നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം

എന്‍ ബി സിദ്ദീഖ് ബുഖാരി

0
2144

രാമായണം എന്നതിന്റെ അര്‍ത്ഥം രാമന്റെ അയനമെന്നാണ്. അയനമെന്നാല്‍ യാത്ര. ഇപ്പറഞ്ഞതില്‍ നിന്ന് രാമായണം ഒരു യാത്രാവിവരണമെന്ന് സാധാരണ ഗതിയില്‍ എടുക്കരുത്. രാമന്റെ ജീവിതയാത്രയാണ് കവി പ്രതിപാദിക്കുന്നത്. സീതയിലേക്കും രാവണനിലേക്കും ശ്രീരാമന്‍ ചെയ്ത യാത്രയാണ് ചുരുക്കത്തില്‍ രാമായണം. രാവണനിലേക്കുള്ള യാത്രയില്‍ രാമന്‍ വിജയിക്കുകയും ശ്രീമതി സീതയിലേക്കുള്ള യാത്രയില്‍ തോറ്റെന്നുമാണ് ബുദ്ധിജീവികളുടെ ഒരു കാഴ്ചപാട്. അത് കൊണ്ട് രാമായണം വാസ്തവത്തില്‍ സീതായനമാണെന്ന് സുകുമാര്‍ അഴീക്കോട് മാഷ് പറയാറുണ്ടായിരുന്നു. ഏറ്റവും നല്ല ശ്രീരാമവിമര്‍ശനം രാമായണം തന്നെയാണെന്ന് നിരീക്ഷണമുണ്ട്.

ആദിയില്‍ രാമന്‍ രാമന്‍ മാത്രമായിരുന്നു. പിന്നീട് ശ്രീരാമനായി. ഒരു വിഭാഗത്തിന്റെ പേടിസത്വമായും ചിലപ്പോള്‍ മാറുന്നു. എങ്ങിനെയെന്ന് പറയട്ടെ. വാല്മീകിയാണ് രാമായണ കര്‍ത്താവ്. ചിതല്‍പുറ്റിനകത്ത് ധ്യാനമിരുന്നയാളാണ് ഇദ്ദേഹം. വാല്മീകത്തിനര്‍ത്ഥം ചിതല്‍പുറ്റെന്നാണ്. രാമായണം വാല്മീകിയുടെയോ ഏതെങ്കിലും ഒരു കര്‍ത്താവിന്റെയോ രചനയല്ല പകരം അതിന് ബഹുകര്‍തൃത്വമുണ്ടെന്ന വാദവും സജീവമായി നിലനില്‍ക്കുന്നു. സംസ്‌കൃത മൂല രാമായണത്തില്‍ രാമന്‍ ഒരു സാധാരണ മനുഷ്യനാണ്. മാനുഷികമായ ഗുണങ്ങളും പരിമിതികളും ഒട്ടിച്ചേര്‍ന്ന വ്യക്തി. തുടര്‍രചനകളിലും തര്‍ജുമകളിലുമാണ് രാമന്‍ ശ്രീരാമനിലേക്ക് വളര്‍ന്നത്.
15/16 നൂറ്റാണ്ടുകളില്‍ ജീവിച്ച തുഞ്ചത്തെഴുത്തച്ഛന്‍ തയാറാക്കിയ ‘അധ്യാത്മരാമായണ’ത്തില്‍ ശ്രീരാമനെ ദൈവികതയുടെ സര്‍വ്വ പരിവേഷങ്ങളോടെ അവതരിപ്പിച്ചു. അതിനൊരു കാരണവുമുണ്ട്. ജാതീയതയും ബ്രാഹ്മണിസവും കലങ്ങിമറിഞ്ഞകാലമായിരുന്നു അന്ന് കേരളത്തില്‍. കേരളത്തില്‍ മാത്രമല്ല, പുറത്തും. ആത്മീയമായ/മതകീയമായ അന്തരീക്ഷത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നപരി സ്വസ്ഥത കിട്ടുമെന്ന് എഴുത്തച്ഛന്‍ ആലോചിച്ചു. ഇതിഹാസകാവ്യത്തിലെ രാമനെ തതടിസ്ഥാനത്തില്‍ അവതരിപ്പിച്ചു.

