നിസ്‌കരിക്കുന്നവരെ ഖുര്‍ആന്‍ വിമര്‍ശിച്ചിതോ?

0
2527

മിഅ്‌റാജി(ആകാശാരോഹണം)ന്റെ രാത്രിയിലാണല്ലോ നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍ അന്ന് സുബഹിക്ക് മുമ്പ് നബി (സ്വ) തിരിച്ചെത്തിയെങ്കിലും സുബഹി നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. കാരണം അതിന്റെ രൂപം നബി (സ്വ) ക്ക് പഠിപ്പിച്ച് കൊടുത്തിരുന്നില്ല. അന്ന് ളുഹ്‌റ് മുതല്‍ രണ്ട് ദിവസം തുടര്‍ച്ചയായി പത്ത് നേരത്തെ നിസ്‌കാരം ജിബ്‌രീല്‍ (അ) വന്ന് നബി(സ്വ)ക്ക് നിസ്‌കരിച്ച് കാണിച്ച് കൊടുത്തു.
വളരെ ശ്രദ്ധേയമായ കാര്യമാണിത്. ഏത് രൂപത്തില്‍ ചെയ്യണമെന്ന് നബി[സ്വ]ക്ക് വിവരിച്ച് കൊടുത്തിരുന്നുവെങ്കില്‍ തന്നെ നബി(സ്വ)ക്ക് ഉള്‍കൊള്ളാനും പ്രയോഗവല്‍കരിക്കാനും കഴിയുമായിരുന്നു. നിസ്‌കാരത്തിന്റെ രൂപത്തേക്കാള്‍ സങ്കീര്‍ണ്ണമായ കാര്യങ്ങളൊക്കെ നബി(സ്വ) അങ്ങനെ ഗ്രഹിച്ചിരുന്നുവല്ലൊ. എന്നിട്ടും ജിബ്‌രീല്‍ (അ) പത്ത് തവണ ഇതിന്റെ രൂപം കാണിച്ച്‌കൊടുത്തതില്‍നിന്ന് തന്നെ ഇതിന്റെ പ്രാധാന്യം ഗ്രഹിക്കാം. അതിനാല്‍ നിസ്‌കാരത്തിലെ കുറേ കാര്യങ്ങളെ അത് സുന്നത്തല്ലേ എന്ന കാഴ്ചപ്പാടില്‍ നിസാരവല്‍കരിക്കരുത് ഓര്‍മ്മപ്പെടുത്തുന്നു.
നിസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ രണ്ട് കാല്‍പാദങ്ങളും ഒരു ചാണ്‍ അകലത്തില്‍ വെക്കണം. അതിനേക്കാള്‍ അടുപ്പിക്കലും അകറ്റലും സുന്നത്തിനെതിരാണ്. രണ്ട് കാലിലും ഒരുപോലെ ഊന്നി നില്‍ക്കണം. ഒരു കാലില്‍ ഭാരം കൊടുത്ത് നില്‍ക്കുന്നത് കറാഹത്താണ്. മുന്നിലുള്ള ചുമര് പോലോത്തതിലേക്ക് കാഴ്ച പതിക്കുന്ന രൂപത്തില്‍ തല ഉയര്‍ത്തി പിടിക്കലും കഴുത്ത് വളച്ച്‌കൊണ്ട് കൂടുതല്‍ താഴ്ത്തിപ്പിടിക്കലും സുന്നത്തിനെതിരാണ്.
കുറ്റവാളിയായ അടിമ തന്റെ യജമാനന്റെ അഥവാ പിടിക്കപ്പെട്ട ഒരു കുറ്റവാളി തന്നെ ശിക്ഷിക്കാന്‍ അധികാരമുള്ളവന്റെ മുമ്പില്‍ നില്‍ക്കുന്നതുപോലെ തല അല്‍പം മുന്നിലേക്ക് താഴ്ത്തി സുജൂദിന്റെ സ്ഥാനത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ച് കൊണ്ട് വിനയത്തേടെ, ഉണര്‍വ്വോടെയാണ് നില്‍ക്കേണ്ടത്. ഇക്കാര്യങ്ങളെല്ലാം പ്രബല ഗ്രന്ഥങ്ങളിലെല്ലാം വിവരിച്ചിട്ടുണ്ട്.
തന്റെ സ്രഷ്ടാവും യജമാനനും തന്നെ രക്ഷിക്കാനും ശിക്ഷിക്കാനും അധികാരവും കഴിവും ഉള്ളവനുമായ സര്‍വ്വ ശക്തനോട് നേരില്‍ സംഭാഷണം നടത്താനുമുള്ള സുവര്‍ണ്ണാവസരമാണിത്. ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കാനാണ് നില്‍ക്കുന്നത് എന്നും തന്റെ മനസ്സിന്റെ ഉള്ളിലേക്കാണ് അവന്റെ നോട്ടമെന്ന് നിസ്‌കരിക്കാന്‍ നില്‍ക്കുന്നവന്‍ ഓര്‍ക്കണം. യജമാനന്റെ മുന്നില്‍ മര്യാദക്കേട് കാണിച്ചാല്‍ തന്റെ ആവശ്യങ്ങള്‍ പരിഗണിക്കുകയില്ലെന്ന് മാത്രമല്ല, ചിലപ്പോള്‍ അവന്റെ കോപത്തിനും ശിക്ഷക്കും വിധേയമാകുകയും ചെയ്‌തേക്കാം. പൂര്‍വ്വീകരായ മഹാന്മാര്‍ ഇതെല്ലാം ഓര്‍ക്കാറുണ്ടായിരുന്നു. ഇമാം അലി (റ) വിന്റെ പൗത്രന്‍ ഇമാം സൈനുല്‍ ആബിദീന്‍ (റ) വിനെ പോലുള്ളവര്‍ നിസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ഭയം കാരണം ശരീരമെല്ലാം വിവര്‍ണ്ണമാകാറുണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഇങ്ങനെ ഭയഭക്തിയോടെ നിസ്‌കരിക്കുന്നവരെ പരിശുദ്ധ ഖുര്‍ആനില്‍ പ്രശംസിച്ചിട്ടുണ്ട്.
നേരെ മറിച്ച് അലസനായും അശ്രദ്ധനായും നില്‍ക്കുന്നവനെ കഠിനമായാണ് വിശുദ്ധ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത്. അത് കപടവിശ്വാസികളുടെ സ്വാഭാവമാണെന്നും ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here