തഅ്ജീലുല്‍ ഫുതൂഹ്: പൂത്തുനിന്ന ഫലവൃക്ഷം

ജാബിര്‍ എം കാരേപറമ്പ്

0
2798

എന്തുകൊണ്ടായിരിക്കാം മൗലിദ് കൃതികള്‍ നമ്മുടെ നാട്ടിലിങ്ങനെ വ്യാപകമായത്? ഓരോ മൗലിദുകള്‍ക്കും സാഹിതീയ മൂല്യങ്ങള്‍ക്കപ്പുറം സാമൂഹികമായ ഒരു പശ്ചാത്തലവും ബന്ധവുമുണ്ട് എന്നതാണതിന്റെ ഉത്തരം. വസൂരിയെന്ന സാംക്രമിക രോഗം മലബാറില്‍ ഭീതി പരത്തിയ ഘട്ടത്തിലാണല്ലോ, അതിനുള്ള ആത്മീയ പരിഹാരം എന്നനിലക്ക്
ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൗലിദ് രചിക്കപ്പെടുന്നത്. സമൂഹത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയില്‍ നിന്നാണ് ഇതുപോലെ മൗലിദുകളോരോന്നും രചന നിര്‍വ്വഹിക്കപ്പെടുന്നത്. കേരളത്തിലെ മുസ്ലിം നവോത്ഥാനം സാമൂഹികവും ജനകീയവുമാകുന്നതിന്റെ കാരണവും മറ്റൊന്നാവാന്‍ തരമില്ല. ഏറനാട്ടുകാരനായ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരുടെ തഅജീലുല്‍ ഫുതൂഹ് എന്ന മൗലിദ് കൃതി നമ്മുടെ ചരിത്രവായനയില്‍ ഈയര്‍ത്ഥത്തിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതാണ്.എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഈ കൃതി ഏറനാടന്‍ ജനതയുടെ ആത്മീയ മേല്‍വിലാസത്തിന്റെയും സാംസ്‌കാരിക ആസ്തിയുടെയും മികച്ച രചനാസാക്ഷ്യമാണെന്നതില്‍ സംശയവുമില്ല. കേരളത്തിലെ മൗലിദുകളെയും അറബികൃതികളെയും ക്രമപ്പെടുത്തുന്ന കൂട്ടത്തില്‍ മരക്കാരുട്ടി മുസ്ലിയാരെയോ അദ്ദേഹത്തിന്റെ രചനകളെയോ ആരും രേഖപ്പെടുത്താറില്ലെന്നതാണ് വസ്തുത.

തഅ്ജീലുല്‍ ഫുതൂഹ്
നാലകത്ത് മരക്കാരുട്ടി മുസ്ലിയാരുടെ തഅജീലുല്‍ ഫുതൂഹ് എന്ന മൗലിദ് കാവ്യം രോഗഗ്രസ്തമായ നമ്മുടെ ചരിത്രബോധത്തിന്റെ നടുംപുറത്തുള്ള വെള്ളിടിയായിരുന്നു. അരീക്കോട് ജനിക്കുകയും മഞ്ചേരിയില്‍ കര്‍മ്മനിരതനാവുകയും ചെയ്ത മരക്കാരുട്ടി മുസ്ലിയാര്‍ നാമറിയാതെ നമുക്ക് മുമ്പില്‍ പൂത്തുനിന്ന ഫലവൃക്ഷമായിരുന്നു. ഹിജ്‌റ വര്‍ഷം 1327 മുതലുള്ള ഏറനാടിന്റെ ചരിത്രത്തില്‍ മരക്കാരുട്ടി ഉസ്താദിന്റെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.ഉസ്താദിന്റെ അനന്യമായ രചനാവൈഭവത്തിന്റെയും അസാമാന്യ കാവ്യ ശൈലിയുടെയും പ്രകടന സ്വരൂപമാണ് പരാമൃഷ്ട കൃതി ‘തഅജീലുല്‍ ഫുതൂഹ് വതഅസീലുത്തുറൂഹ് ബിത്തബത്തുലി ബി അസ്മാഇല്ലാഹില്‍ ഹുസ്‌നാ വത്തവസ്സുലി ബിമന്‍ ലഹു ഇന്‍ദല്ലാഹില്‍ മഖാമുല്‍ അസ്‌നാ’ എന്ന മൗലിദ് കാവ്യം. കാമില്‍ വൃത്തത്തില്‍ ചിട്ടപ്പെടുത്തിയ മികച്ച അറബി രചനയാണിത്. 238 ലേറെ ഈരടികളുള്ള ഈ പ്രകീര്‍ത്തനകാവ്യം തിരുനബിയുടെ പത്‌നിമാര്‍, ബദ്‌റ്-ഉഹ്ദ് ശുഹദാക്കള്‍,മദ്ഹബിന്റെ നാലു ഇമാമുമാര്‍, ശ്രുതിപ്പെട്ട ഔലിയാക്കള്‍, അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍ എന്നിവ കൊണ്ട് തവസ്സുല്‍ (ഇടത്തേട്ടം) ചെയ്തു കൊണ്ടുള്ളതാണ്. ‘തല്‍ക്ഷണ വിജയത്തിനും ക്ലേശവിമുക്തിക്കും അസ്മാഉല്‍ഹുസ്‌നയും ബദ്രീങ്ങളുടെ ഇടത്തേട്ടവും’ എന്ന് സാമാന്യമായി ഇതിനെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാം.
