പള്ളിത്തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടോ?

0
2473

images (6)സംസാരം: കെ.എം.എ റഹീം സാഹിബ് /ജാബിര്‍ കാരേപറമ്പ്‌

?പള്ളിത്തര്‍ക്കങ്ങള്‍ വര്‍ധിച്ചിരിക്കയാണല്ലോ? ചീക്കോട്, കക്കോവ്, പള്ളിക്കല്‍ ബസാര്‍, തച്ചണ്ണ, മുടിക്കോട് അങ്ങനെ നീളുന്നു. മഹല്ലിലെ കാലങ്ങളായി തുടരുന്ന ഐക്യത്തിന്റെ പാതയാണ് ആസൂത്രിത ശ്രമങ്ങളിലൂടെ നശിപ്പിക്കുന്നത്. ഇതിനു പ്രത്യക്ഷമായ കാരണങ്ങള്‍ എന്തൊങ്കിലുമുണ്ടോ?
– കാസര്‍ഗോഡ് നടന്ന ഇ.കെ വിഭാഗം സമ്മേളനത്തിലെ പ്രസംഗമാണ് ഇതിന്റെയൊക്കെ തുടക്കവും കാരണവും. അതോടു കൂടെ അവരുടെ ഓര്‍ഗനൈസര്‍മാര്‍ക്കും മുഫത്തിശ്മാര്‍ക്കും ലഭിക്കുന്ന ഡയറക്ഷന്‍ തന്നെ ഒരു സ്ഥലത്തും ഒരുമിച്ചു പോകാന്‍ സമ്മതിക്കരുതെന്നാണ്. എ.പി വിഭാഗത്തെ എല്ലാ കമ്മിറ്റിയില്‍ നിന്നും അവഗണിക്കുക എന്നതാണവരുടെ ലക്ഷ്യം.

? ഈ പള്ളി കയ്യേറ്റങ്ങളിലൊക്കെ പലപ്പോഴും ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം, ആരാധന ഒരു അജണ്ടയേ അല്ല…
– ആധിപത്യം സ്ഥാപിക്കുക എന്നു പോലും പറഞ്ഞുകൂടാ. അക്രമവും അനീതിയും സൃഷ്ടിച്ച്  ഒരു വിഭാഗത്തെ ഇല്ലാതാക്കുക എന്നതാണ് ഇതിന്റെയൊക്കെ അടിസ്ഥാന ലക്ഷ്യം.

? ഇത്തരം വിഷയങ്ങളിലൊക്കെ മസ്‌ലഹത്ത് ചര്‍ച്ചകള്‍ പലപ്പോഴും പ്രഹസനമാകാറാണ് പതിവ്. മസ്‌ലഹത്ത് ചര്‍ച്ചകള്‍ ഇങ്ങനെ കൂമ്പടയാനുള്ള കാരണങ്ങള്‍ എന്താണ്?
– ഞങ്ങള്‍ക്ക് മാത്രം ഭരിക്കണമെന്ന ജനാധിപത്യ വിരുദ്ധ താല്‍പര്യമാണ് കാരണം. അതിന് വേണ്ടി എന്ത് പിടിവാശിക്കും അക്രമത്തിനും തയാറാകുന്നു. എ.പി വിഭാഗത്തെ ഒരു കമ്മിറ്റിയിലും എടുക്കുകയില്ലാ എന്ന് അവര്‍ക്ക് നിലപാടുള്ളപ്പോള്‍ സ്വാഭാവികമായും മസ്‌ലഹത്ത് സാധ്യമല്ലല്ലോ.

