ഖുര്‍ആന്‍ ക്രോഡീകരണം

അസദലി രണ്ടത്താണി, നാഫിഅ് കടകശ്ശേരി

0
12669

ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.
സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മന:പാഠ രീതിയാണ് അല്ലാഹു ആവിഷ്‌കരിച്ചത്. കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ)യുടെയും അനുചരരുടെയും ഹൃദയങ്ങളെ അവര്‍ തരപ്പെടുത്തി. ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരു അക്ഷരം പോലും നഷ്ടപ്പെടാത്ത വിധം അതീവ കരുതലോടെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ) ആവര്‍ത്തിച്ച് ഓതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുഹൃദയത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്വം അല്ലാഹു സ്വയം ഏറ്റെടുത്തു. സൂറത്തു ഖിയാമയിലൂടെ (16-19) അല്ലാഹു ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതോടെ ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുമ്പോള്‍ തന്നെ അവ ഹൃദിസ്ഥമാക്കാനുള്ള കഴിവ് നബി(സ്വ)ക്ക് ആര്‍ജിതമായി. അതിനും പുറമെ ഓരോ വര്‍ഷവും ഓരോ പ്രാവശ്യവും വഫാതിനോടടുത്ത അവസാന വര്‍ഷം രണ്ടു പ്രാവശ്യവും ജിബ്‌രീല്‍(അ)ന് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് വരുമ്പോള്‍ ഖുര്‍ആന്‍ സംരക്ഷണത്തിന് എന്തുമാത്രം നിതാന്ത ജാഗ്രതയാണ് തിരുനബി(സ്വ) പുലര്‍ത്തിയതെന്ന് നാമ്മെ അത്ഭുതപ്പെടുത്തുന്നു.
തിരുനബി(സ്വ)യില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഓരോ വചനങ്ങളും കൃത്യമായി മനസ്സില്‍ കോറിയിട്ട് വിശുദ്ധ ഖുര്‍ആനിനെ സംരക്ഷിക്കുന്നതില്‍ സ്വഹാബാക്കളും ബദ്ധശ്രദ്ധരായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത് മത്സരതത്പരതയോടെയാണ് അവര്‍ ഏറ്റെടുത്ത്. ഖുര്‍ആനികാധ്യാപനത്തിനായി വിദൂര ദിക്കുകളിലേക്ക് വരെ അനുചരരെ പറഞ്ഞയച്ചു. ഹിജ്‌റക്ക് മുമ്പു തന്നെ മിസ്അബ് ബിനു ഉമൈറി(റ)നെയും അബ്ദുല്ലാഹിബ്‌നു ഉമ്മി മഖ്തും(റ)വിനെയും തിരുനബി(സ്വ) പറഞ്ഞയച്ചത് ഈയൊരു ദൗത്യത്തിന് വേണ്ടിയായിരുന്നു. തന്മൂലം ഖുര്‍ആനിക വചനങ്ങള്‍ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകി. ചില സ്വഹാബി വനിതകള്‍ അവരുടെ വിവാഹമൂല്യം വരെ നിശ്ചയിച്ചത് ഖുര്‍ആന്‍ അധ്യാപനമായിരുന്നു. സ്വഹാബത്തിന്റെ ഖുര്‍ആനിനോടുള്ള അഭിനിവേശം ഉസാമതുബ്‌നു സ്വാമിത്(റ) വിവരിക്കുന്നുണ്ട്: ”മദീനയിലേക്ക് ആരെങ്കിലും പലായനം ചെയ്തു വന്നാല്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഞങ്ങളില്‍ നിന്ന് ഒരാളെ നബി(സ്വ) ചുമതലപ്പെടുത്തും. ശബ്ദം കുറക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നത് വരെ മദീനാ പള്ളി ഖുര്‍ആന്‍ പാരായണം മൂലം ശബ്ദമുഖരിതമാകാറുണ്ടായിരുന്നു. അതിലുപരി അറബികളുടെ ഹൃദിസ്ഥമാക്കാനുള്ള ശേഷി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നബി(സ്വ)യുടെ ജീവിതകാലത്തെ അഗ്രേശ്വരായ ഹാഫിളുകള്‍ പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. നാലു ഖലീഫമാര്‍ക്ക് പുറമേ ത്വല്‍ഹ(റ), സഅ്ദ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഹുദൈഫ(റ), അബൂഹുറൈറ(റ), ഇബ്‌നുഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അംറുബ്‌നു ആസ്വ്, അബ്ദുല്ലാഹിബ്‌നു അംറ്(റ), മുആവിയ(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), അബ്ദുല്ലാഹിബ്‌നു സാഇബ്(റ), ആഇശ(റ), ഹഫ്‌സ(റ), ഉമ്മുസലമ(റ) എന്നിവര്‍ മുഹാജിരീങ്ങളില്‍ നിന്നും ഉബയ്യുബ്‌നു കഅ്ബ്(റ), മുആദുബ്‌നു ജബല്‍(റ), സൈദ് ബ്‌നു