ഖുര്‍ആനിലെ യേശു-1

റശാദ് ബുഖാരി വയനാട്‌

0
3200

പരിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷത്തിലേറെ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുകളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവരില്‍ ഹൂദ്, സ്വാലിഹ്, ശുഐബ്(അ) എന്നിവരല്ലാത്ത മറ്റെല്ലാവരുടെയും പേരുകള്‍ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രവാചകരെല്ലാം ഏകദൈവത്തെക്കുറിച്ച് ബോധനം നല്‍കപ്പെട്ടവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ‘നിശ്ചയം ഞാനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (അന്നിസാഅ്: 25). ഇവരത്രയും ഈയൊരു സത്യവചനത്തെ ഏറ്റെടുക്കുകയും പ്രബോധനം ചെയ്യുകയും ചെയ്തവരായിരുന്നു.
ഏകദൈവാരാധനയെ പ്രചരിപ്പിക്കാന്‍ നിയോഗിതനായ ഈസാ നബി(അ)നെ ഒരേ സമയം ദൈവ പുത്രനും ദൈവവുമാക്കുകയാണ് ക്രിസ്ത്യാനികള്‍. ഈസയെ/യേശുവിനെ ത്രിയേകത്വത്തിലൊന്നായി അവര്‍ കണക്കാക്കുന്നു.
ഖുര്‍ആനില്‍ പല തവണ യേശുവിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിലേറെ യേശുവിനെ പറ്റിയുള്ള വിശദീകരണങ്ങളുമുണ്ട്. (ഉദാ: 2:87, 136, 253. 3:45, 55, 59, 84. 4:163, 171. 5:110, 46,118. 6:85. 7:42. 9:30, 31, 33) വിശുദ്ധ ഖുര്‍ആനിലുടനീളം യേശുവിനെ ദൈവദൂതനായും മനുഷ്യനുമായാണ് പരിചയപ്പെടുത്തുന്നത്. യേശുവിന്റെ നിയോഗത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത് ഇസ്രയേല്‍ സന്തതികളേ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായിയായി ആരും തന്നെയില്ല. (മാഇദ: 72).
യേശുവിന്റെ അത്ഭുത പിറവിയും അവിടുന്ന് കാണിച്ച അത്ഭുതങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ക്രൈസ്തവര്‍ യേശുവിന്റെ ദൈവികതയെ വാദിക്കുന്നത്. എന്നാല്‍ ഇവരുടെ ത്രിയേകത്വവാദം ഖുര്‍ആനിനും ബൈബിളിനും എതിരാണ്. ഇസ്‌കരുര്‍ ജദീദ് എഴുതുന്നു: ‘ഏതായാലും വിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഉപദേശം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല’. ദൈവവും ക്രിസ്തുവും ചോദ്യങ്ങള്‍ക്ക് മറുപടിയായി അയാള്‍ തുടരുന്നു. ‘താത്വികമായി തെളിയിക്കുവാന്‍ കഴിയുമോ എന്ന് ചിന്തിക്കാതെ തന്നെ ക്രിസ്തീയ സഭ അംഗീകരിച്ചിട്ടുള്ളതാണ്(കയശറ: 17).

