ഖുര്‍ആനിലെ യേശു-2

റശാദ് ബുഖാരി വയനാട്‌

0
2564

ബൈബിള്‍ സാക്ഷ്യം
യേശുവിന്റെ അത്ഭുത ജന്മവും അമാനുഷികതയും ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവര്‍ ഉന്നയിക്കുന്ന വാദഗതികളെ ബൈബിളിന്റെ കൂടി അടിസ്ഥാനത്തില്‍ പരിശോധനക്കു വിധേയമാക്കാം.
അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും തങ്ങള്‍ ദൈവ ദൂതന്മാരാണെന്ന് ബോധ്യപ്പെടുത്താനുതകും വിധം ചില അസാധാരണ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാചകന്മാര്‍ നിരവധി അമാനുഷിക കാര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇവയെല്ലാം അല്ലാഹു നല്‍കിയ കഴിവനുസരിച്ചാണ്. അവര്‍ക്ക് സ്വയം ഒന്നും തന്നെ ചെയ്യുന്നവരല്ല. എന്നല്ല ഈ അമാനുഷികതയൊന്നും അവരെ ദൈവിക പദവിയിത്തിലേക്ക് ഉയര്‍ത്തുകയുമില്ല. ഈസാ നബിയെക്കുറിച്ച് നാം വായിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ ക്രൈസ്തവ ജല്‍പനങ്ങളും ബൈബിള്‍ വചനങ്ങളും ചേര്‍ത്ത് പരിശോധിക്കാം.

ഈസാ(അ) പ്രവാചകന്‍
ഈസാ(അ) ബനൂ ഇസ്രാഈലിലേക്കു നിയോഗിതനായ പ്രവാചകനും അല്ലാഹുവിന്റെ അടിമയുമാണെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ബൈബിളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചില ഉദ്ധരണികള്‍ കാണുക.
‘എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു. അവനോട് കേട്ടതു തന്നെ ഞാന്‍ ലോകത്തോട് സംസാരിക്കുന്നു. (യോഹ: 8:26).
എന്റെ ഉപദേശം എന്റേതല്ല. എന്നെ അയച്ചവന്റേതത്രെ. അവന്റെ ഇഷ്ടം ചെയ്യാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും. സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു. തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവര്‍ സത്യവാന്‍ ആകുന്നു. നീതികേട് അവനിലില്ല (യോഹ 7:6-18, (ഇനിയും കാണുക: ലൂക്കോ 9:48, മത്താ 5:17, 6:4).
യേശുവിന്റെ സമകാലികര്‍ ഈ സത്യം മനസ്സിലാക്കിയിരുന്നു. ബൈബിളില്‍ നിന്നുതന്നെ ഉദ്ധരിക്കാം:
‘അവന്‍ (യേശു) ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ട് ലോകത്തിലേക്ക് വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു’ (യോഹ: 6:14).
‘അവന്‍ യേറൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവന്‍ ഇളകി ഇവന്‍ ആര് എന്ന് പറഞ്ഞു. ഇവന്‍ ഗലീലിയോ നസദേത്തില്‍ നിന്നുള്ള പ്രവാചകനായ യേശു എന്ന് പുരുഷാരം പറഞ്ഞു. (മത്താ: 21:10-11). (നോക്കുക: മത്താ 2:46, യോഹ 9:17, 4:19).

ബനൂ ഇസ്രാഈലിലേക്ക്
ബനൂ ഇസ്രാഈലിലേക്കാണ് ഈസാ നബി(അ) നിയോഗിതനായത്. അവിടുന്ന് പ്രബോധനം ചെയ്തതും തന്റെ ശിഷ്യരോട് പ്രബോധനം ചെയ്യാന്‍ കല്‍പിച്ചതും ബനൂ ഇസ്രാഈലുകാരെയായിരുന്നു. ഇത് ബൈബിളിലും നമുക്ക് കാണാം. അവന്‍ (യേശു) മറുപടി പറഞ്ഞു: ഇസ്രയേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ എന്നെ സഹായിക്കേണമേ എന്ന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല’ (മത്താ 15:24-26).
ഈ പന്ത്രണ്ടു പേരെയും (അപ്പോസ്തലന്മാര്‍) യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു. നിങ്ങള്‍ വിജാതീയരുടെയടുത്തേക്ക് പോകരുത്. സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത ഇസ്രയേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍’ മത്താ 10:5-7).

