ഖുര്‍ആന്‍, വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറക്കുന്ന വൈപുല്യം

0
3158

fa141962b8aaef24e668084fce9d01c8വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണ്. മാനവ കുലത്തിന്റെ സര്‍വ്വ വിജയങ്ങളുടെയും നിദാനവും. ഉടമയായ അല്ലാഹു അടിമകള്‍ക്ക് നല്‍കുന്ന ജീവിത രേഖയുമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യജീവിതത്തിന്റെ നാനാ തുറകളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള വിജ്ഞാന കുതുകികള്‍ക്ക് പുതിയ ആശയ തലങ്ങളെ ഗ്രഹിച്ചെടുക്കാവുന്ന വൈജ്ഞാനിക കലവറയാണ് ഖുര്‍ആന്‍.
മനുഷ്യവിരചിതമായ രചനകള്‍ തന്നെ, അതിന്റെ ആശയ സമ്പുഷ്ടി കാരണം ചിലപ്പോള്‍ വ്യാഖ്യാനങ്ങള്‍ ആവശ്യമായി വരും. വിശുദ്ധ ഗ്രന്ഥം സ്രഷ്ടാവില്‍ നിന്നുള്ളതായതുകൊണ്ട് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ, തിരുത്തലുകള്‍ക്കോ പ്രസക്തിയില്ല. ഖുര്‍ആനിന്റെ സാഹിതീയ സൗന്ദര്യവും, ആശയ ഗാംഭീര്യവും പ്രഫുലമായ അര്‍ത്ഥതലങ്ങളും വ്യാഖ്യാനത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മികച്ച സാഹിത്യഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ ഗ്രാഹ്യം സാധിക്കണമെങ്കില്‍ വ്യാഖ്യാനങ്ങളും ടിപ്പണികളും അനിവാര്യമാണ്.

വ്യാഖ്യാനത്തിന്റെ  അനിവാര്യത
ഖുര്‍ആനിക വചനങ്ങള്‍ ചിന്തിക്കാനും ഉള്ളടക്കം അപഗ്രഥിക്കാനും അനവധി ആഹ്വാനങ്ങള്‍ ഖുര്‍ആനില്‍ തന്നെ കാണാം.
(ഖുര്‍ആനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലേ. അല്ലാഹുവില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നെങ്കിലുമാണ് ഖുര്‍ആന്‍ അവതരിച്ചതെങ്കില്‍ വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കാമായിരുന്നു.
ഇക്കൂട്ടര്‍ ഖുര്‍ആനെ കുറിച്ച് ചിന്തിക്കുന്നില്ലേ, അതോ അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകള്‍ ഇട്ടിട്ടുണ്ടോ?
ഖുര്‍ആനിനെക്കുറിച്ച് ചിന്തിച്ച് അപഗ്രഥിക്കണമെന്ന പ്രേരണയാണ് മേല്‍വചനങ്ങള്‍ വിളിച്ചോതുന്നത്. അത് പ്രയോഗവത്കരിക്കണമെങ്കില്‍ ഖുര്‍ആനിക ആശയങ്ങളും അര്‍ത്ഥവ്യാപ്തിയും നന്നായി ഗ്രഹിക്കേണ്ടതുണ്ട്. ഇവിടെയാണ് തഫ്‌സീറിന്റെ അനിവാര്യത ബോധ്യപ്പെടുന്നത്. അതുകൊണ്ടാണ് ചില പണ്ഡിതന്മാര്‍ വ്യാഖ്യാന വിജ്ഞാനത്തെ സാമൂഹ്യ ബാധ്യതയായി കണക്കാക്കുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ വ്യാഖ്യാതാവ് വിശുദ്ധ ഗ്രന്ഥത്തിന്റെ വാഹകരും പ്രബോധകരുമായ തിരുനബി(സ്വ) തന്നെയാണ്. ആ വ്യാഖ്യാതാവിന്റെ വിശദീകരണങ്ങളെ അടിസ്ഥാനപ്പെടുത്തി യോഗ്യരോട് വ്യാഖ്യാനം നല്‍കുവാനും അല്ലാഹു കല്‍പിച്ചിരിക്കുന്നു.

