ടിക്ടോക്ക്: ആപ്പിലാകുന്ന കൗമാര ജീവിതങ്ങൾ

കെ.കെ അലി അക്ബർ, കൂരാട്

0
3369

ടെക് ലോകത്തെ വരുതിയിലാക്കാനുള്ള ചൈനീസ് ഡിജിറ്റൽ അതികായന്മാരുടെ ശ്രമം അവസാനം വിജയം കണ്ടിരിക്കയാണ്. വാട്സാപ്പിനും ഗൂഗിളിനുമൊക്കെ ചൈനയിൽ നിന്ന് അപരന്മാർ വന്നിരുന്നെങ്കിലും അവക്കൊന്നും അധീശത്വം നേടാനായിരുന്നില്ല. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,സ്നാപ്പ് ചാറ്റ്, ആമസോൺ തുടങ്ങിയവക്ക് ഭീഷണിയുയർത്തി വന്ന ആപ്പുകൾക്കും പരിമിതികളുണ്ടായിരുന്നു.എന്നാൽ ടിക്ടോക്ക് എന്ന വീഡിയോ ആപ്പിലൂടെ ‘മെയിഡ് ഇൻ ചൈന’ അതിജയത്തിന്റെ കഥ പറയുകയാണ്.യൂട്യൂബ്, ഇൻസ്റ്റഗ്രാം,സ്നാപ്ചാറ്റ് എന്നീ ജനകീയ ആപ്പുകളെ അതിവേഗം പുറന്തള്ളിക്കൊണ്ടാണ് 2018ലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്പായി ടിക് ടോക്ക് മാറിയിരിക്കുന്നത്.

ബീജിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന വാർത്താധിഷ്ഠിത ടെക് കമ്പനി ബൈറ്റ്ഡാൻസ് 2016ലാണ് ടിക്ടോക്കിന് ആരംഭം കുറിച്ചത്.2017ന്റെ ആരംഭത്തിൽ തന്നെ ടിക്ടോക്ക് ചൈനയിലെ ഏറ്റവും പോപ്പുലറായ മൊബൈൽ വീഡിയോ ആപ്പ് എന്ന സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.2017 നവംബറിൽ തുല്യ ശക്തിയായി വളർന്ന് കഴിഞ്ഞിരുന്ന മ്യൂസിക്കലി എന്ന വീഡിയോ ആപ്പിനെ ബൈറ്റ്ഡാൻസ് വാങ്ങുകയും അതിനെ ടിക് ടോക്കിൽ ലയിപ്പിക്കുകയും ചെയ്തു.മ്യൂസിക്കലിക്ക് വൻ സ്വാധീനമുണ്ടായിരുന്ന യുഎസിലെ ഉപയോക്താക്കളെ കൂടി വലയിലാക്കുകയായിരുന്നു ഇതിന്റെ താൽപര്യം.ഇതോടെ മ്യൂസിക്കലി ഉപയോക്താക്കളുടെ ഫോണിൽ ആപ്പ് സ്വമേധയാ ടിക് ടോക്ക് എന്നായി മാറി.മ്യൂസിക്കലിയുമായുള്ള കോമ്പിനേഷനിലൂടെയാണ് ഈ വീഡിയോ ആപ്പിന്റെ കുതിപ്പിന് ശരവേഗം കൈവന്നത്.

പൊതുവിൽ സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളെല്ലാം ലക്ഷ്യം വെക്കുന്നത് ഗ്ലോബൽ ഓഡിയൻസിനെയാണെങ്കിൽ ടിക്ടോക്ക് അതിൽ നിന്ന് തീർത്തും ഭിന്നമാണ്. ലോക്കൽ ഓഡിയൻസിനെ ടാർഗിറ്റ് ചെയ്ത് കൊണ്ടുള്ളതാണ് ടിക്ടോക്കിന്റെ സംവിധാനങ്ങൾ മുഴുവനും. അത് കൊണ്ട് തന്നെയാണ് പ്രാദേശികമായ നൂറ് കണക്കിന് ഭാഷകളിൽ ഈ വീഡിയോ ആപ്പ് ഉപയോഗിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. പ്രചാരണത്തിന് ലോക്കൽ സെലിബ്രിറ്റികളെത്തന്നെ ഉപയോഗപ്പെടുത്താനും ടിക് ടോക്കിന് സാധിക്കുന്നു.

പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോകൾ സിനിമയിലെ പാട്ടുകൾ, ഡയലോഗുകൾ, കോമഡി വാചകങ്ങൾ എന്നിവ പശ്ചാത്തലമാക്കി വിവിധ തരത്തിലുള്ള എഫക്ടുകൾ നൽകി അപ് ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ടിക്ടോക്ക് നൽകുന്നത്. നൂറ്കണക്കിന് പാട്ടുകളും കോമഡി വാചകങ്ങളുമൊക്കെ ഇതിനു വേണ്ടി ആപ്പിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്.നിലവിലുള്ള പാട്ടുകൾക്കും വാചകങ്ങൾക്കുമൊപ്പം ഡാൻസ് ചെയ്യുകയും ചുണ്ടനക്കുകയും ചെയ്യാൻ കഴിയുന്നു എന്നതോടൊപ്പം റെക്കോഡ് ചെയ്യപ്പെട്ട വീഡിയോകളിലേക്ക് സ്വന്തം ശബ്ദം ചേർത്ത് അപ് ലോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

മുൻനിര സോഷ്യൽ മീഡിയ ആപ്പുകളെയെല്ലാം പിറകിലാക്കി ടിക്ടോക്ക് ഇത്രമേൽ ജനകീയമാകാനുള്ള കാരണം അതിൽ നിറയെ പഴുതുകളുണ്ടെന്നത് കൊണ്ടാണ്. കൃത്യമായ നിയന്ത്രണങ്ങളോ നിശ്ചിതമായ നിർദേശങ്ങളോ ഇല്ലെന്നത് തന്നെയാണ് ടിക്ടോക്കിനെ കൂടുതൽ പോപ്പുലറാക്കുന്നതും അതോടൊപ്പം അപകടകരമാക്കുന്നതും.യൂട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ കൃത്യമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമുള്ളപ്പോൾ ടിക് ടോക്കിൽ അത് നാമമാത്രമാണ്.

ടിക് ടോക്കിൽ ഒരാൾ രജിസ്റ്റർ ചെയ്ത് കഴിയുന്നതോടെ മുഴുവൻ ഉപയോക്താക്കൾക്ക് മുന്നിലും അയാൾ അനാവരണം ചെയ്യപ്പെടും.പ്രൈവസി സെറ്റിംഗ്സിൽ ഫ്രണ്ട്സ് ഓൺലി എന്ന് ക്രമീകരിക്കാമെങ്കിലും സ്വയം അത്തരമൊരു നിയന്ത്രണത്തിന് വിധേയമാകാൻ പലരും തയ്യാറല്ലെന്നതാണ് സത്യം.അത് കൊണ്ട് തന്നെ ഇതിലെ ഉപയോക്താക്കളായി മാറിയ കുട്ടികളെ സംരക്ഷിക്കാൻ ഉപയുക്ത്മായ നിയന്ത്രണ സംവിധാനമോ അനുചിതമായ ഉള്ളടക്കങ്ങളെ വിലക്കാനുള്ള നിരീക്ഷണ സംഘമോ ടിക്ടോക്കിനില്ല.