? പങ്കെടുത്ത മസ്‌ലഹത്ത് ചര്‍ച്ചയിലെ അനുഭവങ്ങള്‍..
– കൂടുതലായിട്ടൊന്നും ഞാന്‍ പങ്കെടുത്തിട്ടില്ല. ഒത്തുതീര്‍പിലെത്തുക എന്ന ലക്ഷ്യം മറുവിഭാത്തിനില്ല എന്നാണ് മനസിലാവുന്നത്. പോലിസും വഖ്ഫ് ബോര്‍ഡും ഉപയോഗിച്ച് പിടിച്ചടക്കലാണ് രീതി. പുല്‍പ്പറ്റ മദ്രസ മസ് ലഹത്തിന്റെ കാര്യം നോക്കൂ. പുല്‍പറ്റ കവളച്ചാലിലായിരുന്നു അത്. നമ്മുടെ ഭാഗത്തു നിന്ന് ഞാനും വീരാന്‍ ഹാജിയും മറുഭാഗത്തു നിന്നും ജബ്ബാര്‍ ഹാജി അടങ്ങുന്ന സംഘവുമാണ് വന്നത്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ജബ്ബാര്‍ ഹാജി പറഞ്ഞു. ഇത് സമസ്തയുടെ മദ്രസയും പള്ളിയുമാണ്. അതു വിട്ടു തരുന്ന പ്രശ്‌നമില്ല. ഇനി വല്ല കാശും നല്‍കി വരികയാണെങ്കില്‍ നമുക്കതിനെ കുറിച്ച് ചര്‍ച്ചയാവാം. തുടര്‍ന്ന് ഞങ്ങള്‍ സമസ്തയുടെ മദ്രസയാണെങ്കില്‍ ആധാരമെടുക്കാനാവശ്യപ്പെട്ടു. സമസ്തയുടെ പേരിലുള്ള ആധാരമെടുക്കുകയാണെങ്കില്‍ ചര്‍ച്ചയിവിടെ അവസാനിപ്പിക്കാമെന്നു പറഞ്ഞു. ആ സമയം അവരുടെ പ്രാദേശിക സെക്രട്ടറി പറഞ്ഞത് മദ്രസാ കമ്മിറ്റിയുടെ പേരിലാണ് ആധാരമുള്ളത് എന്നായിരുന്നു. അങ്ങനെയാണെങ്കില്‍ മദ്രസ നാട്ടുകാരുടേതാണ്. സമസ്തക്കവകാശമില്ല. സമസ്തയായിട്ട് അതിനൊന്നും നല്‍കിയിട്ടുമില്ലയെന്ന ഞങ്ങളുടെ വാദത്തില്‍ മദ്രസ സ്വത്തുക്കള്‍ വീതം വെക്കുകയാണുണ്ടായത്.
മുടിക്കോട് പ്രശ്‌നത്തിനും മസ്‌ലഹത് ഇങ്ങനെത്തന്നെയാണ് സംഭവിച്ചത്. അവിടെ പള്ളി പൂട്ടുന്നതിനു മുമ്പ് ആര്‍.ഡി.ഒ മസ്‌ലഹത്തിനു വിളിച്ചിരുന്നു. അതില്‍ പല നിലക്കുള്ള നിര്‍ദേഷങ്ങള്‍ വന്നു. പള്ളി പൂട്ടരുത് എന്ന നിര്‍ബന്ധത്തില്‍ അടുത്ത വെള്ളിയാഴ്ച സര്‍വ സമ്മതനായ ഒരാള്‍ ഖുതുബ ഓതട്ടെ എന്നായിരുന്നു നമ്മുടെ ആളുകള്‍ മുന്നോട്ടു വെച്ച വഴി. മറുവിഭാഗത്തിന്റെ മറുപടി നിലവിലുള്ള ഖാളിയോ, അദ്ദേഹമയക്കുന്ന ആളോ ഖുതുബ ഓതുമെന്നായിരുന്നു. ഇതു കേട്ട എസ്.ഐ പറഞ്ഞു. അങ്ങനെ പറയരുത്. ഇപ്പോള്‍ നിലവിലുള്ള ആള്‍ സമ്മതമല്ലാത്തത് കൊണ്ടാണല്ലോ ഇത്രയും കേസും പ്രശ്‌നങ്ങളും ഉണ്ടായത്. അദ്ദേഹം ഓതണ്ട.
34 വര്‍ഷമായി ഇവിടെ മുക്രിയായിരുന്ന ആളുണ്ട്. അയാള്‍ പണ്ഡിതനാണ്. ഇവിടെ പലപ്പോഴും ഖുതുബക്കും ദുആക്കും നേതൃത്വം നല്‍കുന്ന ആളുമാണ്. ഉസ്താദ് ഇല്ലാത്ത സമയത്ത് എല്ലാ കാര്യവും നിയന്ത്രിക്കുന്നതും അദ്ദേഹമാണ്. ഇയാളോതിയാലും മതി എന്നായിരുന്നു പിന്നീട് എ.പി വിഭാഗം മുന്നോട്ടു വച്ചത്.
വ്യക്തിപരമായി ഞങ്ങള്‍ക്കും അയാളെ കുറിച്ച് അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ, അയാള്‍ എ.പിക്കാരനായതു കൊണ്ട് പറ്റില്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ മറുപടി.
ആര്‍.ഡി.ഒ പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ക്ക് പാര്‍ട്ടിയാണ് പ്രശ്‌നം, ആരാധന നടക്കലല്ല. പിന്നീട് എ.പി വിഭാഗം പറഞ്ഞത് ഇരുവഭാഗവും സുസമ്മതരായ ഒരോരുത്തരെ നിര്‍ദേശിക്കാനായിരുന്നു. ശേഷം ആര്‍.ഡി.ഒ നറുക്കിലൂടെ തീരുമാനിക്കട്ടെ, അതും മറുവിഭാഗം സമ്മതിച്ചില്ല. ഈ ഫോര്‍മുലകളൊക്കെ അസാധ്യമായപ്പോഴാണ് ആര്‍.ഡി.ഒ പള്ളി പൂട്ടാന്‍ തീരുമാനിച്ചത്.