തഫ്‌സീര്‍, തഅ്‌വീല്‍
ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. തഫ്‌സീര്‍, തഅ്‌വീല്‍. ഖുര്‍ആനിലെ പദങ്ങളുടെ ഉച്ചാരണ രൂപം, പദങ്ങളുടെ അര്‍ത്ഥങ്ങള്‍, ഒറ്റക്കും കൂട്ടായും നില്‍ക്കുമ്പോഴുള്ള പദങ്ങളുടെ വിധികള്‍, പദങ്ങള്‍ കൂട്ടിചേര്‍ക്കുമ്പോള്‍ ലഭിക്കേണ്ട ആശയങ്ങള്‍, ഇവയുടെ പൂര്‍ത്തീകരണമായ മറ്റു കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണ് തഫ്‌സീര്‍ (ബഹ്‌റുല്‍ മുഹീത്വ് 1/26). ഇമാം സര്‍ക്കശിയുടെ അഭിപ്രായത്തില്‍ പ്രവാചകര്‍(സ്വ)ക്ക് അവതരിപ്പിക്കപ്പെട്ട ആശയങ്ങള്‍, തത്വജ്ഞാനങ്ങള്‍ എന്നിവ ഗ്രഹിക്കാനുതകുന്ന വിജ്ഞാന ശാഖയാണ് തഫ്‌സീര്‍. എന്നാല്‍ തഫ്‌സീര്‍ രിവായതുകളോടും (നിവേദനങ്ങള്‍) തഅ്‌വീല്‍ ഗവേഷണങ്ങളോടും ബന്ധപ്പെട്ടതാണെന്നാണ് ചില പണ്ഡിതരുടെ അഭിപ്രായം.
തഫ്‌സീറും തഅ്‌വീലും ഒന്നു തന്നെയാണെന്ന ചര്‍ച്ചയും പണ്ഡിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അബൂഉബൈദ്(റ)വും അദ്ദേഹത്തിന്റെ അനുയായികളും രണ്ടും ഒരര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന വാദക്കാരാണ്. ഇബ്‌നു ഹബീബ് നൈസാംബൂരി(റ) ഈ ആശയത്തെ ഖണ്ഡിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: തഫ്‌സീറിന്റെയും തഅ്‌വീലിന്റെയും ഇടയിലുള്ള വ്യത്യാസം തിരിച്ചറിയാത്ത വിധം നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ കാലത്ത് ജീവിച്ചിരിപ്പുണ്ട്.” പില്‍കാലക്കാരായ പണ്ഡിതരാണ് ഇങ്ങനെ രണ്ട് ശാഖകളുമായി രംഗത്തുവന്നത്. പൂര്‍വികരായ പണ്ഡിതര്‍ രണ്ട് പദങ്ങളേയും ഉപയോഗിച്ചതായി കാണാം. ഇമാം ത്വബ്‌രി(റ) തന്റെ തഫ്‌സീറില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
ചുരുക്കത്തില്‍ തഫ്‌സീര്‍, ലഭ്യമായ അടിസ്ഥാനത്തില്‍ മാത്രമുള്ള വിശകലനവും, തഅ്‌വീല്‍, ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ഗവേഷണപരമായ വ്യാഖ്യാനവുമാണ് അന്വര്‍ത്ഥമാക്കുന്നത്. നിലവിലുള്ള തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ ഇത് രണ്ടും സമ്മേളിച്ചതായി കാണാം (ഇത്ഖാന്‍). തഫ്‌സീര്‍ ബൈളാവിയുടെ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ശൈഖ് സാദ:യുടെ വിശദീകരണം ഇപ്രകാരം വായിക്കാം: ഒരു വാക്യത്തെ അതിന്റെ സാധ്യമായ ആശയങ്ങളില്‍ ഒന്നില്‍ കേന്ദ്രീകരിക്കുയും മറ്റു ആശയങ്ങളെകാള്‍ ബുദ്ധിപരമായ തെളിവിന്റെ അയിസ്ഥാനത്തില്‍ അതിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നതാണ് തഅ്‌വീല്‍. തഫ്‌സീര്‍ ഉദ്ധരണികളുമായി ബന്ധപ്പെട്ടതാണ്. അവതരണ പശ്ചാതലം, കാരണക്കാര്‍ എന്നിങ്ങനെ ഹദീസ് അവലംഭ രചനകളാണ് തഫ്‌സീര്‍.
