ഖദീജ ബിൻത് ഖുവൈലിദ്

മുബാരിശ് ചെറുവാടി

0
1785

തിരുനബിയുടെ ആദ്യ ഭാര്യയായ ഖദീജ ബീവി മക്കയിലെ കുലീനരായ ഖുറ ശിയ്യ് ഗോത്രത്തിൽ ഖുവൈലിദ് – ഫാത്തിമ ബിൻത് സാഇദ് ദമ്പതികളുടെ മകളായി ഹിജ്റയുടെ അറുപത്തിയെട്ടു വർഷം മുൻപ് AD – 556 ൽ മക്കയിലാണ് ജനിച്ചത്. ജാഹിലിയ്യാ കാലത്തു തന്നെ പതിവ്രതയായി ജീവിച്ച ഇവരെ വിശുദ്ധ സ്ത്രീ എന്നർത്ഥം വരുന്ന അത്വാഹിറ എന്നാണ് വിളിച്ചിരുന്നത്. സമ്പന്നത, നല്ല തറവാടിത്തം, നല്ല കച്ചവടക്കാരി,ഉയർന്ന സൗന്ദര്യത്തിനുടമ തുടങ്ങി ഒട്ടനവധി മഹത്വങ്ങളുൾകൊള്ളിച്ച മഹതിയായിരുന്നു ഖുറൈശികളിലെ സ്ത്രീകളുടെ നേതാവ്. ഫാത്തിമ ബിൻത് സാഇ ദിൽ ആമിരിയ്യ എന്നതാണ് ആണ് മഹതിയുടെ മാതാവിൻറെ പേര്.

നബി (സ) യെ ഭർത്താവായി സ്വീകരിക്കുന്നതിന് മുൻപ് രണ്ടാളുകൾ ഇവരെ വിവാഹം കഴിച്ചിട്ടുണ്ട്.ഇരു വരിലുമായി മഹതിക്ക് നാല് മക്കളുമുണ്ട്. മഖ്സൂമി വംശജനായ ഉത്വയ്യിഖ്ബ്നു ആബിദ് ആയിരുന്നു പ്രഥമ ഭർത്താവ്.ഈ ബന്ധത്തിൽ ഹാല എന്ന പെൺകുട്ടിക്കും അബ്ദുല്ല എന്ന ആൺകുട്ടിക്കും ബീവി ജന്മം നൽകി. പിന്നീട് ഭർത്താവ് മരിച്ചപ്പോൾ തൈമിയ്യ് വംശജനായ അബൂഹാല ബീവിയെ വിവാഹം ചെയ്തു ഇവരിൽ ഹിന്ദ്, ഹാല എന്ന രണ്ട് പെൺകുട്ടികളുണ്ടായി. ഇദ്ദേഹത്തിൻറെ മരണശേഷം വിധവയായ തീർന്ന ബീവി മറ്റൊരു വിവാഹത്തിന് താല്പര്യപ്പെട്ടില്ല. സൗന്ദര്യവതിയും സമ്പന്നയും കുലീനയുമായ ഇവരെ വിവാഹം ചെയ്യാൻ ധാരാളം ആളുകൾ ആഗ്രഹിക്കുകയും അന്വേഷണം അറിയിക്കുകയും ചെയ്തു പക്ഷേ അത് സ്വീകരിക്കാൻ ബീവി തയ്യാറായില്ല.

