ജുമുഅ ഖുതുബയും അറബി ഭാഷയും

മിദ്ലാജ് പരുത്തിക്കോട്

0
957

വെള്ളിയാഴ്ച മുസ്ലിമിന് പെരുന്നാളാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച് നേരെത്തെ പള്ളിയിലെത്തിയും നല്ല ഭക്ഷണം വിളമ്പിയും ഈ ദിനത്തെ അർഹിച്ച രീതിയിൽ സ്വീകരിക്കുന്നവരാണ് ലോക മുസ്ലിമുകൾ. വെള്ളിയാഴ്ച ഒഴിച്ചുകൂടാനാവാത്ത കർമങ്ങളാണ് രണ്ട് ഖുതുബയും തുടർന്നുള്ള രണ്ട് റക്അത് നിസ്കാരവും. പ്രവാചക പൂംഗവർ സ്വല്ലള്ളാഹുഅലൈഹിവസല്ലം തങ്ങളുടെ കാലം മുതൽ ഈ അടുത്ത കാലം വരെ ഈ മഹത്തായ ആരാധന അറബിയിലായിരുന്നു നിർവഹിക്കപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങളായി ചില ഉൽപതിഷ്ണുക്കൾ ഖുതുബ കേവലം പ്രസംഗമാണെന്നും ജനങ്ങൾക്ക് മനസ്സിലാകാൻ മലയാളത്തിൽ ആകൽ അനിവാര്യമാണ് എന്ന കപട വാദവുമായി രംഗ പ്രവേശനം ചെയ്തിരിക്കുന്നു . എന്നാൽ ഇത്തരം പരിഭാഷ പ്രസംഗങ്ങൾക്ക് യാതൊരു അനുവാദവും ഇസ്ലാം നൽകുന്നില്ല.
ഖത്തീബ്ശിർബീനീ (റ) തന്റെ മുഗ്‌നിയിൽ ഖുതുബയെ നിർവചിക്കുന്നത് ഹംദു കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിക്കുന്ന ആരാധന എന്നാണ്. അത് കൊണ്ട് തന്നെ നബി (സ്വ) നിർവഹിച്ച പ്രകാരം ഖുതുബ നിർവഹിക്കൽ അനിവാര്യമാണ് . പ്രത്യുത കേവലം പ്രസംഗമാണെങ്കിൽ ഖുതുബ നിസ്കാരത്തിനു ശേഷവും ആകാമായിരുന്നു. ഖുതുബകൾക്കിടയിലെ ഇരുത്തവും അപ്രസക്തം . കൂടാതെ ഇമാം മഹലി (റ) തന്റെ ഷറഹുൽ മിൻഹാജിൽ പറയുന്നു.
സ്ത്രീകൾ ഖുതുബ നിർവഹിക്കരുത്
എന്നാൽ അവരിലൊരാൾ ഉപദേശിച്ചാൽ പ്രശ്നമില്ല .അതുകൊണ്ട് തന്നെ ഖുതുബ കേവലം പ്രസംഗമോ ഉപദേശമോ അല്ല. ഇസ്ലാമിലെ ചതുർ പ്രമാണങ്ങൾ കൊണ്ടും ഖുതുബ പരിഭാഷ നിഷിദ്ധമാണെന്ന് തെളിയിക്കാവുന്നതാണ്
സൂറത്തുൽ ജുമുഅയിലെ يا ايها الذين امنوا اذا نودي للصلاة من يوم الجمعةفاسعواالي ذكرالله ن
എന്ന ആയത്ത് ഖുതുബ അറബിയിലാകണമെന്ന് അടിവരയിടുന്നു. ഇവിടെ ദിക്ർ കൊണ്ട് വിവക്ഷിക്കുന്നത് ഖുതുബയാണെന്ന് അത്തഫ്സീറുൽ കബീറടക്കം നിരവധി കിതാബുകളിൽ കാണാവുന്നതാണ്. ദിക്ർ പരിഭാഷപ്പെടുത്താറില്ല എന്നത് സുവ്യക്തമാണ്. അത് കൊണ്ട് നബി (സ) നമുക്ക് കാണിച്ച് തന്ന പാത പിന്തുടരലാണ് സത്യവിശ്വാസിക്ക് അഭികാമ്യമെന്ന് ബോധ്യമായി.
ومن يشاقق الرسول من بعد ما تبين له الهدي و يتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا (النساء 115)
ഈ ആയത്തിന്റെ വിശദീകരണമായി ഇമാം റാസി (റ) പറയുന്നു നബി (സ)യുടെയും മറ്റ് സത്യ വിശ്വാസികളുടേതുമല്ലാത്ത വഴി അന്യേഷിക്കൽ നിഷിദ്ധവും നരക പ്രവേശനത്തെ നിർബന്ധമാക്കുകയും ചെയ്യുന്നതാണ്.
യഥാർതത്തിൽ മുത്ത് നബി (അസ)യുടെ കാലം മുതൽ 1920ൽ കൊച്ചിയിലെ അബ്ദുള്ളാഹുസൈൻ മസ്ജിദിൽ ബാംഗ്ലൂരിൽ നിന്ന് പരിഭാഷകനെ ഇറക്കുമതി ചെയുന്നത് വരെയും തുർക്കിയിൽ മുസ്തഫ കമാൽപാഷ അധികാരത്തിലെത്തി ഇതിന്റെ പ്രചാരകനാകുന്നത് വരെയും മുഅമിനീങ്ങൾ ഖുതുബ നിർവഹിച്ചത് അറബിയിലായിരുന്നു എന്ന് വഹാബികളുടെ ആചര്യനായ റഷീദ് രിള തന്റെ തഫ്സീറുൽ മനാറിൽ പറയുന്നു അദ്ധേഹത്തിൽ നിന്ന് ആദർശം പഠിച്ച കെഎം മൗലവി 1926ലെ അൽ ഇർശാദ് മാസികയിൽ പറയുന്നതും തഥൈവ.
സൂറത്തുൽഹഷ്റിലെ وما اتاكم الرسول فخذوه وما نهاكم عنه فانتهوا
എന്ന ആയത്തും ഖുതുബ പരിഭാഷക്ക് ശക്തമായി എതിര് നിൽക്കുന്നു .