ഇല്‍മുത്തഫ്‌സീര്‍ പ്രധാനമായും രണ്ട്വിധം. തഫ്‌സീര്‍ ബില്‍ മഅ്‌സൂര്‍, തഫ്‌സീര്‍ ബിറഅ്‌യ്. ഖുര്‍ആനെ ഖുര്‍ആന്‍കൊണ്ടോ ഹദീസ്‌കൊണ്ടോ താബിഉകളുടെ ഉദ്ധരണികള്‍ എന്നിവ അവലംഭമാക്കിയുള്ള വ്യാഖ്യാനങ്ങളെ തഫ്‌സീറുബില്‍ മഅ്‌സ്വൂര്‍ എന്ന് വിളിക്കാം. വ്യാഖ്യാതാവിനാവശ്യമായ മുഴുവന്‍ വിജ്ഞാനങ്ങളിലും അഗ്രഗണ്യരായ പണ്ഡിതര്‍ പ്രസ്തുത അറിവുകള്‍ മുന്‍നിര്‍ത്തി ഇജ്തിഹാദ് (ഗവേഷണം) ചെയ്ത് കണ്ടെത്തുന്ന വ്യാഖ്യാനങ്ങളാണ് തഫ്‌സീറുബിറഅ്‌യ്.

തഫ്‌സീര്‍ ബില്‍ മഅ്‌സൂര്‍
1) ഖുര്‍ആന്‍ കൊണ്ടുള്ള വ്യാഖ്യാനം.
സൂക്തങ്ങള്‍ മറ്റു ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് തന്നെ വിശദീകരണം നല്‍കല്‍.
സൂറതുല്‍ ഫാതിഹയിലെ സ്വിറാത്വല്ലദീന എന്ന് തുടങ്ങുന്ന ആയതിനെ അനുഗ്രഹീതരായ വിഭാഗം എന്ന പരാമര്‍ശത്തെ സൂറതുന്നിസാഇലെ 69-ാം ആയത് കൊണ്ട് വ്യാഖ്യാനിക്കാം.
നബിമാര്‍ സ്വിദ്ദീഖീങ്ങള്‍, ശുഹദാക്കള്‍, സദ്‌വൃത്തര്‍ എന്നിവരാണ് ഖുര്‍ആന്‍ പ്രതിപാദിച്ച അനുഗ്രഹീത വിഭാഗം.
സൂറതുല്‍ മാഇദയിലെ ഒന്നാമത്തെ വചനത്തില്‍ ‘ആട്, മാട്, ഒട്ടക വര്‍ഗത്തില്‍ പെട്ട, പിന്നീട് നിങ്ങള്‍ക്ക് വിശദീകരിച്ചു തരുന്നതൊഴികെയുള്ള മൃഗങ്ങളെ നിങ്ങള്‍ക്ക് അനുവദിച്ചു തന്നിരിക്കുന്നു’ എന്ന് പരാമര്‍ശിക്കുന്നു. പിന്നീട് നിങ്ങള്‍ക്ക് വിശദീകരിച്ച് തരുന്നത് എന്ന ആയതിലെ പരാമര്‍ശത്തെ പ്രസ്തുത സൂറതിലെ മൂന്നാമത്തെ ആയത്ത് കൊണ്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. ”ശവം, പന്നിയിറച്ചി, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ച് കൊന്നത്, തച്ചുകൊന്നത്, താഴോട്ട് വീണ് ചത്തത്, പരസ്പരം പോരടിച്ച് ചത്തത്, ഹിംസ്ര ജന്തുക്കളാല്‍ കൊല്ലപ്പെട്ടത്, വിഗ്രഹങ്ങള്‍ക്ക് വേണ്ടി അറുക്കപ്പെട്ടത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാണ്” എന്നാണ് ഈ സൂക്തം വിശദീകരിക്കുന്നത്.

