പാരത്രിക ലോകത്തിന്റെ അനിവാര്യത

റശാദ് ബുഖാരി പനമരം

0
1133

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍.
പരലോക വിജയികളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നാണ്. അന്ത്യനാളിലുള്ള
വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. പരലോകവും അതിലെ സകലതും സത്യമാണെന്ന് വിശ്വസിക്കല്‍ മുസ്ലിമാവാന്‍ നിര്‍ബന്ധമാണെന്നര്‍ത്ഥം.

പരലോകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദൃശ്യമാണ്. അതിനെ കുറിച്ചുള്ള ചിന്ത മനുഷ്യരില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. പാരത്രിക ലോകത്ത് തന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം ഉത്തരം പറയേണ്ടതുണ്ടെന്ന ചിന്ത മനുഷ്യനെ നന്നാകുവാന്‍ പ്രേരിപ്പിക്കും. സല്‍ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ അവന് വ്യാപൃതനാവാനാകൂ. വ്യക്തികള്‍ നന്നാകുന്നതിലൂടെ സമൂഹവും നന്നാവും. മരണത്തോടെ എല്ലാം അവസാനിക്കുമെങ്കില്‍ ഭൗതിക ലോകത്ത് എന്തുമാവാം എന്ന പ്രവണത സംജാതമാകും. പ്രയാസഘട്ടത്തില്‍ അവര്‍ മരണത്തില്‍ അഭയം തേടും.

