തൊപ്പി വെച്ച കൊറോണയും തെരുവിലെ അലർച്ചകളും

ശിബിലി സദ്ദാം ബീച്ച്

0
1194

 

“We were just winning when they did everything to defeat us”

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിൻ്റെ പ്രധാന ഉറവിടമായി നിസാമുദ്ദീൻ സമ്മേളനം മാറിയ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം സംപ്രേഷണത്തിലെ, ചാനലുടമസ്ഥരിൽ പ്രധാനിയും അവതാരകനുമായ  അർണബ് ഗോസ്വാമിയുടെ പരാമർശമാണിത്. ഇതിലെ ‘ഞങ്ങൾ’, ‘അവർ’ എന്നീ വാക്കുകളുടെ ഉദ്ദേശ്യം വ്യക്തമാണ്. ഞങ്ങൾ എന്നത് ഇന്ത്യയെയും കോവിഡിനെതിരെയുള്ള അതിൻ്റെ പോരാട്ടങ്ങളെയും സൂചിപ്പിക്കുമ്പോൾ അവർ എന്നത് തബ്ലീഗ് ജമാഅത്തിനെ സൂചിപ്പിക്കുന്നു. പക്ഷെ അർണബിൻ്റെ ഒരു സ്ഥിരം പ്രേക്ഷകന് ഇതിൽ കൂടുതൽ വായിച്ചെടുക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 1.1 ബില്യൻ വരുന്ന ഹിന്ദുക്കളേയും 200 മില്യൻ വരുന്ന മുസ്ലിംകളേയും വിഭജിക്കുന്ന വർഗീയ ദ്വന്ദങ്ങളാണവ. തീവ്രവലത് പക്ഷ മീഡിയകളുടെ ഇത്തരം പരാമർശങ്ങൾ കുറിക്ക് കൊണ്ടു എന്നു തന്നെയാണ് പിന്നീട് നടന്ന സംഭവങ്ങൾ പറയുന്നത്.മാർച്ച് 29 നും ഏപ്രിൽ 3 നും ഇടയിൽ കൊറോണ ജിഹാദെന്ന ഹാഷ് ടാഗിൽ മൂന്ന് ലക്ഷത്തിലധികം ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്..!
ഇനി ചില വാർത്തകൾ വായിക്കാം. മുസ്ലിം കുടുംബമാണെന്ന കാരണത്താൽ ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ച നവജാത ശിശു മരണപ്പെട്ടു (ജേർണിലിസ്റ്റ് റാണാ അയ്യൂബിൻ്റെ റിപ്പോർട്ട് ), കോവിഡ് പോസിറ്റീവാണെന്ന് സംശയിച്ച് ഗ്രാമത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട മുസ്ലിം യുവാവ് ആത്മഹത്യ ചെയ്തു, കോവിഡ് ഇല്ല എന്ന് സ്ഥിരീകരിച്ച ഡൽഹിയിലെ മെഹബൂബ് അലിയെന്ന ചെറുപ്പക്കാരനെ കൊറോണ വാഹകനെന്ന് ആരോപിച്ച് അടിച്ചു കൊന്നു, രാമായണം സീരിയൽ പുനഃസംപ്രേഷണം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻ്റെ തീരുമാനം, കൊറോണ വ്യാപനത്തിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വകവെക്കാതെ മുഖ്യമന്ത്രിയോഗി ആദിത്യനാഥ് പൊതു ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിച്ച ‘ദി വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജനെതിരെ ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. (മതവിദ്വേഷം പ്രചരിപ്പിക്കലടക്കം അതി ഗൗരവമായ വകുപ്പുകൾ ചേർത്താണത്രെ കേസ് )
ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അതിർത്തികൾ മറന്ന് മുന്നേറുമ്പോൾ ഇന്ത്യൻ ഫാസിസവും വലത് പക്ഷ വിഭാഗവും തങ്ങളുടെ അജണ്ടകളുമായി മുന്നോട്ട് പോവുന്നു എന്നു തന്നെയാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ഏത് കാര്യത്തിൻ്റേയും മതവും ജാതിയും തെരഞ്ഞ് പിടിച്ച് വർഗീയവത്കരിക്കുന്ന സംഘ് പരിവാരത്തിന് കിട്ടിയ ഉഗ്രൻ അവസരമായിരുന്നു തബ്ലീഗ് സമ്മേളനം.അവർ അത് നന്നായി ആഘോഷിച്ചു. 45 ലക്ഷം കുടിയേറ്റ തൊഴിലാളികളും ദശലക്ഷക്കണക്കിന് ആളുകളും തിങ്ങി നിരങ്ങി ജീവിക്കുന്ന ഇന്ത്യയിൽ തൊഴിലില്ലായ്മ, പട്ടിണി, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നങ്ങൾ എന്നിവക്കിടയിൽ ബീഭത്സമായ രീതിയിലുള്ള വർഗീയവത്കരണം ഇന്ത്യയെ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന വെടിമരുന്ന് പെട്ടിയെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ മതനിരപേക്ഷത എത്ര വാഴ്ത്തിയാലും മത സംഘർഷങ്ങൾക്ക് പേരുകേട്ട രാജ്യം കൂടിയാണ് ഇന്ത്യ. 1947ലെ വിഭജനത്തിൽ 14 മില്യൻ ജനങ്ങൾ അതിർത്തി കടക്കാൻ നടത്തിയ സാഹസിക യാത്രയിൽ ഒരു മില്യണിലധികം ജനങ്ങൾ മരിച്ചത് മതപരമായ സംഘർഷങ്ങൾ കൊണ്ടാണെന്ന് Midnight furies: The deadly legacy of India’s partition എന്ന പുസ്തകത്തിൽ നിസിത് ഹജരി നിരീക്ഷിക്കുന്നുണ്ട്.
എക്കാലത്തേയും പോലെ വ്യാജവാർത്തകളുടെഅകമ്പടിയോടെയാണ് ഇസ്ലാമോഫോബിയ ഇന്നും കത്തിപ്പടരുന്നത്. മുസ്ലിംകൾ കൊറോണ മന:പൂർവ്വം വ്യാപിപ്പിക്കുന്നു എന്ന രീതിയിൽ, ഒരു മുസ്ലിം യുവാവ് പോലിസ് ഓഫീസറുടെ മേൽ തുപ്പുന്ന വീഡിയോ വൈറലായിരുന്നു. ആ വീഡിയോയിലെ രംഗങ്ങൾ മാസങ്ങൾക്കു മുമ്പ് സംഭവിച്ചതാണെന്നും, കൊറോണയുമായി യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും  അത് പടച്ചു വിട്ടവരുടെ അജണ്ട നടപ്പായിരുന്നു.
മുസ്ലിം വിരുദ്ധ വികാരം അതിന്റെ തീവ്രതയിലെത്തിയ സമയത്താണ് ഇന്ത്യയിൽ കൊറോണയെ തൊപ്പി വെച്ച് എഴുന്നള്ളിക്കുന്നത്. ഇത് മുസ് ലിം ന്യൂനപക്ഷത്തെ പൈശാചികവത്കരിക്കുകയും ഇസ്‌ലാമോഫോബിയക്ക് ഇന്ധനം പകരുകയും ചെയ്തു.ക്വാറന്റെയ്ൻ ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും സാമൂഹിക അകലം കാത്തു സൂക്ഷിക്കുകയും ചെയ്ത രാജ്യത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ അധിക്ഷേപിക്കുന്നതിൽ വലത്പക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മത്സരിച്ചു. വൈറസ് ബോംബുകൾ എന്ന ലേബൽ പതിച്ച ചാവേർ ബോംബുകളായി മുസ്ലിംകളെ ചിത്രീകരിക്കുന്ന കാർട്ടൂണുകളും ട്രോളുകളും പsച്ചുവിടപ്പെട്ടു. ഇസ്ലാമിക വൈറസ്, ബയോ ജിഹാദ്, മുസ്ലിം വൈറസ്, കൊറോണ ജിഹാദ് തുടങ്ങിയ പേരുകൾ മാറി മാറി ഉപയോഗിക്കപ്പെട്ടു.
അതിനിടയിൽ യു.കെ യിൽ നിന്നും യു എസിൽ നിന്നും ഇസ്ലാമോഫോബിയയുടെ വാർത്തകൾ വന്നു. തീവ്ര വലത് പക്ഷ വിഭാഗത്തിന്റെ വെബ്സൈറ്റിലൂടെ ഇസ്ലാം വിരുദ്ധ ഗൂഢാലോചനകളും വ്യാജ വാർത്തകളും ഒഴുകുന്നുവത്രെ…