യേശുവിന്റെ ജനനം
ഈസാ നബി(അ)ന് പിതാവുണ്ടായിരുന്നില്ല. മര്‍യം(റ) ആയിരുന്നു മാതാവ്. ഈസാ നബിയുടെ ജനനവും അനുബന്ധ കാര്യങ്ങളും ഖുര്‍ആന്‍ പ്രതിപാദിക്കുന്നതിങ്ങനെയാണ്.
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭത്തെ നിങ്ങള്‍ ഓര്‍ക്കുക, ഓ മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും ശുദ്ധീകരിക്കുകയും ലോകത്തുള്ള സ്ത്രീകളില്‍ ശ്രേഷ്ഠവതിയായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. മര്‍യമേ, നിങ്ങളുടെ രക്ഷിതാവിന് വഴിപ്പെടുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഇവന്റെ പേര് മര്‍യമിന്റെ മകന്‍ ഈസാ(അ) എന്നാകുന്നു. അവര്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവരും സാമീപ്യം സിദ്ധിച്ചവരുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനായിരിക്കും. മര്‍യം ബീവി പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ? അല്ലാഹു പറഞ്ഞു: അപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നതിനെ അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ‘കുന്‍’ (ഉണ്ടാകൂ) എന്ന് മാത്രമേ പറയൂ. അപ്പോള്‍ അതുണ്ടാകുന്നു. (ആലുഇംറാന്‍: 42-47).
മേല്‍ സൂക്തങ്ങളില്‍ നിന്ന് നമുക്ക് ഇത്രയും കാര്യങ്ങള്‍ ഗ്രഹിക്കാവുന്നതാണ്.
* ഈസാ നബി പരിശുദ്ധയായ ഒരു സ്ത്രീയുടെ മകനാണ്.
* ഒരു പുരുഷ സംസര്‍ഗമില്ലാതെയാണ് മര്‍യം ബീവി ഈസാ നബിയെ ഗര്‍ഭം ധരിച്ചത്.
പക്ഷേ, പിതാവില്ലാത്ത ജനനവും മറ്റു പ്രത്യേകതയും ദൈവികതക്കു തെളിവാകുമോ? എങ്കില്‍ ആദം നബി(അ)യല്ലേ ദൈവമാകാന്‍ കൂടുതല്‍ അനുയോജ്യന്‍? കാരണം പിതാവ് മാത്രമല്ല, മാതാവ് കൂടിയില്ലാതെയാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത്. അവരുടെ ഭാര്യ ഹവ്വയാകട്ടെ ആദമിന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ്. അവര്‍ക്കും മാതാവും പിതാവുമില്ല. പ്രത്യുത, ഈസാ നബിയെ ഖുര്‍ആന്‍ ഉപമിക്കുന്നത് ആദം നബി(അ)യോടാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിന്റെ അടുക്കല്‍ ഈസയുടെ ഉപമ ആദമിനെ പോലെയാകുന്നു. ആദമിനെ അവന്‍ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ ആദം(അ) ഉണ്ടായി. (ആലുഇംറാന്‍: 59).
ബൈബിളും ക്രൈസ്തവ വാദങ്ങളെ നിരാകരിക്കുന്നുണ്ട്. ഉദാ: മാതാവും പിതാവുമില്ലാതെ ആദമിനെ സൃഷ്ടിച്ചു. ആദമിന്റെ വാരിയെല്ലില്‍ നിന്ന് ഊരി തദ്സ്ഥാനത്ത് മാംസം നിറച്ച് ഹവ്വയെ സൃഷ്ടിച്ചു. (ഉല്‍പത്തി: 2;21). വന്ധ്യയും വയോവൃദ്ധയുമായ എലിസബത്തില്‍ നിന്ന് യോഹന്നനെ ജനിപ്പിച്ചു (ലൂക്കോ 1:7,24).
വെല്‍കി സേദക്കെന്ന പുരോഹിതനെ ബൈബിള്‍ പരിചയപ്പെടുത്തുന്നു: ”അയാള്‍ക്ക് പിതാവോ മാതാവോ വംശവലിയോ ഇല്ല. ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല. (ഹിബ്ര 7: 3-4)
ലൗകിക പിതാവില്ലാതെ ജനിച്ച യേശുവെ ദൈവപുത്രനെന്ന് വിളിക്കാമെങ്കില്‍ ആദം, ഹവ്വ, യോഹന്നന്‍, മെല്‍കി, ബോറന്‍ എന്നിവരെയും ദൈവപുത്രന്മാരായി വിളിക്കേണ്ടിവരും. ഇവരെയും ദൈവമാക്കേണ്ടിവരും. എങ്കില്‍ ക്രൈസ്തവരുടെ ദൈവത്തിലെ ആളത്തങ്ങളുടെ എണ്ണം എത്രയാകും?