ടിക് ടോക്കിന്റെ സർവീസ് എഗ്രിമെന്റനുസരിച്ച് പതിനാറ് വയസ്സിന് താഴെയുള്ളവർ ആപ്പ് ഉപയോഗിക്കാൻ പാടില്ലെന്നതാണ്. അനിവാര്യമെങ്കിൽ അത്തരം അക്കൗണ്ടുകൾ കമ്പനി നീക്കം ചെയ്യുമെന്നും അതിൽ പറയുന്നു.എന്നാൽ ഈ നിയമങ്ങളൊന്നും നടപ്പാക്കുന്നിടത്ത് കമ്പനി ഒട്ടും ജാഗ്രത കാണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നൂറ് കണക്കിന് കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങൾ പബ്ലിക്കിൽ തുറന്ന് കാണിക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടും പരിഹാര നടപടികളൊന്നും കമ്പനി കൈകൊണ്ടിട്ടില്ല. ഉപയോക്താക്കളുടെ പ്രായം വെരിഫൈ ചെയ്യുന്നതിന് ഫലപ്രദമായ മാർഗം കമ്പനി അവലംബിക്കണമെന്ന ആവശ്യം മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ശക്തമായി ഉയർത്തിക്കൊണ്ടിരിക്കയാണ്.ഫേഷ്യൽ റെകഗ്നീഷ്യൻ ടെക്നോളജി തന്നെ പ്രയോഗിക്കണമെന്നാണ് പലരുമാവശ്യപ്പെടുന്നത്.

തമാശ നിറഞ്ഞതും പരിഹാസം കലർന്നതും തീർത്തും അർത്ഥശൂന്യവുമായ ഉള്ളടക്കമാണ് ടിക് ടോക്കിന്റേത്. ഒരു ട്രോൾ മാസ്റ്റർ ആപ്പ് എന്ന രൂപത്തിലാണ് അത് പ്രവർത്തിക്കുന്നത്. ഒട്ടും കലാമൂല്യമില്ലാത്ത കോമഡികൾ മാത്രമാണ് ടിക്ടോക്ക് നിരന്തരമായി പുറന്തളളിക്കൊണ്ടിരിക്കുന്നത്. സിനിമയിലെ മോശം പരാമർശങ്ങളും ലൈംഗികച്ചുവയുള്ള വാചകങ്ങും തന്നെയാണ് മിക്കപ്പോഴും വീഡിയോകളുടെ പശ്ചാത്തല ശബ്ദമായി സംവിധാനിക്കപ്പെടുന്നതും.ഈ കോമഡി ആപ്പിനോട് വളർന്ന് വരുന്ന അഡിക്ഷൻ മനുഷ്യന്റെ സീരിയസ്നെസ്സിനെ മുച്ചൂടും നശിപ്പിക്കാൻ മാത്രം പ്രഹര ശേഷിയുള്ളതാണ്.

പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു തലമുറയെയാണ് ടിക്ടോക്ക് പ്രമോട്ട് ചെയ്യുന്നത്. ലൈക്ക് കൊതിച്ചും ഫോളോവേഴ്സിനെ തേടിയും ടിക് ടോക്കിൽ ആടിത്തിമർക്കുന്ന കൗമാരം വരാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല. നഗ്നതാ പ്രദർശനത്തിനുള്ള തുറന്ന അവസരമായി ടിക്ടോക്ക് ഷൂട്ടുകൾ മാറിയിരിക്കയാണ്. കൂടുതൽ ലൈക്ക് കിട്ടാൻ കൂടുതൽ സെക്സിയാവുക എന്നത് ടിക്ടോക്കിന്റെ പ്രമേയം പോലെത്തന്നെ ആയിത്തീർന്നിരിക്കുന്നു. പോൺ സൈറ്റുകളെ ആശ്രയിക്കാതെ തന്നെ വൈകൃതങ്ങളെ പുണരാനുള്ള ബദൽ മാർഗം കൂടി ആയിരിക്കയാണ് ടിക് ടോക്ക്.ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയെന്നത് ടിക് ടോക്കിലെ ഒരു ചലഞ്ച് തന്നെയാണിന്ന്.ടിക്ടോക്ക് വീഡിയോകൾ പലതും സെക്സ് ടാഗോട് കൂടി യൂട്യൂബ് അടക്കമുള്ള ആപ്പുകളിൽ പ്രചരിക്കാൻ ‘യോഗ്യത’യുള്ളത് കൂടിയാണ്.