വളരെ ചെറുപ്പകാലം മുതലേ സൂക്ഷ്മതയോടെ ജീവിതം നയിച്ച മുഹമ്മദ് (സ) വിശ്വസ്തതയുടെ കാര്യത്തിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. അനേകം കച്ചവട മുതലുള്ള ബീവി ഖദീജ മുഹമ്മദിനെക്കുറിച്ച് അറിയുകയും ശാമിലെ കച്ചവടാവശ്യത്തിന് അവരെ ക്ഷണിക്കുകയും ചെയ്തു. ബീവി ഖദീജ യുടെ അടിമയായ മൈസറത്തും കൂടെയുണ്ടായിരുന്നു. യാത്രയിൽ അമാനുഷികമായ ധാരാളം സവിശേഷതകൾ മയ്സറത് ദർശിച്ചു. യാത്രയിൽ തിരുനബിക്ക് വെയിലിൽ നിന്ന് രക്ഷയായി മേഘം തണലിട്ട് കൊടുത്ത കാഴ്ച അതിൽ പ്രധാനമായിരുന്നു. കൂടാതെ ശാമിൽ അവരുടെ കച്ചവടം സാധാരണയിലും വേഗത്തിൽ തീരുകയും അപ്രതീക്ഷിതമായ ലാഭം ലഭിക്കുകയും ചെയ്തു. മാത്രമല്ല, യാത്രയിൽ ബസറയിൽ ഒരിടത്ത് വിശ്രമിക്കാനിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന നസ്തൂറ എന്ന പുരോഹിതൻ മയ്സ്റതിനോട് തൻറെ കൂടെയുള്ള വ്യക്തി ഭാവിയിൽ അന്ത്യപ്രവാചകനാവാനുള്ളവരാണെന്ന വേദസത്യം അറിയിക്കുകയും ചെയ്തു. യാത്ര കഴിഞ്ഞ് തിരികെ എത്തിയ ഉടനെ ഇക്കാര്യങ്ങളെല്ലാം മയ്സറത് യജമാനത്തിയെ അറിയിക്കുകയും ഒരു പ്രവാചക പത്നിയാകാനുള്ള ആഗ്രഹം ബീവിയിൽ ജനിക്കുകയും ചെയ്തു. ബീവി വിവാഹം അന്വേഷിക്കുകയും ചെയ്തു. അങ്ങനെയാണ് ഖദീജ ബീവി യുമായി തിരുനബിയുടെ വിവാഹം നടക്കുന്നത്.

ഹിജ്റയുടെ ഇരുപത്തിയെട്ട് വർഷങ്ങൾക്കു മുമ്പായിരുന്നു വിവാഹം. അന്ന് തിരു നബിയുടെ പ്രായം ഇരുപത്തിയഞ്ചും നബിയുടെത് നാല്പതും. തിരുനബിയുടെ നാല്പതാം വയസ്സിൽ പ്രവാചകത്വം ലഭിച്ച ഉടനെ തങ്ങളെ വിശ്വസിച്ച ഇവർ ഇസ്ലാമിലെ പ്രഥമ വനിതയാണ്. പ്രഥമമായി ഇസ്ലാമാശ്ലേഷിച്ചത് ഇവരാണെന്നും അഭിപ്രായമുണ്ട്. തന്റെ മുഴുവൻ സ്വത്തും തിരുനബിയും ഇസ്ലാമിനുമായി അവർ സമർപ്പിച്ചു. പ്രവാചകത്വ ലബ്ധിയുടെ കാലത്ത് ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന ഭർത്താവിന് എന്നും ഭക്ഷണവുമായി കയറിച്ചെല്ലുന്ന ബീവി ഏറ്റവും മാതൃക പത്നിയാണ്. ആത്മീയതയുടെ ഉപത സോപാനങ്ങളിൽ വിഹരിക്കാൻ തിരുപ്രവാചകർക്ക് സർവ പിന്തുണയും നൽകിയ മഹതി അക്ഷരാർത്ഥത്തിൽ തന്നെ വിശ്വാസികളുടെ മാതാവും വിശ്വാസിനികളുടെ മാതൃകയുമായി മാറി.

തിരുനബിക്ക് അങ്ങേയറ്റം പ്രിയമായിരുന്നു ഖദീജ (റ) യോട്. സമ്പത്താവശ്യമായ സമയത്ത് തന്റെ സമ്പത്ത് മുഴുവൻ സമർപിച്ച ആവശ്യമായിടത്തെല്ലാം സ്നേഹം നൽകി താങ്ങും തണ്ണലുമായി നിന്ന പ്രിയ പത്നിയുടെ വിയോഗം തിരു നബിയിൽ അങ്ങേയറ്റം സങ്കടമുളവാക്കി. ബീവിയുടെ മരണശേഷവും മറ്റ് ഭാര്യമാരോട് ബീവിയെപ്പറ്റിയുള്ള ഓർമകൾ പ്രവാചകർ പങ്കുവെക്കാറുണ്ടായിരുന്നു.

