തോണിമനുഷ്യരുടെ കണ്ണീര്‍കടല്‍

0
2563

ഭരണകൂടത്തിന്റെ ഒരു ക്ഷേമ അജണ്ടയിലും പേരില്ലാത്തവര്‍. മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പ്ലാസ്റ്റിക് ചവറുകള്‍ പോലെ മാലിന്യ കൂമ്പാരത്തിലേക്കും അഴുക്കുചാലിലേക്കും വലിച്ചെറിയപ്പെട്ടവര്‍. മൂര്‍ച്ചയുള്ള ജീവിതത്തെ അതിന്റെ മൂര്‍ധന്യതയില്‍ പച്ചയായി അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍. ഉറങ്ങുന്നതിനു മുമ്പ് കുറ്റിയിടാനും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തുറന്നിടാനും അവര്‍ക്കു മുമ്പില്‍ ഒരു വാതിലില്ല. തുറന്നിട്ട ഈ ലോകം തന്നെയാണവരുടെ വീട്. അനുഭവങ്ങള്‍ മേല്‍ക്കൂരയില്ലാതെ പെയ്യുന്നു, തോരുന്നു, വീണ്ടും വീണ്ടും പെയ്യുന്നു. കാണേണ്ട കാഴ്ചകളുടെ പട്ടികയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ഈ ജീവിതങ്ങള്‍ നമ്മുടെ കപട സാംസ്‌കാരികതയുടെ ചെകിട്ടത്താണ് അടിക്കുന്നതെന്ന് ഡല്‍ഹിയിലെയും ഹരിയാനയിലെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ചാളകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അനുഭവിച്ചറിയാം. ഭരണകൂടം ചാര്‍ത്തിക്കൊടുത്ത നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന വിലാസം അവര്‍ക്കു നേരെ നീണ്ടിരുന്ന കരുണാര്‍ദ്രതയുടെ കരങ്ങള്‍ പോലും വെട്ടിമുറിച്ചിട്ടിരിക്കുന്നു. പലരുടെയും മുഖത്തെ പാടവരമ്പു പോലെയുള്ള വടുക്കള്‍ നിലയ്ക്കാത്ത ദുരനുഭവങ്ങളുടെ കഥ പറയുമ്പോഴും അവര്‍ നിര്‍വികാരരായി തീര്‍ന്നിരിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ‘വിലയ്ക്കു വാങ്ങിയ വീണ’യിലെ വരികളാണെനിക്കു ഓര്‍മ വന്നത്:
‘സുഖമെവിടെ? ദു:ഖമെവിടെ?
സ്വപ്നമരിചീക മാഞ്ഞു കഴിഞ്ഞാല്‍
ആശയെവിടെ?
നിരാശയെവിടെ?
പല കുറി കരയുമ്പോള്‍
ചിരിക്കാന്‍ പഠിക്കും…
പല വട്ടം വീഴുമ്പോള്‍
നടക്കാന്‍ പഠിക്കും….’
ഡല്‍ഹിയില്‍ നിന്നു അതിരാവിലെ പുറപ്പെട്ടതായിരുന്നു ഞങ്ങള്‍. കാര്‍ ഹരിയാനയിലെ മാനേസറിലെത്തിയപ്പോള്‍ നിര്‍ത്തി. ക്ഷീണവും വിശപ്പും ഒരു പോലെ വേട്ടയാടിക്കൊണ്ടിരുന്നതിനാല്‍ നിര്‍ത്തുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല എന്നു പറയുന്നതാണു ശരി. പത്തു വയസുകാരനായ നസീം അക്തര്‍ ‘ഗരം ടീ’ തന്നു. ഇന്നോളം ഇത്രയും സ്വാദിഷ്ടമായ ചായ കുടിച്ചു കാണില്ല. ‘ഔര്‍ ഏക് ബീ’ എന്നു പറഞ്ഞപ്പോള്‍ ഉണങ്ങിക്കരിവാളിച്ച അവന്റെ ദീനമായ മുഖം സന്തോഷം കൊണ്ടു ചുവന്നു തുടുത്തു. ചായ തരുമ്പോള്‍ പുഞ്ചിരി മാറാതെ അവന്‍ ഞങ്ങളെ ഓരോരുത്തരെയും നോക്കി. കാശ്മീര്‍ ബാരാമുള്ള സ്വദേശിയായ പര്‍വേസ്, ഡല്‍ഹി മഹാറാണിബാഗില്‍ നിന്നുള്ള അനസ് സഖാഫി, നദീര്‍ അഷ്‌റഫി എന്നിവരാണ് കൂടെയുണ്ടായിരുന്നത്. എല്ലാവര്‍ക്കും അവന്റെ ചായ ഇഷ്ടപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹരിയാനയിലെ സോഹ്ന