ടിക്ടോക്കിലെ ഒരോ ചലഞ്ചും അശ്ലീലകരമോ അതിസാഹസികമോ ആണ്. വശീകരണ പ്രകടനങ്ങൾ പങ്കുവെക്കുന്ന പെൺകുട്ടികളെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന സൈബർ ക്രിമിനലുകൾ ടിക്ടോക്കിന് ചുറ്റും വട്ടമിട്ട് പറക്കുന്ന അവസ്ഥയുമുണ്ട്. ടിക് ടോക്ക് വഴി മാനനഷ്ടം സംഭവിച്ചവർ ആത്മഹത്യയിലഭയം തേടുന്ന സ്ഥിതിവിശേഷവുമുണ്ടായി. സമൂഹം സവിശേഷമായി കാണുന്ന സദാചാര ബോധത്തെ കീഴ്മേൽ മറിക്കുന്ന രൂപത്തിലാണ് ടിക്ടോക്ക് മാനിയ പടർന്ന് കയറിക്കൊണ്ടിരിക്കുന്നത്. യുവാക്കളിലെ സാമൂഹിക ബോധത്തെ തച്ചുടക്കുന്ന വിദ്യാഭ്യസ ധൈഷണിക ചിന്തകളിൽ നിന്നും അവരെ തടഞ്ഞ് നിറുത്തുകയാണ്. കേവലം യാന്ത്രികമായ ആപ്പ് ജീവിതങ്ങളായി ലോകത്തിന്റെ ഭാവി തലമുറ മാറുന്നുവെന്നത് അത്യന്തം ആപത്കരം തന്നെയാണ്.

ടിക്ടോക്ക് അഡിക്ഷൻ വലിയൊരു ക്രമസമാധാന പ്രശ്നമെന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അപകടകരമായ ചലഞ്ചുകൾ ചെയ്ത് ശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. കിണറിനു ചുറ്റും ഓടൽ, കിണറിനു മുകളിൽ തൂങ്ങിയാടൽ, ഓടുന്ന വാഹനത്തിന് മുമ്പിൽ മുടി നൃത്തം ചെയ്യൽ തുടങ്ങിയ ചലഞ്ചുകളെല്ലാം ഗുരുതരമായ സാമൂഹിക പ്രശ്നം ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല ചെറിയ കുട്ടികൾ പോലും അതിലേക്ക് ആകർഷിക്കപ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്. ഓടുന്ന വണ്ടിക്ക് മുമ്പിൽ ചാടിയുള്ള ചലഞ്ച് സംഘർഷത്തിൽ കലാശിച്ചതും നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടതും ഈയടുത്ത് തിരൂരിലാണ്. കേരളാ പോലീസ് കർശന നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ടെങ്കിലും പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് വരെ ടിക്ടോക്ക് മാനിയക്കാർ വീഡിയോ ഷൂട്ട് ചെയ്യുന്ന അവസ്ഥയുമുണ്ട്.

കുട്ടികൾക്കിടയിൽ ഏറ്റവും പോപ്പുലറെന്ന് ഖ്യാതിയുള്ള ടിക്ടോക്കിൽ വംശീയതയും വർണവെറിയും നുരഞ്ഞ് പൊങ്ങുന്നുവെന്നതാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. നിയോ നാസി പ്രൊപ്പഗണ്ടയുടെ വലിയൊരു മാധ്യമമായി ടിക്ടോക്ക് പലപ്പോഴും മാറുന്നുണ്ട്. ഹോളോകോസ്റ്റിനെയും വംശഹത്യയുടെ ആസൂത്രകരെയും വിശുദ്ധവത്ക്കരിച്ച് കൗമാരത്തെയും യുവത്വത്തെയും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിടുന്ന പ്രവണത യൂറോപ്യൻ രാജ്യങ്ങളിൽ വർധിച്ച് കൊണ്ടിരിക്കയാണ്.പലപ്പോഴും തമാശ രൂപത്തിലാണ് ഇത്തരം വിശലിപ്ത ആശയങ്ങൾ അവതരിക്കപ്പെടുന്നതെങ്കിലും ഫലത്തിൽ ഇവ ഹെയ്റ്റ് സ്പീച്ചുകൾ ആയിത്തന്നെയാണ് പരിണമിക്കുന്നത്.ഇവ ജനങ്ങളെ റാഡിക്കലൈസ് ചെയ്യുകയും അപരവത്കരിക്കപ്പെട്ടവരിൽ അസ്വസ്ഥത വിതക്കുകയും ചെയ്യുന്നുവെന്ന് ഓൺലൈൻ എക്ട്രീമിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