പാരത്രിക ലോകത്തിന്റെ അനിവാര്യത

പരലോക ജീവിതം മനുഷ്യജീവിതത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിന് തീര്‍ത്തും അനിവാര്യമാണ്. ഈ ലോകത്ത് നന്മയും തിന്മയും പ്രവര്‍ത്തിച്ചവര്‍ ഉണ്ടാകും. അക്രമിയും അക്രമിക്കപ്പെട്ടവനും വിശ്വാസിയും അവിശ്വാസിയു അപരാധിയും നിരപരാധിയും ഉണ്ടാവും. സമ്പൂര്‍ണ്ണ നീതി ഈ ലോകത്ത് സാധ്യമല്ല. കയ്യൂക്കുള്ളവനാണിവിടെ കാര്യക്കാരന്‍. പണവും സ്വാധീനവും ഉപയോഗിച്ച് ഏത് കുറ്റവാളിക്കും രക്ഷപ്പെടാവുന്ന അവസ്ഥ. പീഡിതന്റെ അവകാശങ്ങള്‍ നിറവേറ്റപ്പെടേണ്ടതില്ലേ? സല്‍കര്‍മങ്ങള്‍ക്ക് പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കേണ്ടതില്ലേ? ഇവിടെ ലഭിക്കാവുന്ന ശിക്ഷയും പ്രതിഫലവും കര്‍മങ്ങള്‍ക്കു തുല്യമാകുമോ? തീര്‍ച്ചയായും ഇല്ല. ഉദാഹരിക്കാം. 100 ആളുകളെ കൊല ചെയ്തയാള്‍ക്ക് ഇവിടെ നല്‍കുന്ന പരമാവധി ശിക്ഷ എന്താണ്? ഓരോ രാജ്യത്തും വ്യത്യസ്ഥ നിയമങ്ങള്‍ ആണെങ്കിലും പരമാവധി ശിക്ഷ വധശിക്ഷ നല്‍കലാണ്. ഇവിടെ ഒരു കൊലയാളി നൂറ് ജീവനെടുത്തതിനുപകരം നമുക്ക് എത്ര ജീവനുകളാണ് എടുക്കാന്‍ കഴിഞ്ഞത്?. കൊല്ലപ്പെട്ട മറ്റ് വ്യക്തികള്‍ക്ക് പകരം ഇനി അവന് എന്ത് ശിക്ഷ നല്‍കും?. ഈ
ലോകത്ത് ഇത്രയൊക്കെയേ സാധ്യമാവൂ.
എങ്കില്‍ സമ്പൂര്‍ണ്ണ നീതിയും നന്മതിന്മകള്‍ക്ക് പകരം കൃത്യമായ പ്രതിഫലവും ശിക്ഷയും ലഭിക്കുന്ന ഒരു ലോകം അനിവാര്യമാണ്. അതാണ് പരലോകം. അവിടെ അധികാരം സ്രഷ്ടാവായ അല്ലാഹുവിനാണ്. ഖുര്‍ആന്‍ പറയുന്നു; ‘പ്രതിഫലദിവസ
ത്തിന്റെ ഉടമസ്ഥനാണവന്‍’ ( 1/4 ).
മരണാനന്തര ജീവതത്തിന്റെയും പ്രതിഫല ദിനത്തിന്റെയും അനിവാര്യത
ഖുര്‍ആന്‍ വിളിച്ചോതുന്നത് ഇങ്ങനെയാണ്; ‘അവര്‍ ചെയ്ത തിന്മകള്‍ക്ക് ശിക്ഷയും നന്മകള്‍ക്ക് പ്രതിഫലവും നല്‍കാന്‍ വേണ്ടി’ ( നജ്മ് 31)
സല്‍കര്‍മങ്ങള്‍ ചെയ്തവനും തിന്മ ചെയ്തവനും ഒരു പോലെയാകുന്നത് നിരര്‍ത്ഥകമാണ്. ഖുര്‍ആന്‍ പറയുന്നത് നോക്കൂ.. ‘തിന്മ ചെയ്തവരേ.. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്തവരോട് നാം സമന്മാരാക്കുമെന്ന് അവര്‍ വിചാരിക്കുന്നുവോ?. അഥവാ അവരിരുവരുടെയും മരണവും ജീവി
തവും ഒരുപോലെയാണെന്ന് അവര്‍ വിധിയെഴുതുന്നതെത്ര മോശം. ( 45:21)
പരലോകത്തില്‍ വിശ്വസിക്കാതെ മരണത്തോടെ എല്ലാം തീരുമെന്ന് വിചാരിക്കുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അവര്‍ പറയുന്നു: ഭൗതികജീവിതം അല്ലാതെ എന്താണുള്ളത്?. നമ്മള്‍ ജീവിക്കുന്നു, മരിക്കുന്നു. കാലമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുകയില്ല. അവര്‍ക്ക് യാതൊരു
അറിവുമില്ല, ഊഹിക്കുക മാത്രമാണ്. (45:24)
പ്രപഞ്ചത്തിന്റെ സ്രഷ്ടിപ്പ് പടച്ചവന്‍ വളരെ യുക്തിപൂര്‍വ്വമാണ് നിര്‍വഹിച്ചിട്ടുള്ളത്. പാഴ് വേലയായി അവന്‍ ഒന്നും ചെയ്യില്ല. നിങ്ങളില്‍ സല്‍ക്കര്‍മ്മികള്‍ ആരാണെന്ന് പരീക്ഷിക്കുവാന്‍ വേണ്ടിയാണ് ജനനത്തെയും മരണത്തെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനമാണിത്.
മനുഷ്യജീവിതത്തിന് വ്യക്തമായ ലക്ഷ്യം വരച്ചിടുകയാണിവിടെ. ജീവിതം വിഡ്ഢികഥയാണെന്നോ സ്വര്‍ഗ്ഗ, നരക, പരലോക സങ്കല്‍പങ്ങള്‍ മനുഷ്യ നന്മക്ക് പ്രേരിപ്പിക്കുന്ന ഘടകം മാത്രമാണെന്നോ ഉള്ള ദര്‍ശനമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്. മറിച്ച് അത് യാഥാര്‍ത്ഥ്യമായ അനിവാര്യത
യാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം

LEAVE A REPLY

Please enter your comment!
Please enter your name here