ജറുസലം; ട്രംപിന്റേത് നൂറ്റാണ്ടിലെ മണ്ടത്തരം

റാശിദ് ഖാലിദി

0
2207

ട്രംപ് ദുരന്തമാകുന്നത് അറബ് ലോകത്തിന് മാത്രമല്ല, അമേരിക്കക്കും കൂടിയാണ്
7 പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ നയത്തെ അട്ടിമറിച്ച് കൊണ്ട് ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്ന ട്രംപ് നന്മ നിറഞ്ഞതൊന്നും ചെയ്യാന്‍ തനിക്കാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഈയൊരു നടപടി തികച്ചും പ്രവാചനാധീതവും സങ്കീര്‍ണവുമായ അനേകം പ്രശ്‌നങ്ങളെ വിളിച്ചു വരുത്തുമെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല.
ഇസ്രാഈല്‍ ഫലസ്തീന്‍ ചര്‍ച്ചകളിലെല്ലാം തങ്ങളുടെ അതിവൈകാരിക അടുപ്പം മൂലം ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ, കാലതാമസം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളതാണ് ജറുസലേം. ഫലസ്തീനുമായി ബന്ധപ്പെട്ടെതില്‍ വെച്ചേറ്റവും അതിസങ്കീര്‍ണവും വൈകാരികവുമായ ഒരു പ്രശ്‌നത്തില്‍ ട്രംപ് വിരണ്ടോടിയ കാളക്കൂറ്റനെ പോലെയാണ് ഇടപെട്ടിരിക്കുന്നത്.

ജറുസലേം അംഗീകാരം സമാധാന പ്രക്രിയക്ക് നല്‍കുന്നതെന്ത്?
മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സമാധാനോദ്യമങ്ങള്‍ 2014 ല്‍ പരാജയത്തില്‍ കലാശിച്ചത് മുതല്‍ മേഖലയിലെ സമാധാന പ്രക്രിയ ഊര്‍ദ്ധശ്വാസം വലിച്ച് കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ, അന്താരാഷ്ട്ര സമൂഹവും യു.എസിനുള്ളില്‍ നിന്ന് തന്നെയും ട്രംപിന്റെ ജറുസലേം അംഗീകാരം അര്‍ത്ഥവത്തായ മുഴുവന്‍ പ്രതീക്ഷകളെയും തല്ലിക്കെടുത്തുന്നതാണെന്ന് ഏകസ്വരത്തില്‍ പറയുന്നു. സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും നയതന്ത്രജ്ഞരും പറയുന്നത് ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കേണ്ട പ്രധാന വിഷയങ്ങളിലൊന്നാണ് ജറുസലേം എന്നാണ്. തങ്ങള്‍ സ്വപ്നം കാണുന്ന ഭാവിയിലെ സ്വതന്ത്ര രാഷ്ട്രത്തിന്റെ തലസ്ഥാനമായിരിക്കും ജറുസലേം എന്ന തങ്ങളുടെ പ്രതീക്ഷയുടെ കടക്കല്‍ കത്തി വെക്കുന്ന നടപടിയായിട്ടാണ് ട്രംപിന്റെ ഈ ചെയ്തിയെ ഫലസ്തീനികള്‍ നോക്കിക്കാണുന്നത്. ഈയൊരവസരത്തില്‍ അവരില്‍ ചിലര്‍ അക്രമത്തിന്റെ വഴിയിലേക്ക് തന്നെ മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നു. അധികപേരും വിശ്വസിക്കുന്നത് നയതന്ത്ര ചര്‍ച്ചകള്‍ ഒന്നും തന്നെ സ്വന്തമായി ഒരു രാഷ്ട്രം എന്ന അവരുടെ സ്വപ്നത്തിലേക്ക് അടുപ്പിക്കുന്നതായിരുന്നില്ല എന്നാണ്.