എഴുത്തച്ഛന്‍ ഒരു ശൂദ്രകവിയായിരുന്നു. എഴുത്തും വായനയും ഹറാമാക്കപ്പെട്ടവരാണ് ശൂദ്രര്‍! പക്ഷേ അദ്ദേഹം മലയാളത്തിന്റെ ഒന്നാം നമ്പര്‍ മഹാകവിയായി. ബ്രാഹ്മണ ശല്യം വരാതിരിക്കാന്‍ തന്റെ കവിതകളെ കിളികളെ കൊണ്ട് പാടിച്ച് കിളിപ്പാട്ട് പ്രസ്ഥാനം സ്ഥാപിച്ചുവത്രെ.

മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ സ്‌ഫോടനാത്മകമായ ഒരു രാമവിമര്‍ശമാണ്. കാഞ്ചനസീത എന്ന നാടകത്തിലും രാമന്‍ നന്നായി വിമര്‍ശിക്കപ്പെടുന്നുണ്ട്. എം.എഫ് ഹുസൈന്റെ ചിത്രം വികാരത്തെ വ്രണപ്പെടുത്തിയതും ചിത്രകാരന്‍ ദേശത്യാഗം ചെയ്തതും അത് രാമസ്പര്‍ശമുള്ളതിനാലാണ്. ഹനുമാന്റെ തുണിയുടുക്കാത്ത തുടയില്‍ രാമപത്‌നി സീതാദേവി ഇരിക്കുന്നതാണ് ചിത്രം. ഡോ. അസീസ് തരുവണയുടെ ‘വയനാടന്‍ രാമായണം’ രാമായണ സംബന്ധമായ ഹൈപോതിറ്റിക് വിചാരങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. വയനാട്ടിലെ ഗ്രാമങ്ങളില്‍ രാമസീതമാരുടെ ജീവിതാവിഷ്‌കാരമുള്ള കഥകളും പാട്ടുകളും ഭൗമികാടയാളങ്ങളും പ്രശ്‌നമാക്കുന്നത് രാമായണത്തിന്റെ ഏകത്വത്തെയാണ്. വയനാട്ടിലെ അയോധ്യ യു.പി യിലെ അയോധ്യയുടെ ഓതന്റിസിറ്റിയെ സംശയിപ്പിക്കുന്നു. അയോധ്യയെന്ന പേര്‍ ശ്രദ്ധിച്ചിട്ടുണ്ടോ? Land no war എന്നാണ് അയോധ്യയുടെ സൂചിതം. അഥവാ യുദ്ധരഹിത ഭൂമി. ശാന്തത മുറ്റിനില്‍ക്കുന്ന ഏത് ഭൂമിക്കും ഇയ്യര്‍ഥത്തില്‍ അയോധ്യയെന്ന് പറയാം. ഇതിഹാസങ്ങളില്‍ ഒരു അയോധ്യ മാത്രമല്ലെന്നും ബഹുരാമന്മാര്‍ ഉണ്ടായിരുന്നെന്നും ഇതില്‍ നിന്ന് ഒരാള്‍ നിരൂപിച്ചെടുത്താല്‍ അദ്ദേഹം കുറ്റക്കാരനാവില്ല. പാക്കിസ്ഥാന്‍ എന്നാല്‍ ഉറുദുവില്‍ വിശുദ്ധ ഭൂമിയാണെന്നും അനേകം പാക്കിസ്ഥാന്‍ വേറെ വേണമെന്നുമുള്ള മറുവാദം ഉന്നയിച്ച് ഒന്നാം വാദത്തെ മറിച്ചിടാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് പറയേണ്ടതുണ്ടോ? (ഞാനൊരു ദേശ സ്‌നേഹിയാണ്. പാക് വാദിയല്ലേയല്ല.)
ഇത്തരം ക്രറ്റിക്കുകളെ ശ്രീരാമവിശ്വാസികള്‍ എങ്ങനെയാണ് കാണുന്നത്? വിശേഷിച്ചും രാമനും സീതയും ഒരു മതത്തിന്റെ മാത്രം കള്‍ട്ടുകളല്ലെന്ന ധാരണ നിലനില്‍ക്കുമ്പോള്‍. ഭാരതീയ സാഹിത്യ ഗ്രന്ഥമായിട്ടാണല്ലോ രാമായണവും മഹാഭാരതവും കരുതിപ്പോരുന്നത്. അത് കൊണ്ടാണ് സ്‌കൂള്‍-കോളേജ്- യൂണിവേഴ്‌സിറ്റി പാഠ്യശാഖയില്‍ അവ ഇടംനേടിയത്.