? ഇത്തരം ചര്‍ച്ചകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവാറുണ്ടോ?
– രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ട്. ചിലപ്പോള്‍ പ്രത്യക്ഷമായിട്ട് ചിലപ്പോള്‍ പരോക്ഷമായിട്ട്. ലീഗിന്റെ നേതാക്കളും മന്ത്രിമാരും എം.എല്‍.എമാരും വിളിച്ചു പറയാറാണുണ്ടാവാറുള്ളത്. പിന്നെ എല്ലായിടത്തും ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ സജീവ ഇടപെടലുകളുണ്ട് എന്നതും കാണേണ്ടതാണ്. സ്റ്റേറ്റ് നേതൃത്വം നേരിട്ടിടപെടാറില്ല എന്നു മാത്രം. പ്രശ്‌നങ്ങളില്‍ സ്ഥിരം ഇടപെടുന്ന മായിനാജിയും ജബ്ബാര്‍ ഹാജിയും ലീഗ് നേതാക്കളാണല്ലോ.

? ഈയടുത്ത് നടന്ന പല സംഘര്‍ഷങ്ങളിലും സമസ്തയുടെ നേരിട്ടുള്ള ഇടപെടലുകള്‍ കാണാനാവും
– അതെ, അതിന്റെ സാമ്പത്തിക നിയമ പിന്തുണകള്‍ സമസ്ത തന്നെ പ്രഖ്യാപിക്കുന്നു. പ്രശ്‌നമുണ്ടായാല്‍ മതി, ബാക്കി സമസ്ത കൈകാര്യം ചെയ്‌തോളും എന്ന രീതിയാണ്. പ്രത്യേക സമിതി വരെ ഇതിനുണ്ട് സമസ്ത നേരിട്ടിടപെട്ടിടത്തൊക്കെ മസ്‌ലഹത്ത് ചര്‍ച്ചക്ക് പരാജയമേ ഉണ്ടായിട്ടുള്ളൂ.

