തയമ്മും

0
4948

* എന്താണ് തയമ്മും ?
അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ ഇസ്‌ലാം നിശ്ചയിച്ച രണ്ട് മാര്‍ഗ്ഗങ്ങളാണ് വുളൂഉം കുളിയും . എന്നാല്‍ വെള്ളത്തിന്റെ അഭാവമോ, ഉപയോഗിക്കാന്‍ പ്രയാസമോ അനുഭവപ്പെടുന്ന സമയത്ത് ഇവക്ക് പകരമായി ഹിജ്‌റ 6-ാം വര്‍ഷം നിയമമാക്കിയ ശുദ്ധീകരണ മാര്‍ഗ്ഗമാണ് തയമ്മും. നിബന്ധനകള്‍ക്ക് വിധേയമായി കൈകളിലും മുഖത്തും പൊടി ചേര്‍ക്കലാണ് മയമ്മും.

* തയമ്മുമിന്റെ ഫര്‍ളുകള്‍ ഏവ?
1.മണ്ണ് അടിച്ചെടുക്കുക. 2.നിയ്യത്ത്(ഫര്‍ള് നിസ്‌കാരത്തെ അനുവദിനീയമാക്കുന്നു) 3.മുഖം തടവുക. 4.ഇരു കൈകളും മുട്ടുള്‍പ്പെടെ തടവുക. 5.ക്രമ പ്രകാരം ചെയ്യുക.

* തയമ്മുമിന്റെ കാരണങ്ങള്‍ എന്തെല്ലാം?
.ശുദ്ധീകരണത്തിനാവശ്യമായവെള്ളം ലഭിക്കാതിരിക്കുക.
.വെള്ളമുണ്ടെങ്കിലും ആദരണീയ ജീവികള്‍ക്ക് അത് നല്‍കേണ്ടി വരിക.
.വെള്ളം ഉപയോഗിക്കുന്നതിനാല്‍ ശരീരത്തിന് എന്തെങ്കിലും അപകടമുണ്ടാവുമെന്ന് പേടിക്കുക.
.ഉള്ള രോഗം മൂര്‍ഛിക്കുക, അല്ലെങ്കില്‍ രോഗ ശമനം വൈകുക, അവയവങ്ങളില്‍ വികൃത കലകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവ ഇതില്‍പ്പെടുന്നതാണ്.

* തയമ്മുമിന്റെ പൂര്‍ണ്ണ രൂപം എങ്ങനെ?
ഖിബ്‌ലയിലേക്ക് മുന്നിട്ട്, ബിസ്മി ചൊല്ലി, മിസ്‌വാക് ചെയ്ത ശേഷം ഫര്‍ള് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക. എന്നിട്ട് രണ്ട് കൈകളും തയ്യാറാക്കിയ ശുദ്ധമായ പൊടി മണ്ണില്‍ അടിച്ചെടുത്ത് നിയ്യത്തിനോട് ചേര്‍ത്ത് മുഖം തടവുക. താടിയെല്ലിന്റെ താഴ് ഭാഗവും മൂക്കിന്റെ മുന്‍ ഭാഗവും മുഖത്തിന്റെ പരിധിയില്‍പ്പെട്ടത് കൊണ്ട് തടവുന്ന സമയത്ത് ഇവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രണ്ടാമത് മണ്ണ് അടിച്ചെടുത്ത് ആദ്യം വലത് കയ്യും പിന്നീട് ഇടത് കയ്യും താഴെ പറയും പ്രകാരം തടവുക. ഇടത് കയ്യിന്റെ പെരുവിരല്‍ ഒഴികെയുള്ള വിരലുകളുടെ ഉള്‍ഭാഗം വലത് കയ്യിന്റെ വിരലുകളുടെ പുറം ഭാഗത്തോട് ചേര്‍ത്ത് വച്ച് പുറം ഭാഗത്തിലൂടെ കണങ്കയ്യിലേക്ക് കൊണ്ട് വന്ന് കൈമുട്ട് വരെ തടവുക. ശേഷം കൈവെള്ളയുടെ ഉള്‍ഭാഗം കൊണ്ട് കണങ്കയ്യിന്റെ മറുഭാഗം തടവുക. പിന്നീട് ഇടത് പെരുവിരലിന്റെ ഉള്‍ഭാഗം കൊണ്ട് വലത് പെരുവിരലിന്റെ പുറം ഭാഗത്തേയും തടവുക. ഇത് പോലെ വലത് കൈ കൊണ്ട് ഇടത് കയ്യിനേയും തടവുക. ശേഷം ഒരു കൈവെള്ളയെ മറ്റേ കൈവെള്ള കൊണ്ട് തടവി വിരലുകള്‍ പരസ്പരം തിക്കകറ്റി കോര്‍ക്കുക.

