ദാഇശ്: ഐ എസ് ഭീകരതയുടെ നേർസാക്ഷ്യങ്ങൾ

മുജ്തബ സി.ടി കുമരംപുത്തൂർ

0
148സമീപകാല കേരളീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു കേരളത്തിൽ നിന്നുള്ള ചില യുവാക്കളുടെ ഐഎസ് തിരോധാനം.സലഫി ആശയങ്ങളിൽ ആകൃഷ്ടരായി ദമ്മാജിലേക്കും സിറിയയിലേക്കും ഹിജ്‌റ ചെയ്ത അവരുടെ വാർത്തകൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു.

ജനിച്ചുവളർന്ന നാട്ടിലെ ജീവിതസാഹചര്യങ്ങൾ യഥാർത്ഥ മതവിശ്വാസത്തിന് യോജിക്കുന്നതല്ലെന്ന് തീരുമാനിച്ച് യാത്ര പോയ രണ്ട് യുവാക്കളുടെ പിന്നീടുള്ള ജീവിതം തേടിയുള്ള യാത്രയാണ് ശംസുദ്ദീൻ മുബാറക്കിന്റെ ‘ദാഇശ്’.അദവ്ലതുൽ ഇസ്ലാമി ഫില്ഇറാഖി വശാം(ഇസ്ലാമിക്‌ സ്റ്റേറ്റ്) എന്നതിന്റെ ചുരുക്കപ്പേരാണ് ദാഇശ് എന്നത്.

ജീവിതത്തിലെ ആനന്ദകരമായ യുവത്വത്തെ പുറംമോടികളിൽ പൊതിഞ്ഞ വിഷം നിറഞ്ഞ ആശയങ്ങൾക്ക് അടിമപ്പെടുത്തി എല്ലാം നഷ്ടപ്പെട്ട രണ്ട് യുവാക്കളാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഭാവനകൾക്കും അനിയന്ത്രിതമായ സങ്കല്പങ്ങൾക്കുമപ്പുറം വസ്തുനിഷ്ഠമായ അന്വേഷണങ്ങളും യാഥാർത്ഥ്യങ്ങളും ഇഴചേർന്ന നോവൽ വായനക്കാരനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ആനയിക്കാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.സ്വർഗ്ഗം തേടിയുള്ള യാത്രയിലെ ദുരിതങ്ങളും യാതനകളും ക്രൂരതകളും ഒരുവശത്ത് തളംകെട്ടി നിൽക്കുമ്പോൾ ഹൃദയാന്തരാളത്തിൽ ആഴ്ന്നിറങ്ങിയ പ്രണയത്തിന്റെ അടിവേരുകൾ കൂടി ഇടയ്ക്കിടെ വായനയിലേക്ക് എത്തുമ്പോഴുള്ള മനസംഘർഷത്തിന്റെയും നിരാശയുടെയും ഒരു വിസ്ഫോടനം തന്നെ വായനക്കാരന് അനുഭവിച്ചറിയാനാകും.

ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന വിദ്യാഭ്യാസ ആവശ്യാർത്ഥം കോളേജിലെത്തി ഹോസ്റ്റലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഒരു സുഹൃത്തുമായി ചങ്ങാത്തത്തിലാവുന്ന റഫീഖിൽ നിന്നാണ് കഥ തുടങ്ങുന്നത്. പതിയെ പതിയെ സുഹൃത്തിന്റെ ആശയങ്ങളോട് സമരസപ്പെടുകയും പിന്നീട് ആകർഷിക്കപ്പെടുകയും ചെയ്ത് നിരന്തരമായ മീറ്റിങ്ങുകളും ഗൂഢാലോചനകളും ഒടുവിൽ സർവ്വവും ഉപേക്ഷിച്ച് യാത്ര പോയ റഫീഖിന്റെ കൂടെ കൂട്ടുകാരൻ അഷ്കറും ചേരുന്നുണ്ട്. ആകാംക്ഷകളും പ്രതീക്ഷകളും നിറഞ്ഞ യാത്ര പിന്നീട് വെറുപ്പിന്റെയും നഷ്ട ബോധത്തിന്റെയും കെടുതികളിലേക്ക് വീഴുകയായിരുന്നു.

