നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം

റാഫി മാവൂര്‍

0
3150

ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ലോകര്‍ക്ക് മുഴുവന്‍ അനുഗ്രഹമാവുക എന്ന വിശേഷണം അല്ലാഹു നബിയെ ആദരിച്ചു നല്‍കിയ പദവിയാണ് . ആരാധനമുറകള്‍ കൊണ്ടോ, കഠിനമായ അധ്വാനം കോണ്ടോ, ഗവേഷണങ്ങള്‍ കൊണ്ടോ നേടിയെടുക്കാന്‍ സാധിക്കാത്ത, കഴിഞ്ഞ കാല പ്രവാചകന്‍മാര്‍ക്ക് ആര്‍ക്കും നല്‍കപ്പെടാത്ത അതിമഹത്തായ സ്ഥാനമാണിത്.
തിരുജീവിതം കാരുണ്യത്തിന്റെ നീരുറവയാണ്. അവരുടെ സ്വഭാവ നൈര്‍മല്യതയെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് നിങ്ങള്‍ അവരോട് ഹൃദയ നൈര്‍മല്യതയോടെ പെരുമാറുന്നു (ആലു ഇംറാന്‍ 159). ഈ ആയത് ഉദ്ധരിച്ച് ഹസന്‍ ബസ്വരി (റ) പറയുന്നു, ഇത് നബി (സ) യുടെ മഹത്തായ സ്വഭാവഗുണങ്ങളെ പറ്റിയാണ് സൂചിപ്പിക്കുന്നത്. അബൂഹുറൈറ(റ) പറയുന്നു, മക്കയില്‍ അവിശ്വാസികളുടെ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സമയത്ത് സ്വഹാബത് തിരുസവിധത്തില്‍ വന്നു പറഞ്ഞു, നബിയേ ഞ്ഞങ്ങളെ അക്രമിക്കുന്നവര്‍ക്കെതിരെ പ്രാര്‍ഥിക്കണം. നബി(സ) പ്രതികരിച്ചു ഞാന്‍ ശാപപ്രാര്‍ത്ത നടത്തുന്നവനായിട്ടല്ല നിയോഗിക്കപ്പെട്ടത്. ഞാന്‍ അനുഗ്രഹത്തിന്റെ പ്രവാചകനാണ്.(മുസ്ലിം)
ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ നിങ്ങളെ നാം അയച്ചിട്ടില്ല എന്ന ആയത് വിശദീകരിച്ച് ഇബ്‌നു അബ്ബാസ് (റ) പറയുന്നു, നബിയുടെ കാരുണ്യത്തില്‍ വിശ്വാസിയും, അവിശ്വാസിയും ഉള്‍കൊണ്ടിട്ടുണ്ട്. വിശ്വാസിക്ക് അല്ലാഹു സന്മാഗം നല്‍കിയതും ആരാധന എടുക്കാന്‍ അവന്റെ മനസ്സിനെ പര്യാപ്തമാക്കിയതും അത് മുഖേന സ്വര്‍ഗീയ പ്രവേശനത്തിനു വഴിയൊരുക്കുന്നതും തിരുനബിയുടെ കാരുണ്യം മുഖേനയാണ്. അവിശ്വാസികള്‍ക്ക് മുന്‍കാല പ്രവാചകന്‍മാരുടെ സമൂഹത്തിന് നല്‍കിയ ശിക്ഷകള്‍ നല്‍കാതിരുന്നതും തിരുനബിയുടെ കാരുണ്യം മൂലമാണ്. ‘നിങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരേ ശിക്ഷിക്കുകയില്ല’ (അന്‍ഫാല്‍ 34) എന്ന ഖുര്‍ആന്‍ സൂക്തം ഇതിനേയാണ് വ്യക്തമാക്കുന്നത് .
സ്വവര്‍ഗരതിയില്‍ ഭ്രമിച്ച ലൂത്ത് നബി(അ)ന്റെ സമൂഹത്തെ ഒന്നടങ്കം മലക്കം മറിച്ചതും, ഹൂദ്(അ) ന്റെ ഉമ്മത്തിനെ ദബൂര്‍ എന്ന വിനാശകാരിയായ കാറ്റ് കൊണ്ട് നശിപ്പിച്ചതും, ദിവ്യത്വം വാദിച്ച ഫിര്‍ഔനിനെയും സമൂഹത്തേയും മുക്കി നശിപ്പിച്ചതുമെല്ലാം അവിശ്വാസികള്‍ക്ക് ചിന്തിക്കാനുള്ള ചരിത്രമായി ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്. അവരേക്കാള്‍ വലിയ പീഡനമുറകള്‍ നബി(സ)ക്ക് നേരെ മക്കയിലെ ശത്രുക്കള്‍ അഴിച്ചുവിട്ടെങ്കിലും അവരേ നശിപ്പിക്കാതിരുന്നതും ഹബീബിന്റെ കാരുണ്യം മൂലമാണ്. ത്വാഇഫില്‍ വെച്ച് അക്രമിക്കപ്പെട്ടപ്പോള്‍ പരിസരത്തുള്ള പര്‍വതങ്ങള്‍ മറിച്ചിട്ട് അവരേ നശിപ്പിക്കാന്‍ സമ്മതം ചോദിച്ച ജിബിരീലിനോട് കരുണയുടെ പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു, അവരുടെ പിന്‍ഗാമികളില്‍ നിന്ന് അല്ലാഹുവിനെ വിശ്വസിക്കുന്ന ഒരാളെങ്കിലും ഉണ്ടാകലാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് (ബുഖാരി ,മുസ്ലിം) നബിയെ വകവരുത്താന്‍ പലയാവര്‍ത്തി ശ്രമിക്കുകയും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായി അഭ്യന്തര കലഹം സൃഷ്ടിക്കുകയും സമാധാന കരാര്‍ ലംഘിക്കുകയും ചെയ്ത ബനൂന ള്വീറിനെ വകവരുത്താന്‍ സ്വഹാബത്തിലെ പ്രമുഖര്‍ ആവിശ്യപെട്ടപ്പോള്‍ കാരുണ്യത്തിന്റെ ദൂതര്‍ അവരെ വേറെനാട്ടിലയക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇസ്ലാമിനെതിരെ പട നയിച്ച പലരും പിന്നീട് ഖേദിച്ചു മടങ്ങി തിരുസവിധത്തില്‍ വന്നു ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. അവരെല്ലാം പിന്നീട് ഇസ്ലാമിന്റ മുന്നോട്ടുള്ള ഗമനത്തില്‍ കാവലാളുകളായി മാറി. മുത്തു നബി അവര്‍ക്ക് ജീവിതത്തിന്റെ ഭാഗമായി മാറി. തിരുസവിധത്തില്‍ സര്‍വ്വം സമര്‍പ്പിച്ച. അബൂസുഫിയാനുബ്‌നു ഹര്‍ബ് റ., ഭാര്യ ഹിന്ദ് റ. ,അബൂസുഫിയാനുബ്‌നു ഹാരിസ് റ., ഇക്‌രിമത് ബ്‌നു അബീജഹ്ല് റ., ഖാലിദ് ബ്‌നു വലീദ് റ.,അംറുബ്‌നു ആസ ്‌റ., വഹ്ശി റ. തുടങ്ങി പലരും അതില്‍പ്പെടും. ശത്രുക്കള്‍ പത്തി മടക്കി വരുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും അവരെ ഇല്ലായി മചെയ്യാനുമുള്ള അവസരം ഉണ്ടായിട്ടും കാരുണ്യം ചൊരിഞ്ഞ പ്രവാചകന്‍മാതൃകയാണ്. അoറുബ്‌നു ആസ്(റ) പറയുന്നു. ഞാന്‍ ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പ് മുഹമമദ് നബി (സ)ക്കെതിരേ ശക്തമായി പ്രവര്‍ത്തിച്ചിരുന്നവനായിരുന്നു. പിന്നീട് ഇസ്ലാം എനിക്കു ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി. മുത്തുനബി എനിക്ക് മറ്റോരാളും ലോകത്ത് പ്രിയമുള്ളവരായി(മുസ്ലിം).

