ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇ എം എ ആരിഫ് ബുഖാരി

0
6379

ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം.
ഒന്ന്: സാര്‍വ്വകാലികം.
രണ്ട്: സാര്‍വ്വദേശീയം
മൂന്ന്: ജനകീയം
എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക കാലത്തോട് മാത്രം ബന്ധപ്പെട്ടല്ല അവ നിലകൊള്ളുന്നത്. എല്ലാ ദേശങ്ങളിലുമുള്ളവരെ ബോധ്യപ്പെടുത്തുന്ന നിലക്കാണ് തെളിവുകള്‍ നല്‍കപ്പെട്ടത്. പാശ്ചാത്യനെന്നോ പൗരസ്ത്യനെന്നോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ദേശത്തെ വാസികളെന്നോ നോക്കാതെയുള്ള സമീപനമാണ് ഖുര്‍ആനിന്റേത്. മൂന്നാമതായി ബൗദ്ധികമായി ഉന്നത നിലവാരമുള്ളവര്‍ക്ക് അതിസാധാരണക്കാര്‍ക്കും മനസ്സിലാക്കാവുന്ന തെളിവുകളാണ് വിശുദ്ധ വേദഗ്രന്ഥത്തിലുള്ളത്. ഓരോരുത്തര്‍ക്കും അവരവരുടെ ജ്ഞാന നിലവാരം കൊണ്ട് അതിന്റെ അര്‍ത്ഥങ്ങള്‍ ഏറുകയോ കുറയുകയോ ചെയ്‌തേക്കും.
വിശുദ്ധ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ഏകദൈവത്വത്തിന്റെ നിദര്‍ശനമാണ് സൂറതുല്‍ ഇഖ്‌ലാസ്.
പ്രഖ്യാപിക്കുക
കാര്യം അല്ലാഹു ഏകനാകുന്നു, അല്ലാഹു ആരുടേയും ആശ്രയമില്ലാത്തവനും എല്ലാവരും ആശ്രയിക്കുന്നവനുമാകുന്നു. അവന്‍ ജനിതാവല്ല
ജാതനുമല്ല, അവനു തുല്യമായി ആരുമില്ല (ഇഖ്‌ലാസ്: 1-5)
സൂറതുല്‍ ഹശ്‌റില്‍ ഏകദൈവ സങ്കല്‍പത്തിന്റെ കൂടുതല്‍ തെളിമയാര്‍ന്ന ചിത്രമുണ്ട്.
അവന്‍ അല്ലാഹു ആകുന്നു.
അവനല്ലാതെ ആരാധ്യനില്ല,
അഗോചരവും ഗോചരവുമായവ അറിയുന്നവന്‍,
അവന്‍ കാരുണ്യവാനാണ്
കരുണാവാരിധിയും
അവനല്ലാതെ ആരാധ്യനില്ല
അവന്‍ രാജാവാകുന്നു
അതീവ പരിശുദ്ധന്‍,
പരമരക്ഷ, അഭയദായകന്‍
സര്‍വ്വനിയന്താവ്, എന്തിനെയും അതിജയിക്കുന്നവന്‍,
സകലതും അടക്കി ഭരിക്കുന്നവന്‍, മഹോന്നതന്‍
ആ ജനങ്ങള്‍ ആരോപിക്കുന്ന
പങ്കാളികളില്‍ നിന്നെല്ലാം
എത്രയും പരിശുദ്ധന്‍
അവനാകുന്നു അല്ലാഹു
സൃഷ്ടിക്കുന്നവന്‍
സൃഷ്ടിപ്പിനെ ഭംഗിയായി ആവിഷ്‌കരിക്കുന്നവന്‍
രൂപം നല്‍കുന്നവന്‍
വിശിഷ്ട നാമങ്ങള്‍ അവനുള്ളതാകുന്നു
ആകാശങ്ങളിലും
ഭൂമിയിലുമുള്ളവ
അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
അവന്‍ അജയ്യനാകുന്നു
യുക്തിഭദ്രനുമാകുന്നു
(അല്‍ഹശ്ര്‍ 22-24).
ദൈവിക ഗുണങ്ങള്‍ തെളിഞ്ഞുകാണുന്ന മറ്റൊരു സൂക്തമാണ് ആയതുല്‍ കുര്‍സീ.
