മലപ്പുറം ആലത്തൂര്‍പടിയിലെ സ്വാദിഖലിയെ നിങ്ങള്‍ക്ക് പരിചയമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും ഉന്നത സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അയാള്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ജെ.ആര്‍.എഫ് നേടി. നിലവില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ ‘വിദ്യാഭ്യാസവും തൊഴിലില്ലായ്മയും’ എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു.
അറബിയില്‍ പി.എച്ച്.ഡി ചെയ്യുന്ന വേങ്ങരക്കാരനായ ശാഹുല്‍ ഹമീദിനേയും എല്‍.എല്‍.ബിക്കാരനായ സ്വാലിഹിനെയും നിങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. ഇങ്ങനെയെത്ര പേര്‍. ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നുവെന്ന് സ്വാഭാവികമായും നിങ്ങളുടെ മനസ് മന്ത്രിച്ചേക്കാം. എന്നാല്‍ ആലത്തൂര്‍ പടിക്കാരനായ സ്വാദിഖലിയുടെയും ശാഹുല്‍ ഹമീദിന്റെയും സ്വാലിഹിന്റെയും ജീവിതത്തിന് ചില അസ്വാഭാവികതകളുണ്ട്. കാഴ്ചശക്തിയില്ലാത്തതിനാല്‍ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തവരാണിവര്‍. വടകരക്കടുത്ത് നാദാപുരം ഭാഗത്ത് തലായ് എന്ന സ്ഥലത്താണ് സിറാജിന്റെ താമസം. ചെറുപ്പത്തില്‍ തന്നെ ഖത്തര്‍, ദുബൈ അടക്കമുളള വിദേശ രാജ്യങ്ങളില്‍ അത്യാവശ്യം മാന്യമായ തൊഴിലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് അയാളുടെ ജീവിതത്തില്‍ ഇരുട്ടു പരക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജീവിതത്തിനിടക്ക് നിയമപരമായ ചില പ്രശ്‌നങ്ങള്‍ മൂലം താല്‍കാലികമായാണ് ഇയാള്‍ ഇറാനിലേക്ക് മാറി താമസിക്കുന്നത്. വിശപ്പടക്കാന്‍ വേണ്ടി വഴിയരികില്‍ നിന്ന് വാങ്ങിക്കഴിച്ച ഭക്ഷണമാണ് സിറാജിന്റെ കണ്ണില്‍ അന്ധത പരത്തിയത്. തന്റെ മുപ്പത്തിയഞ്ചാം വയസിലായിരുന്നു ഈ ദുര്യോഗം. അന്ധനായ ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ചു! അവരെ കുടുംബം ഒറ്റപ്പെടുത്താന്‍ തുടങ്ങി. ചുരുക്കത്തില്‍ സിറാജിന് ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമാവുകയായിരുന്നു. കൊണ്ടോട്ടിയിലെ നീറ്റാണിമ്മല്‍ സ്ഥിതി ചെയ്യുന്ന ഇബ്‌നു ഉമ്മിമക്തൂം ഇസ്‌ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ഇവരെല്ലാവരും ഒരുമിക്കുന്നു. ഇബ്‌നു ഉമ്മിമക്തൂമിലെത്തുമ്പോള്‍ നമുക്ക് പരിചയമില്ലാത്ത, എന്നാല്‍ ഇത്തരക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷമുളള ലോകത്ത് അവരെത്തിച്ചേരുന്നു. മത-ഭൗതിക ബിരുദധാരികള്‍, അധ്യാപകര്‍, ഉസ്താദുമാര്‍, കച്ചവടക്കാര്‍, സാധാരണക്കാര്‍ തുടങ്ങി എല്ലാവരും സന്തോഷം പങ്കിടുന്ന വേദിയായി ഇന്ന് ട്രസ്റ്റ് മാറി.