ത്രിയേകത്വത്തിന്നെതിരെ ബൈബിള്‍
മറ്റെല്ലാ പ്രവാചകന്മാരെയും പോലെ ഏകദൈവ വിശ്വാസമാണ് ഈസാ നബി(അ) പ്രചരിപ്പിച്ചത്. ഇത് നാം ഖുര്‍ആനില്‍ നിന്ന് നേരത്തെ വായിച്ചു. എന്നാല്‍ പില്‍കാല സമൂഹം ബഹുദൈവാരാധകരും ബഹുദൈവ വിശ്വാസികളുമായി. ത്രിയേകത്വമെന്ന അബദ്ധജഢിലമായ വിശ്വാസമാണ് അവര്‍ക്കുള്ളത്. ദൈവം, പരിശുദ്ധാത്മാവ്, ദൈവവചനം ഇവ മൂന്നും കൂടിയ ഒന്നിലാണ് അവര്‍ വിശ്വസിക്കുന്നത്. സാര്‍വത്രികമായുള്ള ത്രിയേകത്വ വിശ്വാസമാണിത്. എന്നാല്‍ യഹോവ, യേശു, കന്യാമറിയം എന്നീ മൂന്നെണ്ണത്തെ ചേര്‍ത്തുള്ള വിശ്വാസവുമുണ്ട്. ഇനി ബൈബിള്‍ ഇതേപ്പറ്റി എന്തു പറയുന്നു എന്ന് നോക്കാം.
ബൈബിള്‍ മുഴുക്കെ ഏകദൈവ വിശ്വാസമാണ് നാം കാണുന്നത്. നാല് സുവിശേഷങ്ങളിലും (മത്തായി, ലൂക്കോസ്, മാര്‍ക്കോസ്, യോഹന്നാന്‍) യേശുവിന്റെ അധ്യാപകനായി ചേര്‍ത്തിട്ടുള്ളതും ഏകദൈവ വിശ്വാസം തന്നെയാണ്. ഉദാഹരണമായി ചിലത് ചുവടെ ചേര്‍ക്കാം:
‘ഒരു പ്രമാണി അവനോട് നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അതിന് യേശു എന്നെ നല്ലവന്‍ എന്ന് പറയുന്നതെന്ത്? ദൈവം ഒരുവന്‍ അവനല്ലാതെ നല്ലവന്‍ ആരുമില്ല.’
മാര്‍കോ 10:17, ലൂക്കോ 18:18-19, യോഹ 10:17,18.
‘ഇസ്രായേലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവ് ഏകകര്‍ത്താവ്, നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക’ (മാര്‍: 12:30-31).
‘ഇസ്രയേലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവ്. ആ: പുസ: 6:4).
അധിക വായനക്ക് നോക്കുക: മത്താ 7:21, 40:10, ലൂക്കോ 4:8, മാര്‍ 12:32-34, യോഹ 8:50, ആ.പു 5:6,7, 4:39).
എന്നാല്‍ യേശുവിന്റെ കാലശേഷമാണ് ഈ വിശ്വാസം കടന്നുവന്നത്. യഥാര്‍ത്ഥത്തില്‍ പൗലോസിന്റെ സിദ്ധാന്തങ്ങളാണ് ആധുനിക ക്രൈസ്തവ മതത്തിലധികവും നിലനില്‍ക്കുന്നത്. (യേശുവിന്റെ ശിഷ്യരെയടക്കം വിശ്വാസികളായവരെ അക്രമിക്കുകയും പിന്നീട് യേശുവിന്റെ ഉയിര്‍പ്പിനു ശേഷം സ്വയം പ്രഖ്യാപിതനായ ശിഷ്യനായി അവതരിക്കുകയും ചെയ്ത യഹൂദനാണ് പൗലോസ്. ഇയാളാണ് പിന്നീട് യേശുവിന്റെ അധ്യാപനങ്ങളെയും ശിഷ്യന്മാരായ അപ്പോസ്തലന്മാരെയും തള്ളി ആധുനിക ക്രൈസ്തവ മതം സ്ഥാപിച്ചത്).
‘ത്രിയേകത്വ വിശ്വാസം ക്രിസ്തുമത്തിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് ബെറി എഴുതുന്നു: ”തന്റെ മതത്തിലേക്ക് ജൂതരെ ആകര്‍ഷിക്കാന്‍ ജൂത മതാധ്യാപനങ്ങളും തത്വശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ ഗ്രീക്കു ചിന്തകളും കൂട്ടി ചേര്‍ത്തു. യേശു രക്ഷകനും സര്‍വലോക പ്രഭുവും ആണെന്ന് പറഞ്ഞു. ലോകത്തിന്റെ രക്ഷ അദ്ദേഹത്തിലൂടെയാണ്, യവന ചിന്തകന്മാരുടെ ദൈവം ഭൂമിയുമായി വചനത്തിലൂടെയോ ദൈവ പുത്രനിലൂടെയോ, പരിശുദ്ധാത്മാവിലൂടെയോ ബന്ധപ്പെടുന്നുവെന്ന ചിന്ത അതേ രൂപത്തില്‍ ക്രിസ്തു മതത്തിലേക്ക് പകര്‍ത്തി.