? മുടിക്കോട് പ്രശ്‌നത്തിന്റെ സത്യമെന്താണ്?
– 34 അംഗ പള്ളിക്കമ്മിറ്റിയില്‍ 17 അവരും 17 നമ്മളുമായി നല്ല രീതിയില്‍ നടന്നു വരികയായിരുന്നു മുടിക്കോട്. അങ്ങനെ ജനറല്‍ ബോഡിയില്‍ വെച്ച് ഇരുവിഭാഗത്തില്‍ നിന്നും കൃത്യമായി ആളുകളെ തിരഞ്ഞെടുത്തു. ഒരാഴ്ച കഴിഞ്ഞ് ഈ കമ്മിറ്റിയുടെ മീറ്റിംഗ് കൂടി ഭാരവാഹികളെ തെരെഞ്ഞെടുക്കാമെന്നും തീരുമാനിച്ചിരുന്നു. പിന്നീട് അവിടുത്തെ മുഫത്തിശ് ആയിരുന്ന ഒ.ടി മൂസ മുസ്‌ലിയാരാണ് പ്രശ്‌നത്തിനു തുടക്കം കുറിക്കുന്നത്. അദ്ധേഹം തിരഞ്ഞെടുക്കപ്പെട്ട 34 അംഗ കമ്മിറ്റിയെ റദ്ദാക്കി വിജ്ഞാപനമിറക്കി. ഈ കമ്മിറ്റി നടന്നു പോകില്ലെന്നാണു കാരണം പറഞ്ഞത്. വിഷയം അവസാനം വഖ്ഫ് ബോര്‍ഡിലെത്തുകയും ചെയ്തു. അവരുടെ പക്ഷത്തുള്ള ഒരു വക്കിലായിരുന്നു റിട്ടേണിംഗ് ഓഫീസറായി ഉണ്ടായിരുന്നത്. നമ്മള്‍ ഒബ്ജക്ട് ചെയ്‌തെങ്കിലും അവരത് സ്വീകരിച്ചില്ല. അവസാനം നോമിനേഷന്‍ ക്ഷണിച്ചു. നമ്മള്‍ 9 ആളുകള്‍ നോമിനേറ്റ് ചെയ്തു. അവര്‍ 9 ഉം 21 ഉം ആളുകളുള്ള രണ്ട് പാനലുകളും സമര്‍പ്പിച്ചു. അങ്ങനെ വ്യക്തിപരമായ നോമിനേഷനേ സ്വീകരിക്കുകയുള്ളൂ എന്നു പറഞ്ഞ് എ.പി വിഭാഗത്തിന്റെ പാനല്‍ തള്ളി. ഇത് നമ്മോട് നേരത്തെ സൂചിപ്പിച്ചിരുന്നില്ല. വ്യക്തിപരമായി നോമിനേഷന്‍ മുന്‍ സൂചനയില്ലാതെ തള്ളാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ അവരുടെ പാനല്‍ വെച്ച് തിരഞ്ഞെടുപ്പ് നടത്തുകയും വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

? സമസ്ത പിളരുന്നതിനു നാലു വര്‍ഷം മുമ്പ് 1985 ല്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് എന്ന നിയമം നിലവിലുണ്ടല്ലോ അതില്‍ പറയുന്നത് എന്തെങ്കിലും വിവാദമുണ്ടാവുകയാണെങ്കില്‍ സമസ്തക്കായിരിക്കും പൂര്‍ണ കൈകാര്യത്തിനുള്ള അവകാശം എന്നാണല്ലോ
– സമസ്തക്കുള്ള അവകാശം സമസ്ത പിളരുന്നതിന് നാലു വര്‍ഷം മുമ്പ് പറഞ്ഞെങ്കില്‍ അത് എങ്ങനെ ഇപ്പോള്‍ അവര്‍ക്കനുകൂലമാകും.

