ഞാന്‍ എങ്ങനെ മുസ്‌ലിമായി?

0
2661

ഞാന്‍ മധ്യവയസ്‌കനായ ഒരു സ്‌കോട്ടിഷുകാരന്‍. ഒരു മുസ്‌ലിമിനെ പോലും ജീവിതത്തില്‍ വേണ്ടപോലെ കാണാനും ഇടപഴകാനും സാധിച്ചിട്ടില്ലാത്ത എനിക്ക് ഇസ്ലാമിലേക്ക് വഴിവെട്ടിത്തുറന്നു തന്ന അനുഭവങ്ങളാണ് പറയുന്നത്.
ഒരു ഹോളിഡേ ദിനത്തില്‍ തുര്‍ക്കിയിലെ ബീച്ചില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പ്രാദേശിക പള്ളിയില്‍ നിന്ന് അതിമനോഹരമായ ബാങ്കിന്റെ ശബ്ദം എന്റെ കര്‍ണപുടങ്ങളിലെത്തുന്നത്. അതായിരുന്നു എന്റെ സത്യമാര്‍ഗത്തിലേക്കുള്ള ആദ്യത്തെ ചുവടുമാറ്റം. എന്റെ ഉള്ളില്‍ എന്തൊക്കെയോ ചില ഉണര്‍വുകള്‍. ആത്മീയമായ ഒരന്വേഷണത്തിന് വേണ്ടിയുള്ള ചോദന.

images
ഇന്‍വെര്‍നസിലെ എന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാനാദ്യം പോയത് ഒരു ബുക് ഷോപ്പിലായിരുന്നു. എന്നിട്ട് ഖുര്‍ആനിന്റെ ഒരു കോപ്പി വാങ്ങി. വീട്ടിലെത്തി വായനതുടങ്ങി. വായനക്കിടയില്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു, നേരായ വഴിയിലേക്ക് എന്നെ വഴിനടത്തണമേയെന്ന്. മുട്ടുകുത്തിയിരുന്ന് കുറെ നേരം ഞാന്‍ പ്രാര്‍ഥിച്ചു.
ഖുര്‍ആന്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. ആ വായന എന്നെ ആശ്ചര്യപ്പെടുത്തി. പിടിച്ചുകുലുക്കി. എന്നെ കുറിച്ച് എന്തൊക്കെയൊ ആ ഗ്രന്ഥം പറയുന്ന പോലെ. എനിക്കിഷ്ടപ്പെടാത്ത എന്നിലെ ചില കാര്യങ്ങളൊക്കെ ആ ഗ്രന്ഥം എന്നെ ഓര്‍മപ്പെടുത്തുന്നത് പോലെ അനുഭവപ്പെട്ടു. എന്തായാലും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തന്നെ ഞാന്‍ ഉറപ്പിച്ചു. ഏത് സമയത്തും ഈ വായന നിര്‍ത്തി എനിക്ക് തിരിച്ച് എന്റെ പഴയ ജീവിതത്തിലേക്ക് പോകാമെന്ന് എനിക്ക് തോന്നിയെങ്കിലും എന്തോ എനിക്ക് നഷ്ടപ്പെടുമെന്ന തോന്നല്‍. ഇതിന്റെ അവസാനം ഞാനൊരു മുസ്ലിമായി മാറുമെന്നും ഉള്ളിലെനിക്ക് തോന്നി. അതുകൊണ്ട് തന്നെ വായന തുടര്‍ന്നു. മൂന്ന് തവണ ആവര്‍ത്തിച്ച് പാരായണം ചെയ്തു. എന്തോ ചില ശാന്തി കിട്ടിയതു പോലെ.
മുസ്ലിമായാല്‍ പിന്നെ നേരിടാനുള്ള പ്രതിസന്ധികള്‍ മനസ്സില്‍ ഉയരുന്നുണ്ട്. അപരിചിതനാകുമോ..എന്റെ വസ്ത്രം….സംസ്‌കാരം…ജീവിത രീതി…സംസാരം…ഇതൊക്കെ മറ്റുള്ളവര്‍ ഇനി എങ്ങനെ വീക്ഷിക്കും..? എന്റെ വീട്ടുകാരും സഹപ്രവര്‍ത്തകരും എന്താലോചിക്കും?

images (2)
എന്തായാലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരതി വായിച്ചുകൊണ്ടിരുന്നു. അറബി ഭാഷയില്‍ പ്രാര്‍ഥിക്കുന്നതിനുള്ള നിര്‍ദേശങ്ങളും വഴികളും ഇന്റര്‍നെറ്റില്‍ സുലഭമായി കണ്ടു. എന്തായാലും 18 മാസത്തോളം ഈ അവസ്ഥയിലായിരുന്നു ഞാന്‍. അപ്പോഴും ഒരു മുസ്ലിമിനെയും ഞാന്‍ എന്റെ ജീവിത പരിസരത്ത് വെച്ച് കണ്ടിരുന്നില്ല. എന്തായാലും എന്റെ മനസ്സില്‍ ഞാനിപ്പോള്‍ ഒരു മുസ്ലിമാണ്. അതുകൊണ്ട് തന്നെ നോമ്പ് നിര്‍വഹിച്ചു. നിസ്‌കരിച്ചു, ഖുര്‍ആന്‍ പറയുന്നത് പോലെ ഭക്ഷിച്ചു, പാനം നടത്തി. അതിനെല്ലാം ഇന്റെര്‍നെറ്റിലെ സെര്‍ച്ചിംഗുകള്‍ എനിക്ക് സഹായകമായി. ഞാന് ജീവിക്കുന്ന പട്ടണത്തില്‍ ആകെയുള്ളത് ചെറിയൊരു പള്ളിയാണ്. ഒരിക്കല്‍ ഞാനവിടെ കയറി ചെന്നു. വാതിലില്‍ മുട്ടി. എന്റെ വിഷയങ്ങള്‍ അവതരിപ്പിച്ചു. എന്നെ അവര്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. ഞാന്‍ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. ഇപ്പോള്‍ ഞാന്‍ ഒരു മുസ്‌ലിമാണ്. എന്തായാലും ഇനിയും കുറെ കാര്യങ്ങള്‍ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാനുണ്ടെന്ന് എനിക്കുറപ്പായിരുന്നു. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഞാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here