നെറ്റ് വര്‍ക്ക് ബിസിനസ് ഹറാം തന്നെ

ശിബിലി പരപ്പനങ്ങാടി

0
4492

വാട്‌സ്അപ്പ് തുറന്നു നോക്കിയപ്പോഴാണ് അടുത്ത ബന്ധുവിന്റെ പതിവില്ലാത്ത വോയ്‌സ് മെസേജുകള്‍ കണ്ടത്. വീട്ടുജോലികള്‍ക്കു പുറമെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ഏര്‍പാട് നോക്കി നടക്കുകയായിരുന്നു കക്ഷി. ഭര്‍ത്താവ് ഗള്‍ഫിലും. ആകാംക്ഷയോടെ ഞാന്‍ തുറന്നു നോക്കി.
‘എടാ.. ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പി എന്നാണ് പേര്. സംഗതി ക്ലിക്കാവും. കയ്യില്‍ അഞ്ചു പൈസയുണ്ടാക്കാം. ഹലാലായ രീതി തന്നെയാണ്. പന്ത്രണ്ടായിരം രൂപ വേണം. ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല……..’പതിവില്ലാത്ത വാചാലതയും ഉത്സാഹവും കണ്ടപ്പോള്‍ ഒരു നിമിഷം കൗതുകം തോന്നി. ബിസിനസിന്റെ ഡീറ്റൈല്‍സ് ചോദിച്ച് ഞാനൊരു മറുപടിയും കൊടുത്തു.
‘തട്ടിപ്പല്ല. നൂറ് ശതമാനം പെര്‍ഫെക്ടാണ്. ബിസിനസില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടി കമ്പനിയില്‍ നിന്ന് 12000 രൂപക്ക് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇന്‍വെസ്റ്റ് ഒന്നുമില്ല. നാം കാശ് കൊടുത്ത് സാധനം വാങ്ങുന്നു. അതുകൊണ്ട് നഷ്ടം വരുന്നില്ല. ഇതോടു കൂടി നാം കമ്പനിയുടെ ഭാഗമായി. പിന്നെ അവര്‍ നമുക്ക് സമയം തരും. അമ്പത് ദിവസത്തിനുള്ളില്‍ എട്ടു പേരെ കമ്പനിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യിപ്പിച്ചാല്‍ ഓരോ ആള്‍ വീതം നമ്മുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ കേറും. നികുതി കിഴിച്ച് ഓരോ തൊള്ളായിരവും നമുക്ക് സ്വന്തം. ഇതു വഴി ഒരു ദിവസത്തില്‍ ഇരുപത്തയ്യായിരം വരേയും ഒരു മാസത്തില്‍ പത്തു ലക്ഷം വരേയും നേടാം. നമുക്ക് കീഴില്‍ ആളുകള്‍ കൂടുന്തോറും നമ്മുടെ വരുമാനവും കൂടും. പിന്നെ ബോണസുകള്‍ വേറെയും. കേട്ടിട്ട് എന്തു തോന്നുന്നു?’
എന്തു ചെയ്യുകയാണെന്ന ടീച്ചേഴ്‌സിന്റേയും ഫ്രണ്ട്‌സിന്റേയും ചോദ്യം കേട്ടു മടുത്തു. ഇനി അവര്‍ ചോദിച്ചാല്‍ പറയാല്ലോ ചെറുതായിട്ട് ബിസിനസൊക്കെ ചെയ്യുന്നുണ്ടെന്ന്’
സത്യത്തില്‍ ആദ്യത്തെ മൂന്നാല് മെസേജുകള്‍ കേട്ടപ്പോള്‍ തന്നെ കാറ്റു വീശുന്നതെങ്ങോട്ടാണെന്ന് മനസിലായി. സംഗതി പുലിവാലാണ്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്(എം.എല്‍.എം) ആണ് സംഭവം. പെട്ടെന്ന് പണക്കാരനാവാനുള്ള നെറ്റ് വര്‍ക്ക് ബിസിനസ്. ഡീലര്‍മാരുടേയും മറ്റു പ്രചാരകരുടേയും അവതരണം കേട്ടാല്‍ ആരും തന്നെ കെണിയിലകപ്പെടും. പക്ഷെ, നിസംശയം ഹറാമായ ബിസിനസാണിത്.
