പരസ്പര ബഹുമാനം

0
3858

സാമൂഹ്യ ബന്ധങ്ങളുടെ അടിത്തറയാണ് പരസ്പര ബഹുമാനം. ആർഥിക വ്യവഹാരങ്ങളുടെയും  ആശയ വിനിമയങ്ങളുടെയും അനിവാര്യ ഘടകമാണിത്. മനുഷ്യരെല്ലാവരും ബഹുമാന്യരാണ് എന്നതാണ്‌ ഇസ്ലാമിന്റെ അധ്യാപനം. അല്ലാഹു പറയുന്നു  “ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു” .

വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലായ  ഈ സംസ്കാരം  രാജ്യത്തിന്റെ പുരോഗതിയും നാഗരികതയും കൂടി അടയാളപ്പെടുത്തുന്നു.  അതിനാലാണ് ചില നാടുകളും നാട്ടുകാരും ഈ സ്വഭാവ ഗുണത്താൽ വ്യത്യസ്തമാകുന്നതും വിഖ്യാതമാകുന്നതും.

പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനെയും പ്രവാചകരെയുമാണ്.  മത ചിഹ്നങ്ങളെ ബഹുമാനിക്കുന്നതെല്ലാം  അതിന്റെ ഭാഗം തന്നെ. “അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വസിക്കുകയും അനുകൂലിക്കുകയും ആദരിക്കുകയും” ചെയ്യാൻ വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നു.

അതുപോലെ നിയമങ്ങളേയും സംവിധാനങ്ങളെയും ബഹുമാനിക്കാന്‍  മതം അനുശാസിക്കുന്നു. സമൂഹ നന്മക്ക് വേണ്ടിയാണു  അവ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് . ജീവനും സ്വത്തും സുരക്ഷിതമാക്കാനും മൂല്യങ്ങളെ സംരക്ഷിക്കാനും നിയമങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ച്  ഗതാഗത നിയമങ്ങൾ സുരക്ഷിതവും ഭയ രഹിതവുമായ സഞ്ചാര സൗകര്യം ഉറപ്പ് വരുത്തുന്നു. “പ്രയാസപ്പെടരുത്, പ്രയാസപ്പെടുത്തരുത്” എന്ന പ്രശസ്തമായ നബിവചനത്തിന്റെ പ്രയോഗ വല്‍ക്കരണമാണ് അത്.

മുതിര്‍ന്നവര്‍

വയോജനങ്ങളെ ബഹുമാനിക്കേണ്ടത് സമൂഹ ബാധ്യതയാണ്. ‘വലിയവരോട് ബഹുമാനവും ചെറിയവരോട് കാരുണ്യവും പ്രകടിപ്പിക്കാത്തവരും പണ്ഡിതരോടുള്ള ബാധ്യത മനസ്സിലാക്കാത്തവരും എന്റെ സമുദായത്തിൽ ഉൾപ്പെടില്ലെ’ന്ന്  തിരുനബി(സ) താക്കീത് ചെയ്തിട്ടുണ്ട്. ‘വൃദ്ധനെ മാനിക്കുന്നത് ദൈവത്തെ വന്ദിക്കുന്നതിന്റെ ഭാഗമാണ്’ എന്നും  ‘അവരുടെ കൂടെയാണ് അനുഗ്രഹങ്ങൾ’ എന്നും    തിരു നബി (സ) അരുളിയിട്ടുണ്ട്. അവർ എല്ലായിടങ്ങളിലും ആദരിക്കപ്പടേണ്ടവരാണ്; അവരുടെ വാക്കുകൾ സസൂക്ഷ്മം ശ്രവിക്കപ്പടേണ്ടതാണ്. മുൻ തലമുറകളുടെ അനുഭവങ്ങളും അറിവുകളുമാണവർ ആവാഹിക്കുന്നത്. മുതിർന്നയാൾ സംസാരം ആരംഭിക്കുകയെന്നത് പ്രവാചക സദസ്സിലെ ഒരു മര്യാദയായിരുന്നു. അവിടുന്ന് പറയും: ‘മുതിര്‍ന്നവർ ! മുതിര്‍ന്നവർ! (തുടങ്ങട്ടെ)’ എന്ന്.