ഇസ്രാഈല്‍ ഗവണ്‍മെന്റ് ഈയൊരു ഘട്ടത്തില്‍ തീര്‍ച്ചയായും കോള്‍മയിര്‍ കൊള്ളുന്നുണ്ടാവും. 1967ലെ ആറു ദിന യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേമിനെ പിടിച്ചെടുക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയും തങ്ങളുടെ എക്കാലത്തേതും വിഭജിക്കാന്‍ കഴിയാത്തതുമായ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തതു മുതല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തിനായി കണ്ണുനട്ടിരിക്കുകയായിരുന്നു അവര്‍. നിയമ വിരുദ്ധമായി അവിടെ സ്ഥിരതാമസമാക്കിയ രണ്ട് ലക്ഷം ഇസ്രാഈലുകാരും ഇപ്പോള്‍ ആഘോഷത്തിമര്‍പ്പിലാണ്. ഫലസ്തീനിലെ മുസ്ലിം കൃസ്ത്യന്‍ മത വിഭാഗങ്ങളുടെ ആരംഭകാലം തൊട്ടേ തങ്ങളുടെ സ്വത്വബോധത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു ജറുസലേം. മാത്രമല്ല, ഫലസ്തീന്‍ മേലുള്ള സംഘട്ടനം ശക്തിയാര്‍ജജിച്ചപ്പോള്‍ ആ ഒരു വികാരം കൂടുതല്‍ ശക്തി പ്രാപിച്ചു. ഒരേ സ്ഥലം തന്നെ മുസ്ലിംകള്‍ക്ക് ഹറം ശരീഫായും ജൂതര്‍ക്ക് ദേവാലയ കുന്നായും നിലനില്‍ക്കുന്നത് കൊണ്ടാണ് വിശുദ്ധ നഗരത്തിന് വേണ്ടിയുള്ള മത്സരത്തെ ഇത്രയും വൃത്തികേടാക്കിയത്.
ഈ വിഷയത്തിന്റെ വിസ്‌ഫോടാത്മകമായ സ്വഭാവം കൊണ്ട് തന്നെയാണ് ഒരു ഫലസ്തീനിയന്‍ രാഷ്ട്രീയക്കാരനോ അറബ് നേതാക്കളോ ഇതേ പറ്റി തമാശ പറയാന്‍ പോലും ധൈര്യപ്പെടാത്തത്. നൂറ് കണക്കിന് വര്‍ഷങ്ങളായി ജറുസലേമില്‍ താമസിച്ച് വരുന്ന എന്നെ പോലെയുള്ളവരെ സംബസിച്ചിടത്തോളം ട്രംപിന്റെ ഈ പ്രസ്താവന, ജറുസലേം തങ്ങളുടേത് മാത്രമാണെന്ന ഈസാഈല്‍ വാദം അമേരിക്ക ഏറ്റെടുത്തിരിക്കുന്നുവെന്നതിനപ്പുറം 1967 ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേം സൈനികമായി പിടിച്ചെടുത്തതും അവിടെ താമസിച്ച് വരുന്ന ഫലസ്തീനികളുടെ മേല്‍ വിവേചനപരമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതുമെല്ലാം ട്രംപ് നിയമാനുസൃതം ശരി വെച്ചിരിക്കുന്നു എന്നു കൂടിയാണ്. ട്രംപ് വരുത്തിവെച്ച ഈ നാശം ഒരിക്കലും താല്‍ക്കാലിക സ്വഭാവമുള്ളതാവാന്‍ തരമില്ല. ഈ അംഗീകാര നടപടിയെ അമേരിക്കക്കിനി ദുര്‍ബലപ്പെടുത്താനും കഴിയില്ല. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദീര്‍ഘകാലമായി സ്വയം ഏറ്റെടുത്ത മധ്യസ്ഥ സ്ഥാനം ഈയൊരു നടപടിയിലൂടെ അമേരിക്ക പൊളിച്ച് കളഞ്ഞിരിക്കുകയാണ്. ഫലസ്തീനികള്‍ക്ക് മേല്‍ നടപ്പാക്കാന്‍ ട്രംപിന്റെ മരുമകന്‍ ജെറാദ് കൂഷ്‌നര്‍ തയ്യാറാക്കിയ സമാധാന പദ്ധതിയെ പരിതാപകരം എന്നേ പറയാനൊള്ളൂ. മുഴുവന്‍ അറബ് ലോകത്തിന്റെയും അഭിപ്രായത്തോടും താല്‍പര്യങ്ങളോടുമുള്ള അവജ്ഞയാണ് ട്രംപിന്റെ തീരുമാനം സൂചിപ്പിക്കുന്നത്. അമേരിക്കയെ ആശ്രയിച്ച് കഴിയുന്ന അറബ് സ്വേഛാദിപതികള്‍ പറയുന്നതെന്നുമാകട്ടെ, ജറുസലേം വിഷയത്തില്‍ അറബ് ജനങ്ങള്‍ ഒന്നടങ്കം ഫലസ്തീനികള്‍ക്കൊപ്പമാണെന്നത് നിസ്തര്‍ക്കമാണ്. ഈ നീക്കത്തോടുള്ള അവരുടെ അനിവാര്യമായ പ്രതികരണങ്ങള്‍ മേഖലയിലെ അമേരിക്കയുടെ താല്‍പര്യങ്ങളോടു ഏറ്റുമുട്ടുക തന്നെ ചെയ്യും. പ്രതിരോധ സെക്രട്ടറിയായ ജെയിംസ് മാറ്റിസ് 2013 ല്‍ പറഞ്ഞത് പോലെ, ‘ കമാന്‍ഡര്‍ എന്ന നിലയില്‍ ദിവസവും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കാരണം