രാമായണ മാസം ആചരിക്കപ്പെടുന്നുണ്ട്. മഹാഭാരതത്തിനില്ലെന്ന് തോന്നുന്നു. വീടുകളില്‍ പാരായണം ചെയ്യപ്പെടുന്നതും രാമായണമാണ്. മഹാഭാരതം ഒരു കുടുംബ കലഹത്തിന്റെ കഥയായതിനാല്‍ വീടുകളില്‍ പാടുന്നത് അത്ര ശുഭകരമല്ലെന്നാണ് വിശ്വാസം. ശ്രീകൃഷ്ണ വായന ഇവിടെ തുലോം കുറവാണ്. കൃഷ്ണ ഭക്തിയെക്കാള്‍ ഒരു തള്ള് മുന്നിലാണ് രാമഭക്തി. ആദം സേന രൂപീകരിക്കപ്പെട്ടപ്പോള്‍ രാം സേനയാണ് ബദല്‍ വന്നതെന്ന് കേട്ടിട്ടുണ്ട്. ബാബരി ദുരന്തം നടന്നത് പള്ളി രാമജന്മഭൂമിയിലാണെന്നത് കൊണ്ടാണല്ലോ.

ഇപ്പോള്‍ ശ്രീരാമന്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടുണ്ട്. പശുവിനെ പറഞ്ഞയച്ച് കൊണ്ടാണ് രാമഭക്തിയെ രാഷ്ടീയത്തിലേക്ക് കയറ്റിയിരുത്തിയത്. പൗരാണിക ഭാരതീയ സംസ്‌ക്കാരത്തിന്റെയും മതങ്ങളുടെയും അനന്തരാവകാശം BJP/RSS അവകാശപ്പെടുന്നതില്‍ ഒളിച്ചുകടത്തുന്നത് ഒരു മത-രാഷ്ടീയ സിന്തസിസാണ്. ശ്രീകൃഷ്ണ ജയന്തിയാഘോഷം ഇടത്തോട്ട് വരുമ്പോള്‍ തീവ്രവലതുഭാഗം കായികമായി ഇതിനെ നേരിടുന്നു. ശ്രീനാരായണ ഗുരുവിനെ ഹിന്ദുസ്വാമിയായി അവര്‍ ആഘോഷിക്കുന്നു. ജയ് റാം ജയ് റാം എന്ന് വിളിച്ചു ഗ്രാമങ്ങളില്‍ നടക്കുന്ന റാലികള്‍ കാണുമ്പോള്‍ പേടിച്ച് വാതിലടച്ച് അകത്ത് കൂടുന്നു. പണ്ടൊക്കെ അമ്പലങ്ങളില്‍ നിന്ന് തുടങ്ങുന്ന എല്ലാ യാത്രകളെയും ഞങ്ങള്‍ ഓടിച്ചെന്ന് കാണാറുണ്ടായിരുന്നു. കൈ വീശാറുണ്ടായിരുന്നു. ഇപ്പോള്‍ പഴയത് പോലെ കൈ പൊന്തുന്നില്ല. ക്ഷീണം കൊണ്ടല്ല. പേടി കൊണ്ട്. സ്‌നേഹം പെയ്യുന്ന രാമന്‍ വരട്ടെ. സ്‌നേഹം ഒഴുക്കുന്ന നബിയെ അവതരിപ്പിക്കൂ. നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം; കൂടുതല്‍ സ്‌നേഹത്തോടെ.

LEAVE A REPLY

Please enter your comment!
Please enter your name here