* എപ്പോഴാണ് നിസ്‌കാരത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടത്?
ഫര്‍ള് നിസ്‌കാരത്തിന് വേണ്ടിയാണ് തയമ്മും എങ്കില്‍ വഖ്ത് പ്രവേശിച്ചതിന് ശേഷം തയമ്മും ചെയ്യുക. സമയമാവുന്നതിന് മുമ്പ് ചെയ്ത തയമ്മും സ്വീകാര്യ യോഗ്യമല്ല.

* തയമ്മും ബാത്വിലാകുന്ന കാര്യങ്ങളില്‍ ഒന്നും വെളിവായില്ലെങ്കില്‍ ആ തയമ്മും കൊണ്ട് മറ്റൊരു ഫര്‍ള് നിസ്‌കരിക്കാമോ?
ഇല്ല. ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാന്‍ പാടുള്ളൂ. സുന്നത്ത് നിസ്‌കാരങ്ങള്‍ എത്രയുമാവാം.

* തയമ്മും ചെയ്യുന്നവന്‍ കൈ വിരലില്‍ അണിഞ്ഞ മോതിരം അഴിച്ച് മാറ്റേണ്ടതാണോ?
തീര്‍ച്ചയായും. മുഖം തടവുന്നത് പൂര്‍ണ്ണമായും കൈ കൊണ്ടാവാന്‍ വേണ്ടി അഴിച്ച് മാറ്റുന്നത് സുന്നത്തും, കൈ തടവുമ്പോള്‍ മണ്ണ് എത്തേണ്ട സ്ഥലമായതിനാല്‍ അഴിച്ച് വെക്കല്‍ നിര്‍ബന്ധവുമാണ്.

* എങ്ങനെയാണ് തയമ്മുമിന് നിയ്യത്ത് ചെയ്യേണ്ടത്?
ഫര്‍ള് നിസ്‌കാരത്തിന് വേണ്ടിയാണെങ്കില്‍ ഫര്‍ള്
നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുക. ഈ നിയ്യത്ത് കൊണ്ട് മുസ്ഹഫ് തൊടുക, സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുക, ത്വവാഫ് തുടങ്ങിയ സുന്നത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ സുന്നത്ത് നിസ്‌കാരം, മുസ്ഹഫ് തൊടുക തുടങ്ങിയ സുന്നത്തായ കര്‍മ്മങ്ങള്‍ക്ക് നിയ്യത്ത് വച്ച് ഫര്‍ള് നിര്‍വ്വഹിക്കല്‍ സാധ്യമല്ല. വുളൂഇല്‍ നിയ്യത്ത് ചെയ്യുന്നത് പോലെ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ തയമ്മും എന്ന ഫര്‍ളിനെ വീട്ടുന്നുവെന്നോ കരുതിയാല്‍ അത് മതിയാവുകയില്ല നിയ്യത്ത് മണ്ണടിച്ചെടുക്കുന്നതിനോട് ചേര്‍ന്ന് വരലും മുഖം തടവുന്നത് വരെ നില നിര്‍ത്തലും നിര്‍ബന്ധമാണ്.

* വുളൂഇന്റെ അവയവങ്ങളില്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമായാല്‍ തയമ്മുമിന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടോ?
തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങളില്‍ ഏതെങ്കിലും ഒരവയവത്തില്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമായാല്‍ ഒരു തയമ്മുമും രണ്ടവയവത്തിലാണെങ്കില്‍ രണ്ട് തയമ്മുമും എന്ന ക്രമത്തില്‍ വര്‍ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങള്‍ പൂര്‍ണ്ണമായും വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത രോഗം വ്യാപിച്ചാല്‍ ഒരു തയമ്മും മതിയാവുന്നതാണ്. തലയല്ലാത്ത വുളൂഇന്റെ അവയവങ്ങള്‍ പൂര്‍ണമായും രോഗമാണെങ്കില്‍ മുഖത്തിനും രണ്ട് കൈകള്‍ക്കും വേണ്ടി ഒരു തയമ്മുമും പിന്നെ തല തടവി ഇരുകാലുകള്‍ക്ക് വേണ്ടി ഒരു തയമ്മുമും ചെയ്യണം.