അമേരിക്കക്കാരെ ഇസ്രാഈല്‍ പക്ഷത്തായിട്ടാണ് ജനങ്ങള്‍ കാണുന്നത്. ലോകത്ത് മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ക്ക് തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ നയതന്ത്ര പതനവും. ഒരു രാജ്യവും ഇത് വരേ ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിട്ടില്ല. ഒരു പരിഹാരമാവുന്നത് വരെ ചര്‍ച്ചകളുടെ ഫലം മുന്‍കൂട്ടി തീരുമാനിക്കലും വിധി നടപ്പാക്കലും തീര്‍ത്തും നിയമവിരുദ്ധമാണെന്നതില്‍ ലോകം ഒറ്റക്കെട്ടാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് യു.എസ് ഫലസ്തീനികളെ 1991ലെ മാഡ്രിഡില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലേക്ക് ക്ഷണിച്ചതും.
തീര്‍ച്ചയായും ഇസ്രാഈല്‍ പക്ഷത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ നല്ലൊരു ട്രാക്ക് റെക്കോര്‍ഡ് അമേരിക്കക്കുണ്ടെന്നത് പച്ചപ്പരമാര്‍ത്ഥമാണ്. ഇക്കാര്യത്തില്‍ ഇസ്രഈലില്‍ നിന്നോ അവരുടെ ബോസില്‍ നിന്നോ ശുഭോദര്‍ക്കമായതൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. സുസ്ഥിരമായൊരു ഫലസ്തീന്‍ ഇസ്രാഈല്‍ യോജിപ്പ് എങ്ങിനെ സാധ്യമാവുമെന്ന് സങ്കല്‍പിക്കല്‍ തന്നെ ഇപ്പോള്‍ പ്രയാസമായിരിക്കുന്നു. വീണ്ടുവിചാരമില്ലാതെ ട്രംപ് സ്വയം വരുത്തി വെച്ച ഈ മുറിവ് നയതന്ത്രചരിത്ര രംഗത്ത് ഒരുപാട് കാലം മുഴച്ചു നില്‍ക്കും. ഇപ്പോള്‍ തന്നെ ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്ഥാനം വീണ്ടും കൂപ്പ് കുത്തും. സഖ്യരാജ്യങ്ങളിലും മുസ്ലിം അറബ് ജനങ്ങളിലും മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ പൊതുബോധത്തിലും അമേരിക്കയുടെ പദവിയില്‍ ഇടിച്ചില്‍ സംഭവിക്കും.
അറബ്, മധ്യപൗരസ്ത്യ നേതാക്കളുടെയെല്ലാം മുന്നറിയിപ്പുകളെ അവഗണിച്ച് കൊണ്ട് ഫലസ്തീന്‍ മേലുള്ള വര്‍ഷങ്ങളായുള്ള സംഘട്ടനം സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ് ട്രംപ്. ഇസ്രാഈലിലെ തങ്ങളുടെ ഏറ്റവും അപകടകാരികളും തീവ്രവാദികളുമായ ആത്മമിത്രങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണിതെങ്കില്‍ പോലും. ഈ ‘നൂറ്റാണ്ടിന്റെ ഇടപാട് ‘ എന്ന് ട്രംപിന്റെ വീമ്പ് പറച്ചിലിന് നേര്‍വിപരീതമായി ഈ നീക്കം നൂറ്റാണ്ടിലെ ഏറ്റവും വലിയ പതനമായി മാറാനാണ് കൂടുതല്‍ സാധ്യത. ഫലസ്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര നിയമത്തെ സംബന്ധിച്ചിടത്തോളവും മധ്യപൗരസ്ത്യ ദേശത്ത് സമാധാനമാഗ്രഹിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും ഇതൊരു ദുഃഖ ദിവസമാണ്.

വിവര്‍ത്തനം: അബ്ദുല്ല ബുഖാരി തെന്നല

കടപ്പാട് the guardian
Rashid Ismail Khalidi (born 1948) is a Palestinian American historian of the Middle East, the Edward Said Professor of Modern Arab Studies at Columbia University, and director of the Middle East Institute of Columbia’s School of International and Public Affairs. He also is known for serving as editor of the scholarly journal Journal of Palestine Studies.

LEAVE A REPLY

Please enter your comment!
Please enter your name here