മരക്കാരുട്ടി മുസ്ലിയാര്‍ ഈ ബൈത്തുകളെ കോര്‍വ ചെയ്തത് നടപ്പുശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ്. ഒരേ പേരിലുള്ള സ്വഹാബികളെ പരിചയപ്പെടുത്തുമ്പോള്‍ അവരെ വേര്‍തിരിക്കുന്ന എന്തെങ്കിലും അടയാളം പദ്യത്തില്‍ കാണാനാവും. തറവാട് പേരിനാലോ സഹോദരന്റെ പേരിനാലോ പിതാവിന്റെ പേര് വെച്ചോ വേര്‍തിരിച്ച മരക്കാരുട്ടി മുസ്ലിയാര്‍ അറബികാവ്യലോകത്തെ തന്റെ അസാമാന്യ പ്രഭാവത്തെ വരച്ചിടുകയായിരുന്നു ഇതിലൂടെ. ഓരോ നാല് വരിയിലും അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ ചൊല്ലുന്നു. ബൈത്ത് ചൊല്ലിത്തീരുമ്പോള്‍ അറിയാതെ അല്ലാഹുവിന്റെ 99 നാമങ്ങളും ചൊല്ലിത്തീരുന്നു. നാലു വരി കൂടുന്നനേരം
‘അജജില്‍ ബിഫത്ഹിന്‍ മിന്‍ക യാ റഹ്മാനനാ’ എന്ന ജവാബാണ് ചൊല്ലുന്നത്. പ്രയാസങ്ങളിലകപ്പെട്ട അനേകായിരങ്ങള്‍ക്ക് ഈ ബൈത്തുകള്‍ നല്‍കിയ തുറവിയും തുറസ്സും ഒരു കാലഘട്ടത്തിന്റെ ആത്മീയ – സാംസ്‌കാരിക രേഖയായി ഇന്നും നിലനില്‍ക്കുന്നു.
ഈ കൃതി വിസ്മൃതിയിലാണ്ടുപോവാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഇത്തരം കുതികളെയും രചയിതാക്കളെയും രേഖപ്പെടുത്തിവെക്കുന്നതില്‍ നാം കാണിച്ച അലസത തന്നെയാണ്. മരക്കാരുട്ടിയുസ്താദിന്റെ ജീവിതകാലത്ത് ഇത് പ്രിന്റ് ചെയ്യപ്പെടാതിരുന്നതും കൃതിയുടെ വ്യാപനത്തിന് തടസ്സമായി. പ്രിന്റ് ചെയ്യപ്പെടാതിരുന്നതിന് പിന്നില്‍ പ്രശസ്തി ആഗ്രഹിച്ചില്ല എന്നത് മാത്രമായിരുന്നില്ല കാരണം. പ്രയാസവുമായി വരുന്ന രോഗികള്‍ക്ക് ഉസ്താദ് പരിഹാരമായി നിര്‍ദ്ദേശിച്ചത് ഈ ബൈത്ത് മുതഅല്ലിമീങ്ങളെ കൊണ്ട് എഴുതിപ്പിച്ച് കൊണ്ടുപോകാനായിരുന്നു. വറുതിയുടെയും ദാരിദ്രത്തിന്റെയും നാളുകളില്‍ ഇങ്ങനെ ലഭിക്കുന്ന ചെറിയ സാമ്പത്തികാശ്വാസങ്ങളാണ് മുതഅല്ലിം ജീവിതങ്ങളെ കരക്കടുപ്പിച്ചത്. ഇതാണത്രെ ബൈത്ത് പ്രിന്റ് ചെയ്യപ്പെടാതിരിക്കാന്‍ കാരണമായതെന്നാണ് പഴമക്കാരുടെ ഭാഷ്യം.