ടൗണിലെത്തും. ഇവിടെ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് മേവാത്തിലെ കുഗ്രാമമായ നൂഹ്. മുസ്ലിങ്ങളാണ് ഭൂരിപക്ഷമെങ്കിലും കൃഷിസ്ഥലങ്ങള്‍ മിക്കതും ഹിന്ദുക്കളുടെ കൈയിലാണ്. ഇരുവിഭാഗവും വളരെ ഐക്യത്തോടെയാണ് ഇക്കാലം വരെ ജീവിച്ചു പോന്നത്. എന്നാല്‍, അടുത്തകാലത്ത് പാസാക്കിയ ഗോസംരക്ഷണ നിയമത്തിന്റെ മറവില്‍ ഗോസംരക്ഷണ സേനക്കാര്‍ അഴിഞ്ഞാടി കൊണ്ടിരിക്കുന്ന ഹരിയാനയിലെ പല ഗ്രാമങ്ങളിലൊന്നാണിതും. കഴിഞ്ഞ ആഗസ്ത് 24ന് ബിരിയാണിയുടെ സാമ്പിള്‍ പരിശോധിച്ച് ബീഫിന്റെ അംശമുണ്ടെന്ന് പ്രചരിപ്പിച്ച് ജറുറുദ്ദീന്‍ എന്ന കര്‍ഷകന്റെ വീടിനു നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബാംഗങ്ങള്‍ വീടിനു പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിമിനെയും ഭാര്യ റഷീദാന്‍നെയും ദാരുണമായി അരുംകൊല ചെയ്യുകയും ചെയ്ത ദിങ്കര്‍ഹേരിയും മേവാതില്‍ തന്നെയാണ്.
മേവാത് നൂഹിലെ എഫ്.എം. റേഡിയോ സ്റ്റേഷന്റെ മുമ്പില്‍ ഞങ്ങളെ കാത്ത് മാമൂന്‍ റഫീഖ് നില്‍ക്കുന്നുണ്ടായിരുന്നു. മ്യാന്‍മറില്‍ നിന്ന് മേവാതിലേക്ക് കുടിയേറിപ്പാര്‍ത്ത ആദ്യത്തെ റോഹിങ്ക്യനാണ് മാമൂന്‍. ഇന്ത്യയിലെ റോഹിങ്ക്യന്‍ സമൂഹത്തിന്റെ നേതാവും മാമൂന്‍ റഫീഖാണ്. ഞങ്ങള്‍ നേരെ പോയത് അദ്ദേഹത്തിന്റേത് ഉള്‍പ്പടെ 67 റോഹിങ്ക്യന്‍ കുടുംബങ്ങള്‍ താമസിക്കുന്ന നാഗ്‌ളിയിലേക്കായിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലുമുള്ള ഒമ്പതു കുടിയേറ്റ ഗ്രാമങ്ങളിലെയും താമസക്കാര്‍ക്ക് വസ്ത്രവിതരണം നടത്താനായി വന്നതായിരുന്നല്ലോ ഞങ്ങള്‍. ഇസ്‌റയുടെ (ഇസ്ലാമിക് സയന്‍സസ് & റിസര്‍ച്ച് അക്കാഡമി, കാസര്‍ഗോഡ്) പ്രധാന സഹകാരികളായ കാരുണ്യം കളനാട് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഏകദേശം അഞ്ചു ടണ്‍ വസ്ത്രം ശേഖരിച്ച് കാര്‍ഗോ വഴി ഡല്‍ഹിയിലെത്തിച്ചത്. ആര്‍സിയെഫൈ ഓര്‍ഗനൈസര്‍ സിദ്ദീഖിക്കയുടെ കഠിന പരിശ്രമം കൊണ്ടു തലേ രാത്രി തന്നെ അവ ലോറികളില്‍ കയറ്റി ഈ ഗ്രാമങ്ങളില്‍ എത്തിച്ചിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ രോഗികളും പട്ടിണിപ്പാവങ്ങളും പിഞ്ചുപൈതങ്ങളുമുള്‍ക്കൊള്ളുന്ന ആബാലവൃദ്ധം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
വസ്ത്ര വിതരണം ഭാഗികമായി പൂര്‍ത്തിയാക്കി ബാക്കി അവരെ തന്നെ ഏല്‍പിച്ചു ഞങ്ങള്‍ താത്കാലിക ടെന്റിനു പുറത്തേക്കിറങ്ങി. ആ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഞങ്ങളുടെ ചുറ്റും! അവരുടെ കണ്ണിലെ ദൈന്യത ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. വേച്ചു വേച്ചു നടത്തം പഠിച്ചു തുടങ്ങിയവര്‍ വരെ ഞങ്ങളുടെ ചുറ്റും കൂടിയിട്ടുണ്ട്. അവരുടെ ആ നോട്ടം…., അതില്‍ തളം കെട്ടി നില്‍ക്കുന്ന പ്രതീക്ഷയുടെ പ്രകാശം! അനസ് സഖാഫി എന്റെ മുഖത്‌നോക്കി. ഈ പിഞ്ചു