നയനങ്ങൾ ഒലിച്ചിറങ്ങിട്ടും നീ പ്രണയത്തെ നിഷേധിക്കുകയാണോ?

ഷനൂബ് ഹുസൈൻ

0
883

ഖസ്വീദതുൽ ബുർദയിലെ രണ്ടാമത്തെ വരിയെ കുറിച്ച് നാം സംസാരിച്ചു. ഇനി മൂന്നാം വരിയിലേക്ക് കടക്കുകയാണ്.

٣-فما لعينيك إن قلت اكففا همتا    وما لقلبك إن قلت استفق يهم
( അനുരാഗിയല്ലെങ്കിൽ പറയൂ, നിന്റെ നയനങ്ങൾക്കെന്ത് പറ്റി?. നീ നിർത്താനാവശ്യപ്പെട്ടിട്ടും അവ നിറഞ്ഞൊഴുകുക തന്നെയാണല്ലോ. നിന്റെ ഹൃദയത്തിനെന്ത് സംഭവിച്ചു? ഉണർവോടെയിരിക്കാൻ നീ ആവശ്യപ്പെട്ടിട്ടും അത് തകിടം മറിഞ്ഞിരിക്കുന്നവല്ലോ.)
മുൻ കഴിഞ്ഞ രണ്ട് വരികളുമായും ഈ വരി ബന്ധപ്പെട്ടിരിക്കുന്നു. അവിടങ്ങളിൽ ചെയ്തത് പോലെ തനിക്കഭിസംബോധനം ചെയ്യാനായി കവി തന്നിൽ നിന്ന് തന്നെ ഒരു വ്യക്തിയെ പുറത്തേക്ക് കൊണ്ട് വരുന്നു. രക്തം കലർന്ന് പ്രവഹിക്കുന്ന നിന്റെ മിഴിനീരുകളും, അടിച്ച് വീശുന്ന തെന്നലിനോടും തിളങ്ങുന്ന മിന്നലിനോടുമുള്ള നിന്റെ താത്പര്യവും നീ ഹൃദയ വേദന അനുഭവിക്കുന്നവനാണെന്നും, അതി തീക്ഷ്ണപ്രണയമുള്ള കാമുകനാണെന്നുമറിയിക്കുന്നു. ഈയൊരവസ്ഥയിലുള്ളയാൾക്ക് സ്നേഹമില്ലെന്നെങ്ങനെ പറയാനാവും?അഭിസംബോധകനായ വ്യക്തിയുടെ പ്രണയം സ്ഥിരീകരിക്കാനായി കവി കൊണ്ട് വരുന്ന തെളിവുകളെയെല്ലാം അയാൾ നിഷേധിക്കുന്നു. അയാൾ പറയുകയാണ് ” സമ്മതിച്ചു, അശ്രു കണങ്ങൾ നിണ സമ്മിശ്രമായി എന്റെ നയനങ്ങളിൽ നിന്നും പ്രവഹിക്കുന്നുണ്ട്. നിങ്ങൾ പറയുന്ന മറ്റ് അടയാളങ്ങളുമെന്നിലുണ്ട്. പക്ഷേ ഞാനൊരു അനുരാഗിയാവുന്നതിനോ അതിതീവ്ര പ്രണയമുള്ള കാമുകനാവുന്നതിനോ അത് തെളിവാകുന്നതെങ്ങനെ ? ഞാൻ കണ്ണ് നീർ ഒഴുക്കുന്നത് എനിക്ക് സംഭവിച്ച വല്ല ആപത്തും കാരണമായി ആയിക്കൂടേ ? അതല്ലെങ്കിൽ എനിക്ക് പിടിപെട്ട രോഗം എന്റെ വിലാപ ഹേതുകമായിക്കൂടേ ?
ഈയൊരു പരിതസ്ഥിതിയിൽ കവി പുതിയൊരു തെളിവിലേക്ക് നീങ്ങുകയാണ്.അങ്ങനെയെങ്കിൽ നിന്റെ മിഴികൾക്കെന്ത് പറ്റിയെന്ന് പറയൂ, നീ മതിയാക്കാനാവശ്യപ്പെട്ടിട്ടും കണ്ണ് നീർ ഒഴുക്കിക്കൊണ്ടിരിക്കുക തന്നെയാണല്ലോ. നിന്റെ ഹൃത്തിനെന്ത് പറ്റി ? നീ നേരെയാവാനാവശ്യപ്പെട്ടിട്ടും മനപ്രയാസത്തിൽ തന്നെ തുടരുകയാണല്ലോ.
ഫമാ ലി അയ്നൈക എന്നതിലെ ഫാ എന്ന അക്ഷരം കവിതയിൽ പറയാത്ത സാങ്കൽപിക ഭാഗത്തെ (നീ നിന്റെ പ്രണയത്തെ നിഷേധിക്കുകകയാണെങ്കിൽ ) വ്യക്തമാക്കാനുള്ളതാണ്.
ഹമതാ-ഇരു നയനങ്ങളും കണ്ണ്നീരൊലിപ്പിക്കുന്നു
ഇവിടെ ഒലിക്കുക എന്ന പ്രവർത്തനത്തെ കണ്ണുകളിലേക്ക് ചേർത്തി കണ്ണുകൾ ഒലിക്കുന്നു എന്നാണ് പറഞ്ഞത്.കവിതയിലെ ആലങ്കാരികതയാണത്. കണ്ണുകളിൽ നിന്നും കണ്ണ് നീരാണ് പ്രവഹിക്കാറുള്ളത്.കണ്ണ് ഒലിക്കാറില്ലല്ലോ