വൈറസിന്റെ അപകട സാധ്യതയും ആളുകളുടെ ഭയവും ചൂഷണം ചെയ്ത്, കൂടുതൽ ആളുകൾ ഓൺലൈനിൽ ഏർപ്പെടുന്ന ലോക്ഡൗൺ കാലത്ത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾ നടന്നു. ഫോബിയ വളർത്താൻ പാൻഡ മികിനെ ആയുധമാക്കിയതായി ആരോപിക്കപ്പെടുന്ന ഡസൻ കണക്കിന് തീവ്രവലത്പക്ഷ ഗ്രൂപ്പുകളാണ് കഴിഞ്ഞ ആഴ്ച്ചകളിലായി യു.കെ തീവ്രവാദ വിരുദ്ധ പോലീസ് കണ്ടെത്തിയത്. ക്രിസ്ത്യൻ ചർച്ചുകൾ നിർബന്ധിപ്പിച്ച് പൂട്ടുകയും മുസ്‌ലിംപള്ളികൾ ആരാധനക്കായി തുറക്കാൻ കൊടുക്കുകയും ചെയ്യുന്നുവെന്ന രീതിയിൽ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തത് യു.എസിലായിരുന്നു. വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച യു.എസിലെ ഒരു നൊൺ പ്രൊഫിറ്റ് സ്ഥാപനത്തിന്റെ ഡയറക്ടർ ക്ലാരെ വാർഡ്ൽ പറയുന്നു:”നിർഭാഗ്യവശാൽ,നിലവിൽ തീവ്രത പ്രാപിച്ച വംശീയവും സെനോഫോബികുമായ കാര്യങ്ങളെ പുറത്തേക്കൊഴുക്കി വിടാനുള്ള ഒരു മറയായാണ് ഇത്തരം ഗ്രൂപ്പുകൾ വൈറസിനെ കാണുന്നത്”.
വർഗീയവും ഇസ്ലാമോഫോബികുമായ വാർത്തകളുടെ  നൈരന്തര്യങ്ങൾക്കിടയിലും ഇവയ്ക്കെതിരെയുള്ള പ്രതിരോധ ചലനങ്ങളും നടക്കുന്നുണ്ടെന്നത് ആശാവഹമാണ്. മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും വ്യാജവാർത്തകളും അതിവേഗം തടയാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകരുടെ ഒരു കൂട്ടായ്മ  ഫേസ്ബുക്  സി ഇ ഒ സക്കർബെർഗിനും ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസിക്കും പരസ്യമായി ഒരു അപ്പീൽ നൽകിയിരുന്നു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വ്യാപകമായ ഇസ്ലാമോഫോബിയയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, കത്തിന് നേതൃത്വം നൽകിയ ഇക്വാലിറ്റി ലാബ് എന്ന സംഘടന #StopCovidIslamophobia എന്ന ഹാഷ് ടാഗിൽ ഒരു ട്വിറ്റർ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. സമാനമായ രീതിയിൽ #Iam Muslim not a virus എന്ന് ഹാഷ് ടാഗിൽ ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ നടന്ന ക്യാമ്പയിനും ശ്രദ്ധേയമായിരുന്നു.