പൈതങ്ങള്‍ക്ക് എന്തെങ്കിലും കൊടുക്കാതെ എങ്ങനെ നാം പോകും എന്ന ചോദ്യമാണ് ആ നോട്ടത്തിന്റെ അര്‍ഥം. എന്റെ മനസില്‍ ഒരു വെള്ളിടി വെട്ടി. ഒരേയൊരു പുത്രന്‍ സ്വിബ്ഗതുല്ലാഹിയെയാണ് ഞാനോര്‍ത്തത്. ഇന്ന് സെപ്തംബര്‍ 24, അവന്റെ ആറാം പിറന്നാളാണ്! ഞാന്‍ ഡല്‍ഹിക്കു വണ്ടി കയറുന്ന അന്നും അവനെന്നോടു പറഞ്ഞതാണ് എനിക്കു ‘ഹാപ്പി ബര്‍ത്‌ഡേ’യുടെ മിഠായി വേണമെന്ന്. ഞാനില്ലാത്തതു കൊണ്ടു മിക്കവാറും അവനിപ്പോള്‍ ഉപ്പുപ്പയോടും ഉമ്മുമ്മയോടും കലമ്പുന്നുണ്ടാവും. ഞാനെന്റെ ചുറ്റും നോക്കി. അവിടെയുള്ള അധികം പേരും അവനേക്കാള്‍ പ്രായം കുറഞ്ഞവരോ കൂടിയവരോ ആണ്. അവരറുപത്തിരണ്ടു പേരുണ്ട്. പക്ഷെ, എല്ലാവര്‍ക്കും ഒരേ മുഖച്ഛായയാണെന്ന് എനിക്കു തോന്നി – എന്റെ സ്വിബുവിന്റെ! ഒരു തരം തരിപ്പ് ശരീരത്തെ ബാധിച്ചു. ആകെ സമനില തെറ്റുന്ന പോലെ. ‘അനസേ, ബിസ്‌കറ്റും മിഠായിയും വാങ്ങി വരാം!’ എന്നഭിപ്രായം പറഞ്ഞു. നമ്മളെല്ലാവരും ഒന്നിച്ചു പോയാല്‍ ഇവര്‍ക്കു വിഷമമാകും എന്നവന്‍! അതിനാല്‍ ഞാനും പര്‍വേസും അവിടെ നിന്നു. നദീറും അനസും പോയി. അകലെയൊന്നും പോകേണ്ടി വന്നില്ല – അവിടെ തന്നെ ഒരു കുട്ടിപ്പീടിക ഉണ്ടായിരുന്നു; റോഹിങ്ക്യക്കാര്‍ക്കു വേണ്ടി റോഹിങ്ക്യക്കാരാല്‍ നടത്തപ്പെടുന്ന ഒരു റോഹിങ്ക്യന്‍ പീടിക
മധുരം കിട്ടിയപ്പോള്‍ അവരുടെ സന്തോഷം ഒന്നു വേറെ! അവരുടെ ഇക്കാക്കമാരാണ് ഞങ്ങളെന്നു അവര്‍ കരുതിയോ എന്നറിയില്ല – ആ സ്വാതന്ത്ര്യത്തോടെയാണ് അവര്‍ ഞങ്ങളോടു പെരുമാറിയത്. കയ്യില്‍ പിടിച്ചു തൂങ്ങിയും മടിയില്‍ കയറിയിരുന്നും അവര്‍ സന്തോഷം പ്രകടിപ്പിച്ചു. വിശപ്പു മാറാന്‍ അന്നൊന്നും കിട്ടിയുണ്ടാവില്ല – പലരും ബിസ്‌കറ്റു പായ്ക്കറ്റുകള്‍ പൊളിച്ചു തീറ്റയാരംഭിച്ചു! കണ്ടു നിന്ന മുതിര്‍ന്നവരുടെ കണ്ണില്‍ നിറഞ്ഞ കൃതജ്ഞതയുടെ കണ്ണുനീരാണ് ഞങ്ങളുടെ മനസും വയറും നിറച്ചത്.
അവര്‍ക്കു ലഘുഭക്ഷണത്തിനായി കൊടുക്കാന്‍ പലരും നേര്‍ച്ചയായും അല്ലാതെയും സന്തോഷത്തോടെ ഏല്പിച്ച ചെറിയ തുക ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. അതു പണമായി തന്നെ അവരെ ഏല്‍പിക്കാന്‍ പല കാരണങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുണ്ടായിരുന്നു. വിശേഷിച്ച്, ഭരണകൂടത്തിന്റെ കണ്ണില്‍ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ അതു ധാരാളം. അതിനാല്‍, ടൗണിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റിനെ കുറിച്ചറിയാന്‍ ഞങ്ങള്‍ മാമൂന്‍ റഫീഖിനോട് സംസാരിച്ചു – കുറച്ചു അരിയും ദാലും നെയ്യും വാങ്ങിത്തരാം. അദ്ദേഹത്തിന്റെ മറുപടി: ‘ഞങ്ങള്‍ക്കു ദാലും വേണ്ട, നെയ്യും വേണ്ട, നിങ്ങള്‍ക്കു സന്തോഷമാണെങ്കില്‍ ആ തുകക്കു കൂടി അരി തന്നെ മതി. പച്ച വെള്ളത്തിലിട്ടു തിളപ്പിച്ചാ അതിന്റെ വെള്ളവും കുടിക്കാം, വറ്റും തിന്നാം. ഞങ്ങള്‍ക്കു കറി വേണ്ട!’