അല്ലാഹു അവനല്ലാതെ ആരാധ്യനില്ല. പ്രപഞ്ച പരിപാലകനും നിത്യജീവത്തായവനുമാകുന്നു അവന്‍. അവനെ ഉറക്കമോ മയക്കമോ ബാധിക്കുന്നില്ല, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം
അവന്റേതാകുന്നു. അവന്റെ സമക്ഷത്തില്‍. അനുമതി കൂടാതെ ശിപാര്‍ശ ചെയ്യുന്നവനാര്?
അവരുടെ മുമ്പിലുള്ളതും
അവര്‍ക്ക് അദൃശ്യമായതും
അവന്‍ അറിയുന്നുണ്ട്.
അവന്റെ ജ്ഞാനത്തില്‍ നിന്ന്
ഒന്നും തന്നെ അവര്‍ക്ക്
ഉള്‍കൊള്ളാന്‍ കഴിയില്ല
അവന്‍ ഉദ്ദേശിച്ചതല്ലാതെ
അവന്റെ അധികാരം
ആകാശ ഭൂമികളെ മുഴുവനും
വലയം ചെയ്തിരിക്കുന്നു
അവയുടെ സംരക്ഷണം
അവന് ഭാരമുള്ളതല്ല
അവന്‍ അത്യുന്നതനാകുന്നു
മഹത്വപൂര്‍ണ്ണനുമാകുന്നു.
(അല്‍ബഖറ: 255).
ഏകദൈവത്വ സങ്കല്‍പത്തിന്റെ പ്രായോഗികതയും അതിന്റെ ദൃഷ്ടാന്തങ്ങളും ഖുര്‍ആനില്‍ പലയിടങ്ങളിലും കാണാവുന്നതാണ്. ബഹുദൈവ ത്വ സങ്കല്‍പത്തെക്കുറിച്ച് താഴെ പറയുന്ന നിഗമനങ്ങളാണ് നമുക്ക് സ്വരൂപിക്കാനാവുക.
1. അല്ലാഹുവിന് പങ്കുകാരുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വ്യാജവാദമാണ് ഉന്നയിക്കുന്നത്.
2. അവരുടെ പക്കല്‍ തെളിവുകളില്ല.
3. അല്ലാഹുവിന് പുത്രീ-പുത്രന്‍മാരുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്.
4. ആ വാദം ദൈവിക വിഭാവനയ്ക്ക് എതിരാണ്. എല്ലാറ്റിന്റെയും നിയന്ത്രണം അല്ലാഹുവിനാണ്. എല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്. അവന്‍ പരാശ്രയരഹിതനാണ്. അങ്ങനെയൊരുത്തന്, തന്റെ സൃഷ്ടികളില്‍ പെട്ട ഒരു പങ്കാളി എങ്ങനെയുണ്ടാകും?
പ്രസ്തുത കാര്യങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സൂറ: അസ്സുമര്‍ 3 മുതല്‍ 8 വരെയുള്ള സൂക്തങ്ങളില്‍.
അല്ലാഹുവെ കൂടാതെ മറ്റു രക്ഷകരെ വരിക്കുകയും.
ഞങ്ങള്‍ അവരെ ആരാധിക്കുന്നത്
അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക്
അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്
എന്നു പറയുകയും ചെയ്യുന്നവര്‍
അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന
കാര്യങ്ങളിലൊക്കെയും
തീര്‍ച്ചയായും അല്ലാഹു
അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്
കള്ളം പറയുന്നവനും
സത്യത്തെ നിഷേധിക്കുന്നവനുമായ
ആരെയും അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
അല്ലാഹു ഒരു പുത്രനെ
വരിക്കുമെന്ന്
ഉദ്ദേശിച്ചിരുന്നുവെങ്കില്‍
തന്റെ സൃഷ്ടികളില്‍ നിന്ന്
താനിച്ഛിക്കുന്നവരെ
അവന്‍ തിരഞ്ഞെടുക്കുമായിരുന്നു
ആ വക കാര്യങ്ങളില്‍ നിന്ന്
അവന്‍ പരിശുദ്ധനാകുന്നു.