പത്തിനും ഇരുപതിനും ഇടക്ക് പ്രായമുള്ള കുട്ടികളാണ് ടിക്ടോക്ക് ഉപയോക്താക്കളിൽ 38 ശതമാനവുമെന്നത് അതീവ ഗൗരവതരമായ വിഷയമാണ്. അത് കൊണ്ട് തന്നെ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകൾ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ അനിവാര്യതയെക്കുറിച്ച് നിരന്തരം സംസാരിച്ച് കൊണ്ടിരിക്കയാണ്.

ചൈനയിലെ മുൻനിര പത്രങ്ങളിലൊന്നായ സൗത്ത് ചൈന മോണിങ് പോസ്റ്റ് നടത്തിയ അന്വേഷണ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ടിക്ടോക്ക് അഡിക്ഷൻ മൂലം കുട്ടികളിൽ വന്ന് ചേർന്നിരിക്കുന്ന സാഹസിക ഭ്രമത്തെയും സെക്സ് റാക്കറ്റുകളിൽ നിന്നും മറ്റും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളെയും ഇത് തുറന്ന് കാണിക്കുന്നുണ്ട്. നൂറ് കണക്കിന് ഹെൽപ് ലൈനുകളിൽ പെട്ട ചെന്നൈയിലെ ഒരു കൗൺസിലർക്ക് ഡിസംബറിൽ മാത്രം നാൽപതോളം ഫോൺ കോളുകൾ ഇത് സംബന്ധമായി വരികയുണ്ടായി. ടിക്ടോക്കിലൂടെ ചതിക്കപ്പെട്ടവരും അഡിക്ഷൻ മൂലം പ്രയാസമനുഭവിക്കുന്നവരുമായ തമിഴ്നാട്ടിലെ കുട്ടികളും യുവാക്കളുമായിരുന്നു ആ കൗൺസിലറെ സമീപിച്ചത്.

പതിനൊന്ന് വയസ്സുള്ള ഒരു പെൺകുട്ടി തന്റെ സ്കൂളിലെ കൂട്ടുകാരന്റെ ഫോൺ ഉപയോഗിച്ച് ടിക് ടോക്ക് ആരംഭിക്കുകയും പിന്നീടതിന് അഡിക്റ്റ് ആയി മാറുകയും ചെയ്ത സംഭവം മറ്റൊരു കൗൺസിലിംഗ് സൈക്കോളജിസ്റ്റ് വിശദീകരിക്കുന്നുണ്ട്. വീട്ടിലെ ആളുകളോട് മുഴുവനും സംസാരം നിറുത്തിയ പെൺകുട്ടി തന്റെ ഇഷ്ട ഹോബിയായ വോളിബോൾ കളി പോലും ഉപേക്ഷിക്കുകയുണ്ടായി. പഠന കാര്യത്തിൽ വളരെ പിന്നിലുമായി.തന്റെ സഹോദരി അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് ഭയന്ന് ടിക്ടോക്കിൽ ഒന്നിലേറെ അക്കൗണ്ടുകളും അവൾ ഉണ്ടാക്കിയിരുന്നു. ഉപയോഗ സമയം ഒരു മണിക്കൂറായി കുറക്കാനുള്ള തീവ്രപരിചരണവും ബോധവത്കരണവും നൽകി അവളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി എന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്.വീഡിയോയിൽ സ്ത്രീ വേഷമിട്ടതിന്റെ പേരിൽ ട്രോൾ ചെയ്യപ്പെട്ടപ്പോൾ ട്രെയിനിന് മുമ്പിൽ ചാടിയവരും കേവല ജിജ്ഞാസക്ക് വേണ്ടി അക്കൗണ്ട് തുടങ്ങി പിന്നീട് അഡിക്റ്റായിപ്പോയവരുമൊക്കെയുണ്ട് ടിക് ടോക്ക് വലയത്തിൽ.