ഇസ്‌ലാമിക സാമ്പത്തിക ക്രയവിക്രയത്തിന്റെ യാതൊരു നിബന്ധനകളും അറിയാത്തവരോ അല്ലെങ്കില്‍ ധനമോഹം കൊണ്ട് അവയെല്ലാം അവഗണിക്കുകയും ചെയ്യുന്നവര്‍ രൂപം നല്‍കിയ സിസ്റ്റമാണ് നെറ്റ് വര്‍ക്ക് ബിസിനസുകള്‍. ഇതിനെ കച്ചവടം എന്നു തന്നെ വിശേഷിപ്പിക്കാമോ എന്ന് സംശയമാണ്. കാരണം, സാധാരണ കച്ചവടത്തിന്റെ പ്രത്യേകത ഉല്‍പന്നം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതോടെ വിറ്റവനും വാങ്ങിയവനും എല്ലാ വിധേനയും വേര്‍പിരിയുന്നു. എന്നാല്‍ നെറ്റ് വര്‍ക്ക് ബിസിനസുകളില്‍ ഇതോടു കൂടി ബന്ധം തുടങ്ങുകയാണ്. കമ്പനിയുടെ ഭാഗമാവാനുള്ള കേവലമൊരു കവാടം മാത്രമാണ് പര്‍ച്ചേഴ്സ് ചെയ്യുക എന്നത്. ഒരുപാട് പേര്‍ തട്ടിപ്പിനിരയാക്കപ്പെടുകയും ഗവണ്‍മെന്റ് തന്നെ നിരോധിക്കുകയും ചെയ്ത ചെയിന്‍ ബിസിനസല്ല ഇത് എന്ന് ഇക്കൂട്ടര്‍ നിരന്തരം വാദിക്കുന്നുണ്ട്. എന്നാല്‍ ധന സമ്പാദന രീതിയില്‍ രണ്ടും ഒരു പോലെയാണ്. ചെയിന്‍ ബിസിനസില്‍ നിന്ന് വ്യത്യസ്തമായി, തട്ടിപ്പിന് സാധ്യതയുള്ള ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം വിതരണം ചെയ്യുന്ന രീതിയാണ് ഇതിലുള്ളത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്‍ക്കുന്നുവെന്നര്‍ത്ഥം.
നെറ്റ് മാര്‍ക്കറ്റിംഗ്, റഫറല്‍ ബിസിനസ്, മള്‍ട്ടി ലെവല്‍ ബിസിനസ്, നെറ്റ് വര്‍ക്ക്, ചെയിന്‍ ബിസിനസ്, ബഹുനില വിപണനം എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടുന്നുണ്ട്.
സാധാരണക്കാരെയും കുടുംബിനികളേയും വലയിലാക്കാന്‍ പൊതുവെ ചില പൊടിക്കൈകള്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്. ‘ഈ ബിസിനസ് വഴി ഒരാളേയും പറ്റിക്കുന്നില്ല. സര്‍ക്കാറിന് നികുതിയടച്ച് നിയമപരമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഹലാലായ വരുമാന രീതിയാണ്. ധാരാളം ഉസ്താദുമാര്‍ തന്നെ ഇതില്‍ അംഗങ്ങളുണ്ട്’. തീര്‍ത്തും വാസ്തവ വിരുദ്ധമാണ് ഈ വാദങ്ങള്‍. നിയമപരമായി സാധുതയുള്ളതാണങ്കില്‍ തന്നെ ഇസ്‌ലാമിന്റെ സാമ്പത്തിക ക്രയവിക്രയ രീതികളോട് യോജിക്കുന്നില്ല ഈ ഇടപാട്. അനര്‍ഹമായ സമ്പത്ത് ഉപയോഗിക്കുന്നതിലേക്കാണ് ഇതു നയിക്കുന്നത്. പിന്നെ ധാരാളം ഉസ്താദുമാര്‍ തെറ്റ് ചെയ്താല്‍ അതു ഹലാലാവുകയും ഇല്ലല്ലോ. ഇസ്‌ലാമിലെ ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് ശരീഅത് നിയമങ്ങളാണ്..

