുഞ്ചിരി പ്രകടമാകുകയുള്ളൂ. പുഞ്ചിരിയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണവും ശാസ്ത്ര കണ്ടെത്തലുകളും മനുഷ്യനില്‍ പുഞ്ചിരിയുണ്ടാവേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നുണ്ട്.

പുഞ്ചിരിയുടെ ശാസ്ത്രം
വായയുടെ ഇരുവശത്തുമുള്ള പേശികളെ വളയ്ക്കുന്നത് മൂലം രൂപപ്പെടുന്ന മുഖഭാവമാണ് പുഞ്ചിരി. മനുഷ്യനില്‍ സുഖം, സന്തോഷം, ഉല്ലാസം തുടങ്ങിയവ പ്രകടിപ്പിക്കുമ്പോഴാണ് സാധാരണ പുഞ്ചിരി പ്രത്യക്ഷപ്പെടുന്നത്. ‘പൂക്കള്‍ക്ക് സൂര്യപ്രകാശമേല്‍ക്കും പോലെയാണ് മനുഷ്യരാശിക്ക് ചിരി’ എന്നാണ് ചിന്തകന്‍ ജോസഫ് ആഡിസണ്‍ പറയുന്നത്. ഇരുപത് സെക്കന്‍ഡ് നേരത്തെ ഹൃദ്യമായ ചിരി മൂന്നു മിനുറ്റ് നേരത്തെ ശക്തിയായ വള്ളംതുഴയലിന് തുല്യമാണെന്നാണ് ശാസ്ത്രപഠനം. നിരന്തരം ഉപയോഗിക്കാവുന്ന നല്ല മെഡിസിനായാണ് മന്ദഹാസത്തെ വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ശരീരത്തിന് ക്ലേശരഹിതമായ അവസ്ഥ പ്രധാനം ചെയ്യുന്ന രാസവസ്തുക്കളായ ‘എന്‍ഡോസര്‍ഫിനുകള്‍’ പുഞ്ചിരിയിലൂടെ വര്‍ധിക്കുമെന്നാണ്  ശാസ്ത്രമൊഴി. മാത്രമല്ല, മാനസിക പിരിമുറുക്കത്തിന് ഹേതുവാകുന്ന ‘ഹെപ്പിനെ ഫ്രിന്‍,ഡോപ്പമൈന്‍’ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറക്കുകയും ചെയ്യുന്നു. ആന്തരാവയവങ്ങള്‍ളെ ബാധിക്കുന്ന രോഷം, അമര്‍ഷം, വൈരാഗ്യം എന്നീ രോഗങ്ങളില്‍ നിന്നും നൂറ് ശതമാനം മുക്തി നിറപുഞ്ചിരിയിലൂടെ ലഭിക്കുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടി ശ്വാസകോശ സംവിധാനത്തെ  മെച്ചപ്പെടുത്താനും രക്തക്കുഴലുകളിലൂടെ രക്തം ഹൃദയത്തിലേക്കെത്തുന്ന സംവിധാനം വേഗത്തിലാക്കാനും പുഞ്ചിരി കാരണമാകുന്നു. ഹൃദ്യമായുള്ള ഒരു പുഞ്ചിരിക്ക് ഇരുപത്തിരണ്ട് പേശികള്‍ മാത്രമേ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. എന്നാല്‍ മുഖം വീര്‍പ്പിച്ചിരിക്കാന്‍ നാല്‍പത്തിമൂന്ന് പേശികള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം.
മനം നിറഞ്ഞ പുഞ്ചിരിയോടെ രോഗിയെ അഭിമുഖീകരിക്കുന്ന ഡോക്ടര്‍ക്ക് തന്റെ രോഗികളുടെ രോഗം എളുപ്പത്തില്‍ ശമിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ മുഖഭാവം പ്രായംചെന്ന രോഗികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഐക്യനാടുകളിലെ ഗവേഷകര്‍ ഒരു പഠനം നടത്തുകയുണ്ടായി. ഊഷ്മളതയും കരുതലും താത്പര്യവും സഹാനുഭൂതിയും  പ്രകടിപ്പിച്ചുകൊണ്ടുള്ള ഡോക്ടറുടെ മുഖഭാവം രോഗികളെ കൂടുതല്‍ സംതൃപ്തരാക്കുകയും അതുവഴി അവരുടെ ശാരീരികവും മാനസികവുമായ അരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തി.