മനുഷ്യ ബുദ്ധിക്കും ബൈബിളിന്റെ അധ്യാപനങ്ങള്‍ക്കും യോജിക്കാത്ത ത്രിയേകത്വ വിശ്വാസത്തെക്കുറിച്ച് ക്രൈസ്തവര്‍ തന്നെ പറയുന്നു: ”ലഭിച്ചിരിക്കുന്ന ക്രിസ്തീയ രേഖകള്‍ അനുസരിച്ച് ആദിമ സഭ ത്രിത്വോപദേശത്തെക്കുറിച്ച് വളരെയൊന്നും ചിന്തിച്ചിരുന്നില്ല എന്ന് വേണം അനുമാനിക്കാന്‍. (ക്രിസ്തുവും ചോദ്യങ്ങള്‍ക്ക് മറുപടി – ഇബ്‌നുജദീദ്: 14).
അദ്ദേഹം തുടരുന്നു: ”ഏതായാലും വിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഉപദേശം ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല’ (കയശറ 16).
കോണ്‍സ്റ്റാന്‍ലിന്‍ ചക്രവര്‍ത്തി വിളിച്ചു ചേര്‍ത്ത നിഖയാ സുനഹദോസിലാണ് ത്രിത്വം ക്രൈസ്തവ വിശ്വാസത്തിന്റെ മൂലസംഹഹിതയായി പ്രഖ്യാപിച്ചത്. പ്രസ്തുത സുനഹജാസില്‍ പങ്കെടുത്ത ആകെ 2048 അംഗങ്ങളില്‍ 1731 ആളുകളും ഈ സിദ്ധാത്തത്തെ എതിര്‍ക്കുന്നവരായിരുന്നു. ഏതായാലും അപ്പോസ്തലന്മാരുടെ കാലത്തും രണ്ടാം നൂറ്റാണ്ട് വരെയും ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് സൂക്ഷ്മമായ ഒരു രൂപം നല്‍കുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല എന്ന് ക്രൈസ്തവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. (മിശിഹായുടെ വ്യക്തിത്വം: 71).
ക്രൈസ്തവരുടെ ഈ ബഹുദൈവ വിശ്വാസത്തെ എതിര്‍ത്തുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ അവിശ്വാസികളായിരിക്കുന്നു. തീര്‍ച്ച, ഏക ആരാധ്യനില്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ പിടികൂടുക തന്നെ ചെയ്യും’ (മാഇദ: 73).
അന്ത്യനാളില്‍ ദൈവിക കോടതിയില്‍ യേശു ഇവരെ കൈവെടിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്ന സന്ദര്‍ഭം – ഓ, ഈസാ അല്ലാഹുവിനു പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍ എന്ന് നീ ജനങ്ങളോട് കല്‍പ്പിച്ചുവോ? ഈസാ നബി പറയും: നിന്റെ വിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. എനിക്ക് പറയാനാവകാശമില്ലാത്തത് ഞാനെങ്ങനെ പറയും. ഞാനത് പറഞ്ഞിരുന്നുവെങ്കില്‍ നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീയാണ് അദൃശ്യമറിയുന്നവന്‍ (മാഇദ്: 116).
ഈസാ നബി(അ) തന്റെ നിരപരാധിത്വം വിളിച്ചു പറയും. ‘നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാനവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ എടുത്തപ്പോള്‍ (ഉയര്‍ത്തിയപ്പോള്‍) നീയാണ് അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു (കയശറ: 117).