അദ്ദേഹത്തിന്റെ വാക്കുകളിലില്ലാത്ത ഒരുപാടു സന്ദേശങ്ങള്‍ ആ മറുപടിയിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നു ഞങ്ങള്‍ വണ്ടി കയറിയപ്പോള്‍ മുതല്‍ അവര്‍ക്കായി വസ്ത്ര ശേഖരണം നടത്തിയിട്ടുണ്ട്, എന്തു ചെയ്യണമെന്ന് അന്വേഷിച്ചു നൂറോളം കാളുകള്‍ വന്നിരുന്നത് ഞാനോര്‍ത്തു. സുഹൃത്തുക്കളെ, ഉട്ടുടുക്കാന്‍ വസ്ത്രം വേണം, ശരി തന്നെ! അകത്തെ കാന്തലടങ്ങാത്തവര്‍ക്കെന്തിനാ പട്ടുടയാട! അവര്‍ക്കു ഏതാനും കാലത്തേക്കു വേണ്ടതിലുമധികം വസ്ത്രങ്ങള്‍ കാരുണ്യം എത്തിച്ചിട്ടുണ്ട്. സാധ്യമെങ്കില്‍, ക്ഷുത്തടക്കാനുള്ള വകയെത്തിക്കൂ. ‘ഒരു കാരക്കക്കീറുകൊണ്ടെങ്കിലും നിങ്ങള്‍ നരകാഗ്‌നിയെ കാക്കുവിന്‍!’ എന്നു മുത്തുനബി സ്വ. പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എത്ര ഉദാത്തമാണ്! ചില്ലിയെങ്കിലും തന്നു ഈ ഉദ്യമത്തില്‍ പങ്കാളികളായവരേ, നിങ്ങള്‍ക്കു മംഗളങ്ങള്‍
അതു കഴിഞ്ഞു ഞങ്ങള്‍ അന്നു തന്നെ നാഗ്‌ളി റ്റു എന്നറിയപ്പെടുന്ന ഷാഹ്പൂര്‍ നാഗ്‌ളി, വാര്‍ഡ് നമ്പര്‍ 7- ഫിറോസ്പൂര്‍ നമക്, ചാന്ദെനി എന്നിവിടങ്ങളിലെ റോഹിങ്ക്യന്‍ ഗ്രാമങ്ങളിലേക്കു പോയി. ചാന്ദെനി ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു; ചാന്ദെനി ഏക്, ചാന്ദെനി ദോ – രണ്ടിടത്തും റോഹിങ്ക്യന്‍ കുടിലുകളുണ്ട്. ബര്‍മി മുഹാജിര്‍ ക്യാമ്പുകള്‍ എന്നാണ് ഈ ഗ്രാമങ്ങളെ വിളിക്കുന്നത്.
അന്നും പിറ്റേ ദിവസവും ഹരിയാനയിലെയും ഡല്‍ഹിയിലെയും എല്ലാ റോഹിങ്ക്യന്‍ ക്യാമ്പുകളിലും ഒരേ ഫോര്‍മാറ്റും ഒരേ അജണ്ടയുമാണ് ഞങ്ങളുടെ സന്ദര്‍ശനത്തിനുണ്ടായിരുന്നത്: വസ്ത്രവിതരണം, പിഞ്ചിളം സ്വിബ്ഗത്തുല്ലാഹിമാര്‍ക്കു കൈ നിറയെ മധുരം, വിശപ്പിന്റെ വിളിയാളത്തിന് നിസ്സഹയതകളുടെ നടുത്തളത്തില്‍ നിന്നു ആകാവുന്നത് ചെയ്യല്‍. ഓരോയിടത്തും നിന്നും പലതും ഞങ്ങള്‍ പഠിച്ചു. രണ്ടായിരം ദിവസത്തിനു സമ്മാനിക്കാനാകാത്ത പാഠങ്ങളും അനുഭവങ്ങളും നിറഞ്ഞ രണ്ടു ദിവസങ്ങള്‍!