ലോകരാഷ്ട്രങ്ങളെ തന്നെ ഭീതിയുടെ മുൾമുനയിലാക്കിയ ഐഎസിന്റെ സംഹാരതാണ്ഡവങ്ങളുടെ നേർസാക്ഷ്യങ്ങളിലേക്കാണ് ദാഇഷ് നമ്മെ കൊണ്ട് പോകുന്നത്. വായനാ വിരസതയും ബോറടിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളും ഒരുനിലക്കും വായനക്കാരനെ പ്രയാസപ്പെടുത്താതിരിക്കാൻ ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നുണ്ട്. നീണ്ട യാത്രക്കൊടുവിൽ ദാഇശിന്റെ ആശയ പരിശീലനകേന്ദ്രത്തിലും തുടർന്ന് ആയുധപരിശീലനം കേന്ദ്രത്തിലുമുള്ള പരിശീലനാനന്തരം ക്രൂരതയുടെയും നിണദാഹത്തിന്റെയും സാമ്രാജ്യത്തിലെ മീഡിയവിംഗ് ജോലിക്കാരനായാണ് റഫീഖ് നിയമിതനാകുന്നത്.കാപാലികതയും കാട്ടാളത്തവും നിറഞ്ഞ് മനുഷ്യത്വം നഷ്ടപ്പെട്ട കിരാതർക്കിടയിലുള്ള റഫീഖിന്റെ ജീവിതത്തിലൂടെ ഭീകരവാദത്തിന്റെ തുല്യതയില്ലാത്ത ക്രൂരതകളുടെയും അക്രമപരതയുടെയും അയുക്തിയിലേക്കാണ് നോവൽ നമ്മെ ക്ഷണിക്കുന്നത്.

ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട നിരപരാധി സമൂഹങ്ങൾ മനുഷ്യത്വം നഷ്ടപ്പെട്ട കാപാലികർക്കിടയിൽ പുകഞ്ഞു നീറുന്ന ജീവിതങ്ങളുടെ നേർസാക്ഷ്യങ്ങളാണ് നമുക്ക് നോവലിലുടനീളം കാണാനാവുന്നത്.
ക്രൂരകൃത്യങ്ങൾക്കും മരകായുധങ്ങൾക്കും മുന്നിൽ ചിതറിത്തെറിക്കുന്ന മനുഷ്യമാംസങ്ങൾക്കിടയിൽ നിൽക്കുമ്പോഴും കാതങ്ങൾക്കിപ്പുറം പ്രണയസാഫല്യത്തിനായി നീറിപ്പുകഞ്ഞു ജീവിക്കുന്ന ജന്നയുടെ മെയിൽ കുറിപ്പുകൾ പലപ്പോഴായി നോവലിൽ കടന്നുവരുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ വിഷം നിറഞ്ഞ ആശയങ്ങളിലേക്ക് അനുയായികളെ ആകർഷിക്കുന്ന രീതിയും അതിനുള്ള സംവിധാനങ്ങളും വിഷയീഭവിക്കുന്നുണ്ട്. ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അവരെടുക്കുന്ന ചതിക്കുഴികൾ മാരകമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തോടെയുമാണ് ഇവരുടെ ഓരോ ചലനവും മുന്നോട്ടുപോകുന്നത്. തങ്ങളുടെ ആശയങ്ങൾ എതിർക്കുന്നവരെയും ശത്രുക്കളെയും ഭയത്തിന് മുൾമുനയിൽ നിർത്തിയാണ് ഇവരുടെ പോരാട്ടങ്ങൾ അരങ്ങേറുന്നത്.

ഒരുകാലത്ത് ലോകത്തിന്റെ സാംസ്കാരിക ഭൂമികയായിരുന്ന ബാഗ്ദാദും സിറിയയുമടങ്ങുന്ന വലിയ ഭൂപ്രദേശം ഐഎസിന്റെ കൊടും ക്രൂരതയിൽ നേരിടേണ്ടിവന്ന നഷ്ട പ്രതാപത്തിന്റെയും യുദ്ധക്കെടുതികളുടെയും ദുഃഖസാന്ദ്രമായ കഥകൾ വായനയിലുടനീളം ദർശിക്കാനാവും.
പാൽമിറ,നീനവ,ഇർബിദ്,കിർമുക് തുടങ്ങിയ നൂറുകണക്കിന് പൗരാണിക കേന്ദ്രങ്ങൾ നിമിഷനേരംകൊണ്ട് ചാമ്പലാക്കിയ ഐഎസിന്റെ കൈരാതമുഖം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ഇറാഖിന്റെ യുദ്ധഭൂമിയിൽ ദുരിതമനുഭവിക്കുന്ന യസീദികളുടെയും ‘സബായ’കളുടെയും ജീവിതങ്ങൾ അമ്പരപ്പോടെയല്ലാതെ വായിക്കാനാവില്ല. ഐ എസ് ഭീകരരുടെ ലൈംഗിക ആവശ്യങ്ങൾക്ക് അടിമപ്പെട്ടു മരണത്തെ പോലും അതിയായി ആഗ്രഹിക്കുന്ന സ്ത്രീകളും, എന്തിനുവേണ്ടിയെന്നറിയാതെ കുഞ്ഞിളം പ്രായത്തിൽതന്നെ ജീവിതം അവസാനിപ്പിച്ചു പൊട്ടിത്തെറിക്കുന്ന കുട്ടി ചാവേറുകളുടെയും കഥകൾ വേദനാജനകമാണ്.തങ്ങളുടെ ചെയ്തികളെ ചോദ്യം ചെയ്തവർക്കുള്ള ശിക്ഷാമുറകൾ കണ്ണലിയിപ്പിക്കുന്നതാണ്.ജനമധ്യത്തിൽ വെച്ചുള്ള ശിക്ഷകളും പ്രത്യേകം തയ്യാറാക്കിയ കില്ലിംഗ് ഫീൽഡിലെ രംഗങ്ങളും ഷൂട്ട്‌ ചെയ്യേണ്ടി വരുന്ന കഥാപാത്രത്തിന്റെ ദൈന്യത നിറഞ്ഞ മനസ്സ് നമുക്ക് ഒപ്പിയെടുക്കാനാവും.യുദ്ധങ്ങൾ സമ്മാനിച്ച ദുരന്ത ജീവിതങ്ങളുടെ നഷ്ടപ്പെട്ട സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും കദനകഥകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പുകളും ജീവച്ഛവമായി മാറിയ അനേകായിരങ്ങളുടെ ജീവിതങ്ങളും നോവലിൽ പരാമർശിക്കുന്നുണ്ട്.

