ദീസലമിന്റെ അയൽക്കാർ

ഷനൂബ് ഹുസൈൻ

0
1096

ജ്ഞാനിയായ കവി പറയുന്നു
١- أمن تذكر جيران بذي سلم      مزجت دمعا جرى من مقلة بدم
(ദീസലമിന്റെ അയൽക്കാരെ ഓർത്തിട്ടാണോ കണ്ണിൽ നിന്നും രക്തം കലർന്ന കണ്ണ് നീർ നീ പൊഴിക്കുന്നത് ?).
ജ്ഞാനിയായ കവി തനിക്കഭിസംബോധനം ചെയ്യാനായി തന്നിൽ നിന്ന് തന്നെ ഒരു വ്യക്തിയെ അനാവൃതമാക്കുന്നു. കവി അഭിസംബോധനം ചെയ്യുന്ന ഈ വ്യക്തി തന്നിലുള്ള പ്രണയത്തെ മറച്ച് വെക്കുകയും വികാരത്തെ നിഷേധിക്കുകയും ചെയ്യുന്നു.കവി അദ്ദേഹത്തോട് സംവദിച്ച് കൊണ്ട് അയാൾ നിഷേധിക്കുന്ന വികാരം അയാളിലുണ്ടെന്ന് സ്ഥിരീകരിക്കുന്നു. കവി അയാളോട് ചോദിക്കുന്നു നീയൊരു കാമുകനും അനുരാഗിയുമാണെന്നിരിക്കെ, നിനക്കെങ്ങനെ നിന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയും? നീ പ്രണയിക്കുന്ന വ്യക്തിയോടുള്ള ആസക്തി മാത്രമാണ് നിന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നതെന്ന് നിന്റെ ഹൃത്തടത്തിൽ നിന്നും വെളിവാകുന്ന വിശേഷണങ്ങൾ
പറഞ്ഞറിയിക്കുന്നുണ്ട്. പിന്നെയെങ്ങനെ നിനക്കത് നിഷേധിക്കാനാവും?
മദീനയുടെ അടുത്ത പ്രദേശമായ ദീ സലമിന്റെ അയൽവാസികളെ ഓർത്തത് കൊണ്ടാണ് നീ കരയുന്നത് .രണ്ട് വസ്തുക്കൾ സമ്മിശ്രമായി പരസ്പരം വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തുന്നതിനാണ് മസ്ജ് (مزج ) എന്ന് പറയുന്നത്. വെള്ളവും പാലും കലരുന്നത് പോലെ, പാൽക്കട്ടി നെയ്യുമായോ തേനുമായോ കലരുന്നത് പോലെ.
കണ്ണുകളിൽ നിന്നും പ്രവഹിക്കുന്ന കണ്ണ് നീരാണ് ദംഅ(دمع ). ദു:ഖം കാരണമായും സന്തോഷം കാരണമായും കണ്ണ് നീർ വരാം.ദു:ഖം നിമിത്തം പ്രവഹിക്കുന്ന കണ്ണ് നീരിന് ചൂടുണ്ടാകും. സന്തോഷത്താലുണ്ടാകുന്ന കണ്ണ് നീർ തണുത്തതായിരിക്കും.ജറാ(جرى) എന്നാൽ ഒലിക്കുക എന്നർത്ഥം. സലം ഒരു മരമാണ്. മക്കയ്ക്കും മദീനക്കുമിടയിലുള്ള സ്ഥലമാണ് ദീ സലം. മക്കയിലേക്ക് യാത്ര പോകുമ്പോൾ നബി(സ്വ) അവിടെ ഇറങ്ങാറുണ്ടായിരുന്നു.
സലമിന് സലാമത് – രക്ഷ എന്ന അർത്ഥമാണ് നൽകുന്നതെങ്കിൽ ആപത്തുകളിൽ നിന്നും രക്ഷയുള്ള സ്ഥലമെന്നാകും ദീ സലമ് കൊണ്ടുള്ള വിവക്ഷ. സ്വർഗമാണാ സ്ഥലം. സ്വർഗത്തിലെ അത്യുന്നതാന്മാക്കളുടെ ഇടമായ ഇല്ലിയ്യാണ് ഉദ്ദേശ്യം.
സ്നേഹിക്കപ്പെടുന്ന വ്യക്തിയെയാണ് ജീറാൻ – അയൽവാസികൾ എന്ന് സൂചിപ്പിക്കുന്നത്. പ്രണയിക്കപ്പെടുന്നവരുടെ നേതാവ് തിരുനബി (സ്വ) യാണ് ആ മഹാ വ്യക്തി. ആദര സൂചകമായാണ് ജീ റാൻ എന്ന ബഹു വചനമുപയോഗിച്ചത്. ജീറാൻ (അയൽവാസികൾ) കൊണ്ട് നബിമാരെയും സച്ചരിതരെയും പരിശുദ്ധാത്മാക്കളെയും വിവക്ഷിക്കുന്നതും തെറ്റല്ല.
കവി ആലമുൽ അർവാഹിനെ അതിരറ്റ് സ്നേഹിക്കുന്നു. കാരണം കവിയുൾപ്പടെയുളള സകല മനുഷ്യരുടെയും മാതൃ രാജ്യമാണത്.സ്വരാജ്യസ്നേഹം ഈമാനിന്റെ ഭാഗമാണെന്ന് തിരുവചനവുമുണ്ടല്ലോ. ഒരു വിശ്വാസി അവന്റെ പ്രഥമ ഭവനത്തെ, അടിസ്ഥാന രാജ്യത്തെ അതിയായി കൊതിക്കും. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ തുടക്കത്തിലെന്ന പോലെ ഒടുക്കത്തിലും അവന്റെ നാട് ആലമുൽ അർവാഹാ ണ്.മനുഷ്യൻ വന്നത് അവിടെ നിന്നാണ്. മരണാനന്തരം അവിടേക്ക് തന്നെ മടങ്ങുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here