മുൻഗാമികളുടെ ഭാഷ അറബിയായതിനാലാണ് അവർ അറബിയിൽ ഖുതുബ നിർവഹിച്ചത് എന്നുപറയാൻ നിർവാഹമില്ല. കാരണം. ഇസ്ലാമിന്റെ പ്രചാരണമേറ്റെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ സ്വഹാബത്തും താബിഉകളുമെല്ലാം ആ നാടിനോട് ഇണങ്ങിച്ചേർന്നിട്ടും ഖുതുബ നിർവഹണത്തിന് തിരഞ്ഞെടുത്തത് പ്രവാചക പാതയായിരുന്നു .
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന പ്രശസ്തമായ ഹദീസാണ് صلوا كما رايتموني اصلي ( നിങ്ങൾ, ഞാൻ എങ്ങനെ നിസ്ക്കരുന്നത് കണ്ടുവോ അത് പോലെ നിസ്ക്കരിക്കണം).
ഒരു പ്രവർത്തനം കൊണ്ടുള്ള കൽപന അതാശ്രയിക്കുന്ന കാര്യത്തിനു കൂടി ബാധകമാണ്. ഖുതുബ ജുമഅ നിസ്കാരത്തിന്റെ ശർത്താണ്. അവിടുന്ന് ഖുതുബ നിർവഹിച്ചത് അറബിയിലും. സത്യമന്യേഷിക്കുന്നവർക്ക് ഈ ഹദീസ് ധാരാളം. അത് കൊണ്ട് തന്നെയാണ് അഹലുസ്സുന്നയുടെ പണ്ഡിതർ അവരുടെ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഖുതുബക്ക് അറബി ഭാഷ അനിവാര്യമെന്ന് പറയുന്നത്.
മുമ്പ് സൂചിപ്പിച്ച പോലെ 1920ൽ കൊച്ചിയിലെ അബ്ദുള്ളാഹുസൈൻ പള്ളിയിൽ ബാംഗ്ലൂരിൽ നിന്ന് വാടക പരിഭാഷകനെ ഇറക്കി തിരുസുന്നതിനെ അവഗണിക്കുന്നത് വരെ ഒരാളും അറബി ഇതര ഭാഷയിൽ ഖുതുബ നിർവഹിച്ചിട്ടില്ല.
അറബി ഭാഷയെ പരിചയിക്കാത്ത രാജ്യങ്ങളിൽ പോലും ഈ പവിത്രമായ ആരാധനയെ അവർ നിധി പോലെ കാത്ത് സൂക്ഷിച്ചു. അതു കൊണ്ട് തന്നെ ഇജിമാഇന് എതിര് ചെയ്യുക എന്ന വൻദോശമാണ് പാഷയുടെ പിൻഗാമികൾ വില കൊടുത്ത് വാങ്ങുന്നത് .
അർക്കാനുകൾ അറബിയിലായാൽ ജുമുഅക്ക് സ്വീകാര്യത ലഭിക്കുമെങ്കിലും അനുബന്ധങ്ങളും അറബിയിലായാലെ അവ പരിഗണനിയമാവൂ. അറബി അല്ലാത്ത ഭാഷയിലുള്ള അനുബന്ധങ്ങൾ നിഷ്ഫലമാകുന്നു (ഫാസിദാകുന്നു) ഇത്തരം കർമത്തിൽ വ്യാപൃതനാകൽ നിഷിദ്ധമാകുന്നു . അത് തന്നെ സമയ ദൈർഘ്യം കാരണം നിസ്കാരത്തിന്റെ സ്വീകാര്യതയെക്കൂടി ബാധിക്കുന്നു. ചുരുക്കത്തിൽ ഇത്രയും ഗൗരവമുള്ള ആരാധനയെ രേഖകളുടെ പിൻബലമില്ലാതെ കേവലം പ്രസംഗമെന്ന് വ്യാഖ്യാനിക്കുന്നവർ കളങ്കപ്പെടുത്തുന്നത് നബി (സ) സമൂഹത്തിന് കാണിച്ചു തന്ന മഹത്തായ മാത്യകയെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here