സ്ത്രീകള്‍

സ്ത്രീകളെ ബഹുമാനിക്കുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. അത്യുന്നതമായ പദവിയാണ്‌ ഇസ്ലാം അവര്‍ക്ക് നല്‍കിയിരിക്കുനത്. കുടുംബ ബന്ധങ്ങളുടെ വിവിധ തലങ്ങളിൽ സ്ത്രീകള്‍ ഏറ്റവും വിശിഷ്ടമായ സ്ഥാനം അലങ്കരിക്കുന്നു. സ്ത്രീ മാതാവ്‌ ആണെങ്കില്‍ അവരെ അനുസരിക്കലും ആദരിക്കലും നിര്‍ബന്ധ ബാധ്യതയാണ്‌. മാതാവിന്റെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി എന്നു ഇസ്ലാം പഠിപ്പിക്കുന്നു. ആരോടാണ് ഏറ്റവും നന്നായി പെരുമാറാന്‍ ബാധ്യസ്ഥമായിട്ടുള്ളതെന്നു ആവര്‍ത്തിച്ച ചോദിച്ച സ്വഹബിയോട് മൂന്നു തവണയും ‘നിന്റെ മാതാവിനോട്’ എന്നാണ്  തങ്ങള്‍ മറുപടി നല്‍കിയത്. ആദരവിന്‍റെ പാരമ്യതയാണിവിടെ ദൃശ്യമാകുന്നത്.

ഇനി സ്ത്രീ മകളാണെങ്കില്‍ അവള്‍ക്ക് വിശിഷ്ടമായ പരിഗണനയും പ്രധാന്യവുമുണ്ട്. അവരെ യഥാവിധി പരിപാലിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ തിരുനബിയുടെ സാമീപ്യം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു.

ദേശ വംശ വര്‍ഗ വര്‍ണ്ണ വൈജ്യാത്യങ്ങള്‍ക്കതീതമായി മനുഷ്യനെ  ആദരിക്കാനാണ് മതത്തിന്റെ നിർദ്ദേശം. മൃതദേഹം  കടന്നുപോകുമ്പോള്‍ എഴുന്നേറ്റു നിന്ന തിരുനബിയോട് (സ) അനുചരന്‍ പറഞ്ഞു : “അത് ഒരു ജൂതനാണ്!” നബിതങ്ങള്‍ ചോദിച്ചു “അതൊരു മനുഷ്യനല്ലേ?” മാനവികതയുടെ അത്യുജ്ജലമായ സന്ദേശമാണിവിടെ മാനവരാശിയോട് ഉദ്ഘോഷിക്കപ്പെട്ടത്.

കുട്ടികളില്‍ ചെറുപ്പം മുതല്‍ക്കു തന്നെ പരസ്പര ബഹുമാനത്തിന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലെ പെരുമാറ്റത്തില്‍ നിന്ന് തന്നെ അവര്‍ക്ക് ആ പാഠം ലഭിക്കണം. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ നിന്നു പ്രായോഗികമായും താത്വികമായും പരസ്പര മര്യാദകള്‍ അറിയണം.  സഹപാഠികളോടും അധ്യാപകരോടും മറ്റുള്ളവരോടുമെല്ലാം  ഉത്കൃഷ്ടമായി പെരുമാറുന്ന പുതുതലമുറ അവിടെ വളരണം. അതിനു പ്രായോഗികമായ മാതൃകകള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമാകണം. തിരുനബി (സ) പറഞ്ഞു: “നരകത്തില്‍ നിന്ന് വഴുതി മാറി സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ തല്പര്യപ്പെടുന്നവര്‍, വിശ്വാസിയായി മരണപ്പെടുകയും , മറ്റുള്ളവര്‍   അവനോട് പെരുമാറാന്‍ ആഗ്രഹിക്കും പ്രകാരം അവരോടു പെരുമാറുകയും ചെയ്യുക.” എത്ര  മഹത്തായ ധര്‍മ്മ പാഠമാണ് ഇത്! ‘ആദരവ് നല്‍കുക ആദരവ് നേടുക’. എന്ന പഴമൊഴിയെക്കാള്‍ പ്രവിശാലമാണ് ഈ പ്രയോഗം. തിരുവചനം ജീവിതത്തില്‍ അന്വർഥമാക്കി സ്വര്‍ഗം നേടാന്‍ നാഥന്‍  തുണക്കട്ടെ! ആമീന്‍

മുഹമ്മദ് ബാഖവി മാണിയൂർ

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here