തിരുനബിയുടെ വാക്കുകള്‍, പ്രവര്‍ത്തികള്‍, മൗനാനുവാദങ്ങള്‍ എന്നിവയാണ് സുന്നത്ത്.
വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കുള്ള വ്യാഖ്യാനങ്ങള്‍ സൂക്തങ്ങള്‍ കൊണ്ട് ഗ്രാഹ്യമല്ലെങ്കില്‍ തിരുസുന്നത്തിനെയാണ് അവലംബിക്കേണ്ടത്. കാരണം ഖുര്‍ആന്‍ വിശദീകരിക്കേണ്ടത് തിരുനബി (സ്വ) തങ്ങളാണ്. തഫ്‌സീറുകളില്‍ അധികവും സുന്നത്തുകള്‍ കൊണ്ടുള്ള വ്യാഖ്യാനമാണ് കാണാന്‍ കഴിയുന്നത്.
സൂറതുന്നിസാഇലെ 113-ാം ആയത്തില്‍ കാണാം :(അല്ലാഹു താങ്കള്‍ക്ക് ഗ്രന്ഥവും ഹിക്മത്തും അവതരിപ്പിച്ച് തരികയും ചെയ്തു). ഇതില്‍ പരാമര്‍ശ വിധേയമായ ഹിക്മത് സുന്നത്താണെന്നും സുന്നത്ത് അംഗീകരിക്കാതെ ഖുര്‍ആന്‍ ഉള്‍കൊള്ളല്‍ അസാധ്യമാണെന്നും നിരവധി തെളിവുകളുടെ പിന്‍ബലത്തില്‍ ഇമാം ശാഫി തന്റെ രിസാല:യില്‍ വ്യക്തമാക്കുന്നു. അല്‍ബഖറ 231, ആലുഇംറാന്‍ 164, ജുമുഅ:യിലെ 3, അഹ്‌സാബിലെ 34-ാം സൂക്തം തുടങ്ങിയവയിലെല്ലാം ഖുര്‍ആനിനെ പരാമര്‍ശിച്ച ശേഷം ‘ഹിക്മതി’നെക്കുറിച്ച് പറയുന്നതായി കാണാം. അബൂഹനീഫ(റ) പറയുന്നു: തിരുനബിയുടെ സുന്നത്തില്ലായിരുന്നുവെങ്കില്‍ നാമാരും ഖുര്‍ആന്‍ മനസ്സിലാക്കുമായിരുന്നില്ല.
മുആദ്(റ)വിനെ യമനിലേക്ക് ഇസ്‌ലാമിക പ്രബോധനാവശ്യാര്‍ത്ഥം അയച്ചപ്പോള്‍ തിരുദൂതര്‍(സ്വ) ചോദിച്ചു: ജനങ്ങള്‍ക്കിടയില്‍ താങ്കള്‍ എന്തുകൊണ്ടാണ് വിധി കല്‍പ്പിക്കുക?” അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് അവിടുന്ന് മറുപടി പറഞ്ഞു: ”ഖുര്‍ആനില്‍ വ്യക്തമായ വിധി എത്തിച്ചില്ലെങ്കിലോ? തിരുസുന്നത്തനുസരിച്ച് സുന്നത്തിലും വിധി എത്തിച്ചില്ലെങ്കിലോ? എന്ന ചോദ്യത്തിന് രണ്ടും ആധാരമാക്കി ഇജ്തിഹാദ് (ഗവേഷഷണം) നടത്തുമെന്നായിരുന്നു മുആദ്(റ)ന്റെ മറുപടി. അപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യത്തിന് തൗഫീഖ് ഏകിയ റബ്ബിന് സര്‍വ്വസ്തുതിയും. ഈ ഹദീസ് തിരുസുന്നത്തുകൊണ്ടുള്ള വ്യാഖ്യാനത്തിന് വ്യക്തമായ മാര്‍ഗമാണ്.