? 2004 ലെ സുപ്രീം കോടതി വിധിയാണ് അവരുയര്‍ത്തുന്നത്.
– എന്താണ് 2004 ലെ വിധി. അതില്‍ സമസ്ത അവരുടെതാണെന്നൊന്നും പറയുന്നില്ലല്ലോ. അന്ന് ശംസുല്‍ ഉലമ കൊടുത്ത പാനല്‍ രജിസ്ട്രാര്‍ സ്വീകരിച്ചിരുന്നു. ആ സ്വീകരിച്ചത് ശരിയാണ് എന്നൊരു വിധിയാണ് അന്നു വന്നത്. ശംസുല്‍ ഉലമ മരിച്ചതിനു ശേഷം ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാരെ സെക്രട്ടറിയാക്കി തെരെഞ്ഞെടുത്തപ്പോള്‍ ചെറുശ്ശേരിയെ ജനറല്‍ ബോഡി കൂടി തെരെഞ്ഞെടുത്തിട്ടില്ല. അതിനാല്‍ ചെറുശ്ശേരിക്ക് സെക്രട്ടറിയായി ആക്ട് ചെയ്യാനുള്ള അധികാരമില്ല എന്ന കോടതി വിധിയും വന്നല്ലോ.
2004 ലെ വിധി ആ കൊടുത്ത പാനല്‍ സാധുവാണെന്ന് മാത്രമാണ്. അവരൊക്കെ മരിച്ചു പോയി. അതു കൊണ്ടു തന്നെ അവരുടെ അവകാശവാദം ദുര്‍ബ്ബലമാണ്.

? സൊസൈറ്റി ആക്ടിലെ മറ്റൊരു വശം തെരെഞ്ഞുടുപ്പു നടത്താനും ഭൂരിപക്ഷത്തിന് അപ്രമാദിത്യം നല്‍കി കൊണ്ടുള്ളതല്ലേ?.
– അവര്‍ രജിസ്റ്റര്‍ ചെയ്ത ബൈലോയിലങ്ങനെയുണ്ട്. അത് ഒരു വിഭാഗത്തിന്റെ നോമിനേഷന്‍ തള്ളി തെരെഞ്ഞെടുപ്പു നടത്തിയാല്‍ എങ്ങനെ ശരിയാകും. അങ്ങനെ ഭൂരിപക്ഷം നോക്കേണ്ടത് മുടിക്കോട് മാത്രമല്ലല്ലോ, അരീക്കോട് തച്ചണ്ണ വ്യക്തമായ ഭൂരിപക്ഷം എ.പി വിഭാഗത്തിനുള്ള സ്ഥലമാണ്. അവിടെ ഇലക്ഷന്‍ നടത്താന്‍ ഹൈകോടതിയുടെ ഓര്‍ഡര്‍ കിട്ടിയിട്ട് രണ്ടു കൊല്ലം കഴിഞ്ഞു. ഇതുവരെ ഇലക്ഷന്‍ നടത്താന്‍ അവരനുവദിച്ചിട്ടില്ല.

? മൂന്നാമതൊരു ഭാഗം ഇവ്വിഷയകമായി വരുന്ന കോടതി വിധി അംഗീകരിക്കണമെന്നാണ്.
– കോടിതിയില്‍ അങ്ങനെയൊരു കേസ് വരുകയോ വിധി വരുകയോ ചെയ്തിട്ടില്ല. ഇലക്ഷന്‍ നടന്നത് ശരിയല്ല എന്ന് ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വിധിയാണെങ്കില്‍ വന്നിട്ടുമില്ല.
ഇതിനെല്ലാമപ്പുറത്ത് അവിടെ ഏകപക്ഷീയമായി പ്രശ്‌നങ്ങള്‍ തുടങ്ങിയത് അവരാണ്. കഴിഞ്ഞ റമളാനില്‍ ഒരു മസ്‌ലഹത്തുണ്ടാക്കി ഇനി നല്ല നിലയില്‍ നീങ്ങാമെന്ന് തീരുമാനിച്ചതാണ്. അതു കഴിഞ്ഞിട്ടാണ് അവരുടെ മജ്‌ലിസുന്നൂര്‍ നടക്കുന്നത്. അത് കൊട്ടകള്‍ ഒരുപാട് കയറ്റിക്കൊണ്ട് പോവുന്നത് ചീര്‍ണിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പരിപാടി കഴിഞ്ഞ് എല്ലാവരും ഇറങ്ങുന്നത് ആയുധങ്ങളുമായിട്ടാണ്. തറാവീഹ് കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന നമ്മുടെയാളുകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു പിന്നീട്.
ഇപ്പൊ പ്രശ്‌നമുണ്ടാകാന്‍ കാരണം, നിരപരാധികളായ നമ്മുടെ രണ്ട് പ്രവര്‍ത്തകരെ പ്രകോപനമൊന്നുമില്ലാതെ 11 പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതോടെയാണ്. പിന്നെ നിസ്‌കരിക്കാന്‍ വേണ്ടി ചെന്ന നമ്മുടെ പ്രവര്‍ത്തകരെ പുറത്താക്കാന്‍ നോക്കി ബഹളമുണ്ടാക്കി.