യേശു കുരിശിലേക്കേറിയോ?
ക്രൈസ്തവ വിശ്വാസത്തിന്റെ അസ്ഥിവാരമാണ് പാപ പരിഹാര സിദ്ധാന്തം. യേശു ക്രിസ്തുവെന്ന നിഷ്‌കളങ്കനായ വ്യക്തിയുടെ രക്തം ഒഴുക്കാതെ മനുഷ്യരുടെ പാപത്തില്‍ നിന്നുള്ള വിമോചനം സാധ്യമല്ല എന്ന പൗലോസിന്റെ പ്രഖ്യാപനത്തിന് അബുല്‍ മസീഹ് എഴുതുന്നു. അവന്‍ നമ്മുടെ എല്ലാം അകൃത്യങ്ങളെയും ചുമന്നുകൊണ്ട് കാല്‍വറി ക്രൂശില്‍ മരിച്ചതിനാല്‍ അവനില്‍ വിശ്വസിക്കുന്ന ഓരോരുത്തനും ദൈവക്രോധത്തില്‍ നിന്ന് വിടുതല്‍ ലഭിക്കുന്നു (ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് …..)
യേശു ക്രൂശിക്കപ്പെട്ടു എന്ന ക്രൈസ്തവ വിശ്വാസത്തെ ഖുര്‍ആന്‍ നിശിതമായി എതിര്‍ക്കുന്നു. ഖുര്‍ആന്‍ പറയുന്നു: (അല്ലാഹുവിന്റെ ദൂതനായ ഈസയെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ക്ക് ശാപം) വാസ്തവത്തില്‍ അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടില്ല, കൊലപ്പെടുത്തിയിട്ടുമില്ല. പകരം അവര്‍ക്ക് തിരിച്ചറിയാതെയാവുകയാണുണ്ടായത്’ (നിസാഅ്: 51).
യേശുവാണെന്ന് ധരിച്ച ഈസാ നബി(അ)യെ ഒറ്റിക്കൊടുത്ത യൂദാസിനെയാണവര്‍ കുരിശിലേറ്റിയത്. ബൈബിളും ഇത് സൂചിപ്പിക്കുന്നുണ്ട്.
‘നിങ്ങള്‍ക്കൊക്കെ ഭ്രാന്തു പിടിച്ചതാവണം. ഇത് വടിയും വെളിച്ചവും കുന്തവും തീയുമൊക്കെയായി നിങ്ങള്‍ വന്നത് നസ്‌റാനായ യേശുവെ പിടിക്കാനാണ്. എന്നാല്‍ അവനെ കാണിച്ചുതന്ന എന്നെയാണ് നിങ്ങള്‍ പിടിച്ചുകെട്ടിയിരിക്കുന്നത് (രാജാക്കന്മാര്‍).
യേശുവിനെ തിരിച്ചറിയാതെയാവുകയാണുണ്ടായത് എന്ന ഖുര്‍ആന്‍ വചനത്തെ ശരിവെക്കുന്ന ഒരു ബൈബിള്‍ ഉദ്ധരണി കൂടി:
‘യഹൂദ ശിഷ്യരെ വിളിച്ചുണര്‍ത്തി യേശുവിനെ തിരക്കി. ഉറക്കുണര്‍ന്ന ശിഷ്യന്മാര്‍ ഗുരോ അങ്ങ് തന്നെയല്ലേ യേശു. അങ്ങ് ഞങ്ങളെ മറന്നുവോ എന്ന് ചോദിച്ചു. അവനാകട്ടെ, ചിരിച്ചുകൊണ്ട് പറഞ്ഞു: ‘എന്താ നിങ്ങള്‍ വിഡ്ഢികളായോ, ഇസ്‌കന്തരുസ് യൂദായെ നിങ്ങള്‍ക്കറിയില്ലേ…’ (മത്താ 26:56 മാര്‍: 14:50).