സാങ്കല്പികതകളുടെയും ഭാവനയുടെയും രസച്ചരടുകൾക്കപ്പുറം വസ്തുനിഷ്ഠമായ ചരിത്രവും രാഷ്ട്രീയവും നോവലിൽ കൃത്യമായി കടന്നുവരുന്നുണ്ട്.പാരമ്പര്യ ഇസ്ലാമിന്റെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരമായ ആശയങ്ങളെ നിരാകരിച്ചു നിണോല്സുകതയുടെയും യുദ്ധവെറിയുടെയും തീവ്ര ആശയങ്ങളിലൂടെ ആഗോള സലഫിസം വരുത്തി വെച്ച ക്രൂരതകളാണ് മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന പ്രയാസങ്ങൾക്കു ഹേതുവായത്.അറബ് രാഷ്ട്രങ്ങളിലെ എണ്ണപ്പാടങ്ങൾ സ്വപ്നം കണ്ട് മുസ്ലിംകൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള വൻശക്തികൾ നിർമ്മിച്ചെടുത്ത വിനാശകാരിയാണ് ഇസ്ലാമിക് സ്റ്റേറ്റ്. വിശുദ്ധ ഇസ്‌ലാം തുറന്നുവെക്കുന്ന മാനുഷിക മൂല്യങ്ങളോട് അല്പംപോലും നീതി കാണിക്കാതെ അക്രമോത്സുക പോരാട്ട രീതിയാണ് സലഫിസം ലോകത്തിന് നൽകിയത്. വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ചു അൽഖാഇദ അടക്കമുള്ള പല വിഭാഗങ്ങളും ഒന്നിപ്പിച്ച് രൂപാന്തരപ്പെട്ട് ഐഎസ് പിന്നിലെ കൃത്യമായ സാമ്രാജ്യത്വ താല്പര്യം നമുക്ക് നോവലിലൂടെ ബോധ്യപ്പെടും.

അവസാന ഭാഗത്തായി പാരമ്പര്യ ഇസ്ലാം അനുശാസിക്കുന്ന യഥാർത്ഥ ആശയങ്ങളെ വായനക്കാരന് പകർന്നു കൊടുക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. സലഫിസം ലോകത്ത് വിതറിയ ഭീകരതയുടെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം വിശുദ്ധഖുർആനും പ്രവാചകരും കാണിച്ചുതന്ന ഗുണകാംക്ഷയും പാരസ്പര്യവും സമാധാനവും ഉൾചേർന്ന സുന്ദരമായ മാനവിക ആശയാദർശങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന മഹത്തായ പ്രബോധന ദൗത്യം ഗ്രന്ഥകാരൻ നിർവഹിക്കുന്നുണ്ട്.

മലയാള സാഹിത്യ രംഗത്ത് വ്യത്യസ്തമായ വഴിയിലൂടെ കടന്നു പോകുന്ന നോവൽ ഇസ്ലാമിന്റെ യഥാർത്ഥ ആശയങ്ങളെ മറച്ചു വച്ച് ഭീകരവാദത്തിലേക്ക് നയിക്കുന്ന സലഫീആശയങ്ങളുടെ അന്ധകാരത്തിന്റെയും അയുക്തിയുടെയും ആഴത്തിലേക്ക് ഇറങ്ങിചെല്ലുന്നുണ്ട്.യുദ്ധത്തിന്റെ ഭീകരതയിലും പ്രണയത്തിന്റെ ഉറവ വറ്റാത്ത ഹൃദയവും പേറി സഞ്ചരിക്കുന്ന നോവൽ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന കാര്യത്തിൽ സന്ദേഹമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here