സാബിത്(റ), അബൂദ്ദര്‍ദാഅ്(റ), മുജമ്മിഅ് ബ്‌നു ഹാരിസ(റ), അനസ് ബ്‌നു മാലിക്(റ), മസ്‌ലമത്തുബ്‌നു മുഖല്ലിദ്(റ), ഉഖ്ബതുബ്‌നു ആമിര്‍(റ), തമീമുദ്ദാരി(റ), അബൂമൂസല്‍ അശ്അരി(റ), അബൂസൈദ്(റ) എന്നിവര്‍ അന്‍സാരികളില്‍ നിന്നുമായിരുന്നു (ഇത്ഖാന്‍). നബി(സ്വ)യുടെ വഫാതിന് ശേഷം ഹിഫ്‌ള് പൂര്‍ത്തിയാക്കിയവരുമടക്കം ഖുര്‍ആന്‍ ഹൃദയത്തില്‍ സൂക്ഷിച്ച സ്വഹാബാക്കള്‍ അനേകമുണ്ടായിരുന്നു. എന്നാല്‍ നബി(സ്വ)യുടെ കാലത്തെ ബിഅ്‌റ് മഊന സംഭവത്തിലും വഫാതാനന്തരം യമാമ യുദ്ധത്തിലും എഴുപതോളം ഹാഫിളുകള്‍ രക്തസാക്ഷികളായത് ഒരു പ്രതിസന്ധി ഘട്ടമായിരുന്നു. ഇവിടെ അനസ്(റ)നെ തൊട്ട് ബുഖാരി ഉദ്ധരിച്ച ഹദീസിലെ എണ്ണം കൃത്യമായി ഉദ്ദേശിക്കപ്പെടുന്നില്ല. അതു ആപേക്ഷികം മാത്രമാണ്. കാരണം മറ്റൊരു സ്വഹീഹായ റിപ്പോര്‍ട്ടില്‍ അബൂദ്ദര്‍ദാഇന് പകരം അനസ്(റ) ഉബയ്യുബ്‌നു കഅ്ബിനെയാണ് എണ്ണിയിരിക്കുന്നത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: നാലു പേരെ മാത്രം അനസ്(റ) വിവരിച്ചത് അവരോടുള്ള പ്രത്യേകമായ ബന്ധം കൊണ്ടോ അപ്പോള്‍ മനസ്സിലുണ്ടായവരെ മാത്രം വിവരിക്കുയോ ചെയ്തതാണ്”
സ്വഹാബി ഹൃദയങ്ങളില്‍ ഖുര്‍ആന്‍ നിറഞ്ഞു നിന്നതു മൂലവും അതുല്യമായ അവരുടെ മന:പാഠമാക്കാനുള്ള ശേഷിയിലൂടെയും പരിശുദ്ധ ഖുര്‍ആനിനെ സര്‍വ്വോപരി സംരക്ഷിക്കാന്‍ അവര്‍ക്കായി എന്നതാണ് വാസ്തവം. ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ ഏറ്റവും ഉത്തമമായ ഘട്ടമായിട്ടാണ് മന:പാഠ രീതിയിലൂടെയുള്ള ഈ സംരക്ഷണം വിവക്ഷിക്കപ്പെടുന്നത്.
ക്രോഡീകരണം
ലിഖിത രൂപത്തില്‍
ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ രണ്ടാ മത്തെ തലമാണിത്. വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തത് കൊണ്ട് തന്നെ ലിഖിതമായ ഈ തലത്തില്‍ അത് നഷ്ടപ്പെടാനോ കൈകടത്തലുകള്‍ക്ക് വിധേയപ്പെടാനോ നിര്‍വ്വാഹമില്ല. ഖുര്‍ആന്‍ സംരക്ഷണം ഈ രൂപത്തിലൂടെ പ്രത്യക്ഷമായി തന്നെ നടപ്പില്‍ വരുത്തുകയാണ് മൂന്ന് ഘട്ടങ്ങളിലായി പണ്ഡിതന്മാര്‍ വേര്‍തിരിച്ച ഖുര്‍ആന്‍ ക്രോഡീകരണത്തിലൂടെ സാധ്യമായത്.
1. നബി(സ്വ)യുടെ കാലത്തെ ക്രോഡീകരണം
നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ സംരക്ഷണത്തിന്റെ അടിത്തറ മന:പാഠ രീതിയിലായിരുന്നെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായും നബി(സ്വ)യുടെ കാലത്തു തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ലിഖിതമായ ക്രോഡീകരണത്തിന് തിരുനബി(സ്വ) അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഖുര്‍ആന്‍ അവതീര്‍ണ്ണമാവുമ്പോഴെല്ലാം വഹ്‌യ് എഴുത്തുകാരെ നബി(സ്വ) വിളിച്ചുവരുത്തുകയും ഖുര്‍ആന്‍ അവരുടെ മേല്‍ പാരായണം ചെയ്തു കൊടുക്കുകയും ചെയ്യും. നബി(സ്വ)യില്‍ നിന്ന് കേട്ട മുഴുവന്‍ ഖുര്‍ആന്‍ വചനങ്ങളും അവര്‍ തോല്‍, കനം കുറഞ്ഞ കല്ലുകള്‍, ഈന്തപ്പന മടല്‍ തുടങ്ങിയവയില്‍ രേഖപ്പെടുത്തും. എന്നാല്‍ ഖുര്‍ആന്‍ അല്ലാത്തത് കൂടിക്കലരുന്നതിനെ തൊട്ട് നബി(സ്വ) നിതാന്ത ജാഗ്രത നിര്‍ദ്ദേശിച്ചിരുന്നു.
ഖുര്‍ആനല്ലാത്തത് രേഖപ്പെടുത്താന്‍ നബി (സ്വ) മറ്റു പ്രത്യേക സ്ഥലങ്ങളോ പ്രത്യേക ആളുകളെയോ നിര്‍ദ്ദേശിച്ചിരുന്നു. ഉസ്മാന്‍(റ) പറയുന്നതായി കാണാം: ”വല്ല ഖുര്‍ആനിക വചനങ്ങളും അവതീര്‍ണ്ണമായാല്‍ നിശ്ചിത അധ്യായത്തില്‍ നിശ്ചിത സൂക്തങ്ങള്‍ക്ക് ശേഷം അവ എഴുതിവെക്കാന്‍ വഹ്‌യ് എഴുത്തുകാരോട് ആവശ്യപ്പെടുക നബി(സ്വ)യുടെ പതിവായിരുന്നു ഈ നിശ്ചിത ക്രമം അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണ്.