ഏകനും സകലതും അടക്കി ഭരിക്കുന്നവനും
ആയ അല്ലാഹു ആകുന്നു അവന്‍
ആകാശങ്ങളെയും ഭൂമിയെയും
അവന്‍വേണ്ടതുപോലെ സൃഷ്ടിച്ചു
അവന്‍ പകലിന്‍മേല്‍
രാവിനെയും
രാവിന്‍ മേല്‍ പകലിനെയും പൊതിയുന്നു
സൂര്യനെയും ചന്ദ്രനെയും
അവന്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നു
എല്ലാം
ഒരു നിശ്ചിത സമയം വരെ ചരിച്ചുകൊണ്ടിരിക്കും
അറിയുക, അവന്‍ അജയ്യനും ഏറെ പൊറുക്കുന്നവനുമാകുന്നു
ഒരൊറ്റ ശരീരത്തില്‍ നിന്ന്
നിങ്ങളെ അവന്‍ സൃഷ്ടിച്ചു
പിന്നെയവന്‍ ആ ശരീരത്തില്‍ നിന്ന്
അതിന്റെ ഇണയെയുണ്ടാക്കി
നിങ്ങള്‍ക്കു വേണ്ടി കാലികളില്‍ നിന്ന്
എട്ട് ഇണകളെയും സൃഷ്ടിച്ചു
അവന്‍ നിങ്ങളുടെ മാതാക്കളുടെ
ഉദരങ്ങളില്‍ മൂന്ന് അന്ധകാര വലയങ്ങള്‍ക്കുള്ളില്‍
നിങ്ങളെ ഒന്നിനു പിറകെ ഒന്നായി
രൂപപ്പെടുത്തിയിരിക്കുന്നു.
ഇതെല്ലാം ചെയ്യുന്ന ആ
അല്ലാഹുവാണ് നിങ്ങളുടെ പരിപാലകന്‍.
എന്നിരിക്കെ നിങ്ങള്‍ എങ്ങോട്ടാണ്, വ്യതിചലിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നത്?
നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍, അല്ലാഹു നിങ്ങളില്‍ നിന്ന് മുക്തനാകുന്നു.
അവന്‍ തന്റെ ദാസന്മാര്‍ക്ക്
കൃതഘ്തന ഇഷ്ടപ്പെടുന്നില്ല, നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍.
അതാണ് അവന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത്
പാപഭാരമേറുന്ന ഒരാളും
മറ്റൊരാളുടെ പാപഭാരമേറ്റുന്നതല്ല
ഒടുവില്‍ നിങ്ങളുടെ മടക്കം നിങ്ങളുടെ
പരിപാലകനിലേക്കാകുന്നു
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം
അവന്‍ നിങ്ങള്‍ക്ക് ഉണര്‍ത്തിത്തരും
തീര്‍ച്ചയായും അവന്‍ മനോഗതങ്ങള്‍
അറിയുന്നുണ്ട്”
പ്രകൃതിപരമായി മനുഷ്യന്‍ ഏകദൈവത്വം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാണെന്ന് ഖുര്‍ആന്‍ ഉറപ്പിച്ചുപറയുന്നു.
പരസ്പരം ശണ്ഠകൂടുന്ന പങ്കാളികളായ
യജമാനന്മാരുള്ള ഒരടിമയെയും
ഒരാള്‍ക്ക് അവകാശപ്പെട്ട
മറ്റൊരടിമയെയും അല്ലാഹു ഉപമയായി
വിവരിക്കുന്നു
അവരിരുവരും തുല്യമാകുമോ?
അല്ലാഹുവിന് സ്തുതി
അവരില്‍ അധികപേരും അറിയുന്നില്ല
(അസ്സുമര്‍: 29).
ഭിന്ന സ്വഭാവവും താല്‍പര്യവുമുള്ള പല യജമാനന്മാര്‍ക്ക് സേവനം ചെയ്യുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കും? ആ മനുഷ്യന് ആ യജമാനന്‍മാര്‍ക്കെല്ലാം സേവനമനുഷ്ഠിക്കാനാകുമോ? അങ്ങനെ ഒരടിമത്തം മനുഷ്യപ്രകൃതത്തിന് ഇണങ്ങിയതല്ല. എന്നാല്‍ ഒരു യജമാനന് മാത്രം സേവനം ചെയ്യുകയെന്നത് ആര്‍ക്കും സ്വീകാര്യമാവുക തന്നെ ചെയ്യും. അതായത് ഒരു യജമാനന് അടിമയാവുകയെന്നത് പൂര്‍ണ്ണമായും മനുഷ്യന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമത്രെ. എന്നാല്‍ പല യജമാനന്മാരെ സേവിക്കുന്നത് അസാധ്യമാണ്; മനുഷ്യപ്രകൃതത്തിന് ഇണങ്ങാത്തതുമാകുന്നു. പ്രകൃതത്തോട് ഇണങ്ങാത്ത ഈയവസ്ഥയെ ഖുര്‍ആനില്‍ ഇങ്ങനെ ഉപമിച്ചിരിക്കുന്നു.