കണ്ണുനനയിപ്പിക്കുന്ന കഥകള്‍ ഇനിയുമുണ്ട്. മലപ്പുറത്തെ താനൂരിലെ അബ്ദുറഹ്മാന്റെ (പേര് യഥാര്‍ത്ഥമല്ല) ആറ് പെണ്‍മക്കളില്‍ 4 പേരും കാഴ്ചയില്ലാത്തവരാണ്. എല്ലാവരും ഇരുപത്തിയഞ്ച് വയസ് തികഞ്ഞവര്‍. ദാരിദ്ര്യത്തിന്റെ വേര് ആഴ്ന്നിറങ്ങിയ ഈ കുടുംബം ദിനേനയുളള ഉപജീവനമാര്‍ഗത്തിന് പോലും ബുദ്ധിമുട്ടുന്നു. ഈയൊരവസ്ഥയിലാണ് ജനിച്ച പെണ്‍കുട്ടികളില്‍ നാലു പേരും പൂര്‍ണ അന്ധതയുള്ളവരാകുന്നത്.
പുരുഷന്മാര്‍ കാഴ്ചയില്ലാത്തവരാണെങ്കിലും മാന്യമായ ജോലിയും മറ്റു സൗകര്യങ്ങളുമുണ്ടെങ്കില്‍ അവര്‍ക്കൊരു കുടുംബ ജീവിതം സാധ്യമാകുന്നു. എന്നാല്‍ കാഴ്ചശക്തി നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ ഒരുങ്ങുന്നില്ല. കാഴ്ചയില്ലാത്ത 90% പുരുഷന്മാരും വിവാഹിതരാകുമ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ കേവലം പത്തോ പതിനഞ്ചോ ശതമാനത്തിനേ ഇത് സാധ്യമാകുന്നുളളൂ.
സ്വാഭാവികമായും കുടുംബത്തിനും സമൂഹത്തിനും ഒരു ഭാരമായി ഇവര്‍ മാറുന്നു. തങ്ങള്‍ക്കു മുന്നില്‍ കോമാളി വേഷം കെട്ടിയാടുന്ന ജീവിതത്തെ എങ്ങനെ നേരിടണമെന്നറിയാതെ ഇവര്‍ തീര്‍ത്തും നിസഹായരാകുന്നു.
കണ്ണൂരിലെ കണ്ണപുരത്ത് നിന്നാണ് മുസ്തഫ വരുന്നത്. കുടുംബത്തില്‍ നിന്ന് വേണ്ട പരിഗണനയോ അവശ്യമായ പരിചരണമോ കിട്ടാതായതോടെയാണ് അയാള്‍ സമുഹത്തിലേക്കിറങ്ങുന്നത്. തനിക്കു ലഭിക്കുന്ന പെന്‍ഷനില്‍ മാത്രമായിരുന്നു കുടുംബത്തിന്റെ കണ്ണ്. അങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിലാണ് മുസ്തഫയെ അരീക്കോട് കീഴുപറമ്പിലുളള പുനരധിവാസ കേന്ദ്രത്തിലേക്ക് ചിലരെത്തിക്കുന്നത്. തന്റെ ആരാധനാകര്‍മങ്ങള്‍ കൃത്യമായി ചെയ്യാനുളള ഒരു സംവിധാനം അവിടെയില്ലായിരുന്നു. അതുവരെ നിരന്തരം അസ്വസ്ഥപ്പെടുത്തി.