ഈ ക്രോഡീകരണ ക്രമം ജിബ്‌രീല്‍(അ) മുഖേന അല്ലാഹു നിശ്ചയിച്ചതാണ്. ഖുര്‍ആന്‍ അവതീര്‍ണ്ണാകുമ്പോള്‍ ആയതുകളെ ക്രമീകരിക്കേണ്ട വിധത്തെ സംബന്ധിച്ച് ഏ˜ര ഞ്ഞക്കഢള്‍ല ന്ധ ഏ˜ര ഏള്‍ഞ്ചക്കഢ എന്ന് ജിബ്‌രീല്‍(അ) പറയാറുണ്ടായിരുന്നു. സ്രഷ്ടാവിന്റെ ആജ്ഞയില്ലാതെ ജിബ്‌രീല്‍(അ) അങ്ങനെ പറയില്ലല്ലോ.
ഇത്തരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എഴുതിയെടുക്കുന്ന വഹ്‌യ് എഴുത്തുകാരുടെ എണ്ണം ഇരുപത്തിയഞ്ച് പേരായിരുന്നു. എന്നാല്‍ ഈ എണ്ണത്തിലും കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നാല്‍പതോളമുണ്ടെന്ന ഒരഭിപ്രായമുണ്ട്. ഇബ്‌നു ഹദ്ദീദതുല്‍ അന്‍സാരി എഴുത്തുകാരുടെ എണ്ണം നാല്‍പത്തി നാലായി രേഖപ്പെടുത്തിയിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), മുആവിയ(റ), അബാനുബ്‌നു സഈദ്(റ), ഖാലിദുബ്‌നു വലീദ്(റ), ഉബയ്യ്ബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), സാബിതുബ്‌നു ഖൈസ് പ്രസിദ്ധരായ വഹ്‌യ് എഴുത്തുകാരില്‍ ചിലരാണ്.
ഒരു ഗ്രന്ഥ രൂപത്തിലല്ലെങ്കിലും ശിലകളിലും തോലുകളിലുമെല്ലാം ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിസൂക്ഷിക്കുന്ന പതിവ് നബി(സ്വ)യെ പോലെതന്നെ സ്വഹാബികളില്‍ ചിലര്‍ക്കുമുണ്ടായിരുന്നു. പലരും പല നിലക്കായിരുന്നു എഴുതിയെടുത്തിരുന്നത്. ചിലര്‍ ഒന്നോ രണ്ടോ സൂറതുകള്‍ മറ്റു ചിലര്‍ അഞ്ചോ പത്തോ. ഏതാനും ആയതുകള്‍ മാത്രം എഴുതിയെടുക്കുന്നവരുമുണ്ടായിരുന്നു. സൂറതുകളുടെയോ, ആയതുകളുടെയോ തുടര്‍ച്ചയും ക്രമീകരണവും അവര്‍ പരിഗണിച്ചിരുന്നുമില്ല. ഉമര്‍(റ)ന്റെ ഇസ്‌ലാം ആശ്ലേഷണത്തിന് കാരണമായ സംഭവം പ്രസിദ്ധമാണ്.
ഉമര്‍(റ) കേള്‍ക്കാനിടയായ ‘ത്വാഹാ സൂറത്’ രേഖപ്പെടുത്തിയ ഏട് സഹോദരി ഫാത്വിമ(റ)യുടെയും ഭര്‍ത്താവ് സഈദുബ്‌നു സൈദി(റ)ന്റെയും കൈവശമുണ്ടായിരുന്നു (സുനനു ദാറു ഖുത്‌നി 1-123). പ്രസ്തുത സംഭവം വിവിധ നിവേദനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. മറ്റൊരു ഹദീസില്‍ ഖുര്‍ആനുമായി ശത്രുക്കളുടെ ഭൂമിയിലേക്ക് യാത്ര പോകല്‍ നബി(സ്വ) നിരോധിച്ചതായി കാണാം (ബുഖാരി4/56). അതുപോലെ ശുദ്ധിയില്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന അംറുബ്‌നു ഹസ്മിന് നബി(സ്വ) എഴുതിയ രേഖയും പ്രസിദ്ധമാണ് (മുവത്വ 1-157). നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഇവകള്‍ക്കൊന്നും അര്‍ത്ഥമില്ലെന്ന് പറയേണ്ടിവരും. ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും നബി(സ്വ)യുടെ കാലത്തു തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ഒരു ഗ്രന്ഥരൂപത്തില്‍ ക്രമപ്രകാരം ക്രോഡീകരിച്ചില്ലെന്നു മാത്രം.
നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ പൂര്‍ണമായും ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. അബൂബക്കര്‍(റ)ന്റെയും ഉസ്മാന്‍(റ)ന്റെയും കാലത്ത് ഉയര്‍ന്ന പ്രതിസന്ധികളോ വെല്ലുവിളികളോ നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല. ഖുര്‍ആനിനെ രണ്ടു ചട്ടക്കുള്ളിലേക്ക് ഒരുമിച്ച് കൂട്ടേണ്ട ആവശ്യമില്ലാത്ത വിധം വള്ളി പുള്ളി വ്യത്യാസമില്ലാതെ സ്വഹാബീ ഹൃദയങ്ങള്‍ ഖുര്‍ആനിനെ ഏറ്റെടുത്തുപോന്നു. ഈ മന:പാഠ രീതിക്കപ്പുറം സംരക്ഷണാര്‍ത്ഥം ലിഖിതമായി ക്രമീകരിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനു പുറമെ അക്കാലത്ത് എഴുത്തും വായനയും അറിബികള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നില്ല എന്നതും ഗ്രന്ഥപ്രസിദ്ധീകരണ ശാലകളുടെ അഭാവവും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ മുന്‍ വേദഗ്രന്ഥങ്ങളെ പോലെ ഒരു തവണ പൂര്‍ണമായും അവതീര്‍ണ്ണമായതല്ല. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങളുമനുസരിച്ച് ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന കാലത്താണ് ഇറക്കപ്പെട്ടത്. ഇതിനിടക്ക് പാരായണത്തിലോ നിയമങ്ങളിലോ വന്നിരുന്ന നസ്ഖ് കാരണത്താലും ക്രോഡീകരിക്കപ്പെട്ടില്ല. നബി(സ്വ)യുടെ വഫാതിന് ശേഷം ഖുര്‍ആന്‍ അവതരണം പൂര്‍ണമാവുകയും നസ്ഖിന്റെ സാധ്യത നിലക്കുകയും ചെയ്തപ്പോള്‍ ലിഖിത ക്രോഡീകരണം സാധ്യമായി.
2. അബൂബക്കര്‍(റ)ന്റെ കാലത്ത്
നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ലിഖിത രൂപങ്ങള്‍ പലയിടങ്ങളില്‍ പല സ്വഹാബതിന്റെയടുക്കല്‍ സംരക്ഷിക്കപ്പെട്ടിരുന്നല്ലോ. എന്നാല്‍ അവ ക്രോഡീകൃതമല്ലായിരുന്നു. ചിലര്‍ തങ്ങള്‍ക്കാവശ്യമായവ എഴുതിയെടുത്ത് സൂക്ഷിച്ചു. മറ്റു ചിലര്‍ ക്രമമില്ലാതെ പല സൂറതുകളും രേഖപ്പെടുത്തി. മറ്റു ചിലര്‍ നസ്ഖ് ചെയ്യപ്പെട്ടവ എഴുതിയെടുത്തു. വ്യാഖ്യാന സഹിതം ഖുര്‍ആനിക വചനങ്ങള്‍ എഴുതി സൂക്ഷിച്ചവരും അവരിലുണ്ടായിരുന്നു.
നുബുവ്വത്തിന്റെ ദിവ്യപ്രഭ അസ്തമിച്ചു. ഇസ്‌ലാമിക ഖിലാഫത്തിന്റെ സാരഥ്യം അബൂബക്കര്‍(റ)ല്‍ ഏല്‍പിക്കപ്പെട്ട സന്ദര്‍ഭം. മുസ്‌ലിംകള്‍ നേരിട്ട പ്രതിസന്ധിയുടെ ഒരു ഘട്ടമായിരുന്നു അത്. തിരുനബി(സ്വ)യുടെ കാലശേഷം ദീനിന്റെ വ്യവഹാരങ്ങളെ തകര്‍ക്കും വിധം ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരോടുള്ള യുദ്ധം ഒരു അനിവാര്യതയായിരുന്നു. ഹിജ്‌റ പന്ത്രണ്ടാം വര്‍ഷം അരങ്ങേറിയ പ്രസിദ്ധമായ യമാമ യുദ്ധത്തില്‍ നിരവധി ഹാഫിളീങ്ങള്‍ ശഹീദായി. അബൂബക്കര്‍ (റ)വിന്റെ കാലത്ത് ഖുര്‍ആന്‍ സമ്പൂര്‍ണമായി ക്രോഡീകരിക്കാനും ഏകീകരിക്കാനുമുള്ള ആലോചനകള്‍ക്ക് ബീജാവാപം നല്‍കിയത് ഈയൊരു സാഹചര്യമായിരുന്നു.
അങ്ങനെ ഖുര്‍ആന്‍ പൂര്‍ണമായി രണ്ടു ചട്ടക്കുള്ളില്‍ ക്രോഡീകൃതമാവുന്നത് അബൂബക്ര്‍(റ)ന്റെ കാലത്താണ്. ക്രോഡീകരണത്തിന്റെ സാഹചര്യവും അബൂബക്ര്‍(റ)സ്വീകരിച്ച മാനദണ്ഡങ്ങളും സൈദുബ്‌നു സാബിത്(റ) വിശദീകരിക്കുന്നതായി ബുഖാരിയില്‍ കാണാം. ”യമാമ യുദ്ധാനന്തരം അബൂബക്ര്‍(റ)ന്റെ നിര്‍ദ്ദേശ പ്രകാരം അവിടുത്തെ സവിധത്തില്‍ സന്നിഹിതനായപ്പോള്‍ ഉമറും(റ) അവിടെ ഉണ്ടായിരുന്നു. അബൂബക്ര്‍(റ) എന്നോട് പറഞ്ഞു: ”ഉമര്‍(റ) പറയുന്നു; യമാമ ദിവസം നിരവധി ഹാഫിളീങ്ങള്‍ ശഹീദായിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഖുര്‍ആന്‍ വലിയൊരു ഭാഗം തന്നെ നഷ്ടപ്പെടാന്‍ ഇട വന്നേക്കും. ഈയൊരു ഘട്ടത്തില്‍ ഖുര്‍ആന്‍ ക്രോഡീകരണത്തിന് നിങ്ങള്‍ മുന്നിട്ടിറങ്ങണമെന്നാണ് എന്റെ പക്ഷം. ഞാന്‍ ഉമറി(റ)നോട് പ്രതിവചിച്ചു: നബി(സ്വ) ചെയ്യാത്ത ഒരു കാര്യം നാമെങ്ങനെ ചെയ്യും?”