ബുദ്ധിയിലും മാന്യതയിലും മതചിട്ടയിലും മികച്ചുനിന്ന ഖദീജ (റ) യെ നബി മറ്റു പത്നിമാരെക്കാൾ പ്രശംസിച്ച് സംസാരിക്കാറുണ്ടായിരുന്നു. ആയിഷ (റ) പറയുന്നു: എനിക്ക് ഖദീജയോട് തോന്നിയ അത്ര അസൂയ്യ പ്രവാചക പത്നിമാരിൽ നിന്ന് മറ്റൊരാളും തോന്നിയിട്ടില്ല. ഞാൻ അവരെ കണ്ടിട്ടുപോലുമില്ല എങ്കിലും. പലപ്പോഴും ആടിനെ അറുത്തു കഷണങ്ങളാക്കി അവരുടെ കൂട്ടുകാരികൾക്ക് പ്രവാചകർ അയക്കാറുണ്ടായിരുന്നു. ഇത് കണ്ട് ഖദീജയല്ലാതെ മറ്റൊരു സ്ത്രീയും ലോകത്തില്ലാത്തതു പോലെയുണ്ടല്ലോ എന്ന് ഞാൻ പറയുമ്പോൾ ഖദീജ അങ്ങനെയൊക്കെയായിരുന്നു , അവർക്ക് ഇത്തരം സവിശേഷതകൾ ഉണ്ടായിരുന്നു , അവരിൽ നിന്നാണ് എനിക്ക് മക്കൾ ഉണ്ടായത് തുടങ്ങി ഖദീജ ബീവിയുടെ പ്രശംസകൾ പറഞ്ഞു അവിടുന്ന് മറുപടിയും നൽകും . (ബുഖാരി,മുസ്ലിം)

നബിക്ക് ഏഴ് മക്കളാണുള്ളത്. മൂന്ന് ആണും നാല് പെണ്ണും .
1. ഖാസിം
2. അബ്ദുല്ല ( പ്രവാചകത്വത്തിന് ശേഷം പിറന്നതായതുകൊണ്ട് അബ്ദുല്ലയെ ത്വാഹിർ എന്നും ത്വയ്യിബ് എന്നും വിളിച്ചിരുന്നു ) .
3. ഇബ്രാഹിം
4. സൈനബ്
5. റുഖിയ്യ
6.ഫാത്തിമ
7. ഉമ്മുകുൽസൂം എന്നിവരാണവർ
ഇതിൽ ഇബ്രാഹിം എന്ന മകൻ ഒഴികെ ആറു മക്കളും ഖദീജ ബീവിയിൽ നിന്നുണ്ടായതാണ്. ബീവിയിലുണ്ടായ രണ്ട് ആൺകുട്ടികളും മുലകുടി പ്രായത്തിൽ തന്നെ വേർപിരിഞ്ഞു പോയി. ഇബ്രാഹിം, പ്രവാചകരുടെ അടിമയായ മാരിയതുൽ ഖിബ്തിയ്യയിൽ നിന്നുണ്ടായതാണ്.

സന്തോഷദായകമായ ആ ദാമ്പത്യ വല്ലരി 25 വർഷം നീണ്ടുനിന്നു ഹിജ്റയുടെ 3 വർഷം മുമ്പ് AD 620 റമളാനിൽ തൻറെ അറുപത്തിയഞ്ചാം വയസ്സിൽ ബീവി ഖദീജ (റ) ഇഹലോകവാസം വെടിഞ്ഞു. അന്ന് പ്രവാചകർക്ക് പ്രായം 50 ആയിരുന്നു. അൽ ഹുജൂനിലെ മഖ്ബറതുൽ മുഅല്ലാത്തിലാണ് ബീവി അന്ത്യവിശ്രമം കൊള്ളുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here