ഇടത് വാരിയെല്ലിന് താഴെയുള്ള കോണാകൃതിയിലുള്ള അവയവമാണ് ഹൃദയം. ഈമാനിന്റെയും ജീവന്റെയും ഉറവിടമാണത്.  ആരിഫീങ്ങളിൽ ചിലർ പറയുന്നു: അല്ലാഹു ആദ്യം ആത്മാവിനെയും പിന്നീട് ശരീരത്തെയും സൃഷ്ടിച്ചു. ആത്മാവിനോട് ശരീരരത്തോടൊപ്പം ഇണചേരാൻ കൽപിച്ചു. അവർക്ക് രണ്ട് സന്താനങ്ങൾ പിറന്നു.ഒരാണും ഒരു പെണ്ണും. ഈമാനിന്റെ ഇടമായ ഹൃദയമായിരുന്നു ആ ആൺകുഞ്ഞ്. ഹൃദയം ആത്മാവിനെ പിന്തുടർന്നു. ദേഹിയായിരുന്നു പിറന്ന പെൺകുഞ്ഞ്. അത് ശരീരത്തെയും പിശാചിനെയും പിന്തുടർന്നു. കുഴപ്പങ്ങളുടെ പ്രഭവ കേന്ദ്രം ഈ ദേഹിയാണ്. സ്വാഭാവികമായും രണ്ട് വസ്തുക്കൾ ചേർന്ന് ഉണ്ടാവുന്ന ഉൽപന്നത്തിന്റെ സ്വഭാവം അവയിൽ ഏറ്റവും താഴ്ന്നതിന്റെതാവുമല്ലോ.
ആരിഫീങ്ങൾ പറഞ്ഞതിനെ നബി(സ്വ)യുടെ ഹദീസ് അടിവരയിടുന്നുണ്ട്. ” അറിയണം, ശരീരത്തിൽ ഒരവയവമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നാവും, മോശമായാൽ ശരീരം മുഴുവൻ മോശമാവും.ഹൃദയമാണത്”.
നീ ബോധവാനാവുകഎന്നാണ് ഇസ്തഫിഖിന്റെ അർത്ഥം. പരിഭ്രമിക്കുക എന്നതാണ് ഹമതയുടെ അർത്ഥം. Similar Polymptoton (جناس شبيه بالمشتق ) ഉപയോഗിച്ചത് ഈ വരിയുടെ മനോഹാരിത വർധിപ്പിക്കുന്നു. രണ്ട് പദങ്ങളും ഒരേ ധാതുവിൽ നിന്നല്ല എടുക്കപ്പെട്ടത് എങ്കിലും അവയുടെ ധാതുക്കൾ തമ്മിൽ സാദൃശ്യതയുണ്ട്.ഒരു വാക്കിലെ മുഴുവൻ അക്ഷരങ്ങളോ ഭൂരിഭാഗം അക്ഷരങ്ങളോ രണ്ടാമത്തേതിലുമുണ്ടായിരിക്കും. ഈ സാഹിത്യ ഭംഗിക്കാണ് ജിനാസുൻ ശബീഹും ബിൽ മുശ്തഖ് എന്ന് പറയുന്നത്.ഇവിടെ ഹമയാൻ ( هميان) എന്ന ധാതുവിൽ നിന്നാണ് ഹമതാ(همتا ) യെ എടുത്തിട്ടുള്ളത്. യഹിമു(يهم ) വിന്റെ ക്രിയാ ധാതു ഹമയാൻ (هميان ) ആണ്.
സാഹിത്യ ഗരിമയുടെ സമ്പൂർണതയായ വിശുദ്ധ ഖുർആനിലും ഇത് കാണാവുന്നതാണ്.സൂറതു ശുഅറാ ഇലെ قَالَ إِنِّي لِعَمَلِكُمْ مِنَ الْقَالِينَ എന്ന ആയതിൽ  ഖൗൽ എന്ന ധാതുവിൽ നിന്നെടുത്ത ഖാലയും ഖലാ (قلي) എന്ന ധാതുവിൽനിന്നെടുത്ത ഖാലീനും (قالين) ജിനാസുൻ ശബീഹുൻ ബിൽ മുശ്തിന് ഉദാഹരണമാണ്.
ഇനി നമുക്ക് ഈ മൂന്ന് വരികളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കാം. ഖസീദതുൽ ബുർദയുടെ വ്യാഖ്യാനമെഴുതിയ ശൈഖ് ഖർപൂതി തന്റെ ഉസ്താദിൽ നിന്നും ഉദ്ദരിക്കുന്നു.”നിനക്ക് അഭ്യസിച്ചിട്ടില്ലാത്ത പരിശീലനം ലഭിച്ചിട്ടില്ലാത്ത മൃഗമുണ്ടെങ്കിൽ ഒരു ഗ്ലാസിൽ ഈ മൂന്ന് വരികളുമെഴുതി മഴവെള്ളം കൊണ്ട് മായ്ച്ച് അതിനെ കുടിപ്പിക്കുക. ആ മൃഗം അഭ്യാസം നേടി നിനക്ക് വിധേയനായി വരുന്നതാണ്. ഞാനത് പരീക്ഷിച്ചു മനസ്സിലാക്കിയതാണ്.
ഈ മൂന്ന് ബൈതുകളും കസ്തൂരി മാനിന്റെ തോലിലെഴുതി സംസാരിക്കാൻ ബുദ്ധിമുട്ടുള്ള, വിക്കുള്ള ഒരാളുടെ കൈ തണ്ടയിൽ കെട്ടിയാൽ അയാളുടെ വിക്ക് മാറി പെട്ടെന്ന് തന്നെ വാക്ചാതുരിയുള്ളവനായി മാറും എന്നത് മറ്റൊരു സവിശേഷതയാണ്.