മര്‍യം, ഈസാ, ബാല്യം, ദൗത്യം
വിശുദ്ധ ഖുര്‍ആനില്‍ മര്‍യം ബീവിയുടെ നാമം 34 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മര്‍യം ബീവിയുടെ ജന്മം, ജീവിതം, ഗര്‍ഭധാരണം, പ്രസവം എന്നീ ജീവിതത്തിലെ മുഖ്യഭാഗങ്ങളെയെല്ലാം ഖുര്‍ആന്‍ സവിസ്തരം പ്രസ്താവിക്കുന്നു. ഖുര്‍ആനിന്റെ പത്തൊമ്പതാം അധ്യായത്തിന്റെ പേരു തന്നെ മര്‍യം എന്നത്രെ. ഇതില്‍ ഇപ്രകാരം പറയുന്നു.
ഓ, നബിയേ, വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നിങ്ങള്‍ ഓര്‍ക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം, എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്കയച്ചു. അങ്ങനെ ജിബ്‌രീല്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പട്ടു. മര്‍യം(റ) പറഞ്ഞു: റഹ്മാനായ റബ്ബിനോട് നിങ്ങളെ തൊട്ട് ഞാന്‍ കാവല്‍ തേടുന്നു. നിങ്ങള്‍ നല്ലവനെങ്കില്‍ എന്നെ വിട്ട് പോകൂ. ആഗതന്‍ പറഞ്ഞു: പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് നല്‍കുന്നതിനു വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതനാണ് ഞാന്‍. മര്‍യം ചോദിച്ചു: എനിക്കെങ്ങനെ ഒരാണ്‍കുട്ടിയുണ്ടാകും? മനുഷ്യരാരും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാനാവട്ടെ വേശ്യയുമല്ല. ജിബ്‌രീല്‍ പറഞ്ഞു: കാര്യം അങ്ങനെത്തന്നെ. നിന്റെ രക്ഷിതാവ് ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു. ‘അത് തന്നെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമത്രെ. അങ്ങനെ അവള്‍ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അകലെ ഒരിടത്തേക്ക് മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവ വേദന അവളെ ഒരു ഈന്തപ്പന മരത്തിനടുത്തേക്ക് നയിച്ചു. അവര്‍ പറഞ്ഞു: ഓ, ഇതിനുമുമ്പ് ഞാന്‍ മരിച്ചിരുന്നെങ്കില്‍, ഞാന്‍ പാടെ വിസ്മരിക്കപ്പെട്ടിരുന്നെങ്കില്‍. ഉടനെ അവരുടെ താഴ്ഭാഗത്തു നിന്ന് ഒരു അശരീരി ‘നിങ്ങള്‍ വ്യസനിക്കരുത്. നിങ്ങളുടെ രക്ഷിതാവ് താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. ഈന്തപ്പനയെ നിങ്ങളുടെ അടുക്കലേക്ക് പിടിച്ചുകുലുക്കുക. അത് നിങ്ങള്‍ക്ക് പാകമായ ഈത്തപ്പഴം വീഴ്ത്തിതരും (മര്‍യം: 16-25).
കന്യകയായ സ്ത്രീ ഗര്‍ഭം ധരിച്ചാലുള്ള അവസ്ഥയെന്താകും? ജനം ഇളകി പരവശരാകും. വേശ്യയെന്ന് മുദ്ര കുത്തും. ഈയൊരു വിശമ ഘട്ടത്തെ തരണം ചെയ്യാന്‍ മര്‍യം ബീവിയോട് അല്ലാഹു കല്‍പിച്ചു.
‘ഇനി നിങ്ങള്‍ മനുഷ്യനെ കാണുന്ന പക്ഷം ഇപ്രകാരം പറയുക. ‘റഹ്മാനായ അല്ലാഹുവിനു വേണ്ടി ഞാന്‍ വ്രതം നേര്‍ച്ചയാക്കിയിരിക്കുകയാണ്. ഞാനിനി ആരോടും സംസാരിക്കില്ല. അങ്ങനെ മര്‍യം ബീവി കുട്ടിയുമായി ജനങ്ങളെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ‘മര്‍യമേ, നീ മോശമായ ഒരു കാര്യമാണ് ചെയ്തത്. നിന്റെ പിതാവ് ചീത്തയായിരുന്നില്ല. മാതാവ് ദുര്‍നടപ്പുകാരുമായിരുന്നില്ല. മര്‍യം ബീവി തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. കുട്ടി സംസാരിച്ചു തുടങ്ങി: ‘ഞാന്‍ അല്ലാഹുവിന്റെ അടിമയാകുന്നു. അവന്‍ എനിക്ക് ഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു. ജീവിത കാലമത്രയും നിസ്‌കരിക്കാനും സകാത്ത് നല്‍കാനും മാതാവിനു ഗുണം ചെയ്യുവാനും അവന്‍ എന്നോട് കല്‍പിച്ചിട്ടുണ്ട്. അവന്‍ എന്നെ നിഷ്ഠൂരനും ക്രൂരനുമാക്കിയിട്ടില്ല. (മര്‍യം 26-32).
ഈസാ നബിയെ അല്ലാഹുവിന്റെ അടിമയും ദൂതനുമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ദൈവമോ ദൈവ പുത്രനോ ആയല്ല. മാത്രമല്ല, ഇതിനെ ഖുര്‍ആന്‍ എതിര്‍ക്കുന്നുമുണ്ട് താനും. ‘ഓ, സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനുണ്ടാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ‘ഉണ്ടാകൂ’ (കുന്‍) എന്ന് പറയും. അപ്പോള്‍ അത് ഉണ്ടാകും. (മര്‍യം: 35). ഈസാ (അ) തന്റെ പ്രവാചകത്വ ദൗത്യം നിര്‍വഹിച്ചതായും ഖുര്‍ആന്‍ പറയുന്നു. (ഈസാ നബി പറഞ്ഞു) അല്ലാഹുവാണ് എന്റെയും നിങ്ങളുടെയും രക്ഷിതാവ്. അവനെ നിങ്ങള്‍ ആരാധിക്കുക. അതാണ് ശരിയായ മാര്‍ഗം.

LEAVE A REPLY

Please enter your comment!
Please enter your name here