ടിക് ടോക്ക് വഴി പ്രണയത്തിന്റെ ദുരന്തഭൂമിയിലെത്തിയവരും കുടുംബ സൗഹൃദ് ബന്ധങ്ങളിൽ നിന്ന് പിഴുതെറിയപ്പെട്ടവരുമുണ്ട്. ജീവിതത്തിൽ എക്കാലത്തേക്കുമുള്ള നെഗറ്റീവ് റഫറൻസായി ടിക് ടോക്ക് വീഡിയോകൾ മാറുന്നുവെന്ന യാഥാർത്ഥ്യത്തെ പലരും തിരിച്ചറിയുന്നില്ല. കേവലം തമാശക്ക് വേണ്ടി അപ് ലോഡ് ചെയ്യുന്ന വീഡിയോകളൊന്നും പിന്നീട് മായ്ച്ച് കളയാനാകില്ലെന്ന കാര്യവും അവർ മറക്കുന്നു. ടിക് ടോക്ക് വീഡിയോകളുടെ പേരിൽ തകർക്കപ്പെട്ട നിരവധി വൈവാഹിക ബന്ധങ്ങളും ഉടഞ്ഞ് പോയ അനവധി പെൺജീവിതങ്ങളും നമുക്കു ചുറ്റുമുണ്ടെന്നതൊരു വസ്തുതയാണ്.

യുവതയെ പ്രതികൂലമായി ബാധിക്കുന്ന അശ്ലീല ഉള്ളടക്കങ്ങളും രാഷ്ട്രത്തെ വിഭജിക്കുന്ന മതനിന്ദാ പരാമർശങ്ങളും പ്രചരിപ്പിക്കപ്പെടുന്നുവെന്ന കാരണത്താലാണ് ഇന്തോനേഷ്യ കഴിഞ്ഞ ജൂലൈയിൽ ടിക്ടോക്കിന് നിരോധനമേർപ്പെടുത്തിയത്.പാക്കിസ്ഥാനിലും നിരോധന ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കയാണ്. എന്നാൽ അനുചിതമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാമെന്ന കമ്പനിയുടെ ഉറപ്പിൻമേൽ ഇന്തോനേഷ്യ നിരോധനം പിൻവലിക്കുകയും ചെയ്തു.ശക്തമായ പ്രതിഷേധങ്ങളും നിയമനിർമാണവുമുണ്ടായാൽ ടിക്ടോക്കിനെ ഇനിയും നിയന്ത്രിക്കാനാകുമെന്നാണ് ഇക്കാര്യം ബോധ്യപ്പെടുത്തുന്നത്. നിരോധനം മറികടക്കാൻ കാര്യമായ മാറ്റങ്ങൾ തന്നെ ടിക്ടോക്ക് കൊണ്ടുവരികയുണ്ടായി. പ്രൈവസി സെറ്റിംഗ്സിൽ നിലവിലുണ്ടായിരുന്നത് പ്രൈവറ്റ്,പബ്ലിക് എന്നീ ഓപ്ഷനുകൾ മാത്രമായിരുന്നു.’ഫ്രണ്ട്സ് ഓൺലി’ എന്ന ഓപ്ഷൻ കൂടി കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ നേരത്തെ ടിക്ടോക്കിന് ഇമെയിൽ ചെയ്ത് അനുമതി ലഭിക്കണമായിരുന്നു.എന്നാൽ ഇപ്പോൾ നേരിട്ട് തന്നെ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ടിക്ടോക്ക് ഫ്രണ്ട്സിന് മാത്രമേ പുതിയ ക്രമീകരണമനുസരിച്ച് പ്രൈവറ്റ് മെസേജിന് സാധിക്കുകയൊള്ളൂ.നേരത്തെ അത് ആർക്കുമാകാമായിരുന്നു.