ഇവിടെ ഇക്ഫുഫാ (തടഞ്ഞ് വെക്കുക ) എന്ന് പറഞ്ഞല്ലോ. അതുമായി ബന്ധപ്പെട്ട ഒരു പഴമൊഴി ഞാൻ ഓർക്കുകയാണ്.
خير الناس من كف فكه و فك كفه
و شر الناس من كف كفه و فك فكه
ജനങ്ങളിൽ ഉത്തമർ സംസാരം നിയന്ത്രിക്കുകയും മുൻകൈ അഴിച്ച് വിടുകയും ചെയ്യുന്നവരാണ്.ജനങ്ങളിൽ നീചർ മുൻകയ്യിനെ നിയന്ത്രിക്കുകയും സംസാരത്തെ അഴിച്ച് വിടുകയും ചെയ്യുന്നവരാണ്. നബി(സ്വ) പറഞ്ഞുവല്ലോ നീ നല്ലത് സംസാരിക്കുക, അല്ലെങ്കിൽ മൗനമവലംബിക്കുക.
മുൻകയ്യിനെ അഴിച്ച് വിടുക എന്നാൽ നന്മയുടെ മാർഗത്തിൽ ചെലവഴിക്കുന്നതിന് താൽപര്യം കാണിച്ചു എന്നർത്ഥം. നന്മയുടെ മാർഗത്തിൽ സമ്പത്ത് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നതിനെ കുറിച്ചാണ് മുൻകയ്യെ നിയന്ത്രിച്ചു എന്ന് പറഞ്ഞത്.
ഈ വരിയിൽ പരസ്പര വിരുദ്ധമായ ആശയങ്ങളുള്ള രണ്ട് വാക്കുകളെ കവി കൊണ്ട് വന്നു. തടഞ്ഞ് വെക്കുക എന്നർത്ഥമുള്ള ഉക്ഫുഫയും ഒഴുകുക എന്നർത്ഥമുള്ള ഹമതയുമാണവ. കണ്ണീരൊഴുക്കുന്നതിൽ നിന്നും കണ്ണിനെ തടയുക എന്നതും കണ്ണ്നീരൊഴുക്കുക എന്നതും വിരുദ്ധമായ ആശയങ്ങളാണ്.ഇത്തരം വൈരുധ്യങ്ങളെ ഒരുമിച്ച് കൂട്ടുന്ന സാഹിത്യ ശൈലിക്ക് ത്വിബാഖ്(طباق  ) antithesis എന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here