നിപ്പാ വൈറസ്; ചില വീണ്ടുവിചാരങ്ങള്‍

യു.എ റശീദ് പാലത്തറ ഗേറ്റ്

0
2064

ഒരിടവേളക്ക് ശേഷം നമ്മുടെ നാട് പകര്‍ച്ചവ്യാധിയുടെ ആധിയില്‍ പനിച്ച് വിറക്കുകയാണ്. കോഴിക്കോട് തുടങ്ങിയ മരണം മലപ്പുറത്തെ ചില പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങി. പടച്ച തമ്പുരാന്‍ ആ മഹാമാരി നിശേഷം ഇല്ലാതാക്കി നമ്മെ സര്‍വ്വരെയും കാത്തു രക്ഷിക്കട്ടെ….!
പകര്‍ച്ചാ വ്യാധികള്‍ ഒഴിഞ്ഞുപോവാത്ത ചില കാലങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നു. അവരന്ന് വലിയ വേദന തിന്ന് കഷ്ടപ്പെട്ടവരാണ്. ഇന്നത്തേത്‌പോലെ മെഡിക്കല്‍ സയന്‍സ് അത്ര പുരോഗതി പ്രാപിക്കാത്ത അന്ന് അവരുടെ ആത്മ ധൈര്യത്തിന് ശക്തി പകര്‍ന്നതും പരീക്ഷണങ്ങളിലവര്‍ അതിജയിച്ചതും ആധ്യാത്മികമായ നീക്കുപോക്കുകളും വിശുദ്ധ വചനങ്ങളുടെ പാരായണങ്ങളും കാരണമായിരുന്നു.
ഓരോ ദിനവും ഓരോ പേരിലെത്തുന്ന പുതിയ കാല പകര്‍ച്ചാവ്യാധികള്‍ക്ക് മുന്നില്‍ മോഡേണ്‍ മെഡിക്കല്‍ എത്തിക്‌സ് കൈമലര്‍ത്തുമ്പോള്‍ പരിഹാരങ്ങള്‍ക്ക് മനുഷ്യര്‍ നെട്ടോട്ടമോടുന്നു. പഠന സാമ്പിളുകള്‍ ലാബുകളില്‍ ഗവേഷണം ചെയ്യപ്പെടുമ്പോള്‍ മരണ സംഖ്യ കൂടുന്നു. പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നമ്മള്‍ ഓരോരുത്തരും തിരിച്ച് പോവേണ്ട ഒരു ജീവിത ശൈലിയുണ്ട്. ആത്മീയത ജീവിതത്തിലുറച്ച പൂര്‍വികരുടെ മഹിതമായ ആ പാതയില്‍ പരിഹാരങ്ങള്‍ തെളിഞ്ഞ് കാണുന്നുണ്ട്.
ഈ കുറിപ്പിന് ശക്തിപകരുന്ന ഒരു ചെറിയ സംഭവം പറയട്ടെ..
രാത്രി വളരെ വൈകിയിട്ടും കുഞ്ഞ് ഉറങ്ങുന്നില്ല. കരച്ചിലോട് കരച്ചിലാണ്. മാതാപിതാക്കള്‍ പരിഭ്രാന്തരായി. നേരം വെളുക്കുവോളം കരഞ്ഞ് കൊണ്ടേയിരുന്നു. നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ച എല്ലാവരെയും ഒന്നടങ്കം സ്തബ്ധരാക്കി. കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണിയില്‍ ഒരു ഉഗ്രന്‍ തേള്. അത് കുഞ്ഞിനെ തലങ്ങും വിലങ്ങും കുത്തിയിരിക്കുന്നു. തേളിന്റെ കടിയും വിഷവുമേറ്റ് വെളുത്ത ശരീരം ചെമ്പകം പോലെ ചുവന്നിരിക്കുന്നു. ഏതാണ്ട് ഇരുപതോളം കടി ഏറ്റിട്ടുണ്ട്. പക്ഷേ, അത്ഭുതമെന്ന് പറയട്ടെ, പിഞ്ചു കുഞ്ഞിന് മറ്റ് യാതൊരു കേടുപാടും ഇതിനാലെ ഉണ്ടായില്ല.
യമനിലെ നബികുടുംബത്തില്‍ പ്രധാനിയും ആധ്യാത്മ ഗുരുവുമായ ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ചരിത്രത്തിലെ സവിശേഷമായഒരു സാന്നിധ്യമാണ്. ഇമാം ജനിച്ച നാളിലുണ്ടായ ഒരു സംഭവമാണ് മുകളില്‍. ഹിജ്റ വര്‍ഷം 1044 സഫര്‍ മാസം 5 തിങ്കളാഴ്ച ദിവസമാണ് ജനനം. യമനിലെ പ്രശസ്തിയാര്‍ജിച്ച അലവി കുടുംബത്തില്‍നിന്നുള്ള അലവിബ്നു മുഹമ്മദ് തങ്ങളുടെ ഹബ്ശി കുടുംബത്തില്‍നിന്നുള്ള സല്‍മ ബീവിയുടെയും മകനാണ്. അവര്‍ മകനെ അബ്ദുല്ല എന്ന് പേര് വിളിച്ചു. പരീക്ഷണങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. നാല് വയസ്സുള്ളപ്പോള്‍ കുട്ടിക്ക് വസൂരി വന്നു. തന്മൂലം അന്ധതയുണ്ടായി. ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രീതിയില്‍ പരിപൂര്‍ണ അന്ധനായി മാറി. മാതാപിതാക്കള്‍ക്ക് ഹൃദയങ്ങളില്‍ കനല്‍ കോരിയിടുന്നത് പോലെ അനുഭവപ്പെട്ടു. പക്ഷേ, ജഗന്നിയന്താവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കാഴ്ച ഇരട്ടിച്ച പോലെ കുട്ടിയില്‍ മാറ്റങ്ങള്‍ കാണുവാന്‍ തുടങ്ങി. പുറം കാഴ്ച പൂര്‍ണമായി നഷ്ട്ടപ്പെട്ടെങ്കിലും അകകാഴ്ചകൊണ്ട് സൃഷ്ടാവ് ഇമാമിനെ അനുഗ്രഹിക്കുകയായിരുന്നു.
ആ ഇമാം ഹദ്ദാദ്(റ) 1070ല്‍ ക്രോഡീകരിച്ച ഹദ്ദാദ് റാതീബ് നൂറ്റാണ്ടുകളായി ലോകത്തെമ്പാടും ദിനേന പാരായണം ചെയ്യപ്പെടുന്നു. മഹാമാരികളെ തുരത്താന്‍ കെല്‍പുളള വജ്രായുധമാണതിലെ ദിക്‌റുകളോരോന്നും. പൈശാചികതകളെ പിഴുതെറിയാന്‍ പോന്ന ആത്മബലമാണതിലെ വിര്‍ദുകളെല്ലാം. ആഗ്രഹ സാഫല്യം, ശത്രു ശല്യം, വിഷ ജന്തുക്കളുടെ ഉപദ്രവം, പകര്‍ച്ച വ്യാധികള്‍ ഇങ്ങനെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ആവശ്യങ്ങളില്‍ തുണയും പ്രതിസന്ധികളില്‍ തണിയുമായി ഹദ്ദാദ് റാതീബ് പൂര്‍വിക തലമുറകളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.
ചരിത്രത്തിന്റെ ധന്യമായ ഇടങ്ങളില്‍ ഇത്തരം സ്വാധീനങ്ങള്‍ ചെലുത്തിയ ധാരാളം ആത്മീയ പിന്‍ബലങ്ങള്‍ ഇനിയും ധാരാളമുണ്ട്. മങ്കൂസ് മൗലിദിന്റെ ഉത്ഭവപശ്ചാത്തലം തന്നെ അത്തരമൊരു ഘട്ടത്തിലായിരുന്നു.
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന’ മൗലിദു ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ്(പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖ് മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
മലപ്പുറത്തെ താനൂരില്‍ തീരദേശത്ത് ശക്തമായ തീപ്പിടുത്തം ഭീതി ജനിപ്പിച്ചപ്പോള്‍ അന്നത്തെ ആത്മീയ ഗുരുക്കളില്‍ പ്രമുഖരായ വെളിയങ്കോട് ആറ്റക്കോയ തങ്ങളും സയ്യിദ് ഹാശിം തങ്ങളും നിര്‍ദേശിച്ച താനൂര്‍ നാട്ടുമൗലിദ് അത്ഭുതകരമായ പരിഹാരങ്ങളുടെ നേര്‍ത്തുടര്‍ച്ചയായി ഇന്നും നിലനിന്ന് പോരുന്നു. പടച്ചവന്റെ വഴികളില്‍ ജീവിതം സമര്‍പിച്ച നിസ്വാര്‍ത്ഥരായ ഔലിയാക്കളുടെയും സ്വൂഫിയാക്കളുടെയും യഥാര്‍ത്ഥ മാര്‍ഗത്തിലൂടെ അവര്‍ കാണിച്ച പാദമുദ്രകളിലൂടെ പടച്ചവനിലേക്ക് എല്ലാം സമര്‍പിച്ച് മുന്നോട്ട് നീങ്ങിയാല്‍ ഏത് പ്രതിസന്ധികളെയും അനായാസം തരണം ചെയ്യാനാവും.
എല്ലാ ബലാലും ആഫത്തും
എടങ്ങേറുകള്‍ മുസ്വീബത്തും
ബദരീങ്ങളെ ബറകത്തിനാല്‍
എമെയ് കാക്കണം യാ റബ്ബനാ …
ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനമടങ്കലും
ബദരീങ്ങളെ ബറകത്തിനാല്‍
ശിഫയാക്കണം യാ റബ്ബനാ …

 

LEAVE A REPLY

Please enter your comment!
Please enter your name here