ജമാഅത്തെ ഇസ്‌ലാമിയില്‍ പൊട്ടിത്തെറി; അഞ്ച് നേതാക്കളെ പുറത്താക്കി

0
2187

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഞ്ചു പേരെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും പുറത്താക്കി. പ്രവാചകനിന്ദയ്‌ക്കെതിരേ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സ് (കേരള) പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജമാഅത്ത് പുറത്താക്കല്‍ നടപടി കൈക്കൊണ്ടത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ മാര്‍ച്ച് 22ന് സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സിന്റെ ബാനറില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. പ്രവാചകനിന്ദക്കെതിരേ മുസ്‌ലിം സമൂഹവും കേരളീയ പൊതുസമൂഹവും ഒന്നിച്ചണിനിരന്ന് പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സെമിനാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പരിപാടിയുടെ തലേദിവസം ജമാഅത്ത് അമീര്‍ സംഘാടകരെ വിളിച്ച് സെമിനാര്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രവാചക നിന്ദ നടത്തിയവര്‍ മാപ്പ് പറഞ്ഞു എന്നും അതിനാല്‍ ഇത്തരം പരിപാടികള്‍ വേണ്ടെന്നുമായിരുന്നു അമീറിന്റെ പക്ഷം. പ്രവാചക ജീവിതവും വിമര്‍ശകരോട് പോലും നബി കാണിച്ച സഹിഷ്ണുതയും പൊതുസമൂഹത്തിന് കാണിച്ച് കൊടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും പ്രവാചക നിന്ദനടത്തിയവരോടുള്ള പ്രതിഷേധമല്ലെന്നും സംഘാടകര്‍ സൂചിപ്പിച്ചെങ്കിലും അമീര്‍ നിര്‍ബന്ധിപ്പിച്ച് സെമിനാര്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നേതാക്കളും പ്രാസംഗികരുമായ അഞ്ച് പേരെയാണ് ജമാഅത്ത് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, കെ.പി.എം ഹാരിസ്, ഖാലിദ് മൂസ നദ്‌വി, ടി. അബ്ദുല്‍ റഷീദ്, ടി. അത്വീഖ് റഹ്മാന്‍ എന്നിവരേയാണ് പുറത്താക്കിയതായി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ജമാഅത്ത്, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി വേദികളിലെ തീപ്പൊരി പ്രാസംഗികരായ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ സംഘടനയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ഖാലിദ് മൂസ നദ്‌വി ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ സമിതി അംഗവും സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമാണ്. എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റായ ഹാരിസ് ജമാഅത്ത് ശൂറാ അംഗവും നിലവില്‍ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ജമാഅത്ത് വേദികളിലും പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇവരെ സംഘടനയുടെ പള്ളികളിലെ നേതൃസ്ഥാനത്തു നിന്നും ഖുതുബകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു പൊതുപരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും ജമാഅത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇവരുമായി സഹകരിക്കരുതെന്നും നിര്‍ദേശം ല്‍കിയിട്ടുണ്ട്.
കേരള അമീറിന്റെ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിച്ചതിനാല്‍ അഖിലേന്ത്യാ അമീര്‍ സസ്‌പെന്റ് ചെയ്യുന്നു എന്നാണ് ഓരോരുത്തര്‍ക്കും ലഭിച്ച കത്തില്‍ പറയുന്നത്. അമീര്‍ പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം സെമിനാര്‍ നടത്താതിരുന്നിട്ടും പ്രവര്‍ത്തകരെ പുറത്താക്കിയ നടപടിയാണ് ജമാഅത്ത് പ്രവര്‍ത്തകരെ അലോസരപ്പെടുത്തുന്നത്. ഈ അഞ്ച് പ്രവര്‍ത്തകരോടും വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണവും വിശദമാക്കിയിട്ടില്ല.
ജമാഅത്തിന്റെയും ഇതര പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജമാലുദ്ദീന്‍ ഉമരി കേരളത്തിലുണ്ട്
(കടപ്പാട് സുപ്രഭാതം)

LEAVE A REPLY

Please enter your comment!
Please enter your name here