ഗ്രന്ഥത്തിന് നല്‍കപ്പെട്ട പേരിലെ തഅജീലുല്‍ ഫുതൂഹ്,തഅസീലുത്തുറൂഹ് എന്നീ രണ്ട് വാക്കുകളില്‍ തന്നെ വലിയ സാമൂഹികത ഉള്ളടങ്ങിയിട്ടുണ്ട്.
പ്രത്യേകാവശ്യങ്ങള്‍ക്കും രോഗശമനത്തിനും വേണ്ടി ഏറനാട്ടിലെ ജനസാമാന്യം ഈ ബൈത്ത് അഭയമായി കണ്ട് ഏറ്റുചൊല്ലിയിരുന്നു. അധിനിവേശ ശക്തികള്‍ നമ്മുടെ നാടിന്റെ സ്വാസ്ഥ്യം കെടുത്തിയ കാലത്ത് നിന്ന് വായിക്കുമ്പോള്‍ ഈ പദ്യകൃതി നിര്‍വ്വഹിച്ചു തീര്‍ത്ത സാമൂഹികദൗത്യം ചെറുതൊന്നുമായിരിക്കില്ലെന്ന് വ്യക്തമാകും. മരക്കാരുട്ടിയുസ്താദിന്റെ ജന്മഭൂമിയായ അരീക്കോട്ടിലും കര്‍മ്മഭൂമിയായ മഞ്ചേരിയിലുമടക്കം ഇതിന്റെ പുരാതന മാനുസ്‌ക്രിപ്റ്റുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വടിവൊത്ത അക്ഷരങ്ങളില്‍ തീര്‍ത്ത ഇത്തരം കോപ്പികള്‍ പലതും ഒരു നൂറ്റാണ്ടിനടുത്ത് പഴക്കം ചെന്നതാണ്. മഞ്ചേരിയിലെയും പരിസരദേശത്തെയും അനവധി വീടുകളില്‍ ഇന്നും തഅജീലുല്‍ ഫുതൂഹ് പാരായണം മുറതെറ്റാതെ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്.
തഅജീലുല്‍ ഫുതൂഹിന് പുറമേ വേറെ രണ്ടു ഗ്രന്ഥങ്ങള്‍ കൂടി ഉസ്താദിന്റേതായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് പദ്യരൂപത്തിലുള്ള കൃതി തന്നെയാണ്. ശൈഖ് അബൂഹസന്‍ അശ്ശാദുലി(റ) എന്നവരുടെ പ്രകീര്‍ത്തന കാവ്യമായ ‘മഹോന്നതന്റെ വരദാനം’ എന്നതാണൊന്ന്. കണ്ടെടുത്തതിലെ ഏക ഗദ്യകൃതി ഒരു നിബന്ധമാണ്. കേരളത്തില്‍ അകാലത്ത് വേരുറപ്പിക്കാന്‍ ശ്രമിച്ച മതനവീകര്‍ക്കെതിരെയുള്ള വിമര്‍ശമായ ‘രിസാലത്തുന്‍ ഫീ റദ്ദില്‍ മുബ്തദിഈന്‍ വഫീ ഇസ് ബാത്തിത്തവസ്സുലി ബില്‍ അന്‍ബിയാഇ വല്‍ ഔലിയാഇ വസ്വാലിഹീന്‍’ എന്നതാണാ ഗ്രന്ഥം. മതപരിഷ്‌കരണവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നതില്‍ അക്കാലത്തെ പണ്ഡിതന്‍മാര്‍ കാണിച്ച നിതാന്ത ജാഗ്രതയുടെ നിദര്‍ശനമാണീ പുസ്തകം. ഇത്തരം ഗ്രന്ഥങ്ങളെയും രചയിതാക്കളെയും അക്കാഡമിക് സമൂഹത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയുമുണ്ടായിട്ടില്ലെങ്കില്‍ ഒരിറ്റ് ഓര്‍മപോലും ബാക്കി വെക്കാതെ ഇവ ചരിത്രമായി മണ്ണടിയും

ജീവിതം