ഖുര്‍ആന്‍ വചനങ്ങള്‍ക്ക് ഹദീസുകള്‍ കൊണ്ടുള്ള വ്യാഖ്യാനത്തിന് ചില ഉദാഹരണങ്ങള്‍ ”തനിക്ക് അല്ലാഹു സ്വര്‍ഗത്തില്‍ നല്‍കുന്ന നദിയാകുന്നുവെന്ന ഹദീസ് ഇമാം മുസ്‌ലിം, അഹ്മദ് എന്നവര്‍ അനസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നുണ്ട്. മോഷ്ടാവിന്റെ കരഛേദം നടത്തണമെന്ന സൂറതുല്‍ മാഇദയിലെ 38-ാം സൂക്തത്തിന് വിശദീകരണമായി വലത് കരമാണ് മുറിക്കേണ്ടതെന്ന വ്യക്തമായ ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ സുന്നത്ത് കൊണ്ടുള്ള വ്യാഖ്യാനം നിരവധിയാണ്.
(ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിനെ നിങ്ങളുടെ മതമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു (സൂറതുല്‍ മാഇദ).
ഈ ആയത് അവതീര്‍ണ്ണമായ നിമിഷം സ്വഹാബതുല്‍ കിറാം ദീനിന്റെ പൂര്‍ത്തീകരണ സന്ദേശമാണെന്ന് കരുതി സന്തോഷിച്ചു. പക്ഷേ, ഉമര്‍(റ) വിഷമാധിക്യത്താല്‍ കരയുകയായിരുന്നു. കാരണമന്വേഷിച്ചപ്പോള്‍ അവിടുത്തെ മറുപടി: തിരുനബിയുടെ വഫാതിനെക്കുറിച്ച് ഈ സൂക്തം മുന്നറിയിപ്പ് നല്‍കുകയാണ് എന്നായിരുന്നു (മുവാഫിഖാത് 3/205).
തിരുദൂതര്‍(സ്വ)യുടെ ഉമ്മത്തില്‍ ഏറ്റവും കൂടുതല്‍ ഹൃദയ വിശുദ്ധരും അഗാധജ്ഞാനികളും സച്ചരിതരുമാണ് സ്വഹാബത്തെന്നിരിക്കെ അവരെ പിന്‍പറ്റണമെന്നാണ് ഇബ്‌നു മസ്ഊദ്(റ) പറയുന്നത്. ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ വിശുദ്ധ ഗ്രന്ഥം മനസ്സിലാക്കേണ്ടത് സ്വഹാബത്തില്‍ നിന്ന് തന്നെയാണ്. ചുരുക്കത്തില്‍ തഫ്‌സീറുബില്‍ മഅ്‌സൂര്‍ മൂന്ന് രൂപത്തില്‍ വിശദീകരിക്കാം.

2) തഫ്‌സീറുബിറഅ്‌യ്
ഖുര്‍ആനിക വചനങ്ങള്‍ക്ക് ഖുര്‍ആന്‍ കൊണ്ട് തന്നെയുള്ള വ്യാഖ്യാനം, നബി(സ്വ), സ്വഹാബത്ത്, താബിഉകള്‍ എന്നിവരില്‍ നിന്നുള്ള നിവേദനങ്ങള്‍ കൂടാതെ സ്വയം ഇജ്തിഹാദിന് യോഗ്യതയുള്ള പണ്ഡിതര്‍ ഖുര്‍ആനികാശയങ്ങളും അര്‍ഥങ്ങളും വ്യാഖ്യാനിക്കലാണ് തഫ്‌സീറുബിറഅ്‌യ്. റസൂലില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ വന്ന നിവേദനങ്ങള്‍ക്കും സത്യസന്ധമായ അവതരണ പശ്ചാത്തലങ്ങള്‍ക്കും എതിരാകാത്ത രീതിയില്‍ അറബി ഭാഷാ നിയമങ്ങളുടെയും ശൈലികളുടെയും സഹായത്താല്‍ സ്വയം ഇജ്തിഹാദിലൂടെ നല്‍കുന്ന വ്യാഖ്യാനങ്ങളാണെന്ന് വിവക്ഷ നല്‍കാം.

ഹകീം പൂക്കോട്ടുമണ്ണ, റബീഅ് വാളക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here