ഷാഹ്പൂര്‍ നാഗ്‌ളി ഞങ്ങളെ വിസ്മയിപ്പിച്ചു. പഷ്ണി മാറിയ ദിനങ്ങള്‍ അവര്‍ക്കുമില്ല. പോഷകാഹാരക്കുറവു കൊണ്ടു ദീനം പലരെയും തളര്‍ത്തി കിടത്തിയിട്ടുണ്ട്. പുറമ്പോക്കു ഭൂമിയില്‍ 120 കുടുംബങ്ങള്‍ തമ്പടിച്ചതാണ് ഇവിടുത്തെ റോഹിങ്ക്യന്‍ ഗ്രാമം. നാനൂറ്റഞ്ചംഗങ്ങള്‍. കുടിലുകളുടെ അവസാനം കുറച്ചു സ്ഥലം വേലി കെട്ടി വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുളന്തണ്ടു ചീന്തി ഭംഗിയില്‍ കെട്ടിയുണ്ടാക്കിയ വേലിമതില്‍! അകത്തു കടന്നാല്‍ രണ്ടു നെടുനീളന്‍ പുരകള്‍, ഒരു ഓപണ്‍ ഷെഡ്, ഒരു ഒറ്റമുറി വീട് എന്നിവ കാണാം. ഓപണ്‍ ഷെഡ് നിസ്‌കാര ഹാളാണ്, നീളന്‍ പുരകളിലൊന്നു മദ്രസ. മറ്റേതു ഹോസ്‌റ്ഒറ്റമുറി വീട് കാന്റീന്‍ യാ റബ്ബു യാ റബ്ബ്, ഈ കഷ്ടതകളിലും അവര്‍ നിന്നെ മറന്നില്ല, നീ അവരെയും മറക്കല്ലേ!
മദ്‌റസാ ഹയാതുല്‍ ഉലൂം. ഷാഹ്പൂര്‍ നാഗ്‌ളിയിലെ റോഹിങ്ക്യന്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന കുട്ടികള്‍ എല്ലാവരും പഠിക്കുന്നതവിടെയാണ്. അതില്‍ മുപ്പത്തഞ്ചു പേര്‍ റസിഡന്റാണ്. അതേ ക്യാമ്പ് നിവാസികളായ ഉമര്‍ ഹംസ റഹീമി, അബൂബക്ര്‍ ഇംദാദി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പുറമേ നിന്ന് ആളെ വരുത്തി ഇംഗ്ലീഷ് പഠിപ്പിക്കുന്നു. ‘ഇംഗ്ലീംഷ് പഠിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് കമ്പ്യൂട്ടറും പഠിപ്പിക്കണം. വിദ്യാഭ്യാസമില്ലാത്തവനു അന്തസ്സില്ല, അന്തസ്സില്ലാത്തവനു പാര്‍ക്കാന്‍ ഇടവുമില്ല’ – ഇല്ലായ്മകളിലും അവര്‍ സ്വത്വബോധം വീണ്ടെടുത്തിരിക്കുന്നു.
ഇടക്കാലത്ത് നീളന്‍പുരകള്‍ രണ്ടും ആരോ തീ വെച്ച് നശിപ്പിച്ചിരുന്നു. അതിനു ശേഷം ചില അഭ്യുദയ കാംക്ഷികളുടെ സഹായത്താല്‍ ഷീറ്റിടാനായി. ആരും മാസവരിയോ ശമ്പളമോ നല്‍കുന്നില്ല. ഒഴിവുവേളകളില്‍ ഉസ്താദുമാര്‍ തന്നെ പരിസരത്തുള്ള ഗ്രാമങ്ങളില്‍ ”കൈ നീട്ടാന്‍” ഇറങ്ങും. കിട്ടുന്ന തുട്ടുകളും വിഭവങ്ങളും ശേഖരിക്കും. താമസിച്ചു പഠിക്കുന്ന മുപ്പത്തഞ്ചാള്‍ക്ക് അര വയര്‍ നിറക്കാന്‍ വല്ലതും കിട്ടണം – അതു മാത്രമാണ് ലക്ഷ്യം. ഞങ്ങള്‍ ചെന്നപ്പോള്‍ 25 കിലോയുടെ ഒരു അരിച്ചാക്കും അല്പം ദാലും മുളക് പൊടി, ഉപ്പ് എന്നിവ ഓരോ പ്ലാസ്റ്റിക് ഭരണിയുടെ മൂട്ടില്‍ കുറേശ്ശെയും ഉണ്ട്. അതും കഴിയും മുമ്പ് ഇനിയും കൈ നീട്ടാനിറങ്ങണം.