ലോകത്തിനഖിലവും കാരുണ്യമായിട്ടല്ലാതെ നിങ്ങളെ നാം അയച്ചിട്ടില്ല (അമ്പിയാ 117] എന്ന ആയത്തിന് പ്രഗല്‍ഭരായ അറബിഭാഷ വ്യാകരണ പണ്ഡിതന്മാര്‍ നിരവധി പ്രത്യേകതകള്‍ പറഞ്ഞിട്ടുണ്ട്.
1) റഹ്മത്ത് എന്ന് നകിറ (സാധാരണ നാമം) ആയി ഉപയോഗിച്ചത് ലോകത്തെ മുഴുവന്‍ വസ്തുക്കളേയും ഉള്‍കൊള്ളിക്കാന്‍ വേണ്ടിയാണ്.
2) നഫിക്ക്(നിഷേധം) ശേഷം നകിറ (സാധാരണ നാമം) വന്നാല്‍ മുഴുവന്‍ കാര്യങ്ങളേയും ഉള്‍കൊള്ളിക്കാന്‍ പര്യാപ്തമായ പാചകമായി മാറും.
3) നഫിക്ക്(നിഷേധം) ശേഷം ‘ഇല്ല’ വന്നാല്‍ ക്ലിപ്പതത മുഴുവന്‍ കാര്യങ്ങളേയും ഉള്‍കൊള്ളിക്കുകയെന്ന് വരും.
4) ‘ലില്‍ ആലമീന്‍’ എന്നതിലെ ലാമ് ഉടമസ്ഥതക്ക് വേണ്ടി ഉപയോഗിക്കുന്ന അക്ഷരമാണെന്നും ലോകത്തെ മുഴുവന്‍ അനുഗ്രഹങ്ങളെയും അല്ലാഹു നബിയില്‍ ബന്ധിച്ചിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ സാധിക്കും.
ഈ അനുഗ്രഹത്തിന്റെ തണല്‍ പറ്റാത്ത ഒന്നും ലോകത്തില്ല. മനുഷ്യനും മലക്കും ജിന്നും കരയും കടലും ഗ്യാലക്‌സിയും ഗോളവും ചേതന അചേതനവസ്തുക്കള്‍ മുഴുവനും ആ അനുഗ്രഹത്തെ അനുഭവിക്കുന്നു. ലോകത്തിന്റെ സൃഷ്ടിപ്പിനു തന്നെ കാരണം ആ തിരുപ്രഭയാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here