ഉമര്‍(റ)വിന്റെ മറുപടി: അല്ലാഹു സത്യം, നിശ്ചയം ഇത് അത്യുത്തമമായ കാര്യമാണ്. ശേഷം ഉമര്‍(റ) എന്നോട് ഈ വിഷയം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ വിഷയത്തിന്റെ ഗൗരവം എനിക്കും ബോധ്യപ്പെട്ടു. ഇതു പറഞ്ഞ ശേഷം അബൂബക്കര്‍(റ) എന്നോടായി പറഞ്ഞു: ”നിങ്ങള്‍ ബുദ്ധിമാനും ഹൃദിസ്ഥ ശേഷിയുമുള്ള യുവാവാണ്. നിങ്ങളെക്കുറിച്ച് യാതൊരു മോശാഭിപ്രായവും ഞങ്ങള്‍ക്കില്ല. മാത്രവുമല്ല, നിങ്ങള്‍ നബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനുമായിരുന്നല്ലോ. അതുകൊണ്ട് ഖുര്‍ആന്റെ മുഴുവന്‍ വചനങ്ങളും അന്വേഷിച്ച് ക്രോഡീകരിക്കാന്‍ നിങ്ങളാണ് ഏറ്റവും അഭികാമ്യന്‍” സൈദ്(റ) പറയുന്നു: ”അല്ലാഹു സത്യം, ഒരു പര്‍വ്വതം ചുമക്കാനാണ് എന്നെ ചുമതലപ്പെടുത്തിയിരുന്നതെങ്കില്‍ ഖുര്‍ആന്‍ ക്രോഡീകരണത്തിനേക്കാള്‍ അത് എനിക്ക് എളുപ്പമായിരുന്നു. അബൂബക്കര്‍(റ) ചോദിച്ച പോലെ ഞാനും ചോദിച്ചു: ”നബി(സ്വ) നടപ്പിലാക്കാത്ത ഒരു കാര്യം എങ്ങനെ നാം നടപ്പാക്കും” അദ്ദേഹം പറഞ്ഞു: അല്ലാഹു സത്യം, ഇത് അത്യുത്തമവും അനിവാര്യവുമായ കാര്യമാണ്. പിന്നീട് നിരവധി തവണ ഈ ആവശ്യം അദ്ദേഹം എന്നോട് ഉയര്‍ത്തിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹത്തിന് ബോധ്യപ്പെട്ടതുപോലെ അല്ലാഹു എനിക്കും ഉദ്‌ബോധനം നല്‍കി. അവരുടെ അഭിപ്രായം ശരി തന്നെ. തുടര്‍ന്ന് ഞാന്‍ ഖുര്‍ആനിക വചനങ്ങള്‍ അന്വേഷിക്കാനും ക്രോഡീകരിക്കാനും ശ്രമമാരംഭിച്ചു. ശിലകളില്‍ നിന്നും ഫലകങ്ങളില്‍ നിന്നും മനുഷ്യ ഹൃദയങ്ങളില്‍ നിന്നുമായിരുന്നു ക്രോഡീകരണം. അവയില്‍ സൂറതു തൗബയുടെ അവസാന ഭാഗങ്ങള്‍ ഞാന്‍ അബൂഹുസൈമ(റ)യുടെ അടുക്കലെ എത്തിച്ചുള്ളൂ ഇവിടെ ഉമര്‍(റ) മുന്നോട്ടുവെച്ച ഖുര്‍ആന്‍ ക്രോഡീകരണമെന്ന ആശയം ഖുര്‍ആന്‍ സംരക്ഷണത്തിന്റെ അനിവാര്യതയായിരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ ഖുര്‍ആന്‍ സംരക്ഷണത്തിന് അറബികളുടെ മന:പാഠ രീതികള്‍ക്കപ്പുറം ലിഖിത സംരക്ഷണം ആവശ്യമില്ലാത്ത സാഹചര്യമായിരുന്നു അതുവരെ ഉണ്ടായിരുന്നത.് യമാമ യുദ്ധം ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ അനിവാര്യതക്ക് സാഹചര്യം സൃഷ്ടിച്ചു. നബി(സ്വ) നടപ്പിലാക്കാത്ത കാര്യമായതുകൊണ്ട് ഇത് ദീനില്‍ കടത്തിക്കൂട്ടിയതാണെന്ന് പറയാനൊക്കില്ല. നബി(സ്വ)യുടെ കാലത്തു തന്നെ എഴുതപ്പെട്ടത് പൂര്‍ണമായും ക്രോഡീകരിച്ചെന്ന് മാത്രം. എന്റെയും എന്റെ ശേഷമുള്ള ഖുലഫാഉറാഷിദിന്റെയും മാര്‍ഗം നിങ്ങള്‍ പിന്തുടരുക. എന്നാശയം വരുന്ന തിരുവചനം ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
സൈദുബ്‌നു സാബിതി(റ)ന്റെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആന്‍ ക്രോഡീകരണം എല്ലാ നിലക്കും സമ്പൂര്‍ണമായിരുന്നു. ഖുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമുള്ള സൈദി(റ)ന് തന്നെ ഖുര്‍ആന്‍ സ്വയം ക്രോഡീകരിക്കാന്‍ സാധിക്കുമായിരുന്നു. അതിനു പുറമേ അന്ന് ജീവിച്ചിരുന്ന ആയിരക്കണക്കിന് ഹാഫിളുകള്‍ക്ക് ഒരുമിച്ചുകൂടി ഖുര്‍ആന്‍ ക്രോഡീകരിക്കാമായിരുന്നു. എന്നാല്‍ സൂക്ഷ്മതയുടെ ഉത്തുംഗ രൂപമാണ് സൈദ്(റ) സ്വീകരിച്ചത്. ഏതെങ്കിലും ഒരു മാര്‍ഗം അവലംബമാക്കുന്നതിനു പകരം