”ആരെങ്കിലും അല്ലാഹുവോട്
പങ്കാളികളെ കല്‍പ്പിക്കുന്നുവെങ്കില്‍
അവര്‍
മാനത്ത് നിന്ന് വീണതുപോലെയാണ്
അങ്ങനെ അവനെ
അവന്റെ ചിന്നിച്ചിതറിയ അവയവങ്ങളെ
പക്ഷികള്‍ റാഞ്ചിക്കൊണ്ടുപോകും
അല്ലെങ്കില്‍ കാറ്റ് അവനെ വിദൂര സ്ഥലത്ത്
കൊണ്ടുപോയീടും”
(അല്‍ഹജ്ജ്: 31)
മനുഷ്യനില്‍ അന്തര്‍ലീനമായ നീതിബോധം ഏകദൈവത്വത്തിന്റെ മതിയായ ദൃഷ്ടാന്തമത്രെ.
അല്ലാഹു നിങ്ങളില്‍ ചിലരെ
ചിലരേക്കാള്‍ വിഭവങ്ങളില്‍
ശ്രേഷ്ഠരാക്കിയിരിക്കുന്നു
ഈ ശ്രേഷ്ഠത കിട്ടിയവര്‍
തങ്ങളുടെ വിഭവങ്ങള്‍
സ്വന്തം ഭൃത്യജനങ്ങള്‍ക്ക്
ഇരുകൂട്ടരും ആ വിഭവങ്ങളില്‍
സമന്മാരാകുന്നതിന് വേണ്ടി
വീതിച്ചു നല്‍കുന്നില്ലല്ലോ
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹ
ത്തെ മാത്രം അവര്‍ നിഷേധിക്കുകയാണോ?
(അന്നഹ്ല്‍: 71).
സ്വന്തം കീഴിലുള്ള അടിമകളും ആശ്രിതരെയും സ്വന്തത്തോടൊപ്പം സ്ഥാനം നല്‍കി വിഭവങ്ങളില്‍ വീതം വെച്ച് ഒരുപോലെയാണെന്ന് വിശ്വസിക്കാന്‍ കഴിയുമോ? അങ്ങനെയാണെങ്കില്‍ അല്ലാഹുവിന്റെ അധികാരത്തില്‍ എങ്ങനെയാണ് അവന്റെ സൃഷ്ടികളെയും അടിമകളെയും തുല്യപങ്കാളികളായി സങ്കല്‍പിക്കുക? സ്വന്തത്തില്‍ പ്രകൃതിപരമായി ഇഷ്ടപ്പെടാത്ത കാര്യമാണ് അല്ലാഹുവിന്റെ വിഷയത്തില്‍ ആരോപിക്കപ്പെടുന്നത്. മനുഷ്യനില്‍ നിലീനമായ സാമൂഹ്യനീതിയെന്ന പ്രകൃതം തന്നെ ഏകദൈവത്വത്തിന്റെ മതിയായ നീതീകരണമാണ്.
വിശുദ്ധ ഖുര്‍ആന്റെ വിശ്വാസദര്‍ശനത്തിന്റെ അടിക്കല്ലാണ് ഏകദൈവത്വം. അതില്‍ നിന്ന് വികസിച്ച് മുന്നോട്ടുപോകുന്ന ജീവിത പദ്ധതിയാണത് മുന്നോട്ടുവെക്കുന്നത്. ഒരു വീട് ആ വീടിന്റെ ഗൃഹനാഥന്റേതാണല്ലോ. ഒരാള്‍ ആ വീട് വേറെ ആരുടേയുമാണെന്ന് വിശ്വസിച്ചുവെന്നിരിക്കട്ടെ. അതല്ലെങ്കില്‍, ആ ഗൃഹനാഥനൊപ്പം മറ്റു പലരുടേതുമാണെന്ന്. അയാളെക്കുറിച്ചെന്തു പറയാന്‍? അല്ലാഹുവിന് കൂടെ ഈ പ്രപഞ്ചത്തിന്റെ ആധിപത്യം കൈയ്യാളുന്നതിലും അതുല്യനായിരിക്കുന്നതിലും പങ്കാളികളായി പലരുമുണ്ടെന്ന ആരോപണം ഇപ്പറഞ്ഞതിലും മൗഢ്യമത്രെ
ഇ.എം.എ.ആരിഫ് ബുഖാരി

LEAVE A REPLY

Please enter your comment!
Please enter your name here