rashee? വഖ്ഫ് ബോര്‍ഡ് ഇത്തരം സംഘര്‍ഷളില്‍ തീര്‍ത്തും ഏകപക്ഷീയമാണോ?
-ഏകപക്ഷീയമെന്നല്ല, ഒരു നീതിയും ഒരു ന്യായവും അവരുടെ പക്ഷത്തില്ല. അടുക്കളക്കാര്യം പോലും അവര്‍ക്കനുകൂലമായിട്ടാണ്. തിരൂരിലെ തളാട് വഖ്ഫ് ബോര്‍ഡിന്റെ അനീതി നമ്മള്‍ കണ്ടതാണ്. അവിടെ നമ്മള്‍ ഭൂരിപക്ഷമാണ്. ഇ.കെ വിഭാഗം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച സമയത്ത് അവരിവിടെ വന്നിരുന്നു. ഞാന്‍ പറഞ്ഞു നമുക്ക് ഭൂരിപക്ഷമുള്ളതു കൊണ്ട് ഇതുവരെയുള്ളവരെ നാം അവഗണിക്കരുത്. അങ്ങനെ ഇരുപത്തിയൊന്നംഗ കമ്മിറ്റിയില്‍ പതിനഞ്ചു നമ്മളും ആര്‍ അവരുമായി പാനലുണ്ടാക്കി. ഇതു വകവെക്കാതെ അവര്‍ പ്രശ്‌നമുണ്ടാക്കി. നമുക്ക് ആധിപത്യമുണ്ടായിട്ടു പോലും, ഇത് സമസ്തയുടേതാണെന്ന് പറഞ്ഞ് സമസ്തക്കാരല്ലാത്തവര്‍ കമ്മിറ്റിയിലുണ്ടാവരുതെന്ന് അവര്‍ വാശിപിടിച്ചു. സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നതൊന്നും തീര്‍പ്പിലായില്ല, തീര്‍പ്പാക്കാന്‍ അവര്‍ സമ്മതിച്ചതുമില്ല. അങ്ങനെ നമ്മള്‍ രണ്ടു വിഭാഗമുള്ള ഒരു പാനല്‍ തയ്യാറാക്കി. അതും അവര്‍ സമ്മതിച്ചില്ല. അങ്ങനെ ജനറല്‍ ബോഡിയില്‍ ഇരുപത്തിയഞ്ച് ആളുകളുള്ള അവരുടേത് മാത്രമായുള്ള ഒരു പാനല്‍ കൊണ്ട് വന്ന് നേരത്തെ കയ്യില്‍ കരുതിയ എ.പിക്കാര്‍ മാത്രമുള്ള പാനല്‍ നമ്മളുമുയര്‍ത്തി. സ്വാഭാവികമായും വോട്ടെടുപ്പിലേക്ക് നീങ്ങി കാര്യങ്ങള്‍. മുപ്പത്തിയാറ് വോട്ട് അവര്‍ക്കും 126 വോട്ട് എ.പി വിഭാഗത്തിനും കിട്ടി. ആ പാനല്‍ തെരെഞ്ഞെടുത്ത് ഏഴുമാസത്തിനു ശേഷം അവര്‍ വീണ്ടും കമ്മിറ്റിക്കെതിരെ രംഗത്തു വന്നു. പരാതി കൊടുത്തു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍, ജനാധിപത്യ പരമായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഒരു നോട്ടീസ് പോലും കൊടുക്കാതെ വഖ്ഫ് ബോര്‍ഡ് ഏകപക്ഷീയമായ തീരുമാനമെടുത്തു. ഇത് കാട്ടുനീതിയാണ്. പള്ളിക്കല്‍ ബസാറിലും സംഭവിച്ചത് അതു തന്നെ. തെരെഞ്ഞെടുപ്പ് അവിടെ എ.പി വിഭാഗം ബഹിഷ്‌കരിച്ചു. കാരണം സുന്നീ പള്ളിയുടെ തെരെഞ്ഞെടുപ്പിനുള്ള വോട്ടര്‍ ലിസ്റ്റില്‍ മുജാഹിദ് മഹല്ല് കമ്മിറ്റിയിലെ ആളുകളെ ഉള്‍പെടുത്തിയിരുന്നു വഖ്ഫ് ബോര്‍ഡ്. മുജാഹിദിന് സ്വന്തമായ മഹല്ലും പള്ളിയും മഖ്ബറയും ഉള്ളപ്പോഴാണിത്. ഇതിനെ നമ്മള്‍ ഒബ്ജക്ട് ചെയ്‌തെങ്കില്‍ വഖ്ഫ് ബോര്‍ഡ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 2000ത്തോളം വോട്ടര്‍ മാരില്‍ അഞ്ഞൂറ് ആളുകള്‍ മാത്രമാണ് വോട്ട് ചെയ്തത്. എഴുപത്തിയഞ്ച് ശതമാനത്തോളം പങ്കെടുത്തില്ല. വഖ്ഫ് ബോര്‍ഡ് ആദ്യം ഈ തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നെങ്കിലും പിന്നീടൊരിക്കല്‍ മീറ്റിംഗ് കഴിഞ്ഞ ശേഷം അജണ്ടയിലില്ലാതെ തന്നെ തെരെഞ്ഞെടുപ്പ് സാധുവാണെന്നും സൈനുദ്ധീന്‍ എന്ന വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.