എല്ലാ രീതിയിലും മൊത്തം വചനങ്ങള്‍ തേടിപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിനായി നബി(സ്വ)യുടെ കാലത്ത് എഴുതപ്പെട്ട ലിഖിത രൂപങ്ങള്‍ സൈദി(റ)ന്റെയടുക്കല്‍ കൊണ്ടുവരാനുള്ള ഒരു വിളംബരവും പുറപ്പെടീച്ചു. എന്നാല്‍ അങ്ങനെ കൊണ്ടുവരപ്പെടുന്ന ഖുര്‍ആന്‍ വചനങ്ങളെ സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. ക്രോഡീകരണത്തിന് നേതൃത്വം നല്‍കുന്ന സൈദ്(റ)വും അബൂബക്കര്‍(റ)വും ഉമര്‍(റ)വും ഹാഫിളുകളായിരിക്കെ അവരുടെ സാന്നിധ്യത്തില്‍ കൂടിയാലോചനക്ക് വിധേയമാക്കപ്പെടും. നബി(സ്വ)യുടെ സവിധത്തില്‍ അംഗീകാരം നല്‍കപ്പെട്ട ലിഖിത രൂപങ്ങളാണെന്ന് സാക്ഷ്യം വഹിക്കുന്ന രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മാത്രമേ അവ സ്വീകരിച്ചിരുന്നുള്ളൂ. പ്രസ്തുത വചനങ്ങള്‍ നബി(സ്വ)യുടെ വഫാതിന്റെ വര്‍ഷത്തില്‍ നബി(സ്വ)യെ കേള്‍പ്പിക്കുകയും ഏഴ് ഖിറാഅത്തുകളുമായി യോജിപ്പുള്ളവയാണെന്ന് നബി(സ്വ) വാസ്തവപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തപ്പെടുമായിരുന്നു (ഇത്ഖാന്‍).
വിശുദ്ധ ഖുര്‍ആന്റെ ഈ പ്രഥമ ക്രോഡീകരണം മുഴുവന്‍ സ്വഹാബത്തിന്റെയും ഏകോപനം കൊണ്ട് സ്ഥിരപ്പെട്ടതും മുഴുവന്‍ ആയതുകളും തവാതുറായി രേഖപ്പെടുത്തപ്പെട്ടതുമാണ്. അബൂബക്കര്‍(റ)വിന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണത്തിന് മുമ്പ് നബി(സ്വ)യുടെ വഫാതാനന്തരം അലി(റ) ഖുര്‍ആന്‍ ക്രോഡീകരിച്ചിരുന്നു.എന്നാല്‍ മുഴുവന്‍ സ്വഹാബത്തിന്റെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടാത്തതിനാല്‍ അത് പ്രഥമ ഖുര്‍ആന്‍ ക്രോഡീകരണമായി അംഗീകരിക്കുന്നില്ല. അതുപോലെ മറ്റു ചില സ്വഹാബാക്കളും ഖുര്‍ആന്റെ പൂര്‍ണ രൂപം രേഖപ്പെടുത്തിയിരുന്നു. ഇവിടെ തൗബ സൂറതിലെ അവസാന സൂക്തങ്ങളെ അബൂഹുസൈമ(റ)യില്‍ നിന്ന് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് സൈദുബ്‌നു സാബിത്(റ) പറഞ്ഞതു സംബന്ധിയായി സംശയമുണ്ടായേക്കാം. രണ്ടു സാക്ഷികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ആയതുകള്‍ സ്വീകരിക്കപ്പെട്ടിരുന്നതെന്നും സമ്പൂര്‍ണമായും തവാതുറായി രേഖപ്പെടുത്തപ്പെട്ടുവെന്നും പറയുമ്പോള്‍ ഇതെങ്ങനെ സാധ്യമാക്കും? എന്നാല്‍ ഈ ആയത് അബൂഹുസൈമ(റ)ല്‍ നിന്ന് മാത്രമാണ് സൈദ്(റ) സ്വീകരിച്ചത് എന്നതിന്റെ വിവക്ഷ അദ്ദേഹമല്ലാത്തവര്‍ക്കാര്‍ക്കും ഇത് ഓര്‍മയില്ലായിരുന്നുവെന്നോ മറ്റുള്ളവരുടെ അടുക്കല്‍ ഇത് ലിഖിത രൂപത്തില്‍ ഇല്ലായിരുന്നുവെന്നോ അല്ല. നബി(സ്വ)യുടെ സവിധത്തില്‍ വാസ്തവപ്പെടുത്തിയ ലിഖിത രൂപങ്ങളുമായി വന്നവരില്‍ ഈ ആയത് അബൂഹുസൈമ(റ)യില്‍ നിന്ന് മാത്രമാണ് ലഭിച്ചത് എന്നാണ്. തൗബ സൂറതിലെ ഈ ആയതുകള്‍ നിരവധി സ്വഹാബികള്‍ക്ക് മന:പാഠമുണ്ടായിരുന്നു. ചിലരുടെ അടുക്കല്‍ ലിഖിത രൂപത്തില്‍ തന്നെ കൈവശമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തവാതുറായി അംഗീകരിക്കപ്പെടാന്‍ ആവശ്യമായ എണ്ണം സ്വഹാബത്ത് മന:പാഠമാക്കി അവ സംരക്ഷിച്ചത് മൂലം ഈ ആയതുകള്‍ തവാതുറായി രേഖപ്പെടുത്തപ്പെട്ടവ തന്നെയാണ്. ലിഖിത രൂപത്തേക്കാള്‍ അവരുടെയടുക്കല്‍ പ്രചാരത്തിലുണ്ടായിരുന്നത് മന:പാഠ രീതിയിലുള്ള സംരക്ഷണമായിരുന്നല്ലോ.