തളിപ്പറമ്പുകാരനായ അബൂബക്കര്‍ സിദ്ദീഖ് കണ്ണൂരിലെ അല്‍മഖറിന്റെ തണലില്‍ വളര്‍ന്നയാളാണ്. സര്‍ സയ്യിദ് അഹ്മദ് കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തു. കാഴ്ചശക്തിയില്ലാത്തവര്‍ അനുഭവിക്കേണ്ടി വരുന്ന ദൈന്യതകള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും പുറമെ ഇവരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന പരിഷ്‌കരണവാദികളുടെ ഇടപെടലുകളും സ്വന്തം ജീവിതം കൊണ്ട് അനുഭവിച്ച അബൂബക്കറാണ് ഇത്തരമൊരു സംരംഭത്തിന് ആശയാടിത്തറ പാകുന്നത്. മര്‍കസിലും മഅ്ദിനിലും അല്‍മഖറിലും പഠിച്ച സമാന ജീവിത പശ്ചാത്തലമുളള ആളുകളെ കണ്ടെത്തി കണ്ണൂരിലാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് മൊറയൂരിലേക്ക് മാറി. ശേഷം 2010ലാണ് നീറ്റാണിമ്മല്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു മദ്രസാ ബില്‍ഡിംഗിലേക്ക് മാറുന്നത്. അബൂബക്കര്‍ സിദ്ദീഖ് തളിപ്പറമ്പ് ജനറല്‍ സെക്രട്ടറിയും വട്ടേനാട് ഗവ: ഹൈസ്‌കൂള്‍ അധ്യാപകനായ ഹാഫിള് ഖയ്യൂം പട്ടാമ്പി പ്രസിഡന്റുമായ ഇബ്‌നു ഉമ്മിമക്തൂം ട്രസ്റ്റ് കാഴ്ചയില്ലാത്തവരുടെ അഭയകേന്ദ്രമാണിന്ന്. ട്രസ്റ്റിന് കീഴില്‍ വിപുലമായ പദ്ധതികളാണ് നടന്നുവരുന്നത്.

ബ്രൈല്‍ ലിപി പരിശീലനം
കാഴ്ചയില്ലാത്ത ആളുകളില്‍ ഒരു നിശ്ചിത ശതമാനവും ചെറുപ്പകാലത്ത് കാഴ്ചശക്തിയുളളവരായിരുന്നു. ഇടക്കാലത്ത് കാഴ്ച നഷ്ടപ്പെട്ടതിനാല്‍ പലര്‍ക്കും ബ്രൈല്‍ ലിപി പഠിക്കാന്‍ അവസരം ലഭിക്കുന്നില്ല. ഈയവസ്ഥ മനസിലാക്കിയ ട്രസ്റ്റ് ബ്രൈല്‍ ലിപി പരിശീലനവും അതനുസരിച്ചുള്ള ഖുര്‍ആന്‍ പാരായണ പരിശീലനവും ഈ സ്ഥാപനത്തില്‍ വെച്ച് നടത്തുന്നു. ബ്രൈല്‍ ലിപിയിലുളള ഗ്രന്ഥങ്ങള്‍ക്ക് സൗദിയടക്കുമുളള വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് പരിഹാരം കാണാനും ഈ കൂട്ടായ്മക്കായിട്ടുണ്ട്. ഹദ്ദാദ്, ഖുതുബിയ്യത്ത,് മൗലിദ് കിതാബുകള്‍ (ശറഫല്‍ അനാം, മന്‍ഖൂസ് മൗലിദ്, ബദര്‍ മൗലിദ്, മുഹ്‌യിദ്ദീന്‍ മൗലിദ്, ഖസ്വീദത്തുല്‍ ബുര്‍ദ, മുഹ്‌യിദ്ദീന്‍ മാല, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, മജ്‌ലിസുന്നൂര്‍) എന്നിവക്കു പുറമെ കര്‍മശാസ്ത്ര-ചരിത്ര ഗ്രന്ഥങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ എല്ലാ ഗ്രന്ഥങ്ങളും നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി എത്തിക്കാന്‍ ഇവര്‍ക്കാവുന്നു. തിരൂരങ്ങാടിക്കാരനായ സുഹൈല്‍, ഹാഫിള് റഈസ്, സിദ്ദീഖുല്‍ അക്ബര്‍ ബാഖവി മേല്‍മുറി എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

റിലീഫ് വിതരണം
പെരുന്നാള്‍, റബീഉല്‍ അവ്വല്‍, റമളാന്‍ എന്നിവ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്. എന്നാല്‍ അന്ധതയോടു കൂടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ കൂടി ഒരു കുടുംബനാഥനെ വരിഞ്ഞുമുറുക്കിയാല്‍ നിറങ്ങളില്ലാത്ത ആഘോഷ രാവുകളാവും കുടുംബങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരിക. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനും വളരെ പിന്നാക്കം നില്‍ക്കുന്ന ഏതാനും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനും ഇവര്‍ മുന്നോട്ടു വരുന്നു. നാട്ടിലെ ഉദാരമതികളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവരുടെ വിവാഹം, വീടു നിര്‍മാണം എന്നിവക്കെല്ലാം ഇവര്‍ സഹായമെത്തിക്കുന്നു.

