നർമ്മദ ബച്ചാവോ ആന്ദോളൻ

മുസ്വദിഖുൽ ഇസ്‌ലാം

0
298

സമകാലിക ഇന്ത്യയും വിശിഷ്യാ കേരളവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അണക്കെട്ടുകൾ. അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട അണക്കെട്ടുകളാലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല.
നർമ്മദാ നദിക്ക് കുറുകെ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ ആ പ്രദേശത്തെ ആദിവാസികളെയും കർഷകരെയും മറ്റു പ്രദേശവാസികളെയും വൻതോതിൽ കുടിയൊഴിപ്പിക്കുന്നതിനെതിരെയും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തിനുമെതിരെ രൂപംകൊണ്ട ഒരു സന്നദ്ധ സംഘടനയാണ് നർമദ ബച്ചാവോ ആന്ദോളൻ. പൊതു ജനങ്ങളോടൊപ്പം മനുഷ്യാവകാശ പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർ, തുടങ്ങിയവരെല്ലാം സജീവ പങ്കാളികളായ ഈ സംഘടന 1989 ൽ മേധാപട്കറുടെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമ്മദയിലെയും അതിന്റെ പോഷകനദിയിലെയും ജലവിതരണ തർക്കം പരിഹരിക്കാൻ 1969ൽ രൂപം കൊണ്ട നദിജല തർക്ക പരിഹാര സമിതിയുടെ നിർദേശപ്രകാരം 30 വലിയ അണകെട്ടുകളും 135 ഇടത്തരം അണകെട്ടുകളും നിർമിക്കാൻ തീരുമാനമായി. ഇതിലൂടെ കാർഷിക കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നത് സർക്കാരിൻറെ വാദം മാത്രമാണെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു.
1985 ൽ മേധാപട്കർ പദ്ധതി പ്രദേശം സന്ദർശിച്ചതോടെ പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾ രാജ്യത്തുടനീളം പരന്നു. അതോടെ സൂക്ഷ്മപഠനം ആസൂത്രണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പദ്ധതി മരവിപ്പിക്കേണ്ടി വന്നു.
വായ്പാ പദ്ധതിക്ക് വേണ്ടി ലോകബാങ്ക് 450 മില്യൺ ഡോളർ വായ്പ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രക്ഷോഭം കനത്തതോടെ 1991 ൽ ലോകബാങ്ക് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുകയും ലോക ബാങ്കിനെയും ഇന്ത്യ ഗവൺമെന്റിന്റെയും നയങ്ങൾക്കും ന്യായങ്ങൾക്കും വിരുദ്ധമാണ് പദ്ധതിയെന്ന് കണ്ടെത്തി. 1995 ൽ വായ്പ നൽകാനുള്ള തീരുമാനം പിൻവലിക്കുകയും ചെയ്തു. അതേവർഷം കോടതി സംസ്ഥാന സർക്കാരുകളോട് പണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ശേഷം നീണ്ട നിയമ നടപടികൾക്ക് ശേഷം 1999 ൽ നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാൻ കോടതി അനുവദിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർക്കും പ്രകൃതിക്കും വേണ്ടിയുള്ള എൻ ബി എയുടെ സമരം ഇന്നും തുടരുകയാണ്. ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ സമരത്തിലൂടെ മേധാപട്കർ ഇന്ത്യയിലെ സാമൂഹിക പരിസ്ഥിതിക പോരാട്ടങ്ങളുടെ നേതാവായി തീർന്നു. നർമ്മദയിൽ മാത്രമല്ല, സിങ്കൂർ എന്ന സ്ഥലത്ത് ടാറ്റ മോട്ടർ കമ്പനിക്കെതിരെയും നാഗ്പൂരിലെ പ്രൊജക്ടിനെതിരെയും ജയ്പൂർ ആണവ പദ്ധതിക്കെതിരെയും മേധാപട്കർ ശബ്ദമുയർത്തുകയും പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും ചെയ്തു. ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് ഇന്ത്യയിൽ ഉള്ള നവ സാമൂഹിക പാരിസ്ഥിതിക സന്നദ്ധ സംഘടനകൾക്ക് പ്രചോദനം നൽകിയ പ്രസ്ഥാനമായി എൻബിഎ യും വ്യക്തിയായി മേധയും മാറി കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here