ഞങ്ങളെ കണ്ടപ്പോള്‍ എല്ലാ കുട്ടികളും ‘നിസ്‌കാരപ്പുരയില്‍’ ഒരുമിച്ചു കൂടി. ഒരു കുട്ടി സുന്ദരമായി ഫാതിഹ ഓതി. മറ്റൊരാള്‍ ഇഖ്‌ലാസ്വ് സൂറത്തോതി അല്ലാഹുവിലുള്ള വിശ്വാസത്തെ പറ്റിയും ഏക ദൈവികതയുടെ പ്രസക്തിയെ കുറിച്ചും പറഞ്ഞു ഏതു പ്രതികൂല സാഹചര്യത്തിലും ഈമാനും ഹിദായതും മുറുകെപ്പിടിക്കണമെന്നു ദീര്‍ഘമായി പ്രസംഗിച്ചപ്പോള്‍ സന്തോഷം തോന്നി. ‘ആപ്‌കോ അല്ലാഹ് ഏക് ബഡേ ആലിം ബനേ’ എന്നാശംസിക്കുമ്പോള്‍ അവനെത്ര വയസായെന്നു ഞാനന്വേഷിച്ചു. പത്ത്, വെറും പത്ത്! വെയിലത്തു വാടാതിരിക്കണമെങ്കില്‍ തീയില്‍ തന്നെ കുരുക്കണം.
ചാന്ദെനി റ്റു ഞങ്ങളെ വീണ്ടും കരയിപ്പിച്ചു. മറ്റു റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവിടുത്തെ 60 കുടുംബങ്ങള്‍ താമസിക്കുന്ന നിലത്തിന് വാടക കൊടുക്കണം. അതൊരു സ്വകാര്യ വ്യക്തിയുടെ സ്വത്താണ്. വര്‍ഷത്തില്‍ മുപ്പതിനായിരം. വര്‍ഷങ്ങളായി അതു മുടങ്ങിയിട്ടില്ല. എന്നാല്‍, ഇത്തവണത്തെ അവസ്ഥ വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ റോഹിങ്ക്യക്കാര്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരാണ് എന്ന നിലപാട് സ്വീകരിച്ചതോടെ ഉപജീവനം അന്വേഷിച്ചു പോലും പുറത്തു പോകാന്‍ പറ്റാതായിരിക്കുന്നു. വൈകുന്നേരം ആറു മണിയായാല്‍ എല്ലാവരും വീട്ടില്‍ ഉണ്ടായിരിക്കണം എന്നാണ് പൊലീസിന്റെ തിട്ടൂരം. മിക്ക ദിവസങ്ങളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥര്‍ ഇടക്കിടെ കയറിയിറങ്ങുന്നുവത്രേ. ചെറുപ്പക്കാരായ ചിലരെ ഉദ്യോഗസ്ഥര്‍ പിടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നു; ‘പുറത്തു നിന്നു ആരെല്ലാമാണ് ഇവിടെ വരുന്നത് എന്നു ഏട്ടുസെഡ് പറഞ്ഞു തന്നില്ലെങ്കില്‍ നിന്നെ തീവ്രവാദിയാക്കി പിടിച്ചകത്തിടും’. അതോടെ പുറത്തു നിന്നു തൊഴിലിനു വിളിക്കാന്‍ പോലും ആരും വരാതെയായി. ആറു മണിക്കേ വീടണയണമെന്ന കാരണത്താല്‍ അകലങ്ങളില്‍ തൊഴില്‍ തേടി പോകാനും വയ്യ, എല്ലാ വീട്ടിലും പട്ടിണിയാണ്, ഈ വരുന്ന മുപ്പതാം തീയതിക്കു മുപ്പതിനായിരത്തിനെന്തു വഴി?’ – ഒരു വൃദ്ധനാണ് ഞങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രായം അയാളുടെ നടുവൊടിച്ചു കളഞ്ഞിരിക്കുന്നു. അയാളുടെ തൊപ്പി പോലെ തലമുടിയും താടിയും വെളുത്തിട്ടാണ്. ദുരിതാനുഭവങ്ങളുടെ ആഴങ്ങളിലേക്ക് വീണ പോലെ അയാളുടെ കണ്ണും ആഴങ്ങളിലേക്ക് താണുപോയിരിക്കുന്നു. പ്രതീക്ഷയല്ല, ഭീതിയാണ് ആ കണ്ണുകളില്‍ കത്തി നില്‍ക്കുന്നത്.
റോഹിങ്ക്യരോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ അടുത്ത കാലത്തുണ്ടായ വ്യത്യാസങ്ങള്‍ ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ജമ്മുവില്‍ അവര്‍ക്കെതിരെ നിരന്തരം അക്രമങ്ങള്‍ നടക്കുന്നു, കുടിലുകള്‍ക്ക് തീ വെക്കുന്നു. കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ ഒരു റോഹിങ്ക്യന്‍ ബാലനെ വെടിവെച്ചു കൊന്നത്. റോഹിങ്ക്യന്‍ പെണ്‍കുട്ടി പുറമെ നിന്നുള്ളവരാല്‍ പീഡിപ്പിക്കപ്പെട്ടതും നിയമം കണ്ണു ചിമ്മിയതും കഴിഞ്ഞ മാസം. ഇതിനെല്ലാം പുറമേയാണ് അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജമ്മു മുതല്‍ ചെന്നൈ വരെ, ഡല്‍ഹി, ഹരിയാന, ഹൈദരാബാദ് ഉള്‍പ്പടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്നവരില്‍ അയ്യായിരത്തോളം പേര്‍ക്ക് അഭയാര്‍ഥി കാര്‍ഡ് ലഭിച്ചിട്ടില്ലാത്തതും പേടിപ്പെടുത്തുന്നു.
ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലെ ധര്യാഗഞ്ചിലെ ഐഇബിഐയുടെ ഓഫീസിലേക്കാണ് ഞങ്ങള്‍ മടങ്ങിയത്. അതിനടുത്താണ് 1707ല്‍ നിര്‍മിക്കപ്പെട്ട ഘട്ടാ മസ്ജിദ് (Cloud Mosque). അതു നിര്‍മിച്ച മഹാനായ ഔറാംഗസീബ് ചക്രവര്‍ത്തിയുടെ പുത്രി പണ്ഡിതയും തഫ്‌സീര്‍ രചയിതാവുമായ സീനത്തുന്നിസാ ബീഗം പള്ളിയുടെ വടക്കുഭാഗത്തു വിശ്രമിക്കുന്നു. പ്രശസ്തമായ സിയാറത്തു കേന്ദ്രമായിരുന്ന ഇവിടെ ഉണ്ടായിരുന്ന ഖുബ്ബ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ബ്രിട്ടീഷ് പട്ടാളമാണ് പൊളിച്ചുനീക്കിയതെന്ന് സര്‍ക്കാര്‍റരേഖകളിലുണ്ട്. മനസിലെ വേദനകള്‍ മഹതിയോട് പരാതിപ്പെട്ടാണ് അടുത്ത ദിവസം ഷഹീന്‍ബാഗിലേക്ക് പുറപ്പെട്ടത്.
ഇത്തവണ അനസിനും പര്‍വേസിനും പകരം സ്വഫ് വാന്‍ സഖാഫിയും Oyetel Telecommunication Pvt Ltd ലെ എഫെന്‍ അഫ്‌നാന്‍ ഫയാസുമാണ് ഞങ്ങളെ അനുഗമിച്ചത്. യമുനാ നദിയുടെ രണ്ടു വശങ്ങളിലുമായി മാലിന്യ കൂമ്പാരത്തിന്റെയും ഡല്‍ഹി നഗരത്തിലെ മുഴുവന്‍ അഴുക്കും വഹിച്ചൊഴുകുന്ന ഓവുചാലുകള്‍ക്കുമിടയിലാണ് ഷഹീന്‍ ബാഗ്, കാളിന്ദി കുഞ്ച് ക്യാമ്പുകള്‍. ഹരിയാനയിലെ ക്യാമ്പുകളെ അപേക്ഷിച്ച് ഇവിടെ പട്ടിണി കുറവാണെങ്കിലും പരിസരം വളരെയധികം വൃത്തികെട്ടതാണ്. നടക്കുമ്പോള്‍ ഞങ്ങള്‍ക്കു ചുറ്റും ഈച്ചപ്പട്ടാളം വട്ടമിട്ടു പറന്നു. ഷഹീന്‍ ബാഗിലെ കുടിലുകള്‍ കണ്ടപ്പോള്‍ ഞാന്‍ മഴയെ കുറിച്ചോര്‍ത്തു. നമ്മള്‍ മഴ കണ്ടിട്ടുണ്ട്; അനുഭവിച്ചിട്ടില്ല. അനുഭവിച്ചറിയുന്നത് സത്യത്തില്‍ ഇവരെപ്പോലെയുള്ളവരാണ്. കണ്ണില്‍ കുത്തുന്ന കൂരിരുട്ടത്ത്, കോരിച്ചൊരിയുന്ന പെരുമഴയത്ത്, മാലിന്യങ്ങള്‍ പരന്നൊഴുകുന്ന വെറും നിലത്ത്, പകുതിമുക്കാലും കീറിപ്പൊളിഞ്ഞ പോളിത്തീന്‍ മേല്‍ക്കൂരക്കു കീഴെ, കീറപ്പുതപ്പും കൂട്ടിപ്പിടിച്ചു, പിഞ്ചുമക്കളെ ചേര്‍ത്തു പിടിച്ചു, കോറിവിറച്ചു വിഷമിച്ചിരിക്കുന്ന ആ ദരിദ്ര്യക്കോമരങ്ങളെ നോക്കൂ, ഇവരാണത്രെ തീവ്രവാദികള്‍ – നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവര്‍!
ഇവിടെ കുടിലുകള്‍ക്ക് പ്രത്യേകിച്ചൊരു രൂപവും പറയാനില്ല, പലതും പല മോഡലാണ്. ദുരവസ്ഥയില്‍ കുമാരനാശാന്‍ ചാളക്കുടിലിനെ കുറിച്ചു പാടിയത് ഇതു കണ്ടിട്ടാകുമോ?