ആത്മീയ മജ്‌ലിസുകള്‍
കാഴ്ചയില്ലാത്തവര്‍ക്കു വേണ്ടി ഇതര മതങ്ങളും പ്രസ്ഥാനങ്ങളും നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സുന്നികള്‍ക്കിടയില്‍ അത്തരമൊരു സ്ഥാപനമില്ലാത്തതിനാല്‍ നമ്മുടെ സഹോദരങ്ങള്‍ വിശ്വാസപരമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് ഇബ്‌നു ഉമ്മിമക്തൂം എന്ന സ്ഥാപനത്തിന് ശില പാകുന്നത്. കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനം, ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കാവശ്യമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നൂറ്റമ്പതോളം കാഴ്ചയില്ലാത്തവര്‍ പങ്കെടുക്കുന്ന ഇവിടത്തെ മാസാന്ത മതപഠന ക്ലാസുകള്‍ ശ്രദ്ധേയമാണ്. എല്ലാ രണ്ടാം ഞായറാഴ്ചയും കാഴ്ചശക്തിയില്ലാത്ത പണ്ഡിതന്മാരുടെയും ഹാഫിളുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ബദര്‍ മൗലിദ്, ഖുതുബിയ്യത്ത് മജ്‌ലിസുകള്‍ എന്നിവയിലും നിരവധി പേരാണ് പങ്കെടുക്കാറ്. വര്‍ഷത്തിലൊരിക്കല്‍ മുന്നോറോളം പേര്‍ ഇബ്‌നു ഉമ്മി മക്തൂം സ്ഥാപനത്തിന്റെ തണലില്‍ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ച് ഒരുമിച്ചുകൂടുന്നു.
അംഗ വൈകല്യം ബാധിച്ചവര്‍ ഉപജീവനമാര്‍ഗമായി സാധാരണ ആശ്രയിക്കാറ് യാചനയാണ്. വലിയൊരു ചൂഷണ മേഖലയായി ഇത് വളര്‍ന്നുകൊണ്ടിരിക്കുന്നു. ട്രസ്റ്റിന് കീഴില്‍ അംഗത്വമെടുത്തവര്‍ മാന്യമായ ജീവിത മാര്‍ഗം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് അത്തര്‍ വില്‍പനയടക്കമുളള മാര്‍ഗങ്ങള്‍ അംഗങ്ങള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കാന്‍ ട്രസ്റ്റ് അധികാരികള്‍ക്ക് സാധിച്ചത്. നോട്ട്ബുക്ക്, കുട, ചോക്ക്, സോപ്പ് എന്നിവയുടെ നിര്‍മാണം സാധ്യമാക്കുന്ന ചെറുകിട തൊഴില്‍ സംരഭങ്ങളെക്കുറിച്ചും ഇവര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നു.