എന്തു കൊണ്ട് ഹറാം?
തുടര്‍ വരുമാനം ലഭിക്കണമെങ്കില്‍ ആളെ ചേര്‍ക്കണമെന്ന കമ്പനിയുടെ നിബന്ധനയും ആളെ ചേര്‍ത്താല്‍ തുടര്‍ വരുമാനം തന്നിരിക്കണമെന്ന ഉപഭോക്താവിന്റെ നിബന്ധനയും അസാധുവാകുന്നതിലൂടെ ആളെ ചേര്‍ക്കല്‍ കൊണ്ടുള്ള വരുമാനവും അസാധുവാണ്.
കച്ചവടത്തിലേക്ക് ഒരു നിബന്ധന ചേരല്‍ കച്ചവട ശേഷവും നിലനില്‍ക്കുന്ന ഒരു ബന്ധം ഉണ്ടാക്കിത്തീര്‍ക്കും. ഇക്കാരണത്താല്‍ ഭാവിയില്‍ ഇടപാടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും വാഗ്വാദങ്ങളുമുണ്ടായിത്തീരും. ഇതാണ് നിബന്ധന അസാധുവാകാന്‍ കാരണം.
ഇനി നിബന്ധനയോടെയുള്ള വില്‍പനയല്ലെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ കമ്പനി പറഞ്ഞതനുസരിച്ച് ഇയാള്‍ കമ്പനിയുടെ വില്‍പനക്കാരനാണ്. കൂലി എന്ന നിലക്കോ ഇനാം എന്ന നിലക്കോ കമ്പനി നല്‍കുന്ന പണമായി കണക്കാക്കാനും നിര്‍വാഹമില്ല. കാരണം അവക്ക് ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകള്‍ ഇവിടെ പാലിക്കപ്പെടുന്നില്ല. കൂലി നിര്‍ണിതമാകുക എന്നത് കൂലി ഇടപാടില്‍(ഇജാറത്ത്) ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് (തുഹ്ഫ 6/127). ഉദാഹരണത്തിന്, ആദ്യ കണ്ണി മൂന്നാളുകളെ ചേര്‍ത്ത ശേഷം എത്രയാളുകള്‍ ചേരുമെന്നൊ തന്റെ അക്കൗണ്ടിലേക്ക് എത്ര സംഖ്യ വരുമെന്നൊ യാതൊരു നിര്‍ണയവുമില്ല. കൂലി ഇടപാടില്‍ കൂലി നിര്‍ണിതമായിരിക്കണമെന്ന പോലെ ഇനാം ഇടപാടില്‍ ഇനാം സംഖ്യയും നിര്‍ണിതമായിരിക്കണം. ഇവിടെ അങ്ങനെയുണ്ടാവുന്നില്ല. ഇനി കമ്പനിക്ക് വില്‍പന ഉണ്ടാക്കിക്കൊടുത്ത വകയില്‍ കമ്പനി വക പ്രോത്സാഹനമോ ഔദാര്യദാനമോ ആണെന്ന് പറയാനും കഴിയില്ല. കാരണം, ഔദാര്യ ദാനമാണെങ്കില്‍ കമ്പനിക്ക് അത് നല്‍കില്ലെന്ന് വെക്കാന്‍ അധികാരമുണ്ടായിരിക്കണം. എന്നാല്‍ ഇവിടെ ആളുകളെ ചേര്‍ക്കല്‍ വഴി വരുമാനം നല്‍കല്‍ കമ്പനിയുടെ ബാധ്യതയാണ്. ലഭിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമ നടപടി മുഖേന വരുമാനം നേടിയെടുക്കാനും അവസരമുണ്ട്. ഇനി, നാം ചേര്‍ത്തവര്‍ വഴി നമുക്ക് കിട്ടുന്ന പണം കമ്മീഷനായി പരിഗണിച്ചാല്‍ തന്നെ അവര്‍ക്കു കീഴില്‍ ചേരുന്നവരായ നാമുമായി ബന്ധമില്ലാത്തവര്‍ വഴി നമ്മുടെ അക്കൗണ്ടിലേക്ക് ചേരുന്ന പണം നമുക്ക് അര്‍ഹതപ്പെട്ടതല്ല.