‘വൃത്തവും കോണും ചതുരവുമല്ല തി –
ലെത്തി നോക്കീട്ടില്ല ശില്പി തന്ത്രം’
ഒരു ചെറ്റക്കുടിലിന്റെ ഇറയത്തു കെട്ടിത്തൂക്കിയ സാരിത്തൊട്ടിലില്‍ കൊച്ചനുജനെ ഉറക്കുകയായിരുന്ന കുഞ്ഞനുജത്തിയോടു ഫോട്ടോയെടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന കളിക്കണ്ണാടി മുഖത്തു വെച്ച് അവള്‍ പോസ് ചെയ്തു. അവളുടെ ആനന്ദം കണ്ട് മനസില്‍ സന്തോഷം തോന്നി.
കാളിന്ദി കുഞ്ചിലെ പിഞ്ചുമക്കളാണ് വല്ലാതെ നൊമ്പരപ്പെടുത്തിയത്. കൈ നിറയെ മിഠായി വാരിക്കൊടുക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. അവരെന്നെ വട്ടം കൂടി പിടിച്ചു. അങ്കിള്‍, അങ്കിള്‍ എന്നു വിളിച്ചു എന്റെ നീളന്‍ കുപ്പായത്തില്‍ പിടിച്ചു തൂങ്ങി. കിട്ടാത്തവര്‍ക്കു കൊടുക്കാനായി മുന്നോട്ടു പോകുന്തോറും ഞാന്‍ വലിച്ചു നടക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഡ്രസില്‍ അഴുക്കു പുരളുന്നതു കാണുമ്പോള്‍ സന്തോഷം തോന്നിയ ആദ്യ നിമിഷം ഒരു പക്ഷെ, ഇതായിരിക്കും. കിട്ടിയവര്‍ തന്നെയാണ് പല തവണ വാങ്ങുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലും ഞാന്‍ വെറുതെ പറഞ്ഞു – ‘സിര്‍ഫ് ഏക് ബാര്‍, സിര്‍ഫ് ഏക് ബാര്‍’. അപ്പോള്‍ ചിലര്‍ കണ്ണുകളിലേക്ക് ദയനീയമായി നോക്കി. ചിലര്‍ അങ്കിള്‍, അങ്കിള്‍ എന്നു വിളിച്ചു യാചിക്കുകയും കരയുകയും ചെയ്യുന്നു. വേറെ ചിലര്‍ ‘മേരേ ബായിക്കോ ബി, അങ്കിള്‍’ എന്നു അടവു പയറ്റുന്നു. എല്ലാം കണ്ടു കയ്യെത്തിക്കാനോ വിളിക്കാനോ ആവാതെ ഒരു കൊച്ചു സ്വിബ്ഗത്തുല്ല മരത്തകിടു ചുമരിന്റെ മുകളിലെ വിടവിലൂടെ പുറത്തേക്ക് തലയിട്ടു നില്‍ക്കുന്നത് സ്വഫ് വാന്‍ സഖാഫിയാണ് എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. മിഠായി കിട്ടേണ്ട മാത്രയില്‍ അവനകത്തേക്ക് വലിഞ്ഞു. അതിനിടെ ഏഴോ എട്ടോ വയസു കാണും, ഒരു കൊച്ചു പെണ്‍കുട്ടി എന്നെ സ്‌നേഹം കാട്ടി വേദനിപ്പിച്ചു – അവളുടെ കയ്യിലുണ്ടായിരുന്ന പൊരി പാക്കറ്റു എനിക്കു നീട്ടി. വേണ്ട, മോളു തിന്നോ എന്നു പറഞ്ഞിട്ടും അവള്‍ വിട്ടില്ല. ശാഠ്യം പിടിച്ചപ്പോള്‍ അതില്‍ നിന്നു ഞാനൊരു പീസെടുത്തു. അവളുടെ പേര് സുഹ്‌റാ ബാന്‍. തിക്കിയും തിരക്കിയും തനിക്കു കിട്ടിയ ഒരു മിഠായിയും അവളെനിക്കു തന്നു, വാങ്ങാതെ വിട്ടില്ല; ഞാനതു അവളുടെ സമ്മതത്തോടെ മറ്റൊരു കുട്ടിക്കു കൊടുത്തു. അവളുടെ കൊച്ചു മുഖം അപ്പോള്‍ കൂടുതല്‍ സുന്ദരമായി തിളങ്ങി.
സ്വിബ്ഗത്തുല്ലമാരേ, സുഹ്‌റമാരേ…, വിഷമിക്കണ്ട. ഞാനിനിയും നിങ്ങളെ കാണാന്‍ വരും – കൈക്കുടന്ന നിറയേ മിഠായി വാരിത്തരാന്‍.
മുഹമ്മദ് സജീര്‍ ബുഖാരി
956 2020 700, 956 2060 700
77 36 30 35 33 ( വാട്‌സപ്പ്)

LEAVE A REPLY

Please enter your comment!
Please enter your name here