രാമൻ്റെ രണ്ടാം വരവ് 

ഡെമോക്രസിക്കു പകരം മിത്തോക്രസിയാണ് രാജ്യത്തെ ഭരിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകരനും സാമൂഹ്യ നിരീക്ഷകനുമായ കെ ഇ എൻ പറയുന്നുണ്ട്. കൊറോണക്ക് മരുന്ന് കണ്ടെത്താൻ കഴിയാതെ ആഗോള രാഷ്ട്രങ്ങൾ മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ഗോമൂത്രം കുടിച്ച് വൈറസിനെ അകറ്റാമെന്ന് ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്ന രാഷ്ട്രീയ നേതാക്കൾ പറഞ്ഞത്. പാത്രത്തിൽ മുട്ടിയും വിളക്ക് തെളിയിച്ചും ഗോമൂത്രം കുടിച്ചും കൊറോണയെ കെട്ടുകെട്ടിക്കാമെന്ന് നിഷ്കളങ്കമായി വിശ്വസിക്കുന്നവർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ട്. അത്തരക്കാരാണ് ‘ഗോ കൊരുണ’ വിളിച്ച് പ്രകടനം നടത്തിയത്. ഭാരതയുദ്ധം 18 ദിവസമായിരുന്നു അതുകൊണ്ട് 18 ദിവസം കൊണ്ട് നാം കൊറോണയെ അതിജയിക്കുമെന്നുമുള്ള പ്രചരണം വേറെ. ഭീതി നിറഞ്ഞ ഈ സമയത്തെയും ഫാസിസം തന്ത്രപരമായി ഉപയോഗിക്കുന്നു എന്നതാണ് 1987 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമായണം സീരിയലിൻ്റെ പുനസംപ്രേഷണം സൂചിപ്പിക്കുന്നത്. രാമജന്മഭൂമി പ്രശ്നം ആളികത്തിക്കാനും ബാബരി മസ്ജിദ് തകർക്കാനും നിരവധി കലാപങ്ങൾക്കും വംശഹത്യകൾക്കും വിളനിലമൊരുക്കുന്നതിലും ഏറ്റവുമൊടുവിൽ ഫാസിസത്തെ അധികാര കസേരയിലിരുത്തിയതിലും സംഭവിച്ച ‘രാമൻ ഇഫക്ട്’ ചെറുതല്ല എന്ന് രാഷ്ട്രീയ വിദഗ്ദർ നിരീക്ഷിച്ചിട്ടുണ്ട്. അതായത്, ജനാധിപത്യം വിശ്രമിക്കുമ്പോഴും ഫാസിസം തന്ത്രങ്ങൾ മെനഞ്ഞ് കൊണ്ടേയിരിക്കുകയാണ്. കൊറോണക്കാലത്തും ഫാസിസം നമ്മെ വിശ്രമിക്കാൻ അനുവദിക്കില്ലെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കണം. ഫാസിസത്തിനും വർഗീയതക്കും വിശ്രമമില്ലെങ്കിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വിശ്രമമില്ലെന്ന് പ്രഖ്യാപിക്കേണ്ട കാലം കൂടിയായിരിക്കുകയാണ് ഈ കൊറോണക്കാലം എന്നർത്ഥം(courtesy: കെഇഎൻ )
ജനാധിപത്യ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാൻ മനോവീര്യമെന്ന ഒരൊറ്റ ആയുധമേന്തി ഇറങ്ങിയ പടപ്പുറപ്പാടിൻ്റെ പേരാണ് ശഹിൻ ബാഗ് . ആഗോള ശ്രദ്ധ നേടിയ ഡൽഹിയിലെ ഈ തെരുവ് എല്ലാ തെരുവുകളേയും പോലെ വിജനമാണ്. ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ അവ നീക്കം ചെയ്യപ്പെട്ടു.പ്രതിഷേധ വായനശാലകൾ നിർത്തിവെക്കപ്പെട്ടു. ഒരു ദിവസം കൊണ്ട് ആയിരങ്ങൾ മരിച്ചു വീഴുന്ന കോവിഡ് ആശങ്കയിലും ഭീതിയിലും മറ്റു കാര്യങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടു.

ശഹിൻ ബാഗ് അനിവാര്യമായ പിന്മാറ്റമായിരുന്നു. കൂടുതൽ കരുതലോടെ, ഉച്ചത്തിൽ ആസാദി വിളികളുടെ ഇടിനാദം മുഴക്കാൻ ഞങ്ങൾ തിരിച്ചുവരുമെന്ന സമരക്കാരുടെ വാക്കുകൾ കെടാതെ കത്തട്ടെ.. എല്ലാം സൈബറിടങ്ങളിലൊതുങ്ങിയ ലോക് ഡൗൺ കാലത്ത് പ്രതിഷേധങ്ങൾക്കും പൂട്ട് വീഴാൻ പാടില്ല. കൊറോണ കാലത്തും ഫാസിസം വില്ല് കുലക്കുമ്പോൾ പ്രതിരോധത്തിൻ്റെ പരിചയെടുക്കാനെങ്കിലും നമുക്ക് സാധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here