അബൂബക്കര്‍(റ)വിന്റെ കാലത്ത് ക്രോഡീകരിച്ച് തയ്യാറാക്കപ്പെട്ട ഖുര്‍ആന്റെ ഈ പ്രഥമ പ്രതി വിവിധ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. ആയതുകളുടെ ക്രമീകരണം നബി(സ്വ)യുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ക്രമീകരിച്ചതെങ്കിലും സൂറതുകള്‍ ക്രമപ്രകാരമായിരുന്നില്ല. പ്രബലമായ ഹദീസുകളെ കൊണ്ട് സ്ഥിരപ്പെട്ട ഖുര്‍ആന്റെ സപ്താക്ഷര അവതരണം പ്രസ്തുത പ്രതിയില്‍ സമ്മേളിച്ചിരുന്നു. അതുപോലെ പാരായണം നസ്ഖ് ചെയ്യപ്പെടാത്ത സൂക്തങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഖുര്‍ആന്റെ ഈ പ്രഥമ പതിപ്പ് വഫാത് വരെ അബൂബക്കര്‍(റ)ന്റെ കൈവശമായിരുന്നു. വഫാതാനന്തരം ഉമര്‍(റ)ന് കൈമാറ്റം ചെയ്യപ്പെട്ടു. ഉമര്‍(റ)ന്റെ ശേഷം പ്രസ്തുത പ്രതി സൂക്ഷിച്ചിരുന്നത് ഹഫ്‌സ(റ)ന്റെ അടുക്കലായിരുന്നു.
3. ഉസ്മാന്‍(റ)ന്റെ കാലത്ത്
ഖുര്‍ആന്റെ ലിഖിതമായ ക്രോഡീകരണത്തിന്റെ രണ്ടാം ഘട്ടമാണ് ഉസ്മാന്‍(റ)ന്റെ കാലത്ത് നടന്നത്. പാരായണ ശൈലിയിലുള്ള ഭിന്നാഭിപ്രായങ്ങള്‍ ഖുര്‍ആന്‍ സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചതാണ് പ്രസ്തുത ക്രോഡീകരണത്തിന്റെ കാരണം. നബി(സ)യുടെയും സിദ്ധീഖ്(റ)ന്റെയും കാലത്ത് ഏഴ് രൂപത്തിലുള്ള ഖിറാഅത്തുകള്‍ അനുവദിക്കപ്പെട്ടിരുന്നു. ഈ സപ്ത രൂപങ്ങള്‍ക്കു പുറമെ വിവിധങ്ങളായ പാരായണ ശൈലികളും അനുവദിച്ചിരുന്നു. ഇസ്‌ലാമിന്റെ പ്രാഥമിക ഘട്ടങ്ങളില്‍ വിശുദ്ധ ഖുര്‍ആന് കൂടുതല്‍ പ്രചുര പ്രചാരം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഉച്ചാരണത്തില്‍ ഈ ഇളവ് അനുവദിച്ചിരുന്നത്. ഉസ്മാന്‍(റ) ഭരണ സാരഥ്യം ഏറ്റെടുക്കുമ്പോഴേക്ക് ഇസ്‌ലാമിക ലോകം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പുതിയ ഊര്‍ജമെത്തിയ പ്രദേശങ്ങളില്‍ ഈ പാരായണ ശൈലികള്‍ അനുവര്‍ത്തിക്കപ്പെട്ടു. ഓരോ പ്രദേശക്കാരും അവര്‍ക്കിടയില്‍ പ്രസിദ്ധി നേടിയ സ്വഹാബത്തിന്റെ പാരായണ ശൈലി അനുവര്‍ത്തിച്ചു പോന്നു. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിലുള്ള അടിസ്ഥാന തത്വങ്ങള്‍ വേണ്ട വിധം ഉള്‍ക്കൊള്ളാത്തതിനാല്‍ പാരായണ ശൈലിയില്‍ അനുവദിക്കപ്പെട്ട വൈജാത്യങ്ങള്‍ മുസ്‌ലിം ഉമ്മത്തിനിടയില്‍ ഭിന്നിപ്പും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാന്‍ കാരണമായി. ഓരോരുത്തരും തങ്ങളോതുന്നതാണ് ശരി എന്നവകാശവാദവുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ നബി(സ) അംഗീകരിച്ച ഏഴ് ഖിറാഅത്തും യഥാവിധി ഉള്‍ക്കൊള്ളുന്നതും അഭിപ്രായ ഭിന്നതകള്‍ക്കിട വരാത്ത വിധം പാരായണ ശൈലികളെ ഏകീകരിക്കുന്നതുമായ ക്രോഡീകൃത ഗ്രന്ഥത്തിന്റെ ആവശ്യകതയാണ് ക്രോഡീകരണത്തിന്റെ പുനരാവിഷ്‌കാരത്തിന് വഴി തെളിച്ചത്.