? പുതിയ സര്‍ക്കാറിന്റെ വരവിനു ശേഷവും…
– ഗവണ്‍മെന്റ് മാറിയാലും വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാര്‍ മാറുന്നില്ലല്ലോ..

? വിഘടിത നേതാവിന്റെ കാസര്‍ഗോഡ് ആഹ്വാനങ്ങള്‍ തന്നെയാണോ വിവിധ സ്ഥലങ്ങളിലായി ഈയ്യടുത്ത് വലിയ തോതില്‍ സംഘര്‍ഷം വ്യാപിക്കാന്‍ കാരണം.
– തീര്‍ച്ചയായും അതു തന്നെയാണ്. മാത്രമല്ല, അതേ വര്‍ഷം തന്നെ പട്ടിക്കാട് വെച്ച് ഹൈദരലി തങ്ങളെ സാക്ഷി നിര്‍ത്തി ഇതിലും തീവ്രതയോടെ പ്രസംഗിച്ചിരുന്നു. എ.പി വിഭാഗം മുഫ്‌സിദീങ്ങളാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ശേഷം അദ്ദേഹം പറഞ്ഞത് ഫള്‌രിബൂഹ് ബിസ്സയ്ഫ[വാള് കൊണ്ട് നേരിടുക] എന്ന പ്രവാചക പ്രഖ്യാപനമാണ്. ഇതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഞാന്‍ പറയുന്നില്ല. എന്നു കൂടി തങ്ങള്‍ പറഞ്ഞു.
അവരെ സമ്പന്ധിച്ചിടത്തോളം സുന്നി ഒരു ലക്ഷ്യമേ അല്ല. ചെറിയ നേതാക്കളാണ് അവരുടെ തല നിയന്ത്രിക്കുന്നത്. കുറച്ച് മുമ്പ് ഖത്തര്‍ മലപ്പുറം ജില്ലയുടെ കീഴിലുള്ള മംവാക എന്ന സംഘടനക്കു കീഴില്‍ മലപ്പുറത്ത് ഒരു മീറ്റിംഗ് നടന്നിരുന്നു. എല്ലാ മഹല്ല് പ്രതിനിധികളുടെയും പരിപാടി എന്നാണ് പറഞ്ഞത്. ഉസ്താദ്മാര്‍ ചര്‍ച്ച ചെയ്തിട്ട് ഞാന്‍ മീറ്റിംഗിനു പോയി ചെന്നു നോക്കിയപ്പോള്‍ മംവാകിന്റെ ആളുകളല്ലാതെ മറ്റാരുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഹുസൈന്‍ മടവൂരും അബ്ദുല്ലക്കോയ മദനിയും എത്തി. തൊട്ടു പിറകെ മുനവ്വറലി ശിഹാബ് തങ്ങളുമെത്തി. ഞാനദ്ദേഹത്തെ സ്വീകരിച്ചിരുത്തി. മറ്റു രണ്ടു പേരും അവിടെ ഇരിക്കുകയാണ്. ആ സദസ്സിലേക്കാണ് സമദ് പൂക്കോട്ടൂര്‍ വരുന്നത്. മദനിനെ കണ്ടതും പൂക്കോട്ടൂര്‍ കെട്ടിപ്പിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. മടവൂരിനോടും ഇതാവര്‍ത്തിച്ചു. തങ്ങളുടെ അടുത്ത് വെറുമൊരു ചിരിയിലൊതുങ്ങി കാര്യങ്ങള്‍. ഇതാണവര്‍.