രസകരമായ കാര്യം ഇതാണ്. തൊള്ളായിരത്തി അറുപതുകളില്‍ ഒരു കുടുംബത്തിന് അല്ലലില്ലാതെ കഴിഞ്ഞ് പോവാന്‍ പത്തു രൂപ മതിയായിരുന്നു. എണ്‍പതുകളില്‍ നൂറു രൂപ, രണ്ടായിരത്തില്‍ അയ്യായിരം, രണ്ടായിരത്തി ഇരുപത് ആവുമ്പോഴേക്ക് പതിനയ്യായിരം…
ഇങ്ങനെയുള്ള വ്യാജവും അസംബന്ധവുമായ ചിലവു പട്ടിക കാണിച്ച് നിങ്ങളുടെ കുടുംബത്തിന് ഭാവിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമൊ? ഭക്ഷണ ചെലവിനു പുറമെ ചികിത്സാ ചെലവുകളും വരില്ലെ? കുടുംബം പട്ടിണിയിലാവില്ലെ? വരൂ… നെറ്റ് വര്‍ക്ക് ബിസിനസുകള്‍ നിങ്ങളുടെ ജീവിതത്തിന് സുരക്ഷിതം നല്‍കും…
തുടങ്ങിയ വന്‍ സാമ്പത്തിക പുരോഗതി വാഗ്ദാനം ചെയ്യുന്ന ഇവര്‍ തന്നെ പറയുന്നു, ആളെ ചേര്‍ക്കല്‍ നിര്‍ബന്ധമില്ല, ആളെ ചേര്‍ക്കല്‍ ഒപ്ഷണല്‍ മാത്രമാണ്. വേണമെങ്കില്‍ ചെയ്യാം. നെറ്റ് വര്‍ക്ക് ബിസിനസ് വഴി വന്‍ സാമ്പത്തിക കുതിച്ചു ചാട്ടം വാഗ്ദാനം ചെയ്ത ഇവര്‍ തന്നെയാണ് ഇതും പറയുന്നത്. ആളെ ചേര്‍ക്കാതെ എങ്ങനെ വരുമാനം ലഭിക്കും?
നെറ്റ് വര്‍ക്ക് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക എന്നോ വില്‍പനയോ കൈമാറ്റമോ നടത്തുക എന്നോ ഉള്ള ലക്ഷ്യത്തിലല്ല ഒരാള്‍ ഇതില്‍ അംഗമാകുന്നത്. മറിച്ച് പിന്നീട് ആളുകളെ ചേര്‍ക്കുക വഴി ലഭിക്കുന്ന അനന്ത ലാഭത്തിന്റെ കണ്ണികളാവുക എന്നത് മാത്രമാണ്. പന്ത്രണ്ടായിരം രൂപക്ക് കമ്പനി നല്‍കുന്നത് ചാണകമായിരുന്നാലും ഉപഭോക്താവ് ഇതു വാങ്ങും. ലക്ഷ്യം ഇതില്‍ അംഗമാവുക എന്നത് മാത്രമാണ്. ഇതില്‍ അംഗമാകാനുദ്ദേശിക്കുന്നവന്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വില കൊടുത്ത് വാങ്ങണമെന്നത് നിബന്ധനയാണ്. വേറെ ആളുകളെ ചേര്‍ക്കണമെന്ന നിബന്ധനയോടെയാണ് ഉല്‍പന്നം വാങ്ങുന്നതെങ്കില്‍ അത് ഹറാമാണ്.നിബന്ധന വെച്ചുള്ള വില്‍പന ഇസ്‌ലാം നിരോധിച്ചതാണ്.