പുഞ്ചിരി :
ഇസ്‌ലാമിക വീക്ഷണം
നന്മ നിറഞ്ഞ മനസുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാവുകയുള്ളൂ എന്നത് ഒരു പൊതുധാരണയാണ്. ഇസ്‌ലാമിക ചരിത്രങ്ങളിലും പാഠങ്ങളിലും ‘ഖല്‍ബുന്‍ സലീം’ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം നബി(അ)മിന്റെ വിശിഷ്ട ഗുണമായിരുന്നു ‘ഖല്‍ബുന്‍ സലീം’. പകയും വെറുപ്പുമുള്ളവന്റെ ഹൃദയം കരിമ്പാറയേക്കാള്‍ ഉറച്ചതായിരിക്കും. അത്തരക്കാര്‍ക്ക് പുഞ്ചിരിയുടെ ധര്‍മ്മവശം മനസ്സിലാക്കാനും കഴിയില്ല. വ്യഭിചരിക്കാന്‍ അനുമതി  തേടിയെത്തിയ സ്വഹാബിയെ തിരുനബി(സ) വെറുപ്പ് പ്രകടിപ്പിക്കാതെ പുഞ്ചിരിച്ച് വരവേല്‍ക്കുകയും കെട്ടിപ്പിടിച്ച് പതിഞ്ഞ സ്വരത്തില്‍ ഉപദേശ  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ എത്ര വലിയ മാറ്റമാണുണ്ടായത്. റസൂല്‍(സ) ക്രോധത്തോടെയാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നതെങ്കില്‍ കാര്യമെന്താകുമായിരുന്നു? ഇത്തരം സ്വഭാവഗുണങ്ങള്‍ മേളിച്ച അത്ഭുത വ്യക്തിത്വമായിരുന്നവിടുന്ന്. വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കാണാം: ”താങ്കള്‍ പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ സവിധത്തില്‍നിന്നും ഓടിയകലുമായിരുന്നു.”(ആലുഇംറാന്‍)
തിരുനബി(സ)യുടെ ചിരി ഒരാള്‍ക്കും വെറുപ്പുളവാക്കുന്നതോ പ്രയാസം സൃഷ്ടിക്കുന്നതോ  ആയിരുന്നില്ല. ആയിശ(റ) പ്രസ്താവിക്കുന്നുണ്ട്: ”നബി(സ) ചെറുനാക്ക് കാണത്തക്കവിധം ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല.”(ബുഖാരി/മുസ്‌ലിം) പൊട്ടിച്ചിരിക്കേണ്ട സന്ദര്‍ഭങ്ങളില്‍  പോലും ചിരിയെ നിയന്ത്രണ വിധേയമാക്കി പുഞ്ചിരിക്കുന്ന സ്വഭാവമായിരുന്നു തിരുനബി(സ)യുടേത്.
ജാബിറുബ്‌നു സമുറത്(റ) നിവേദനം : ”സ്വഹാബത്ത് വര്‍ത്തമാനം പറയുന്നതിനിടയില്‍ ജാഹിലിയ്യാ കാല അനുഭവങ്ങള്‍ കടന്നു വരും. അപ്പോള്‍ അവര്‍ ചിരിക്കും. നബി(സ) പുഞ്ചിരി തൂകും.” (മുസ്‌ലിം). അനുയായികളോട് നേതാവും, ശിഷ്യരോട് ഗുരുവും,  തൊഴിലാളികളോട് മുതലാളിയും പുഞ്ചിരിക്കുമ്പോഴേ അവര്‍ക്കിടയിലെ ബന്ധം സ്ഫുടമാവുകയുള്ളൂ. തിരുനബി(സ)യുടെ ശിഷ്യനായ ജരീര്‍ (റ) പറയുന്നു: ”തന്നോട് ഒരിക്കല്‍പോലും തിരുനബി(സ)  ചിരിക്കാതിരുന്നിട്ടില്ല.”(ബുഖാരി)തന്റെ സഹോദരനെ മുഖപ്രസന്നതയോട് കൂടി നോക്കുന്നതുപോലും വലിയ ഇബാദത്തായാണ് ഇസ്‌ലാം കാണുന്നത്. ലുഖ്മാനുല്‍ ഹഖീം(റ) തന്റെ വസിയ്യത്തില്‍ പ്രധാനമായി പറയുന്നത്, നീ അഹങ്കാരത്തോടെ മനുഷ്യരുടെ നേര്‍ക്ക് കവിള്‍ തിരിക്കരുതെന്നാണ്. ഒന്ന് ചിരിച്ചാല്‍ തന്റെ ഗൗരവം നഷ്ട്ടപ്പെടുമെന്ന ആധിയില്‍ നില്‍ക്കുന്ന മനുഷ്യക്കോലങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പാഠങ്ങള്‍ എത്ര മഹത്തരമാണ്. പുഞ്ചിരിക്കലും പരോപകാരം ചെയ്യലും ഉപദ്രവം തടയലുമാണ് സല്‍സ്വഭാവമെന്നാണ് അബ്ദുള്ളാഹിബ്‌നു മുബാറക്(റ) പറയുന്നത്.(തുര്‍മുദി)