മാതാപിതാക്കളുടെ നിതാന്ത ജാഗ്രതയും തന്ത്രപൂർവമായ ഇടപെടലും മാത്രമാണ് ടിക്ടോക്ക് കെണിവലകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഫലപ്രദമായ വഴിയെന്ന് പറയുന്നത്.പുതുതായി വരുന്ന ആപ്പുകളിലെല്ലാം ചെന്ന് വീഴുന്ന തലമുറയെ പ്രൊട്ടക്റ്റ് ചെയ്യാൻ മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയാ സാക്ഷരത ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ടിക്ടോക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് രാത്രിയിലാണെന്ന കാര്യം ഏറെ ആശങ്കാജനകമാണ്. കുട്ടികളുടെ പഠനത്തെയും ഭാവിയെയും അത്യന്തം പ്രതികൂലമായിത്തന്നെ ഇത് ബാധിക്കുമെന്നതിൽ സംശയമില്ല.

കൗമാരപ്രായക്കാർക്ക് പോലും സ്വന്തമായി സ്മാർട്ട് ഫോണുകൾ നൽകുന്ന രക്ഷിതാക്കളുടെ നിലപാട് തന്നെയാണ് സകല പ്രശ്നങ്ങളുടെയും മൂലകാരണം. ഇക്കാര്യത്തിൽ വിവേകപൂർണമായ സമീപനം സ്വീകരിക്കുന്നിടത്തേക്ക് മാതാപിതാക്കൾ എത്തേണ്ടതുണ്ട്. കുട്ടികൾക്ക് ഫോൺ അനുവദിച്ച് കൊടുക്കുകയാണെങ്കിൽ കൃത്യമായ ഒരു ഫാമിലി കോൺട്രാക്റ്റ്  രൂപപ്പെടുത്താൻ കഴിയണം. ഓരോന്നും ഉപയോഗിക്കാൻ നിശ്ചിതമായ സമയക്രമീകരണങ്ങൾ ഏർപ്പെടുത്തണം.യൂറോപ്യൻ രാജ്യങ്ങൾ പലതിലും ഇത്തരം നിയന്ത്രണങ്ങളും ക്രമീകരണവും സാധ്യമാക്കുന്നുണ്ടെന്നത് കൂടി നമ്മളറിയണം. മാതാപിതാക്കളെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ സർക്കാർ സംവിധാനങ്ങളും അവിടങ്ങളിലുണ്ട്.

കുട്ടികൾ ഏതൊരു ആപ്പും ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുമതി വാങ്ങുന്നുവെന്ന് ഉറപ്പ് വരുത്താനും സാധിക്കണം.അവർ ഉപയോഗിക്കുന്ന ആപ്പുകളിൽ ഫ്രണ്ട്സുകളായി ഒപ്പം കൂടി അവരെ നിരീക്ഷിക്കുന്ന സംവിധാനവും ഫലപ്രദമാവും. ഇത്തരം കാര്യങ്ങളെക്കുറിച്ച് കുടുംബത്തിൽ തുറന്ന സംസാരവും ചർച്ചയും നടക്കുകയെന്നതാണ് പ്രഥമമായി വേണ്ടത്.പതിനഞ്ച് സെക്കന്റിനുള്ളിൽ ഒരു വലിയ സന്ദേശത്തെ കൈമാറാനുള്ള നൂതന വിദ്യ ടിക്ടോക്കിനുണ്ടെങ്കിലും നിലവിലെ സംവിധാനമനുസരിച്ച് ഉപകാരപ്രദമായതൊന്നും അതുവഴി സാധ്യമാകുന്നില്ലെന്ന തിരിച്ചറിവ് തന്നെയാണ് രക്ഷിതാക്കൾക്കുണ്ടാകേണ്ടത്.

കെ.കെ അലി അക്ബർ, കൂരാട്.

aliakbarkoorad333@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here