ഖുര്‍ആന്റെ രണ്ടാം ഘട്ട ക്രോഡീകരണത്തിന് വഴി തെളിച്ച കാരണങ്ങള്‍ ചരിത്ര രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പാരയണ ശൈലികളിലെ വൈജാത്യങ്ങള്‍ മൂലം മുസ്‌ലിം സമൂഹത്തില്‍ ഉടലെടുത്ത ഭിന്നിപ്പ് ഹുദൈഫതുല്‍ യമാനി(റ) ഖലീഫ ഉസ്മാന്‍(റ)വിനെ ഉണര്‍ത്തി. വിശയത്തിന്റെ ഗൗരവം ഉസ്മാന്‍(റ)വിന് ബോധ്യമാവുകയും പ്രമുഖരായ സ്വഹാബാക്കളെ ഒരുമിച്ച് കൂട്ടി തദ്‌വിഷയകമായി കൂടിയാലോചന നടത്തുകയും ചെയ്തു. ഇനിയൊരിക്കലും അഭിപ്രായാന്തരങ്ങളോ ഭിന്നതകളോ ഉണ്ടാകാത്ത വിധം പാരായണ ശൈലികളെ ഏകീകൃതമാക്കുന്ന തരത്തില്‍ പുനക്രോഡീകരണം നടത്താനുള്ള ഉസ്മാന്‍(റ)വിന്റെ അഭിപ്രായത്തെ സ്വഹാബികളെല്ലാം ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന് സൈദുബ്‌നു സാബിത്ത്(റ), അബ്ദുല്ലാഹി ബ്‌നു സുബൈര്‍(റ), സഈദുബ്‌നു ആസ്(റ), അബ്ദുറഹ്മാനുബ്‌നു ഹാരിസിബ്‌നു ഹിശാം(റ) എന്നീ നാല് പ്രമുഖ സ്വഹാബികളുടെ ഒരു സംഘത്തെ ഉസ്മാന്‍(റ) നിയോഗിക്കുകയും അവരോട് അബൂബക്കര്‍(റ)വിന്റെ കാലത്തെ ഖുര്‍ആനിനെ ആസ്പദമാക്കി അധ്യായങ്ങളും കൂടി ക്രമീകൃത രൂപത്തില്‍ ക്രോഡീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നബി(സ)യുടെ ശൈലി ആയതു കൊണ്ടും പ്രഥമമായി ഖുര്‍ആന്‍ അവതീര്‍ണമായത് കൊണ്ടും ഖുറൈശീ ശൈലിയിലാണ് ഉസ്മാന്‍(റ) ക്രോഡീകരിക്കാന്‍ തീരുമാനിച്ചത്. പ്രസ്തുത സംഘത്തില്‍ സൈദ്(റ) അന്‍സാരിയും ബാക്കി മൂന്ന് പേര്‍ ഖുറൈശികളുമായിരുന്നു. അബൂബക്കര്‍(റ)ന്റെ കാലത്തെ ക്രോഡീകരണത്തിന് നേതൃത്വം നല്‍കിയ സൈദ്(റ) തന്നെ ഇവിടെ മുന്‍കയ്യെടുത്തെന്ന് വരുമ്പോള്‍ കുറ്റമറ്റ രീതിയിലാണ് ക്രോഡീകരണം സാധ്യമാക്കിയതെന്ന് സുഗ്രാഹ്യമാണ്.
പ്രചാരത്തിലുള്ള മുഴുവന്‍ ഖിറാഅത്തും ഉള്‍ക്കൊള്ളാന്‍ വേണ്ടി ഹറകത്തുകളും പുള്ളികളും നല്‍കാതെ ക്രോഡീകരിക്കാനാണ് തീരുമാനിച്ചത്. അതേ സമയം ഭിന്നിപ്പിന് ഹേതുവായ പാരയണ ശൈലികളെ ഖുറൈശീ ശൈലിയിലേക്ക് മാത്രം ഏകീകരിച്ചു. സൂറത്തുകളെയും ആയത്തുകളെയും ഇന്ന് കാണുന്ന രൂപത്തില്‍ ക്രമീകരിച്ചു തയ്യാറാക്കപ്പെട്ട പ്രതിയുടെ വിവിധ പകര്‍പ്പെടുത്ത് വ്യത്യസ്ത നാടുകളിലേക്ക് കൊടുത്തയച്ച് ഇത്തരത്തില്‍ ഖുര്‍ആനിന്റെ നിശ്ചിത കോപ്പികള്‍ തയ്യാറാക്കിയ ശേഷം സ്വഹാബികളുടെ അടുക്കലുള്ള ബാക്കി മുഴുവന്‍ ഒറ്റപ്പെട്ട പ്രതികളും കരിച്ചു കളയാന്‍ ഉസ്മാന്‍(റ) ആഹ്വാനം ചെയ്തു. കാരണം വിശുദ്ധ ഖുര്‍ആന്‍ പാരായണ ശൈലികളിലുള്ള അഭിപ്രായാന്തരങ്ങളില്ലതെ നിലനില്‍ക്കേണ്ട അനിവാര്യതയായിരുന്നു പ്രസ്തുത ക്രോഡീകരണത്തിന്റെ അത്യന്തിക ലക്ഷ്യം. ഉസ്മാന്‍(റ)ന്റെ കാലത്തെ ക്രോഡീകരണം പല സവിശേഷതകളും ഉള്‍ക്കൊള്ളുന്നവയായിരുന്നു. തവാതുറായി സ്ഥിരപ്പെടുത്തപ്പെട്ടവ മാത്രം ഉള്‍പ്പെടുത്തുകയും പാരായണം മന്‍സൂഖായത് ഒഴിവാക്കപ്പെടുകയും ചെയ്തു. അബൂബക്കര്‍(റ)ന്റെ കാലത്ത് തയ്യാറാക്കപ്പെട്ട പ്രതിയില്‍ സൂറത്തുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നില്ല. അവ യഥാക്രമം ക്രോഡീകരിച്ചു. ഖുര്‍ആനിന്റെ സമ്പൂര്‍ണമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത മുസ്ഹഫ് നിലനില്‍ക്കാന്‍ മറ്റുള്ളവ കരിച്ചു കളയല്‍ അനിവാര്യമായി വന്നു. ഖുര്‍ആനിന്റെ സംരക്ഷണത്തിനുള്ള ഈ അനിവാര്യത മനസ്സിലാക്കി സ്വഹാബത്ത് മുഴുവനും ഉസ്മാന്‍(റ)വിന്റെ തീരുമാനത്തോട് ഏകകണ്ഠമായി യോജിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here