ഹിജ്‌റ 1294(1878)ല്‍ നാലകത്ത് നൂലിം മുസ്ലിയാര്‍ എന്ന മുഹ്യുദ്ധീന്‍ മുസ്ലിയാരുടെയും കൊണ്ടോട്ടി ചെറുശേരി കുഞ്ഞറമു മുസ്ലിയാരുടെ മകള്‍ തിത്തി കുട്ടിയുടെയും മകനായി ജനിച്ചു. മാതൃഗേഹമായ കൊണ്ടോട്ടിയിലായിരുന്നു ജനനം. മാതൃ-പിതൃ വഴിക്ക് മഖ്ദൂമീ ജ്ഞാന പാരമ്പര്യവും ആത്മീയ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന കുടുംബങ്ങളാണ് ഉസ്താദിന്റേത്. ചെറുശ്ശേരി കുടുംബവും നാലകത്ത് കുടുംബവും മഖ്ദൂമീ പാരമ്പര്യത്തിന്റെ ഇടമുറിയാത്ത തുടര്‍ച്ചയാണല്ലോ.1934ല്‍ മരണപ്പെട്ട അഹ്മദ് കുട്ടി മുസ്ലിയാര്‍, കുഞ്ഞറമുട്ടി മുസ്ലിയാര്‍, അലി ഹസന്‍ മുസ്ലിയാര്‍, അബ്ദുല്ല ഹാജി, ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഉസ്താദിന്റെ സഹോദരങ്ങളായിരുന്നു.തിത്തുമ്മു എന്ന സഹോദരിയുമുണ്ട്.
അരീക്കോട്ടിലെ കാരാടന്‍ മൊയ്തീന്‍ കുട്ടി മൊല്ലയില്‍ നിന്നാണ് ഖുര്‍ആന്‍ പഠനം തുടങ്ങിയത്.തോട്ടക്കാട് മുഹമ്മദ് മോയിന്‍ ഹാജിയില്‍ നിന്നും ( മരണം H-1344) പ്രാഥമിക പഠനം പൂര്‍ത്തിയാക്കി.
ഉന്നതശീര്‍ഷരായ ഗുരുവര്യരില്‍ നിന്നാണ് ഉസ്താദ് ദീനീവിജ്ഞാനത്തിലുള്ള തന്റെ പ്രതിഭാത്വം രൂപപ്പെടുത്തുന്നത്. അമ്മാവന്‍മാരായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ (1918 ല്‍ മരണം), ഹിജ്‌റ 1349 ല്‍ മരണപ്പെട്ട ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, വാഴക്കാട് മുസ്ലിയാരകം സൈനുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ഉസ്താദിന്റെ ഗുരുനിരയില്‍ പ്രധാനികളാണ്.കേരളത്തിലെ വൈജ്ഞാനിക-സാഹിത്യ പാരമ്പര്യത്തില്‍ ഈ ഗുരുനാമങ്ങള്‍ സുപരിചിതരുമാണ്. ശേഷം ചാലിലകത്തിന് കീഴില്‍ വാഴക്കാട് ദാറുല്‍ ഉലൂമിലും രണ്ട് വര്‍ഷത്തെ തുടര്‍പഠനം പൂര്‍ത്തിയാക്കി.പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയ ഉസ്താദ് തുടര്‍ന്നുള്ള രണ്ട് വര്‍ഷം വാഴക്കാട് തന്നെ മുദര്‍രിസായി തുടര്‍ന്നു. ആ സമയത്ത് കണ്ണിയത്തുസ്താദിനെപ്പോലെയുള്ള വിജുഗീഷുക്കളായ പണ്ഡിതപ്രതിഭകള്‍ അവിടെ വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നു. കണ്ണിയതു സ്താദിന് പുറമേ മഞ്ചേരി ഓവുങ്ങല്‍ വലിയ അബദുറഹിമാന്‍ മുസ്ലിയാര്‍, പളളിശ്ശേരി അലി ഹസ്സന്‍ മുസ്ലിയാര്‍, വള്ളുവങ്ങാട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ എന്നിവരും മരക്കാരുട്ടി ഉസ്താദിന്റെ ശിഷ്യരില്‍ പ്രമുഖരാണ്. വാഴക്കാട്ടെ അധ്യാപന ജീവിതത്തിന് ശേഷമാണ് 1909 ല്‍ മഞ്ചേരി ടൗണ്‍ പളളിയില്‍ സേവനമാരംഭിക്കുന്നത്.1939 തന്റെ മരണംവരെയുള്ള നീണ്ട 30 വര്‍ഷക്കാലം ആ സേവനം തുടര്‍ന്നു.
കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, നിദാന ശാസ്ത്രം, തുടങ്ങി എല്ലാമത വിജ്ഞാനശാഖകളിലും നൈപുണ്യം നേടിയ പണ്ഡിതനായിരുന്നു മരക്കാരുട്ടി മുസ്ലിയാര്‍. അനിതരസാധാരണമായ സൂക്ഷമത കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തിയ മരക്കാരുട്ടി മുസ്ലിയാര്‍ ബുഖാരി, മുസ്ലിമടങ്ങുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ മന:പാഠമാക്കിയായിരുന്നു അധ്യാപനം നടത്തിയിരുന്നത്. അടുത്ത ശിഷ്യനായ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എഴുതിയ അനുശോചനകാവ്യത്തില്‍ ഉസ്താദിന്റെ അചഞ്ചലമായ ഭക്തിയെ കുറിച്ചും അറിവിന്റെ വ്യാപ്തിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ പ്രസിഡന്റും പള്ളിവീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ സെക്രട്ടറിയുമായ സമസ്ത മുശാവറയിലെ പ്രധാനികൂടിയായിരുന്നു മരക്കാരുട്ടി മുസ്ലിയാര്‍. തന്റെ അറുപത്തിനാലാം വയസ്സിലായിരുന്നു ഉസ്താദിന്റെ വിയോഗം. നീണ്ട മുപ്പതുവര്‍ഷക്കാലം ഏറനാടിന്റെ ജ്ഞാന ഭൂപടത്തെ വിസ്തൃതമാക്കിയ ഈ പ്രതിഭാശാലി 1358 റബീഉല്‍ ആഖര്‍ 13 ന് വഫാത്തായെങ്കിലും മഞ്ചേരിയുടെ ഹൃദയഭാഗത്തായി ഇന്നും ആത്മീയോത്കര്‍ഷത്തിന്റെ തണല്‍ പൊഴിച്ചു കൊണ്ടിരിക്കുക്കുന്നു.

keynote
അധ്യാത്മികതയും സര്‍ഗാത്മകതയും സമാന്തരമായിവന്ന നവോത്ഥാനത്തിന്റെ നല്ല കാലത്തെയാണ് വിവിധ ഘട്ടങ്ങളില്‍ പിറവിയെടുത്ത മാല-മൗലിദുകള്‍ അനാവരണം ചെയ്യുന്നത്.’മാപ്പിള മുസ്ലിംസ് ഓഫ് കേരള’യില്‍ ആത്മീയ-സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന മുസ്ലിം പണ്ഡിതന്‍മാരുടെ പോയകാലത്തെ കുറിച്ചുള്ള റോളണ്ട് മില്ലറുടെ പരാമര്‍ശം കാണാം. മാപ്പിളസാഹിത്യശാഖയുടെ തന്നെ അടിയാധാരവും അതിലപ്പുറം നല്ലൊരുപങ്കും ഇത്തരത്തിലുള്ള മൗലിദ് കുതികളാണെന്നതില്‍ സംശയമില്ല.. പറഞ്ഞു വരുന്നത് ഇത്തരം സാംസ്‌കാരിക നിക്ഷേപങ്ങളെയും അനശ്വരമായ സര്‍ഗ്ഗസൃഷ്ടികളെയും സമൂഹത്തിന്റെ ഭാഗമാക്കാനോ വീണ്ടെടുക്കാനോ ഉള്ള ശ്രമങ്ങള്‍ പലപ്പോഴും ചരിത്രത്തിന്റെ ലാഭ-നഷ്ട ഗണിതവ്യവഹാരങ്ങള്‍ക്കിടയില്‍ അപ്രസക്തമായിപ്പോയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here