പൊട്ടിച്ചിരി
പൊട്ടിച്ചിരി ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. അധികമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു സദസ്സ് കണ്ടപ്പോള്‍ അതിഗൗരവത്തോടെ തിരുനബി(സ) മുന്നറിയിപ്പ് നല്‍കി: ”ഞാന്‍ അറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയുമായിരുന്നെങ്കില്‍ കുറച്ചുമാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു.”(ബുഖാരി).
എന്താണ് പൊട്ടിച്ചിരി?  ശബ്ദരഹിതമാണ് പുഞ്ചിരി. ശബ്ദമുള്ളത് സാദാചിരിയും. അകലെ കേള്‍ക്കുമാറുച്ചത്തിലുള്ളത് പൊട്ടിച്ചിരിയുമാണ്. ഇവയില്‍ തിരുനബി(സ)യുടെ പതിവ് ചിരിയാണ് മാതൃകാപരം. അത് പുഞ്ചിരിയായിരുന്നു. അത്യപൂര്‍വ്വമായി മാത്രമേ അവിടുന്ന് ചിരിക്കാറുണ്ടായിരുന്നുള്ളൂ. (ഫത്ഹുല്‍ ബാരി). നബി(സ) പറയുന്നു: ”അമിതമായി നിങ്ങള്‍ ചിരിക്കാന്‍ പാടില്ല. അത് ഹൃദയത്തെ മരവിപ്പിക്കും.”(തുര്‍മുദി) അറിവ് നുകരുന്ന വിദ്യാര്‍ത്ഥി പൊട്ടിച്ചിരിക്കാതിരിക്കല്‍ നിര്‍ബന്ധമാണെന്നാണ് ഖതീബുല്‍ ബഗ്ദാദി(റ) പറയുന്നത്. പുതിയകാലത്ത് കളവ് പറഞ്ഞും മറ്റും പൊട്ടിച്ചിരിപ്പിക്കുന്നവര്‍  വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഇസ്‌ലാം വളരെയധികം ശപിച്ചിട്ടുണ്ട്. ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി നുണ പറയുന്നവന് നാശമുണ്ടെന്നും ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്ന സദസ്സില്‍ ഇരിക്കുന്നത് പോലും ഹറാമാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ചിരി മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് പഴമക്കാരും പുതുതലമുറയും ആവര്‍ത്തിച്ച് പറയുമ്പോഴും ചിരിക്കാന്‍ മറന്നുപോയ ഒരു പുതിയ തലമുറയുടെ നടുവിലാണ് നാമിപ്പോള്‍. സമൂഹത്തില്‍ നടക്കുന്നതൊന്നും കാണാനും കേള്‍ക്കാനും നമുക്ക് സമയമില്ല. മുഖം താഴ്ത്തി മൊബൈല്‍ഫോണുകളില്‍ കണ്ണും കാതും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്കുചുറ്റും വൈരാഗ്യവും വിദ്വേഷവും പകയും നുരഞ്ഞുപൊന്തുന്നു. ഏത് സ്പര്‍ധകളെയും തകര്‍ത്തെറിയാന്‍ നമ്മുടെ ചുണ്ടുകളിലെ മധുരമൂറുന്ന ഒരു ചിരി മതി.  ആ ചിരിയിലെ സ്‌നേഹവും ലാളിത്യവും ഉള്‍കൊള്ളാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here