പൂവണിയാന്‍
ഇനിയും സ്വപ്‌നങ്ങളേറെ
കാഴ്ചശക്തിയില്ലാതിരുന്നിട്ടും ഉള്‍കാഴ്ചകൊണ്ട് അദ്ഭുതം കാണിച്ച സ്വഹാബിവര്യന്‍ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിന്റെ(റ) നാമധേയത്തിലുളള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് രണ്ട് വാടകക്കെട്ടിടത്തിലാണ്. പഴയ ഒരു മദ്രസയും ചെറിയൊരു വാടക വീടും. ഇരുപതിലേറെ ആളുകള്‍ പഠനത്തിനും മറ്റുമായി സ്ഥിരമായി താമസിക്കുന്ന ഇവിടെ മാസത്തില്‍ 60,000 രൂപ ചെലവ് വരുന്നു. ഉദാരമതികള്‍ കണ്ടറിഞ്ഞ് ചെയ്യുന്ന സംഭാവനകളും പളളി കേന്ദ്രീകരിച്ച് വെളളിയാഴ്ചകളില്‍ നടക്കുന്ന പ്രസംഗങ്ങളുമാണ് സ്ഥാപന നടത്തിപ്പിന്റെ മുഖ്യ ആശ്രയം. സമൂഹത്തിന്റെ കൂട്ടായ പരിശ്രമമുണ്ടെങ്കില്‍ നടപ്പിലാക്കാവുന്ന നിരവധി പദ്ധതികളാണ് ഇവര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബ്രൈല്‍ ലിപിയില്‍ പുസ്തക പ്രസാധനം സാധ്യമാകുന്ന അത്യാധുനിക രീതിയിലുളള പ്രസ്സ്, മതപഠനത്തിന് പുറമെ മികച്ച രീതിയില്‍ ഭൗതിക പഠനം സാധ്യമാക്കുന്ന പഠനകേന്ദ്രം, കാഴ്ചയില്ലാത്തവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈന്യത അനുഭവിക്കുന്ന സ്ത്രീകള്‍ക്കു മാത്രമായൊരു സ്ഥാപനം തുടങ്ങി നിരവധി പദ്ധതികളാണ് ഇബ്‌നു ഉമ്മിമക്തൂം ഇസ്‌ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ആരംഭിക്കാനിരിക്കുന്നത്.
2018ലെത്തി നില്‍ക്കുമ്പോള്‍ വാടകക്കെടുത്ത മദ്‌റസ കെട്ടിടത്തിനു പുറമെ പരിസരത്ത് ഒരു വാടക വീട് മാത്രമാണ് ഇവരുടെ അക്കൗണ്ടില്‍ വര്‍ധിച്ചത്. എന്നാലും കാഴ്ചശക്തിയില്ലാത്ത സാധാരണക്കാരുടെ നാനോന്മുകമായ പുരോഗതി ലക്ഷ്യം വെക്കുന്ന ഇവരെ മുന്നോട്ടു നയിക്കുന്നത് ഇലാഹീ വിശ്വാസവും മനക്കരുത്തും മാത്രമാണ്.
അനാവശ്യമായി സമൂഹം ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗം മാത്രം മതിയാവും ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കാന്‍. അല്ലാഹു നല്‍കിയ വൈകല്യത്തെ പഴിക്കാതെ സാമൂഹ്യ മുന്നേറ്റത്തിന് നേതൃത്വം വഹിക്കുന്ന ഈ ട്രസ്റ്റിന് കരുത്തുപകരേണ്ടത് നമ്മളാണ്.
നിലവില്‍ സ്ഥാപനം സ്ഥിതി ചെയ്യുന്നതിന്റെയടുത്ത് 18 സെന്റ് സ്ഥലം സ്ഥാപനത്തിനായി വാങ്ങിയിടാന്‍ ഇവരുടെ കൂട്ടായ പരിശ്രമം കൊണ്ട് സാധിച്ചിട്ടുണ്ട്. ഏകദേശം 2.50 കോടി ചിലവ് വരുന്ന സ്വപ്‌ന പദ്ധതിയാണ് ഇവരുടെ മനസില്‍.
എല്ലാ കഴിവുകള്‍കൊണ്ടും അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് സാധിക്കാത്ത നിരവധി സംരഭങ്ങള്‍ക്കാണ് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്. കുറച്ചാളുകളുടെ ഇഛാശക്തികൊണ്ടു മാത്രം നിരവധിപേര്‍ക്ക് വെളിച്ചം പകരാന്‍ ഇവര്‍ക്കാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here