പുഞ്ചിരിയുടെ പുണ്യം

മുഹമ്മദ് ബാഖവി മാട്ടൂൽ

0
4154

പുഞ്ചിരിക്കുന്നത് ധർമമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. ഇതരരോട് സന്തോഷവും മുഖപ്രസാദവും പ്രകടിപ്പിക്കുന്നത് ദാനധർമങ്ങളെപോലെ തന്നെ പ്രതിഫലാർഹമാണെന്നർഥം. പ്രവാചകരെല്ലാം ജനങ്ങളെ അഭിമുഖീകരിച്ചത് സുസ്‌മേരവദനരായിട്ടാണ്. സ്‌നേഹം ജനിപ്പിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യാൻ അത് കാരണമാകുന്നു. നിഷ്‌കളങ്കവും വിശാലവുമായ ഹൃദയത്തിന്റെ ആത്മസൗന്ദര്യമാണ് മുഖ കമലത്തിൽ വിടരുന്നത്. അത് പൊതുസ്വീകാര്യതയെ സ്വാധീനിക്കുന്നതും വിജയത്തിന്റെ വിലാസവുമാണ്. ഉറുമ്പുകളുടെ ജാഗ്രതാ സന്ദേശം കേട്ട സുലൈമാൻ നബി(അ) ചിരിച്ചത് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. പ്രവാചക ശ്രേഷ്ഠർ (സ) സദാസമയം പ്രസന്നമുഖനായിരുന്നു. തിരു നബിയോളം സുസ്‌മേരവദനനായി മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ലെന്ന് സ്വഹാബിവര്യർ സാക്ഷ്യപ്പെടുത്തുന്നു. സൂറതുൽ കൗസർ അവതീർണമായ സന്ദർഭത്തിൽ തിരുനബി (സ) സന്തോഷവാനായി ചിരിച്ചത് അനസ് (റ) വിവരിച്ചിട്ടുണ്ട്. വഫാത് ദിവസം പള്ളിയിൽ അണിയായി നിൽക്കുന്ന അനുചരന്മാരെ നോക്കി അത്യാകർഷണീയമായിപുഞ്ചിരിച്ചതും മഹാനവർകൾ അനുസമരിക്കുന്നു. ആകർഷണീയമായ പുഞ്ചിരി ആ പവിത്ര മുഖത്ത് നിത്യസാന്നിധ്യമായിരുന്നു. മനുഷ്യൻ സന്തുഷ്ടനും ശുഭാപ്തി വിശ്വാസിയും പ്രതീക്ഷാ നിർഭരനുമാകുമ്പോഴാണ് ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘നബി തിരുമേനി(സ) ഏറ്റവും നന്നായി പുഞ്ചിരിക്കുന്നവരായിരുന്നു’ (ഹദീസ്).
മന്ദസ്മിതത്തിൽ മനസുകളെ കീഴടക്കുന്ന മാസ്മരിക ശക്തിയുണ്ട്. അകന്നവരെ അടുപ്പിക്കാനുള്ള ശേഷിയും അതിനുണ്ട്. സമൂഹത്തെ ഗുണപരമായും ക്രിയാത്മകമായും അത് സ്വാധീനിക്കുന്നു. പരസ്പരം വെറുത്ത് ഭിന്നിച്ച് കഴിയുന്നവരെ എല്ലാം പൊറുത്ത് ഒന്നിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഒരു ചെറുചിരിയാണ്. സങ്കീർണമായ ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് നയിക്കാനും അതുമതി. വ്യാപാരിയുടെ ചിരിക്കാനുള്ള കഴിവ് വ്യാപാര വിജയത്തെപോലും സ്വാധീനിക്കുന്നു. സ്‌നേഹത്തിന്റെ സന്ദേശമാണ് പുഞ്ചിരി. അതുകൊണ്ടാണ് പുഞ്ചിരിക്കണമെന്ന് വിവരസ്ഥർ നിർദേശിക്കുന്നത്. വിശ്വാസം ആർജിക്കാനും സദ്ഭാവന സൃഷ്ടിക്കാനും പുഞ്ചിരിക്ക് സാധിക്കുന്നു. നിസാരവത്കരിക്കാൻ പാടില്ലാത്ത മനുഷ്യനന്മയാണത്. ‘സഹോദരനെ മുഖപ്രസന്നതയോടെ നേരിടുന്നത് ഉൾപെടെ ഒരു നന്മയെയും അവഗണിക്കാവതല്ല എന്ന് തിരുനബി (സ) അരുളിയിരിക്കുന്നു. അഭിമുഖീകരിക്കുന്ന സമയത്തെ സന്തോഷവും പുഞ്ചിരിയും സൗഹൃദത്തിനും സ്‌നേഹ ബന്ധത്തിനും മാറ്റുകൂട്ടും. മാതാപിതാക്കളെയും ഭാര്യാ സന്താനങ്ങളെയും കൂട്ടുകുടുംബങ്ങളെയും ബന്ധുമിത്രാദികളെയും സസന്തോഷം ചിരിച്ചു സ്വീകരിക്കുമ്പോൾ കുടുംബത്തിലും സമൂഹത്തിലും സ്‌നേഹവും സാഹോദര്യവും വ്യാപിക്കും. തിരുനബി(സ)യുടെ ഈ സ്വഭാവ വിശേഷത്തെ സ്വഹാബിവര്യർ ഏറെ പ്രശംസിക്കുന്നത് കാണാം.
ജരീർ (റ) പറയുന്നത് തന്നോട് ഒരിക്കൽ പോലും തിരുനബി ചിരിക്കാതിരുന്നിട്ടില്ലെന്നാണ്. അനുയായികളോട് നേതാവും ശിഷ്യരോട് ഗുരുവും തൊഴിലാളികളോട് മുതലാളിയും പുഞ്ചിരിക്കണം. അത് സൽകർമവും സാംസ്‌കാരിക മേന്മയുമാണ്.പുഞ്ചിരിക്കലും പരോപകാരം ചെയ്യലും ഉപദ്രവം തടയലും എന്നാണ് അബ്ദുല്ലാഹ് ബിൻ മുബാറക് (റ) സൽസ്വഭാവത്തെ നിർവചിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മനസിന് സന്തോഷം നൽകുന്നത് ഏറ്റവും വലിയ പുണ്യകർമമാണെന്നാണ് തിരുവചനം. അനാഥ അഗതി സംരക്ഷണവും ദാനധർമങ്ങളും പരോപകാരവും ആ പുണ്യത്തിന്റെ ഭാഗമാണ്. മറ്റുള്ളവരോട് ചിരിക്കുമ്പോഴും അപരന് ലഭിക്കുന്നത് സന്തോഷമാണ്. അതിനാൽ ഏറ്റവും മഹത്തായ പുണ്യകർമങ്ങളിൽപെട്ടതാണത് എന്ന് സാരം. നമ്മുടെ മുഖത്ത് പുഞ്ചിരി വിടരണം, അത് നമ്മുടെ സന്താനങ്ങൾക്ക് പകരണം, അങ്ങനെ സമൂഹമാകെ പുഞ്ചിരി പടരട്ടെ.

മുഹമ്മദ് ബാഖവി മാട്ടൂൽ

LEAVE A REPLY

Please enter your comment!
Please enter your name here