പരിശുദ്ധ ഖുർആനിൽ പതിനാറു സ്ഥലങ്ങളിൽ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ് ദാവൂദ് (അ). ഇസ്റാഈലിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് അദ്ദേഹം.
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും നിസ്കാരവും ദാവൂദ് നബി(അ)യുടെ നോമ്പും നിസ്കാരവുമാണെന്ന് ഹദീസിൽ കാണാം. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിൽ ഒരു ഭാഗം ഉറങ്ങുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഇസ്റാഈല്യരിൽ മൂസാ നബി(അ)ക്ക് ശേഷം മറ്റു പല നബിമാരെയും നിയോഗിക്കപ്പെട്ടിരുന്നെങ്കിലും ജാലൂത്ത് എന്ന അക്രമകാരിയായ ഒരു ഭരണാധികാരിയാൽ അവർ കുടിയൊഴിപ്പിക്കപ്പെട്ടു. ജാലൂത്തിനെ നേരിടാൻ കഴിവില്ലാതിരുന്ന ആ സമൂഹം തങ്ങളുടെ പ്രവാചകനോട് ഒരു രാജാവിനെ നിയമിച്ചു തരാൻ ആവശ്യപ്പെട്ടു. ത്വാലൂത്ത് എന്ന ഒരാളെ അല്ലാഹു രാജാവായി നിശ്ചയിച്ചു കൊടുത്തു.
ജാലൂത്തിന്റെ ശക്തിയെപ്പറ്റി കേട്ടു ഭയന്ന പലരും ജാലൂത്തിനെ നേരിടുന്നതിന് ത്വാലൂത്തിന് സാധിക്കുമോ എന്ന് സംശയിക്കുകയും കൂടെ നിൽക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തും. വിശ്വാസം ഉറച്ച കുറച്ച് പേർ മാത്രം ത്വാലൂത്തിനൊപ്പം പുറപ്പെട്ടു. വഴിയിൽവെച്ച് ഒരു നദിയിലെ വെള്ളം കുടിക്കരുതെന്ന് പറഞ്ഞ് ത്വാലൂത്ത് സൈന്യത്തിന്റെ ക്ഷമ പരീക്ഷിച്ചു. അതിൽ കുറച്ചു പേർക്കു മാത്രമേ വിജയിക്കാനായൊള്ളൂ…
ആ ചെറുസംഘം ധീരമായി പോരാടി. സൈന്യത്തിൽ ഉണ്ടായിരുന്ന ദാവൂദ് എന്ന ചെറുപ്പക്കാരൻ ജാലൂത്തിനെ വധിച്ചു. ത്വാലൂത്തിന്റെയും ദാവൂദിന്റെയും സൈന്യം വിജയിച്ചു. അവർ ഫലസ്തീൻ കീഴടക്കി. ഭരണച്ചുമതല ദാവൂദിനെ ഏൽപ്പിക്കപ്പെട്ടു. അദ്ദേഹത്തിന് അല്ലാഹു പ്രവാചക പദവിയും നൽകി.
ദാവൂദ് നബി (അ)യിൽ നിന്ന് നിരവധി ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. പർവ്വതങ്ങളും പറവകളും ദാവൂദ് നബി(അ )നോട് കൂടെ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. ഇരുമ്പിനെ അല്ലാഹു അദ്ദേഹത്തിന് പാകപ്പെടുത്തി കൊടുത്തു. ഇരുമ്പുകൊണ്ട് പടയങ്കി ഉണ്ടാക്കുന്ന വിദ്യ അദ്ദേഹത്തിനറിയാമായിരുന്നു. രാജാധികാരം ലഭിച്ച ദാവൂദ് നബി(അ ) സ്വയം അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഉപജീവിതത്തിന് ഉപയോഗിച്ചിരുന്നത്.