? സംഘടനാ പരമായ മസ്ഹലതുകള്‍ നടന്നിട്ടുണ്ടോ?
അപ്പോളോ മൂസഹാജിയുടെ നേതൃത്വത്തില്‍ ഒരിക്കല്‍ നടന്നിട്ടുണ്ട്. കോട്ടുമല ബാപ്പു ഉസ്താദ് അപ്പുറത്തുണ്ട്. നമ്മുടെ ഭാഗത്ത് ഞാനും പേരോടും വണ്ടൂര്‍ ഫൈസിയും ബാഫഖി തങ്ങളുമൊക്കയുണ്ട്. ബാപ്പു ഉസ്താദ് പറഞ്ഞു. നമ്മളൊരു തറവാട്ടിലുള്ളവരാണ്. ചിലപ്പോള്‍ ചില കാരണങ്ങള്‍ക്കൊക്കെ പിരിഞ്ഞു താമസിക്കേണ്ടിയും വരും. ആ സ്വഭാവത്തില്‍ നിന്നു കൊണ്ട് തന്നെ തറവാടെന്ന നിലക്ക് ഒരു മിച്ച് പോകാനാവും. ചുരുക്കിപ്പറഞ്ഞാല്‍, പരസ്പര ധാരണയോടെ തെറിപ്രസംഗങ്ങളൊക്കെ നിര്‍ത്തി. ഒത്തു തീര്‍പ്പിനുള്ള ധാരയിലെത്തി. സംഘടനകളും സ്ഥാപനങ്ങളും നിലവിലുള്ള രിതിയില്‍ തന്നെ മുന്നോട്ടു പോവുക. കേരളത്തിലെ മൂന്ന് സ്ഥലങ്ങളില്‍ സമ്മേളനം നടത്തുക. ഇരു സമസ്തയിലേയും എല്ലാ മുശാവറ അംഗങ്ങളും ആ സമ്മേളനങ്ങളില്‍ പങ്കെടുക്കുക. തുടങ്ങിയ തീരുമാനങ്ങളെടുത്ത് അന്ന് യോഗം പിരിഞ്ഞതാണ്. പത്തു ദിവസം കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു വിളിച്ചപ്പോള്‍ കേട്ട പ്രതികരമിതാണ്. നമ്മളന്ന് തീരുമാനിച്ച കാര്യങ്ങളൊക്കെ നടക്കേണ്ടതു തന്നെ. പക്ഷേ…

LEAVE A REPLY

Please enter your comment!
Please enter your name here