ചുരുക്കത്തില്‍
കച്ചവടങ്ങളും മറ്റു സാമ്പത്തിക ഇടപാടുകളും സംതൃപ്തിയിലും സുതാര്യതയിലുമായിരിക്കണമെന്നും ഇസ്‌ലാമില്‍ നിര്‍ബന്ധ നിര്‍ദേശമുണ്ട്. അതു കൊണ്ടാണ് ഇസ്‌ലാം സാമ്പത്തിക ഇടപാടുകള്‍ക്ക് നിരവധി ഉപാധികള്‍ വെച്ചത്. മറ്റൊരാളെ വഞ്ചിച്ചും ചുഷണം ചെയ്തും നമ്മുടെ സാമ്പത്തികാവസ്ഥ ഭദ്രമാക്കുന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഹറാമിലൂടെ സമ്പാദിക്കുന്നത് തലമുറയെ തന്നെ ബാധിക്കും. ഹറാമില്‍ നിന്ന് മുളച്ചുണ്ടായ എല്ലാ മാംസത്തിനും ഏറ്റവും യോജ്യം നരകമാണ് എന്ന് റസൂല്‍(സ) പറഞ്ഞതാണല്ലോ.

ഒഴിവു സമയം ഉപയോഗപ്പെടുത്താം
ദൈനം ദിനം മാറ്റങ്ങള്‍ സംഭവിക്കുകയും സൗകര്യങ്ങളും സാധ്യതകളും മനുഷ്യനെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുകയാണ്. സമൂഹത്തിന്റെ മനോഭാവങ്ങളും നാള്‍ക്കുനാള്‍ മാറി വരുന്നു. വീട്ടില്‍ ഒരു ഏര്‍പാടുമില്ലാത്ത വീട്ടമ്മമാര്‍ അപൂര്‍വമായി വരുന്നു. വീട്ടുജോലികള്‍ക്കു പുറമെ ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി വീട്ടു ചെലവുകള്‍ക്കാവശ്യമായ പണം കണ്ടെത്തുന്ന കുടുംബിനികള്‍ ധാരാളമുണ്ട്. സ്ത്രീ ശാക്തീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് തന്നെ ധാരാളം സ്ത്രീ സംഘടനകളും തൊഴില്‍ കൂട്ടങ്ങളും നിലവിലുണ്ട്. ടൈലറിംഗ്, ട്യൂഷന്‍, ബേക്കിംഗ്, ഫാര്‍മിംഗ് തുടങ്ങി ചെറിയ അധ്വാനമുള്ള ജോലികള്‍ തന്നെ മനസംതൃപ്തി ലഭിക്കുന്നവയാണ്.
ചുരുങ്ങിയ സമയം കൊണ്ട് വന്‍ലാഭം കൊയ്യാമെന്ന ധനാര്‍ത്തി കൊണ്ടാണ് പലരും ഇതു പോലെ ഹറാമായ ഇടപാടുകളില്‍ ഏര്‍പെടുന്നത്. സമ്പാദ്യത്തേക്കാള്‍ സമ്പാദന രീതിയെ കുറിച്ച് മുസ്‌ലിമീങ്ങള്‍ ബോധവാന്മാരാകേണ്ടതുണ്ട്.
(അവലംബം: തുഹ്ഫ ,മുഗ്‌നി)

കടപ്പാട് : പൂങ്കാവനം

LEAVE A REPLY

Please enter your comment!
Please enter your name here