നിസ്‌കാരശേഷമുള്ള ഹസ്തദാനം; വിയോജിക്കും മുന്‍പ്

0
2700

ജനങ്ങളുടെ പതിവുകള്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, ചില നാടുകളില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യമാണ്, ജമാഅത്തായി നിസ്‌കരിച്ച ശേഷമുള്ള ഹസ്തദാനം. ചാടിപ്പിടിച്ച് വിധി പറയുന്ന ചിലര്‍ ഈ മനോഹരമായ പ്രവൃത്തിയെ ബിദ്അത്ത് എന്ന് വിധിയെഴുതാന്‍ തിടുക്കം കാണിക്കുന്നത് കാണാം.

മാലികി മദ്ഹബിലെ ഇമാം ഹത്വാബിയുടെ മവാഹിബുല്‍ ജലീല്‍ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണി അവര്‍ ഇതിനായി കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. ‘ അസ്വര്‍, സുബ്ഹ് നിസ്‌കാരങ്ങള്‍ക്ക് ശേഷം കണ്ടു വരുന്ന ഹസ്തദാനം ബിദ്അത്തില്‍പ്പെട്ടതാണ്….നബി (സ്വ) നിസ്‌കാര ശേഷം പ്രത്യേക ദിക്‌റുകളും മൂന്ന് തവണ ഇസ്തിഗ്ഫാറും ആണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഗുണങ്ങളെല്ലാം അവിടുത്തെ അനുഗമിക്കുന്നതിലാണല്ലോ.’

ഈ ഉദ്ധരണിയോടുള്ള മുഴുവന്‍ ആദരവും നിലനിര്‍ത്തി തന്നെ പറയട്ടെ, കുറേയധികം പണ്ഡിതന്മാര്‍ ഈ ഹസ്തദാനത്തെ അനുവദനീയമെന്നോ/ സുന്നത്തെന്നോ വിധി പറഞ്ഞവരാണ്. ശൈഖ് മുബാറക് പൂരി അദ്ദേഹത്തിന്റെ തിര്‍മിദിയുടെ വ്യാഖ്യാനത്തില്‍ ഇങ്ങനെ കുറിച്ചു: ‘ഇമാം നവവി (റ) പറഞ്ഞു; ജനങ്ങള്‍ക്കിടയില്‍ പതിവായിക്കണ്ടുവരുന്ന അസ്ര്‍ – സുബ്ഹ് നിസ്‌ക്കാരങ്ങള്‍ക്ക് ശേഷമുള്ള ഹസ്തദാനം, ഇതേ രൂപത്തില്‍ ശറഇല്‍ ഒരു അടിസ്ഥാനം ഇല്ലാത്ത കാര്യമാകുന്നു. എന്നാല്‍ അതിന് കുഴപ്പമില്ല. ഹസ്തദാനം സുന്നത്താണ് എന്ന പൊതുനിയമത്തിന് കീഴില്‍ ഇതും ഉള്‍പ്പെടുത്താം.

ഇമാം ശര്‍വാനി പറയുന്നത് കണ്ട് നോക്കൂ: ‘ അസ്‌റിനും സുബ്ഹിനും ശേഷമുള്ള ഹസ്തദാനത്തിന്, നടപ്പുരീതിക്ക് യോജ്യമായ തെളിവ് ദീനില്‍ ഇല്ല. എന്നാല്‍ അത് ചെയ്യുന്നതിന് കുഴപ്പമില്ലതാനും. ദീന്‍ പ്രോത്സാഹിപ്പിച്ച പൊതുവായ ഹസ്തദാനത്തില്‍ ഇതും ഉള്‍പ്പെടുത്താം.’ നിസ്‌കാര ശേഷമുള്ള ഹസ്തദാനത്തോടെ മാത്രമേ പ്രസ്തുത നിസ്‌കാരം പൂര്‍ണ്ണമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളും ഉണ്ടാകില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നത് സത്യവിശ്വാസികളെക്കുറിച്ച് തെറ്റായ ഊഹം കൊണ്ടു നടക്കലാകുന്നു. എന്നാല്‍ അതിനേക്കാള്‍ അപകടം പിടിച്ചത്, നമ്മുടെ അയല്‍ക്കാരനായ നിസ്‌കാരക്കാരന്‍ ഹസ്തദാനത്തിന് കൈ നീട്ടുമ്പോള്‍ അത് നിരസിച്ച് അയാള്‍ക്കെതിരെ ഉപദേശകന്റെ റോളിലെത്തി ബിദ്അത്തോ അതില്‍ കഠിനമായതോ ചാര്‍ത്തി നെഗളിപ്പ് കാണിക്കലാകുന്നു.
അബ്ദുല്ലാഹ് ഫദഅഖ്

അല്‍ റുഅ്‌യ ദിനപ്പത്രം

LEAVE A REPLY

Please enter your comment!
Please enter your name here