ഈസാ(അ)നെ അല്ലാഹു തന്നിലേക്ക് ഉയര്‍ത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു പറയുന്ന സന്ദര്‍ഭം, ഓ, ഈസാ നിങ്ങളെ നാം ഏറ്റെടുക്കുകയും എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും സത്യനിഷേധികളില്‍ നിന്ന് ശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു (ആലുഇംറാന്‍: 55). എന്നാല്‍ ക്രൈസ്തവര്‍ പറയുന്നതാവട്ടെ യേശുവിനെ ക്രൂശിച്ചുവെന്നും എന്തു നിലയിലുള്ള മരണം താന്‍ അനുഭവിക്കേണ്ടി വരുമെന്ന് ക്രിസ്തു മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നുമാണ് (കയശറ: 14).
എങ്കില്‍ യേശു എന്തിനാണ് ‘ഏലി ഏലി ലമ്മാ ശബക്താനി എന്ന് നിലവിളിച്ചത് (മത്തായി 27:46) യേശുവിന്റെ മരണത്തിന്റെ പേരില്‍ ജൂതന്മാരെ വേട്ടയാടുന്നതെന്തിന്? പിടികൂടാന്‍ വന്നവരോട് താന്‍ യേശുവല്ല എന്ന് പറഞ്ഞതെന്തിന്? ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി.
കുരിശു മരണത്തെ സംബന്ധിച്ച് ഇ.സൈമണ്‍ മാസ്റ്റര്‍ പറയുന്നു: ‘മരണാസന്നനായ അയാള്‍ (കുരിശുമേറ്റി ഗോകുല്‍കാമലയിലേക്ക് ചെന്ന ആള്‍) എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത് എന്ന് വിലപിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി 27:46). മരിച്ചത് യേശു അല്ലെന്നുള്ളതിന്റെ ശക്തമായ മറ്റൊരു തെളിവാണ് ആ വിലാപം. കഴിവിന്റെ പരമാവധി ദൈവത്തിന്റെ സന്ദേശവും സുവിശേഷവും ഇസ്രയേല്‍ക്കാരെ അറിയിച്ച യേശുവിനെ കുരിശിലേറ്റി മരണശിക്ഷക്ക് ദൈവം അനുവദിക്കില്ലല്ലോ. ദൈവം ഏല്‍പിച്ച ദൗത്യം നിറവേറ്റുന്നതില്‍ അദ്ദേഹം കുറ്റകരമായ വീഴ്ച വരുത്തിയിട്ടുണ്ടങ്കിലേ അത്തരമൊരു ശിക്ഷക്ക് സാംഗത്യമുള്ളൂ.’

LEAVE A REPLY

Please enter your comment!
Please enter your name here