* വുളൂഇന്റെ അവയവങ്ങളിലുള്ള ബാന്‍ഡേജുകള്‍, തുണിക്കഷ്ണങ്ങളെക്കൊണ്ടുള്ള കെട്ടുകള്‍ തുടങ്ങിയവ
ശുദ്ധീകരണ സമയത്ത് അഴിച്ച് മാറ്റല്‍ നിര്‍ബന്ധമാണോ?
അഴിച്ച് മാറ്റല്‍ കൊണ്ട് രോഗം മൂര്‍ച്ചിക്കുകയോ രോഗശമനം വൈകുകയോ മറ്റു വല്ല അപകടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അഴിച്ച് മാറ്റല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ശുദ്ധീകരണ സമയത്ത് അവ അഴിച്ച് മാറ്റാന്‍ സാധിക്കാതെ വന്നാല്‍ ബാന്‍ഡേജുകളേയും മറ്റും വെള്ളം കൊണ്ട് തടവലും കെട്ടുകളില്ലാത്ത ഭാഗം ശരിക്ക് കഴുകലും നിര്‍ബന്ധമാണ്. രോഗ ബാധിത അവയവത്തില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായത് കഴുകുമ്പോള്‍ തന്നെയാണ് അതിന് തയമ്മുമും ചെയ്യേണ്ടത്. എങ്കിലും ആ അവയവം കഴുകുന്നതിന് മുമ്പ് തയമ്മും ചെയ്യലാണ് ഉത്തമം.

* രോഗ ബാധിത സ്ഥലത്ത് ബാന്‍ഡേജോ മറ്റ് തരത്തിലുള്ള മറകളോ ഇല്ലാതെ വന്നാല്‍ മുറിവുകളുള്ള ഇടം മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാണോ?
മുമ്പ് വിശദ്ധീകരിച്ചത് പോലെ പ്രയാസങ്ങളൊന്നും ഉണ്ടാവുകയില്ലെങ്കില്‍ മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാവുന്നത് രോഗം തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ആണെങ്കില്‍ മാത്രമാണ്.

* തയമ്മും ചെയ്ത് നിസ്‌കരിച്ചവന്റെ മുറിവില്‍ ധാരാളം രക്തം ഉണ്ടെങ്കില്‍ നിസ്‌കാരം മടക്കേണ്ടതുണ്ടോ?
അധികരിച്ച രക്തം പൊറുക്കപ്പെടാത്തത് കൊണ്ടനിസ്‌കാരം മടക്കല്‍ നിര്‍ബന്ധമാണ്.

* ശുദ്ധിയോട് കൂടെ ബാന്‍ഡേജ് ധരിച്ച വ്യക്തി മുകളില്‍പ്പറഞ്ഞ നിയമമനുസ്സരിച്ച് തയമ്മും ചെയ്താല്‍ രോഗ ശമന ശേഷം നിസ്‌കാരം മടക്കേണ്ടതുണ്ടോ?
ബാന്‍ഡേജ് തയമ്മുമിന്റെ അവയവത്തിലായതിനാലും
ചെയ്ത വുളൂഉം തയമ്മുമും പൂര്‍ണമല്ലാത്തത് കൊണ്ടും രോഗ ശമന ശേഷം മടക്കല്‍ നിര്‍ബന്ധമാണ്.

* ശുദ്ധിയോട് കൂടെ മുഖവും കയ്യുമല്ലാത്ത വുളൂഇന്റെ മറ്റു അവയവങ്ങളില്‍ ബാന്‍ഡേജുകളോ മറ്റ് കെട്ടുകളോ ഉണ്ടായാല്‍ നിസ്‌കാരം മടക്കേണ്ടതുണ്ടോ?
ശുദ്ധിയോട് കൂടെയാണ് ഇവ കെട്ടിയതെങ്കില്‍ നിസ്‌കാരം മടക്കല്‍ നിര്‍ബന്ധമില്ല. പക്ഷേ, മുറിവിനാവശ്യമായതിനപ്പുറം ബാന്‍ഡേജും കെട്ടുകളും ഉണ്ടായാല്‍ നിസ്‌കാരം മടക്കല്‍ നിര്‍ബന്ധമാണ്.

* വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫര്‍ള് നിസ്‌കരിച്ച ശേഷം രണ്ടാമത്തെ ഫര്‍ളിന് വേണ്ടി തയമ്മും മടക്കേണ്ടതുണ്ടോ?
തയമ്മുമിന് കാരണമായ രോഗം വുളൂഇന്റെ അവയവത്തിലല്ലെങ്കില്‍ അയാള്‍ തയമ്മും മടക്കേണ്ടതില്ല. കാരണം, ഈ തയമ്മും ബാത്വിലാവുന്നത് വലിയ അശുദ്ധി കൊണ്ട് മാത്രമാണ്. വുളൂഇന്റെ അവയവത്തിലാണെങ്കില്‍ ചെറിയ അശുദ്ധി ഉണ്ടായിട്ടില്ലെങ്കില്‍ തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതിയാവുന്നതാണ്.

* ചെറിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫര്‍ള് നിസ്‌കരിച്ചവന്‍ വീണ്ടും ഒരു ഫര്‍ളിന് വേണ്ടി തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതിയാവുമോ?
ആദ്യം ചെയ്ത തയമ്മുമിന് ശേഷം അയാള്‍ക്ക് അശുദ്ധി ഉണ്ടായിട്ടില്ലെങ്കില്‍ തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here